Friday 30 November 2018

മയ്യഴിയിൽ ഒരു നാൾ

മയ്യഴി !
മയ്യഴിയുടെ തീരങ്ങളിൽ വായിച്ചപ്പോൾ മുതൽ തുടങ്ങിയ ആഗ്രഹമായിരുന്നു മയ്യഴിയിൽ പോയ് വരണമെന്നത് ..
മയ്യഴി ഒരു സ്വപ്നമായി നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞിരുന്നു ...നാട്ടിൽ പോയപ്പോൾ കുറെ കഷ്ട്ടപെട്ടാണെങ്കിലും ആ യാത്ര സഫലമായി ...ഒരു ദിവസം ഹർത്താൽ ആയത്കൊണ്ട് യാത്ര തുടങ്ങുന്നതിനു തൊട്ടു മുമ്പ് യാത്ര മുടങ്ങി ...പിന്നീട് പിറ്റേന്നാണ്‌ പോകാൻ കഴിഞ്ഞത് ..

റോഡ് തടയൽ മൂലം വളരെ സമയം എടുത്താണ് മയ്യഴിയിൽ ഞങ്ങൾ എത്തിയത് .മാഹിയിലേക്ക് കടന്നപ്പോൾ കണ്ടത് അടഞ്ഞു കിടക്കുന്ന കടകൾ ആണ് ..മാഹിയിൽ ഇനി പ്രത്യേക ഹർത്താൽ വല്ലതും ഉണ്ടോ.കർത്താവെ!  മനസ് പിടഞ്ഞു .. .വണ്ടി നിർത്തി കാര്യം തിരക്കിയപ്പോൾ അറിഞ്ഞു ഞായറാഴ്ച്ച കടകൾ എല്ലാം അവധിയാണെന്നു ..വരുന്നവഴി കോഴിക്കോട് ജില്ലയിലൊന്നും പൂട്ടിയിട്ട കടകൾ കണ്ടില്ലായിരുന്നു.. എന്തായാലും ഹർത്താൽ ഇല്ല ..ആശ്വാസം ..

മാഹിയിലൂടെ ഉള്ള യാത്രയിൽ റോഡിനിരുവശവും കാണുന്ന വർണാഭമായ  മദ്യ ശാലകൾ ഹൃദയഭേദകമായ കാഴ്ച തന്നെ ആയിരുന്നു ..മറ്റു കടകമ്പോളങ്ങളെ അപേക്ഷിച്ച് അവ ഞായറാഴച്ചയും സജീവം ..
കേന്ദ്രഭരണ പ്രദേശം ആയതിനാൽ  നികുതിയും കാശും കുറവ് എന്ന് കേട്ടിട്ടുണ്ട് ..

റോഡരുകിൽ    തലപ്പാവ് വെച്ച പോലീസുകാരെ അങ്ങിങ്ങായി കാണാൻ കഴിഞ്ഞത് ഒരു പുതുമയായിരുന്നു ..

വയനാട് ചുരവും, നീണ്ട യാത്രയും സമ്മാനിച്ച  ക്ഷീണം, ഞങ്ങളെ കൊണ്ടെന്നെത്തിച്ചത്  ഹോട്ടലിൽ ആണ്  ..
അവിടെ അപ്രതീക്ഷമായി  ഊൺ മേശക്കരികിലെ ഭിത്തിയിൽ കണ്ട വെള്ളിയാങ്കല്ലിന്റെ ചിത്രം ഒരു കാര്യം പറഞ്ഞു തന്നു ;

"മുകുന്ദേട്ടനും ,വെള്ളിയാങ്കല്ലും എല്ലാം ഈ നാട്ടുകാരുടെ ആത്മാവ് കൂടിയാണെന്ന് "!

ഭക്ഷണം കഴിച്ചു ഒന്ന് ഫ്രഷ് ആയി നേരെ പോയത് മാഹി പള്ളിയിലേക്കാണ് ..
ഫ്രഞ്ച്കാരെ ഓർമ്മി
പ്പിക്കുന്ന വാസ്തു ശില്പമാണ് ആണ്   മാഹി  പള്ളി...അൾത്താരയിൽ ഫ്രഞ്ചിൽ എന്തോ എഴുതി വെച്ചിരിക്കുന്നു , അതെന്താണെന്നു മനസിലാക്കിത്തരാൻ അവിടെങ്ങും ആരെയും കണ്ടില്ല ..പള്ളിയുടെ ഭംഗി ആസ്വദിക്കുന്ന തിരക്കിൽ പ്രാർത്ഥിക്കാൻ മറന്നേപോയി ...
പള്ളിമണിയുടെ മുഴക്കവും ഞങ്ങൾക്കായി പെയ്ത നീണ്ട മഴയും  ഫ്രഞ്ച് മയ്യഴിയെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു..




പിന്നെ ലക്‌ഷ്യം മയ്യഴിയുടെ കഥാകൃത്തിനെ കാണുക എന്നതായിരുന്നു ..മുകുന്ദേട്ടന്റെ വീട് കണ്ടുപിടിക്കാൻ പ്രയാസം ഉണ്ടായില്ല .ആൾ അവിടെ ഉണ്ടാകുമോ എന്ന പേടിയെ ഉണ്ടായുള്ളൂ ...നെഞ്ചിടിപ്പോടു കൂടിയാണ് കോളിങ് ബെൽ അടിച്ചത് .ശ്രീജ ആന്റിയാണ് വാതിൽ തുറന്നത് .ആൾ അവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ ആണ് ശ്വാസം നേരെയായത് .ഞങ്ങളുടെ സംസാരം കേട്ട സാർ മുറിയിൽ നിന്നും ഇറങ്ങി വന്നു ..ഞങളെ സോഫയിൽ ഇരുത്തി കുശലാന്വേഷണം നടത്തി .ഇതിനിടയിൽ ആന്റി  അടുക്കളയിൽ പോയി ലഡു കൊണ്ടുവന്നു .ലഡുവിൽ നോക്കി ഞാൻ പറഞ്ഞു ..
"അയ്യോ ആന്റി ഇപ്പോൾ കഴിച്ചിട്ട് വന്നേയുള്ളു""

എന്ത് ലഡുവോ ??
ആന്റി ഹാസ്യ രൂപേണ ചോദിച്ചു ...
അല്ല ചോറാണ് കഴിച്ചത് ...
ലേശം ചമ്മലോടെ ഞാൻ പറഞ്ഞു ...
ലഡു കഴിക്കുന്നതിനു ഇടക്ക് കയ്യിൽ ഉണ്ടായിരുന്ന മയ്യഴിയുടെ തീരങ്ങളിൽ ഞാൻ സാറിന് കൊടുത്ത് എന്തെങ്കിലും ഒന്നു എഴുതി തരാമോ എന്ന് ചോദിച്ചു ...സാർ സന്തോഷത്തിടെ എനിക്ക് ആശംസകൾ എഴുതി തന്നു  ..അടുത്ത സ്കൂളിൽ എന്തോ പരിപാടി ഉള്ളതിനാൽ സാർ തിരക്കിൽ ആയിരുന്നു ..പരിപാടിയുടെ സംഘാടകർ എത്തിയപ്പോൾ ഞങ്ങൾക്ക് പോരേണ്ടി വന്നു ..
ഇനി വരുമ്പോൾ വിളിച്ചിട്ടു  വരൂ എന്ന് പറഞ്ഞാണ് സാർ ഞങ്ങളെ യാത്ര അയച്ചത് ..പോകുന്നവഴിക്ക് ടാഗോർ പാർക്കിൽ ഉള്ള ശിൽപകാവ്യം  കാണണം എന്നും പറഞ്ഞു..

വളരെ സംതൃപ്തിയോടെ ആണ് അവിടുന്ന് പോന്നത് ..കാണാൻ പറ്റുമെന്നു  ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ...
 പിന്നെ  നേരെ പോയത്  ടാഗോർ പാർക്കിലേക്കാണ് ...
അപ്രതീക്ഷിതമായി അവിടെ റോഡരികിലെ കടയിൽ കണ്ട പുളിയച്ചാറും തേൻമിട്ടായിയും കുട്ടിക്കാലത്തെ രുചി നാവിനെ ഓർമ്മിപ്പിച്ചു ...കുട്ടിക്കാലത്തു തിന്നതല്ലാതെ പുളിയച്ചാർ അതേ പഴയ  രൂപത്തിൽ വേറെ എവിടെയും കണ്ടിട്ടില്ലായിരുന്നു ...

ഫ്രഞ്ച് വിപ്ലവത്തെ ഓർമ്മിപ്പിക്കും വിധം തലകുനിച്ചു നിൽക്കുന്ന മറൈൻ പ്രതിമ ടാഗോർ പാർക്കിൽ ഞങ്ങളെ എതിരേറ്റു .




 കാറ്റു കൊള്ളാൻ വന്ന സ്വദേശികളും വരുത്തന്മാരും വരി വരി ആയി ഇട്ടിരിക്കുന്ന ബെഞ്ചിൽ ഇരിക്കുകയും ഉറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു..
കടലിനു അഭിമുഖമായി, നടപ്പാതയിൽ തൂങ്ങിക്കിടക്കുന്ന വിളക്ക് കാലുകൾ പഴമ വിളിച്ചോതുന്നവ ആയിരുന്നു..


വായനക്കാരെ ആകർഷിക്കുന്ന മറ്റൊന്നാണ് "മയ്യഴിയുടെ പുഴയുടെ തീരങ്ങളിൽ " എന്ന നോവലിനെ  ആസ്പദമാക്കി  മെറ്റലിൽ തീർത്ത ശില്പങ്ങൾ  ..മുകുന്ദേട്ടന്റെ ദാസനെയും കുറുമ്പിയമ്മയെയും മൂപ്പൻ സായ്‌വിനെയും എല്ലാം നമുക്കവിടെ കാണാം



പാർക്കിന് ഇടതു വശത്തായി മൂപ്പൻ സായ്‌വിന്റെ ബംഗ്ലാവ്.. ; അടഞ്ഞു കിടക്കുന്ന  മുറിക്കുള്ളിൽ ദസ്തോൻ സായ്‌വ് ഉണ്ടാകുമോ എന്ന് ഇടക്ക് തിരിഞ്ഞു നോക്കി ഞങ്ങൾ മൂപ്പൻ കുന്നിലൂടെ നടന്നു നീങ്ങി ..വഴി ചെന്നെത്തുന്ന  ലൈറ്റ് ഹൌസിൽ നിന്നും നോക്കിയാൽ കാണുന്ന കടലും,ശാന്തവും ശ്കതവും ആയ ഓരോ തിരയും മയ്യഴിയുടെ ചരിത്രം പറയുവാണോന്നു തോന്നും..


ഞങ്ങൾ നടക്കുമ്പോൾ എല്ലാം, അപരിചിതരെ വീക്ഷിക്കാൻ എന്നോണം എണ്ണമില്ലാത്ത പരുന്തുകൾ ഞങ്ങൾക്ക് മീതെ  ഉയരത്തിൽ പറന്നു കൊണ്ടേയിരുന്നു ...

ഇനിയും വരാമെന്നു മയ്യഴിയോട് പറഞ്ഞാണ് അവിടെ നിന്നും തിരിച്ചു പോന്നത് ...

തിരിച്ചു പോരുമ്പോൾ വെള്ളിയാങ്കല്ലിൽ നിന്നും വന്ന ഒരു കൂട്ടം തുമ്പികൾ
ഞങ്ങളെ പിന്തുടർന്ന് കൊണ്ടേയിരുന്നു ...