Saturday, 18 March 2017

ചോദ്യം

എന്നെ ഞാനാക്കി മാറ്റിയ മണ്ണിനോട്‌  ഒരു ചോദ്യം ...

ഹൃദയത്തിൽ നിന്നും
അടർന്നു വീണ പെൺ പൂവുകൾക്കെല്ലാം
ചോരയുടെ ചുവപ്പ് നിറം
ആയിരുന്നില്ലേ ??

അത് വീണ മണ്ണിനിന്ന്
ഏതോ ഒരു പെണ്കുട്ടിയുടെ
ഗന്ധം..

അവിടേക്ക് ഒന്ന്
ചെവി ഓർത്തപ്പോൾ കേട്ടൂ

"എനിക്ക് നീതി തരൂ
ഒരിക്കലെങ്കിലും"

Friday, 3 February 2017

വെറുതെ


മഴ തോർന്നൊരു  നേരത്ത്
നടുമുറ്റ പാതിയിൽ
കഥ കേൾക്കാൻ  വന്നൊരു
കുളിർക്കാറ്റേ....
വെറുതെ വഴി തെറ്റി പോവാതെ
വരികെന്റെ നാട്ടു മാവിൻ ചുവട്ടിൽ
തരിക നീ കൊതിയൂറും
മാമ്പഴം ഒന്ന്....

അരയാലിൻ കൊമ്പിൽ
നാട് അറിയാതെ വന്ന അടയ്ക്കാക്കുരുവി
കണ്ടുവോ നീ എന്റെ
തത്തയെ
ആരുടെയോ പേർ ചൊല്ലി പറന്നുപോയി അവൾ
പച്ച നിറം ബാക്കിയാക്കി....



Monday, 30 January 2017

നീലക്കുറിഞ്ഞികള്‍ പെയ്തിറങ്ങുമ്പോള്‍.....

അന്നേ അവൾ മഴയുടെ പ്രണയിനി ആയിരുന്നു.

സ്കൂൾ തുറന്ന ദിവസത്തിൽ ആർത്തു പെയ്ത മഴയിൽ
വള്ളി  ചെരുപ്പിട്ട്  ശീലക്കുടയുമായി അവൾ കുണുങ്ങി  കുണുങ്ങി  നടന്നപ്പോൾ മണ്ണിൽ മഴത്തുള്ളികൾ നൃത്തം ചെയ്യുകയായിരുന്നു..

ചെമ്പകപ്പൂവിന്റെ നിറം..
രണ്ട് വശത്തുമായി  മെടഞ്ഞിട്ട  ചെമ്പിച്ച മുടി..  നെറ്റിയിലെ കുറുനിരകളിൽ  നിന്ന് വെള്ളം ഇറ്റിറ്റ്  വീണത്‌ കൊണ്ടാവാം  ഭസ്മക്കുറി  ആലില പോലെ വിടർന്നിരുന്നു ...

വരാന്തയിൽ  നിന്നും ഞാൻ അവളെ വീക്ഷിക്കുകയായിരുന്നു ...

കാപ്പിപ്പൊടി പാവാടയിൽ  പൂത്തിരി കത്തിച്ച പോലെ ചെളി തെറിച്ചത് ചൂണ്ടികാണിച്ചപ്പോൾ,  നാണം കൊണ്ട് ആ നുണക്കുഴികൾ ചിരിച്ചിറങ്ങിയത് എന്നിലേക്ക്‌ ആയിരുന്നു ..
എന്റെ മൗനത്തിലേക്കായിരുന്നു..
നിറമുള്ള സ്വപ്നങ്ങളിലേക്കായിരുന്നു...

മാഷുമാരുടെ  ചൂരൽ വടികൾ  തന്ന ചുവന്ന പാടുകൾ മറക്കാൻ അവളുടെ  സഹതാപം ഒഴുകുന്ന ഒരേ ഒരു നോട്ടം മതിയായിരുന്നു ... അവളുടെ ഉച്ച നോമ്പ് എന്ന കള്ളത്തരം ആയിരുന്നു എന്റെ വിശപ്പ്‌ മാറ്റിയ അമൃതം ..അവൾക്ക്  ഇഷ്ട്ടപെട്ട ഞാവൽപ്പഴവും  ചെടച്ചിക്കായും സ്കൂൾ മൈതാനത്തു നിന്നും പെറുക്കിക്കൊടുത്ത്
ഞാൻ ആ കടം വീട്ടി...
 കൌമാരപ്രായമായപ്പോള്‍ അവളെ പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ അയച്ച് മാതാപിതാക്കൾ  ഞങ്ങളിൽ ഉണ്ടായേക്കാവുന്ന  പ്രണയത്തിന് മുൾവേലി  കെട്ടിയപ്പോള്‍ അവളോട് എനിക്ക് ഉണ്ടായിരുന്ന സൗഹൃദം ഒരു പ്രണയമഴയായി എന്നിലേക്ക്‌ ഒഴുകി എത്തിയത്   ഒരു വിരഹ വേദനയോടെ  ഞാൻ അറിഞ്ഞു ...

അവളുടെ പ്രിയപ്പെട്ട പാട്ടുകള്‍ അവളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച്‌ ഒരു അപ്പൂപ്പന്‍ത്താടി പോലെ എനിക്ക് ചുറ്റും പാറി നടന്നു.

അവൾക്കായ്‌   ഇറുത്തെടുത്ത     ചെമ്പകം  എവിടെയോ ഞെട്ടറ്റു വീഴുന്നത്  പല രാവുകളിലും ഞാന്‍ സ്വപ്നം കണ്ടു...

അവൾക്ക്  ചൂടാൻ മാത്രം അമ്മയെ കൊണ്ട് മുടങ്ങാതെ വെള്ളം ഒഴിപ്പിച്ച
മുല്ല ...
വെള്ളം കിട്ടാത്തത് കൊണ്ടാവാം ഇന്നത്  വാടിത്തുടങ്ങിയത്...

അന്നൊരു നിലാവുള്ള രാത്രിയില്‍ പന്ത്രണ്ട്  മണിവരെ നിശാഗന്ധി  വിരിഞ്ഞു കാണാൻ   അവളുടെ  വീടിന്റെ പിന്നാമ്പുറത്ത്  കാത്തിരുന്നത് അവള്‍ ഓര്‍ക്കുന്നുണ്ടാവുമോ...

പൂക്കൾ ആയിരുന്നു അവളുടെ തോഴികൾ...

അവൾക്കു  പ്രണയം കുന്നിൻ മുകളിൽ  പെയ്യുന്ന  മഴയോടാണെന്ന്  അവൾ എത്ര വട്ടം   പറഞ്ഞിട്ടുണ്ട്..

അവൾ  പോയത്‌ കൊണ്ടാവും കൈതക്കുന്നിൽ  മഴ  എത്തി  നോക്കാൻ  വൈകുന്നത്...
ഒരിക്കൽ മഴയും കൊണ്ട് അവൾ വരും...
നീലക്കുറിഞ്ഞി പൂക്കുന്ന കൈതകുന്നിലേക്ക്...
അന്നെന്റെ പ്രണയം പ്രണയിക്കാൻ തുടങ്ങും....

Friday, 13 January 2017

ഞാന്‍ എന്ന അന്തര്‍ജ്ജനം



അന്ന് രാത്രി മമ്മി എന്‍റെ കൂടെ കിടന്നു. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ "അഗ്നിസാക്ഷികള്‍" വായിച്ച് തുടങ്ങി....
സംശയങ്ങള്‍ ചോദിച്ചും പറഞ്ഞും കുറേ വൈകിയാണ് ഞാന്‍ ഉറങ്ങിയതും എഴുന്നേറ്റതും.....

എണീറ്റ ഉടനെ നേരെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി....
 -- അതേ അമ്മേടെ അമ്മേടെ അങ്ങനെ  കുറേ കുറേ പണ്ടുള്ള മുത്തശ്ശിയും  മുത്തച്ഛനും പള്ളിക്കാരയിരുന്നോ,അമ്പലക്കാരയിരുന്നോ??

നമ്മൾ ക്രിസ്ത്യാനികൾ ആണെന്ന് കുട്ടിക്കറിയില്ലേ . കുട്ടി എല്ലാ ആഴ്ച്ചയും പള്ളിയിൽ പോയി കുരിശു വരക്കാറില്ലേ.....

ഉവ്വ്...  പണ്ടത്തെ കാര്യാമ്മേ ചോദിച്ചേ..

ആഹ് പണ്ട് എല്ലാരും ഹിന്ദുക്കൾ ആയിരുന്നല്ലോ... ഭാരതത്തിൽ മൊത്തം ഹൈന്ദവർ മാത്രേ ഉണ്ടായുള്ളൂ... പിന്നെയാണ്  മാപ്പിളമാരും
ക്രിസ്ത്യാനികളും ഒക്കെ ഉണ്ടായത്

അപ്പോൾ നമ്മൾ ഒക്കെ പണ്ട് നമ്പൂതിരിമാര്‍ ആയിരിന്നിരിക്കണം.. അല്ലേമ്മേ??

ഏത് ജാതിയായലെന്താ കുട്ടി,  മനുഷ്യൻ ആയ പോരെ. ഇപ്പൊ ഈ ജാതികളുടെ സ്വഭാവം  ഒക്കെ   മാറി മൃഗങ്ങളെ പോലെ ആയില്ലേ..

പാതിരാ കുർബാനയ്ക്ക് അച്ചൻ പറഞ്ഞത് അമ്മ ഓര്‍ക്കണില്ലേ..

--എന്ത് പറഞ്ഞൂന്നാ.... കുട്ടി  ആ പരമ്പില്‍ കിടക്കണ കുരുമുളക് കോഴികൾ ചിക്കി ചികയുന്നുണ്ടോന്നു  നോക്കിക്കേ---

ആ..എനിക്കൊന്നും വയ്യ , എനിക്ക് കണക്ക് ചെയ്യാനുണ്ട്.. മാത്തുണ്ണി മാഷാ...എനിക്ക് വയ്യ കിഴുക്ക് മേടിക്കാൻ..

കുട്ടി അപ്പൊ രാവിലെ  തൊട്ട് ജാതി തേടി നടപ്പാണല്ലോ...പഠിക്കണത് ഇവിടെ ആരേലും കണ്ടോ...മമ്മി എന്ത് കഥയാ ഇന്നലെ പറഞ്ഞു തന്നത്??

അച്ചൻ പറഞ്ഞത് കേട്ടില്ലേ....

എന്ത് പറഞ്ഞൂന്നാ??

അയ്നു അമ്മേടെ ചെവി സാറാമ്മ ചേച്ചി തിന്നുവായിരുന്നില്ലേ...എന്നെ അക്കരേലെ ലിജിമോള്‍ എല്ലാം കാണിച്ചു തന്നു....

ഈ കാക്കകളെ കൊണ്ട്  വെല്ല്യ ശല്ല്യമാണല്ലോ...

ഉം.. ഞാന്‍  ഒരു പരമ്പില്‍ നിന്നു ഓടിച്ചു വിടുമ്പോഴേക്കും അടുത്തതിലേക്ക്  പറന്നു പോയി ഇരിക്കും...എനിക്ക് ഓടി നടന്നു കാക്കേനേം കോഴീനേം ഓടിക്കാൻ വയ്യ...

ആ മാമ്പഴം കക്കണ പണിയൻ മൊട്ടനോട് പറ... അവനു ശിക്ഷ കിട്ടണം.... എനിക്ക് തരാതെ ഇന്നലെ  അവന്‍  വെല്ല്യ പറമ്പിലെ നാട്ടുമാങ്ങ മുഴുവൻ പെറുക്കി... കൊതിയൻ... കള്ളനാ അവന്‍....

അച്ചൻ എന്ത് പറഞ്ഞൂന്നാ കുട്ടി,  നീ പറഞ്ഞത് ???

ആം.. യേശുവിന്റെ ശിഷ്യനായ  തോമാ ശ്ലീഹ കേരളത്തിൽ വ ന്നപ്പോൾ അഭയം കൊടുത്തത് നമ്പൂതിരികള്‍ ആണെന്നാ പറഞ്ഞെ... മതം മാറീതും അവരാ...

ഞാന്‍ ലക്ഷ്മിയുടെ വീട്ടില്‍ പോണൂ...

 ഞാന്‍ എത്തീപ്പോള്‍ അവള്‍ പുറത്തിരുന്ന് കനകാംബരം കോര്‍ക്കുവായിരുന്നു...

ലെച്ചു ഞാൻ നമ്പൂതിരി കുട്ടിയാണ്....

പിന്നേ...പുളു അടിക്കണ്ട, നിങ്ങൾ പള്ളിക്കാരല്ലേ ??
നമ്പൂതിരികൾ അമ്പലക്കാരാണ്...

അതേ പണ്ട് ജാതി മാറീത് മൊത്തം നമ്പൂതിരി കളാ---
അപ്പോൾ എന്റെ പണ്ടുള്ള  മുത്തശ്ശനും മുത്തശ്ശിയും നമ്പൂതിരിമാര്‍  ആയിരുന്നു...
നീ കേട്ടട്ടില്ലെ, എന്നെ എല്ലാരും കുട്ടീന്ന് അല്ലേ വിളിക്കണേ...
...അതെന്താ...
അത് നമ്പൂരി  ഭാഷയാണ്... എന്റെ അപ്പച്ചൻ  പാലക്കാട്‌ നിന്നു വന്നതാ.. ഒളപ്പമണ്ണ മനയുടെ അടുത്തായിരുന്നു പോലും  
ഞങ്ങടെ ഇല്ലം.. ഇല്ലത്ത് കുറേ പേര്‍ ഉണ്ടായിരുന്നു. എന്നും സദ്യ ആയിരുന്നു.
ആ നാലുകെട്ട് ഇല്ലത്തെ കുളത്തിൽ വീണാണ് അപ്പച്ചന്റെ അപ്പച്ചന്റെ പെങ്ങൾ മരിച്ചുപോയത്...അല്ലാ കൊന്നത്....

കാർത്തിയമ്മേ കാർത്തിയമ്മേ
എന്താ ലച്ചു ??
ഈ കുട്ടി പറയുവ, അവർ നമ്പൂതിരിമാരാണ് എന്ന്...

കാർത്തി ചേച്ചീടെ മറുപടി വന്നതും
അങ്ങേ പറമ്പിൽ നിന്നും മമ്മി  നീട്ടി  വിളിച്ചതും ഒപ്പം ആയിരുന്നു.. കേട്ട പാടെ അടി മേടിക്കാതിരിക്കാനായി ഞാൻ വാണം വിട്ടപോലെ ഓടി....







Wednesday, 11 January 2017

പ്രവാസമേ.....

കണ്ണില്‍ എണ്ണ ഒഴിച്ച്
പ്രിയമുള്ളവർ നാട്ടിൽ...
ഏഴാം കടലിനും ഇപ്പുറം
ഒരു വിളിപ്പാടകലെ നാം...

പ്രവാസമാം തീക്കനലിനാല്‍ വെണ്ണീറാവാതിരിക്കാൻ
കൂടെ കൂട്ടൂ നല്ല  ചങ്ങാതിമാരെ..
ചേര്‍ന്നുല്ലസിക്കാം ഒഴിവ് നാളുകള്‍...
ചാലിച്ചെടുക്കൂ സ്നേഹം ഭസ്‌മം പോല്‍...
ചുണ്ടിൽ അണിയേണം നിറ പുഞ്ചിരി
കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഓടുമ്പോള്‍
മറക്കരുതേ നിങ്ങളുടെ ജീവിതവും
യൌവ്വനവും...
കുതികാല്‍ ചവിട്ടാതെ
ഒരുമിച്ചു നില്ക്കാം വിജയം വരെ...

ഏകാന്തതയുടെ തടവറയില്‍
ഓര്‍മ്മകളുടെ വരമായെത്തുന്ന
മഴവില്ല് പോൽ വർണ്ണാഭമാക്കിയ
ബാല്യ കാലമേ  നിനക്ക് കൂപ്പുകൈ...
പഞ്ചാരമണലിൽ കാലിടറാതെ
ഓടി എത്തണം തിരികെ...