Tuesday, 22 October 2013

വയനാട്ടിലെ കുറിച്ച്യരും,കുറുമരും

കുറിച്ച്യര്‍  (മലബ്രാഹ്മണര്‍)
വയനാടിന്‍റെ  ചരിത്രത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ആദിവാസി സമൂഹമാണ് കുറിച്യര്‍.ആദിവാസികളിലെ ഏറ്റവും ഉയർന്ന ജാതിയായി ഇവർ കണക്കാക്കപ്പെടുന്നു. മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഇവരെ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി കാണാം."മിറ്റം" എന്നാണ് കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.വയനാടിന്റെ ഉടമാവകാശം സ്ഥാപിച്ചെടുത്ത നായന്മാരോടൊപ്പം വേടന്‍ കോട്ട ആക്രമണത്തില്‍ ഇവര്‍ പങ്കെടുത്തു.അമ്പും,വില്ലും ഉപയോഗിച്ചും,ഗറില്ലാ യുദ്ധ മുറകള്‍ കൊണ്ടും ഇവര്‍ ശത്രുക്കളെ കീഴ്പ്പെടുത്തി."പഴശിയുടെ കരിമ്പട" എന്നാണ് ഇവരെ വിളിച്ചിരുന്നത്.1780-ഇല്‍ ടിപ്പു സുല്‍ത്താനോട്‌ ഏറ്റു മുട്ടുമ്പോള്‍ തൊട്ട് ഇവര്‍ പഴശിയുടെ കൂടെയുണ്ടായിരുന്നു.കുറിച്യരുടെ 38 കുലങ്ങള്‍ വയനാട്ടില്‍ ഉണ്ട്.


ഐതിഹ്യം
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളിൽ പ്രധാനപ്പെട്ടവവയിൽ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം  രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ തിരുവിതാംകൂര്‍കാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധം ജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു എന്നാണു പറയുന്നത്.
കുറിച്യരുടെ കോളനി


അയിത്താചാരം
കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാൽ അയിത്തമായി എന്നവർ ധരിക്കുന്നു. ബ്രാഹ്മണര്‍ക്കും വയനാട്ടിലെ പഴയ നായന്മാര്‍ക്കും ഒഴിച്ച് മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവർ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.

ആരാധന
മലോന്‍,മലകാരി,കരിമ്പിലിപൊവുതി,കരമ്പില്‍ ഭഗവതി, അതിരാളന്‍, തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പന്‍,ഭദ്രകാളി,ഭഗവതി
തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി  മലക്കാരിയെ വിശ്വസിക്കുന്നു.പരമശിവനാണ് വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍  ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങൾ. കരിമ്പിലി ഭഗവതി സ്ത്രീകൾക്ക സുഖപ്രസവം പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു എന്നാണ് ഇവരുടെ വിശ്വാസം.

വേട്ടയാടൽ
അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു. മാംസം ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകൾക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.

കലകൾ
മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താൽ കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കിൽത്തന്നെ മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകൾ ഇവർക്കുമുണ്ട്.

 കുറുമര്‍
വയനാട്ടിലെ മറ്റൊരുവിഭാഗം ആദിവാസികളാണിവര്‍.നീണ്ട കഴുത്തും, അധികം കുറിയതോ,നീണ്ടതോ അല്ലാത്ത ആകാരവും,ആകര്‍ഷകമായ നിറവും ഉള്ള ഇവര്‍ ഒരു രാജവംശത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നു.ഏതാനും കുറുമ വീടുകള്‍ ചേര്‍ന്നു "കുടികളും"."കുടികാരണവന്മാരും", ഇവര്‍ക്ക് മുകളില്‍ "കുന്നില്‍കാരണവന്മാരും".അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായി "കുന്നില്‍ വാല്യക്കാരനും" ഉണ്ടായിരുന്നു.

ഗോത്ര ദൈവങ്ങള്‍ക്ക് നേര്‍ച്ചയര്‍പ്പിക്കാന്‍ ഇവര്‍ തറയാണ് ഉപയോഗിച്ചിരുന്നത്.വയനാട്ടിലെ കല്‍പ്പറ്റയില്‍ പൂജാകൂട്ടത്തിനായി മൈതാനവും,തറയും ഉണ്ട്.ഇവടെ കൊയ്ത്തുകഴിഞ്ഞ് കോളിയാടി മൂപ്പന്റെ നേതൃത്തത്തിലാണ് ഉത്സവം  നടത്തുന്നത്.ഗോത്ര ദൈവമായ,ശിവന്റെ പ്രതിരൂപം  "കാളിമല" ആണ് ആരാധനാ മൂര്‍ത്തി. ആ വര്‍ഷത്തില്‍ നേരിടേണ്ടി വന്ന കഷ്ട്ടപ്പാടുകളെയും,വിഷമങ്ങളെയും കുലദൈവങ്ങള്‍ക്ക് മുന്നില്‍ പറയും.കൊയ്ത്തും,മെതിയും കഴിഞ്ഞതിന്റെ സന്തോഷം അറിയിക്കുകയും, മണ്‍മറിഞ്ഞ പിതാക്കന്മാരെ ഉത്സവത്തില്‍ ഓര്‍ക്കുകയും ചെയ്യും.കൊയ്ത്കിട്ടിയ അരികൊണ്ട് ദോശയുണ്ടാക്കി ദൈവങ്ങള്‍ക്കും,പിതമാഹന്മാര്‍ക്കും കൊടുത്തശേഷം എല്ലാര്‍ക്കും കൊടുക്കും. ഈ ഉത്സവത്തില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കും.

കുറുമ കോളനിയില്‍ ബ്രിട്ടീഷ്കാരുടെ വരവിനു മുമ്പ് തലമുറയായി കൈമാറിയ 2 പീoങ്ങള്‍ ഉണ്ട്. 2 ദേവന്മാര്‍,കാളിമലയായും,കണ്ടന്‍ വല്ലിയായും മനുഷ്യാവതാരമെടുത്ത് പീoങ്ങള്‍ പണിതു എന്നാണു വിശ്വാസം.കുറുമരുടെ ചടങ്ങുകള്‍ക്ക് ശേഷം പീoങ്ങള്‍ എണ്ണയും,ചന്ദനവും തേച്ച് കഴുകിവെക്കും.പീoത്തിന്‍റെ ഒരു കാല്‍ ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു കളഞ്ഞു.

(കുറിച്യര്‍,കുറുമര്‍ വിവരങ്ങള്‍ക്ക് കടപ്പാട്- മലയാള മോനോരമ,അറിയപ്പെടാത്ത വയനാട്,വിക്കിപീഡിയ)

Friday, 18 October 2013

ആദിവാസികളിലൂടെ (പണിയരിലൂടെ)



എല്ലാരും പേടിക്കുമ്പോള്‍ അയ്യോ,അമ്മേ എന്നൊക്കെയല്ലേ പറയുക.ഞാന്‍ ചെറുപ്പത്തില്‍ "ഇപി" എന്നായിരുന്നു പറഞ്ഞിരുന്നത്.അത്  മനസിലാക്കാന്‍ കുറച്ച് കാലം വൈകികിപ്പോയിരുന്നു.കൂട്ടുകാര്‍ കളിയാക്കിയപ്പോള്‍ ആണ്,ഈ പദത്തെ കുറിച്ച് ഞാനും ചിന്തിച്ചു തുടങ്ങിയത്.ഇങ്ങനെയൊരു പദം മലയാളത്തില്‍ ഉണ്ടോ?? പിന്നെ എനിക്കിത് എവിടുന്നു കിട്ടി.ഇതിന്‍റെ സ്രോതസ് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം,ആലോചനയ്ക്ക് തിരി കൊളുത്തി.വീട്ടിലും പലപ്പോഴായി എല്ലാരേം നീരിക്ഷണത്തിന് വിധേയമാക്കി.എങ്കിലും ആരില്‍ നിന്നും ഇങ്ങനെയൊരു വാക്ക് പുറപ്പെടുന്നത് കേട്ടില്ല.പിന്നെ ഇതെനിക്ക് എവിടുന്നു കിട്ടി???
      
    എന്‍റെ തറവാടിനു ചേര്‍ന്ന്‌ പണിയരുടെ (ഒരു ആദിവാസിവിഭാഗം) കോളനി ആണ്.ഇവരാണ് ഞങ്ങളുടെ സ്ഥിരം പണിക്കാര്‍.എന്നും വീട്ടില്‍ ഇവരുണ്ടാകും.ചമ്മിയും,നങ്ങിയും മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും വീട്ടില്‍ ഉണ്ട്. അങ്ങനെ ഒരിക്കല്‍ കുരുമുളക് മെതിക്കല്‍ ആണ്.പതിവുപോലെ ചമ്മിയും,നങ്ങിയും ഉണ്ട്.അവരുടെ പുന്നാരം കേട്ടോണ്ട് ഞാനും ഉമ്മറപ്പടിയില്‍ തന്നെ ഉണ്ട്.പെട്ടെന്നൊരു ശബ്ദം കേട്ടു."ഇപി ഇപി, നോക്കിന്ടു അട്ട". ശരിയാണ്,നോക്കിയപ്പോള്‍ അട്ട.നങ്ങിയാണ് എന്‍റെ ചോദ്യത്തിന് ഉത്തരം നല്‍കികൊണ്ട് ആ പദം ഉരിവിട്ടത്. യുറേക്ക,യുറേക്ക എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞില്ലെങ്കിലും മനസ്സില്‍ ഒരു നൂറു വട്ടം പറഞ്ഞു കാണും.ഇതാണ് പണ്ടുള്ളവര്‍ പറഞ്ഞത് "മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൌരഭ്യം".ഇവരൊക്കെ എന്‍റെ സന്തത സഹചാരികള്‍ ആയിരുന്നല്ലോ.അങ്ങനെ പണിയ ഭാഷ വരെ ഞാന്‍ പഠിച്ചു എന്ന് പറയാം.
      ഭാഷയിലേക്ക്
കോളനിയിലെ പണിയര്‍ എല്ലാരും തന്നെ അക്ഷര വിദ്യാഭ്യാസം ഇല്ലാത്തവര്‍ ആണ്.ഇവര്‍ പരസ്പ്പരം ലിപിയില്ലാത്ത പണിയ ഭാഷയാണ് സംസാരിക്കുന്നത്.നമ്മളോട് മലയാളത്തിലും പറയും.എന്‍റെ കൂടെ ഒരു കുട്ടി,രുഗ്മിണി പഠിക്കാന്‍ ചേര്‍ന്നിരുന്നു.അവള്‍ രണ്ടിലേ തന്നെ പഠിപ്പ് നിര്‍ത്തി. കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇവര്‍ ഒരു അപമാനമായതിനാലാണോ എന്നറിയില്ല, എന്‍റെ ചെറുപ്പത്തില്‍ ഇവര്‍ക്കുവേണ്ടി ഒരു സാക്ഷരതാ ക്ലാസ് തുടങ്ങിയിരുന്നു. എന്‍റെ കുഞ്ഞാച്ചനും  (പപ്പയുടെ ഇളയ അനിയന്‍) പഠിപ്പിക്കാന്‍ പോകുമായിരുന്നു. ഇടക്കൊക്കെ ഞാനും പോകും. ഇവരുടെ പണിയഭാഷയില്‍ എല്ലാത്തിനും വാക്കുകള്‍ ഉണ്ട്.ചെറുപ്പം തൊട്ടേ അവര്‍ ആ വാക്കുകള്‍ ഉപയോഗിച്ചിട്ട് നമ്മള്‍ മലയാളം പഠിപ്പിക്കാന്‍ ചെന്നാല്‍ വെല്ലതും നടക്കോ???ഇല്ല എന്ന് ഞങ്ങള്‍ക്കും മനസിലായി.ഒരിക്കല്‍ "തവള" യെ കാണിച്ച് കുട്ടികളോട് ചോദിച്ചു, ഇതെന്താ?? "പേക്ക" എന്നുത്തരം കിട്ടി. എത്ര തവണ തവള എന്ന് പറഞ്ഞു പഠിപ്പിച്ചിട്ടും അവര്‍ പേക്ക എന്നേ പറയൂ.പണിയ ഭാഷയില്‍ തവളയെ, പേക്ക എന്നാണെ പറയുന്നത്.അങ്ങനെ ആ ഉദ്യമം നിര്‍ത്തി.

 വയനാട്ടിലെ ആദിവാസികളില്‍ കൂടുതലും പണിയര്‍ ആണ്.ഇവരെ എല്ലാരും പേര് വിളിക്കുന്നു.ഞാനും മൂത്തവരേപ്പോലും പേരായിരുന്നു വിളിച്ചിരുന്നത്. പിന്നീടാണ് മാറ്റിയത്. കൂട്ടത്തില്‍ ഉള്ള അപ്പൂപ്പന്‍മാരേം,അമ്മൂമ്മമാരേം ബഹുമാനാര്‍ത്ഥം "മൊരവന്‍, മൊരത്തി" എന്ന് വിളിക്കും.തിരിച്ചു നമ്മളില്‍ പ്രായമായവരെ "പാപ്പന്‍,പാപ്പത്തി" എന്നും വിളിക്കും.ഈ പേരൊക്കെ ആരാ വിളിച്ചു തുടങ്ങിയത് എന്നൊന്നും ചോദിക്കരുതേ....
            
പണിയവിഭാഗം

     രൂപവും,വേഷവും
ആദ്യമൊക്കെ മറ്റ് അയല്‍വക്കക്കാരെപ്പോലെ മാത്രേ ഇവരേം കണ്ടിരുന്നുള്ളൂ.കുറച്ച് കഴിഞ്ഞപ്പോള്‍ വെത്യാസങ്ങള്‍ കണ്ട് തുടങ്ങി,അല്ല ശ്രദ്ധിച്ചു തുടങ്ങി. സാധാരണ മലയാളികളില്‍ നിന്നും ഉള്ള ഒരു അസാധാരണ മാറ്റം.
 എനിക്ക്‌ ഇവരെ നീഗ്രോ വര്‍ഗക്കാരുമായി ആണ് സാമ്യം തോന്നുന്നത്. കാരണം ഇവരുടെ കറുത്ത,തടിച്ച ശരീരവും,തോളറ്റം വരെ മാത്രം ഉള്ള ചുരുണ്ട മുടിയും തന്നെയാണ്. രൂപം മാത്രമല്ല വേഷവിധാനവും വെത്യസ്തത പുലര്‍ത്തുന്നു. മിക്കവരും പാദരക്ഷകള്‍ ഉപയോഗിക്കുന്നില്ല. സ്ത്രീകള്‍ മുട്ടറ്റം വരെയുള്ള വസ്ത്രം ആണ് ധരിക്കുന്നത്. അവരുടെ കമ്മല്‍ ഉണ്ടാക്കിയിരിക്കുന്നത് കൈതയിലകൊണ്ടാണ്.വട്ടത്തില്‍ കൈതയില മടക്കി അതിനുള്ളില്‍ കുന്നിക്കുരു വെച്ച് ,ഒരു വളയുടെ വലുപ്പം ഉള്ള കാതിലെ ഓട്ടയില്‍ വെക്കും. കൈ വിരലുകളില്‍  നിറച്ചും ചെമ്പിന്റെ മോതിരങ്ങള്‍, കയ്യില്‍ നിറച്ചും പരന്ന ചെമ്പിന്‍ വളകള്‍. മൂക്കില്‍ സഞ്ചി പോലെ നീണ്ട കമ്മല്‍.മുണ്ടില്‍ ഒരു തുണി സഞ്ചിയും ഉണ്ടാകും,പൈസയും മറ്റും വെക്കാന്‍.പുതിയ തലമുറക്കാര്‍ വസ്ത്ര ധാരണത്തില്‍ പുതിയ രീതി സ്വീകരിക്കുന്നുണ്ട്.

ഈ  കമ്മല്‍ നോക്കിക്കേ
 വിവാഹം
പലരുടെയും വിവാഹത്തിന് ഞാന്‍ പോയിട്ടുണ്ട്. വിവാഹത്തിന് വായ്ക്കുരവയും,തുടിയും ഉണ്ടാകും. വിവാഹ ദിവസം വരന്‍റെ വീട്ടുകാര്‍ "പെണ്‍പണം" വധുവിന്‍റെ അച്ഛന് നല്‍കും. വധു വരന്മാര്‍ കാരണവരുടെ കയ്യിലുള്ള വടി കുറുകെ കടന്നു വേണം പോകാന്‍.കൂടാതെ അവരുടെ പരമ്പരാഗത നൃത്തവും ഉണ്ടാകും.അതൊരു പ്രത്യേകതരം ഡാന്‍സ് തന്നെയാണ്.ഇവര്‍ എല്ലാരും നല്ല പാട്ടുകാരും ആണ്.
പരമ്പരാഗത നൃത്തം

ജീവനമാര്‍ഗം
         
പണിയര്‍ എല്ലാരും തന്നെ കൂലി പണിക്കാരാണ്.കൂടാതെ ഇവര്‍ കാട്ടില്‍ നിന്നും വിറക്,തേന്‍,ഇല്ലി അരി,നെല്ലിക്ക,പൂപ്പല്‍ തുടങ്ങിയവ ശേഖരിച്ചു കടകളിലും,വീടുകളിലും കൊണ്ടുപോയി കൊടുത്ത് ജീവിക്കും.എന്‍റെ തറവാട്ടില്‍ സ്ഥിരമായി തേനും,നെല്ലിക്കയും കൊണ്ടുത്തരുന്നത് ഇവരാണ്. തേന്‍ എടുത്തിട്ട് വരുമ്പോള്‍ ഇവരുടെ രൂപം തന്നെ മാറീട്ടുണ്ടാകും.തേനീച്ച കുത്തി മൊത്തം നീര് വെച്ചിരിക്കും.പിന്നെ കാശ് സാമ്പദിക്കല്‍ ഒന്നും ഇവരുടെ നിഗണ്ടുവില്‍ ഇല്ലാത്തതിനാല്‍ അന്നന്നേക്കുള്ള വക ഉണ്ടാക്കുക  മാത്രം ചെയ്യും.

 ഈശ്വരസങ്കല്പം
  ഇവര്‍ കല്ലില്‍ ഗുളിയനെ ആണ് ആരാധിക്കുന്നത്.അടുത്തുള്ള മറ്റ് ക്ഷേത്രങ്ങളില്‍ പോകുന്നത് കണ്ടിട്ടില്ല. അവരുടെ പ്രധാന ഉത്സവം മാനന്തവാടിക്ക് അടുത്തുള്ള വള്ളിയൂര്‍ക്കാവ് ഉത്സവമാണ്. വള്ളിയൂരമ്മയാണ് പ്രതിഷ്ഠ. മലയാള മാസം,മീനം ഒന്നാന്തി ആരംഭിച്ച് 14  ദിവസം നീളുന്ന ഉത്സവം. വയനാട്ടിലെ എല്ലാ വിഭാഗം ആദിവാസികളും പങ്കെടുക്കും. നാട്ടുകാര്‍ എല്ലാം ഈ ഉത്സവത്തിന്‌ മുമ്പ് എല്ലാ പണികളും തീര്‍ത്തു വെക്കും, കാരണം ഈ പതിനാലു ദിവസം ആരെയും പണിക്കു കിട്ടില്ല എന്നതാണ്.പണിയര്‍ക്കു ഇത് വളരെ പ്രിയപ്പെട്ട ആഘോഷമാണ്. ഇവര്‍ ഉത്സവത്തിന്‌ പോകുന്നത് കാണാന്‍ നല്ല ചേലാണ്. വസ്ത്രവും, പായയും,പുതപ്പും പാത്രങ്ങളും, എല്ലാം ആയിട്ടാണ് പോകുന്നത്.



പണ്ട് അടിമവ്യവസ്ഥ നിലകൊണ്ടിരുന്നപ്പോള്‍ ഇവടെ വെച്ചായിരുന്നു ജന്മിമാര്‍ പണികള്‍ക്ക് ആവശ്യമുള്ള അടിയാളന്‍ന്മാരെ ഒരു വര്‍ഷത്തേക്ക് വേണ്ടി തിരഞെടുത്തിരുന്നത്. ചര്‍ച്ച ചെയ്ത്, ആണിനും,പെണ്ണിനും വില നിശ്ചയിച് വള്ളിയൂരമ്മയുടെ മുന്നില്‍ വെച്ച് പണം കൈമാറുന്നു. ആ ഒരു വര്‍ഷം ജന്മിയുടെ പറമ്പില്‍ കുടില്‍ വെച്ച് താമസിക്കണ൦. ജോലിയുള്ള ദിവസങ്ങളില്‍ പണിക്കാര്‍ക്ക് കൂലിയായി നെല്ല് ആണ് നല്‍കിയിരുന്നത്. പുരുഷന് നല്‍കുന്നതിന്റെ നേര്‍ പകുതിയാണ് സ്ത്രീക്ക് കിട്ടുക.
 ഇന്നും ആദിവാസി  പുരുഷന്‍ന്മാരെക്കള്‍ കുറവ് കൂലിയാണ് സ്ത്രീകള്‍ക്ക്.

വള്ളിയൂര്‍ക്കാവ് ക്ഷേത്രം

ദുശീലങ്ങള്‍
സ്ത്രീകള്‍ അടക്കം എല്ലാരും വെററില മുറുക്കും. കള്ളും കുടിക്കും. സ്ത്രീകളുടെ തുണി സഞ്ചിയില്‍ വെറ്റില,അടക്ക,ചുണ്ണാമ്പ് എന്നിവ എപ്പോഴും ഉണ്ടാകും.ചില വീട്ടില്‍ പണിക്കു പോയി,കിട്ടിയ കാശിനു കള്ളുകുടിച്ച്,രാത്രി അവരുടെ വീട്ടില്‍ തന്നെ ചെന്ന് തെറി പറയുന്ന വിരുതന്മാരും ഈ കൂട്ടത്തില്‍ ഉണ്ട് .ബോധം വരുമ്പോള്‍ പോയി കാലുപിടിച്ചു അടുത്ത ജോലിക്ക് കേറും. കള്ളുകുടിച്ചുള്ള ഇവരുടെ കലാ പ്രകടനങ്ങള്‍ പലപ്പോഴും കാണാറുണ്ട്.അപ്പോഴാണ്‌ ഇവരിലെ ഗായകന്മാര്‍ ഒക്കെ പുറത്ത് വരുന്നത്.

മരണാനന്തര ചടങ്ങുകള്‍
നേരത്തെ പറഞ്ഞതുപോലെ ദുശീലങ്ങളും,അരിവാള്‍ രോഗവും മൂലം ഇവരുടെ ദാരുണ മരണങ്ങള്‍ കാണാന്‍ എന്‍റെ ചെറുപ്പകാലം ഇടയാക്കിയിരുന്നു. എന്നും ഓരോ മരണങ്ങള്‍. മരണത്തിനും തുടിയും,വായ്ക്കുരവയും ഉണ്ടാകും.ശരീരം വെള്ളതുണിയില്‍ പൊതിഞ്ഞ് പായയില്‍ കെടത്തും.കാണാന്‍ വരുന്ന ആളുകള്‍ പായയില്‍ പൈസ ഇടണം. ഈ പൈസ അടിയന്തരത്തിന് ഉപയോഗിക്കും. ഇവര്‍ മരിച്ചാല്‍,മാറ്റൊരിടത്ത് വീണ്ടും ജീവിക്കും എന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ  ചടങ്ങുകള്‍ വെത്യസ്തമാണ്.ശരീരം ഒരിക്കലും ദഹിപ്പിക്കില്ല. മറിച്ച് കുഴിയുടെ ഒരു ഭാഗത്ത് ഒരു ചെറിയ തുരങ്കംപോലെ ഉണ്ടാക്കും .അവടെ ഇല്ലി കൊണ്ട് മെടഞ്ഞ ഒരു തട്ടില്‍ ശരീരം വെക്കും. ശരീരത്തിനൊപ്പം കുറച്ച് കഞ്ഞി, മണ്‍കലത്തില്‍ വെള്ളം, വെറ്റില, പാക്ക്, ചുണ്ണാമ്പ്, കത്തി, പാത്രം തുടങ്ങിയവയും വെക്കുന്നു. ഓരോരോ വിശ്വാസങ്ങളെ....
                                                                                                                                                   തുടരും


 (ഫോട്ടോകള്‍ക്ക് കടപ്പാട് ഗൂഗില്‍,വീഡിയോ യുടൂപ്)

Friday, 11 October 2013

വയനാട്

എന്‍ സിരകളില്‍ അലിഞ്ഞ
ചന്ദനക്കാറ്റിന്‍ ഗന്ധമെങ്ങുപോയി
ആനയും,പുള്ളിമാനും,മര്‍ക്കടനും
മേഞ്ഞുനടക്കുമീ കാട്ടില്‍
എവിടെ നിന്നുയരുന്നു മാറ് പിളര്‍ന്നൊരു
കരിന്തണ്ടന്‍ രോദനം......

കാളിമലയിലെ കല്‍വിളക്കിന്‍
കരിന്തിരി കത്തിയെരിഞ്ഞുപോയി
കാലത്തിനേടുകള്‍ തീര്‍ത്ത ഇടനാഴിയില്‍
എടക്കലും,ജൈനബസ്തിയും
മൂക സാക്ഷിയായി...

ബ്രഹ്മാവിന്‍ കയ്യാല്‍ മെനഞ്ഞോരീ താഴ്വര
കൈത്തിരി നാളമായി നിന്നെരിയുന്നു
ഉഷാപരിണയത്തിന്‍ ബാക്കിപത്രമായി
നിന്നു രമിക്കുന്നു ബാണാസുര സാഗര്‍

ടിപ്പുവും,സായിപ്പും ചവിട്ടി മെതിച്ചയീ ബാല്യം
ഒരിക്കലും മായാത്ത ചരിത്രമായി....
എങ്കിലും മുക്തയായി ഒഴുകുന്നു കബനി
വിണ്ടുണങ്ങിയ വയല്‍വരമ്പിന്‍ രോദനം കേള്‍ക്കാതെ...

കമ്പള നാട്ടിക്കൊപ്പമുയരുന്നു
ആദിവാസികള്‍ തന്‍
തുടികൊട്ടും,ചെറുവായ്ക്കുരവയും...

ഒരു കുഞ്ഞുക്കാറ്റില്‍ അലസമായോഴുകുന്നു
പഥികന്‍റെ  മനസിലീ കുറുവയും
പാപനാശിനിയും....
ജഡിക സ്വപ്നങ്ങളെ പിഴുതെറിയുന്നീ
ജലമുത്തുകള്‍
വിശ്വകര്‍മ്മാവിന്‍ ലീലാവിലാസത്തില്‍....



Tuesday, 8 October 2013

ജടയുള്ള സ്വാമി

ഞാന്‍ രണ്ടിലോ, മൂന്നിലോ പഠിക്കുമ്പോഴാണ് സംഭവം.ഞാന്‍ അന്ന് പപ്പയുടെ തറവാട്ടിലാണ് താമസിക്കുന്നത്.എന്‍റെ കൂടെ സ്കൂളില്‍ പോകാന്‍ കൂട്ടാരുമില്ല.ഞാന്‍ ഒറ്റക്കാണ് പോകുന്നതും, വരുന്നതും. ഏകദേശം 4 കിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളിലോട്ട്.ആകെ ഉള്ളത് ഒരു കെ എസ്‌ ആര്‍ ടി സി ബസ് മാത്രാണ്.അതും വന്നാല്‍ വന്നു എന്ന് പറയാം.അല്ലെങ്കില്‍ അത്രയും ദൂരം ഒറ്റയ്ക്ക് നടക്കണം.പണ്ട് തൊട്ട് ഇന്നുവരെ പലതിനേം, പലരേം എനിക്ക് പേടിയാണ്,പ്രത്യേകിച്ച് സ്വാമിമാരെ....

അന്നൊക്കെ ക്ലാസ്സ്‌ കഴിഞ്ഞ് 5 മണിയുടെ ബസിനാണ് ഞാന്‍  തിരിച്ചുവരുന്നത്.ബസിറങ്ങീട്ട് 10 മിനിട്ടോളം ഒരു തൊണ്ടിലൂടെ (ഇടവഴി) നടക്കണം. ഒറ്റക്കുള്ള ആ നടപ്പ് എനിക്ക് വല്ലാത്ത പേടിയുണ്ടാക്കും.അവടെ ആദ്യത്തെ ഇറക്കത്തില്‍ കാപ്പിതോട്ടമാണ്. അവടെ കേറി ഒരു കാപ്പികൊമ്പ് പറച്ച് അതിനോട് കൂട്ടുകൂടിയാണ് ആ തൊണ്ടിലൂടെ ഞാന്‍ നടക്കുന്നത്. ഏതായാലും ഞങ്ങളുടെ സംഭാഷണം കേള്‍ക്കാന്‍ പൊതുവേ ആ വഴിയില്‍ ആരും ഇല്ലാത്തതുകൊണ്ട് എനിക്ക് വട്ടാണെന്ന് ആരും സംശയിച്ചുമില്ല.

ഒരു ദിവസം പതിവുപോലെ ബസില്‍ കേറി വീട്ടിലോട്ടു വരുകയായിരുന്നു.അന്ന് ബസില്‍ പുറകിലത്തെ സീറ്റില്‍ ഒരു സ്വാമിയെ കണ്ടു, പെട്ടെന്ന് ഞാന്‍ തിരിഞ്ഞിരുന്നു.കുറച്ച് നേരം കഴിഞ്ഞു അത് സ്വാമി തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ തിരിഞ്ഞു നോക്കി..അതെ സ്വാമി തന്നെയാണ്, ഞാന്‍ തീര്‍ച്ചപ്പെടുത്തി.കാരണം ജടപിടിച്ച നീണ്ട  മുടിയും, കാവി മുണ്ടും ആയിരുന്നു സ്വാമിയുടെ  വേഷം. എനിക്ക്‌ പേടിയായി തുടങ്ങി.എന്‍റെ വിചാരം സ്വാമി പിള്ളേരെ പിടിക്കുന്ന ആള്‍ ആണെന്നായിരുന്നു. 

എനിക്ക് ഇറങ്ങേണ്ടത് അവസാനത്തെ സ്റ്റോപ്പിന് തൊട്ടുമുമ്പുള്ള സ്റ്റോപ്പിലാണ്‌.സ്വാമി എന്‍റെ സ്റ്റോപ്പില്‍ എങ്ങാനും ഇറങ്ങുമോ എന്ന പേടി കൂടിക്കൂടി വന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് പുറകോട്ടുനോക്കി സ്വാമി ഇറങ്ങുന്നുണ്ടോന്നു നോക്കി കൊണ്ടിരുന്നു.ഞാന്‍ നോക്കുമ്പോഴൊക്കെ സ്വാമി  എന്നെ രൂക്ഷമായി നോക്കുന്നത് പോലെ തോന്നി. അവസാനം എന്‍റെ സ്റ്റോപ്പ്‌ എത്താറായി.ഞാന്‍ പതുക്കെ സീറ്റില്‍ നിന്നും എഴുന്നേറ്റു.വീണ്ടും പുറകോട്ടു നോക്കി ,സ്വാമി ഇറങ്ങുന്ന ലക്ഷണം ഒന്നും കണ്ടില്ല.സന്തോഷത്തോടെ ചാടി ഇറങ്ങി തൊണ്ടിലൂടെ നടക്കാന്‍ തുടങ്ങി.പതിവുപോലെ കാപ്പികൊമ്പ് പറക്കാന്‍ നോക്കി എങ്കിലും മുള്‍വേലിയില്‍ തട്ടി പുറകോട്ടു വീണു. അപ്പോള്‍ അതാ പുറകെ സ്വാമി നടന്നുവരുന്നു.കാലൊക്കെ പൊട്ടിയൊലിക്കുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെ ഞാന്‍ ജീവനും കൊണ്ടോടി.കുറച്ച് ഓടീട്ട് ഇടയ്ക്കു തിരിഞ്ഞ് നോക്കും,എപ്പോള്‍ നോക്കുമ്പോഴും ഒരു പത്തടി ദൂരം മാത്രേ വെത്യാസം ഉള്ളു.എന്‍റെ കുഞ്ഞി കാലിന്റെ പരിമിതിയെ ഓര്‍ത്ത് കരഞ്ഞാണ് ഓടുന്നത്.ഞാന്‍ നോക്കിയപ്പോള്‍ എന്നെ രക്ഷിക്കാന്‍ പരിസരത്ത് ഒന്നും ആരെയും കാണുന്നുമില്ല.പിന്നെ കണ്ണും അടച്ച് ഒറ്റരോട്ടം.വീടിന്‍റെ കളത്തില്‍ എത്തിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്.അപ്പോള്‍ സ്വാമി നടന്നു വരുന്നുണ്ട്.അവടെ മാറി നിന്നുകൊണ്ട് സ്വാമി എങ്ങോട്ടാ വരുന്നതെന്ന് നോക്കി.അദ്ദേഹം ആ വഴിയിലൂടെ കാട്ടിലോട്ടു നടന്നു നീങ്ങി.സമധാനത്തോടെ വീട്ടില്‍ കേറി.നോക്കിയപ്പോള്‍ കയ്യിലുണ്ടായിരുന്ന കളര്‍ പെന്‍സിലുകള്‍ 2 എണ്ണം ഒഴികെ നഷ്ട്പ്പെട്ടിരിക്കുന്നു.പുതിയത് ആയത്കൊണ്ട് ബസിലുള്ള കുട്ടികള്‍ കാണാന്‍ വേണ്ടി ബാഗില്‍ ഇടാതെ കൈയ്യില്‍ പിടിച്ചതായിരുന്നു..എല്ലാം കൂടിയായപ്പോള്‍ ആകെ സങ്കടായി.

 പിറ്റേ ദിവസവും ബസില്‍ സ്വാമിയുണ്ട്,ഇന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിച്ചുകൊണ്ടാണ് ബസില്‍ ഇരിക്കുന്നത്.ഓട്ടം മാത്രേ ഒരു പോംവഴിയായി കിട്ടിയൊള്ളൂ. അങ്ങനെ ദിവസങ്ങളോളം കണ്ണടച്ചോടി രക്ഷപെട്ടു.മനസിന്‌ ഒരു സന്തോഷവും ഇല്ലാതായി.കൂട്ടുകാരോടൊപ്പം കഞ്ഞീം കറീം വെച്ചു കളിക്കാനും പറ്റുന്നില്ല.കാര്യം വീട്ടില്‍ പറഞ്ഞുമില്ല.സ്കൂളില്‍ പോകാതിരിക്കാന്‍  ഓരോരോ കാരണങ്ങള്‍ കണ്ടുപിടിച്ചെങ്കിലും അതും ചീറ്റിപ്പോയി.
   രണ്ട് മൂന്ന് ദിവസം കഴിഞ്ഞു, അന്നും ഞാന്‍ ഓടി വീടിലെത്തി.പുറകെ നോക്കിയപ്പോള്‍ സ്വാമി എന്‍റെ വീട്ടിലോട്ടു വരുന്നു.ഞാനുറപ്പിച്ചു, എന്നെ പിടിക്കാന്‍ തന്നെയാണ് വരുന്നത്.ഞാന്‍ അമ്മേന്നു ഉറക്കെ വിളിച്ചു,അമ്മ ഒച്ച കേട്ട് ഓടിവന്നു, കൂടെ മമ്മിയും. ഞാന്‍ അമ്മയുടെ ചട്ടയില്‍ പിടിച്ച്കൊണ്ട് പറ്റിനിന്നു.അദ്ദേഹം അമ്മയുടെ അടുത്തേക്ക് തന്നെയാണ് വരുന്നത്.ഞാന്‍ കണ്ണടച്ച് നിന്നു. "2 മൂപ്പന്മാരെ മതിയാവോ"?? ചോദ്യം കേട്ട് ഞാന്‍ പെട്ടെന്ന്‌ കണ്ണുതുറന്നു.അമ്മയാണ് മറുപടി പറഞ്ഞത്.2 പേരെങ്കില്‍ 2 പേര്‍,കിട്ടിയതായി. പിന്നീട് സ്വാമി അമ്മയോട് കുശലം പറഞ്ഞു തുടങ്ങീ.കൂട്ടത്തില്‍ എന്നേം കണ്ടു.അമ്മയോട ചോദിച്ചു,'ഇതാരാ ചേട്ടത്തി'? അമ്മ പറഞ്ഞു,പൌലോസിന്റെ മൂത്തകുട്ടിയാ..അദ്ദേഹം എന്‍റെ തലയില്‍ കൈവെച്ച് എന്തൊക്കെയോ പറഞ്ഞു.എനിക്ക് റ്റാറ്റ തന്നു തിരിച്ചുപോയി.

ഇത്രയും നാള്‍ പേടിച്ചല്ലോ എന്നോര്‍ത്ത് ചിരി വന്നു. എന്‍റെ മനസ്സില്‍ ജെംസ് മിട്ടായി കിട്ടിയ സന്തോഷം ഉണ്ടായി.(അന്നത്തെ പ്രിയപ്പെട്ട മിടായി).

പിന്നീട് അമ്മ പറഞ്ഞു അദ്ദേഹം ഒരു മൂപ്പനാണ്.സ്വാമിയല്ല, താമസിക്കുന്നത് കാട്ടിനുള്ളില്‍ ഉള്ള മാറോട് എന്ന ഗ്രാമത്തിലാണ് എന്ന്. പിന്നീട് വലുതായപ്പോള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ചിരിവരും. സ്വാമിമാരുടെ വസ്ത്രമാണ് ധരിക്കുന്നത് എങ്കിലും സ്വാമിയൊന്നുമല്ല. എങ്കിലും ചില ക്രിയകള്‍ ഒക്കെ നടത്തുന്നുണ്ട്. വെറ്റിലയില്‍ മഷി ഇട്ട് നോക്കി കാണാതെപോയവയൊക്കെ കണ്ടുപിടിച്ചു കൊടുക്കും എന്നാണു പറഞ്ഞു കേട്ടത്.കുറെ ആളുകള്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നതും കാണാം, വേറെ  ചെറിയ പച്ചമരുന്നു ചികിത്സയും ഉണ്ട്.

എന്തായാലും കുട്ടിക്കാലത്തെ ഈ സംഭവം വളരെ വ്യക്തമായി ഇന്നും മനസ്സില്‍ കിടപ്പുണ്ട്.അന്നാപ്പേടി അതുപോലെ  എന്‍റെ മനസിനെ സ്വാധീനിച്ചു എന്നു ചുരുക്കം.....
                                                                                  ശുഭം

Thursday, 3 October 2013

നമ്പൂതിരിമാരും ചില ഇല്ലങ്ങളും.....

കേരളത്തിലെ ബ്രാഹ്മണര്‍ ആണ് നമ്പൂതിരിമാര്‍ എന്നറിയപ്പെടുന്നത്.ചരിത്രപരമായ തെളിവുകളും, അവരുടെ  ആചാരാനുഷ്ട്ടനങ്ങളും സൂചിപ്പിക്കുന്നത് നമ്പൂതിരിമാര്‍ വടക്കേ ഇന്ത്യയില്‍ നിന്ന് കേരളത്തില്‍ എത്തി  കുടിയേറി താമസിച്ചവരാണെന്നാണ്. പരശുരാമന്‍ അവര്‍ക്ക് ഗോകര്‍ണത്തിനും കന്യാകുമാരിക്കും ഇടയില്‍ ഭൂമി സൃഷ്ട്ടിച്ചു നല്‍കിഎന്നും അവര്‍ അവടെ 64 ഗ്രാമങ്ങളിലായി ജീവിതം പുനരാരംഭിച്ചു എന്നും കണക്കാക്കപ്പെടുന്നു.

               കേരളത്തിലെ ഉന്നതകുലജാതരായിരുന്നു നമ്പൂതിരിമാര്‍. പ്രഗല്‍ഭരായ അവര്‍ കൈവെച്ച എല്ലാ മേഖലകളിലും ശോഭിച്ചു. ഗണിതശാസ്ത്രം, വാസ്തു ശാസ്ത്രം ,വാന ശാസ്ത്രം ,സാഹിത്യം എന്നിവയുടെ മാര്‍ഗദര്‍ശികളായും അവര്‍ കണക്കാക്കപ്പെടുന്നു.

            ബ്രാമണരുടെ വസതി- ബ്രാമണാലയം, മന, ഇല്ലം എന്നീ നാമധേയത്തില്‍ അറിയപ്പെടുന്നു. വാസ്തുവിദ്യപ്രകാരം നിര്‍മിച്ചവ ആയിരുന്നു അത്തരം ഇല്ലങ്ങള്‍. നാലുകെട്ട് തുടങ്ങി എട്ടുകെട്ട്,പന്ത്രണ്ട്കെട്ട്, പതിനാറു കെട്ട് വരെയുള്ള ഇല്ലങ്ങള്‍ ഉണ്ടായിരുന്നു. മരത്തില്‍ കൊത്തുപണികള്‍ ചെയ്തും, ചിത്രങ്ങള്‍ ആവരണം ചെയ്തും,പണിതീര്‍ത്ത മാളികകള്‍ ആണവ. ചിത്രപ്പണികളോട് കൂടിയ പൂമുഖവും, പടിപ്പുരയും, നടുമുറ്റവും, പത്തായപ്പുരയും, കുളവും അടങ്ങുന്ന പ്രകൃതിഭംഗിയില്‍ കുളിച്ചുനില്‍ക്കുന്ന മാളികകള്‍....

 മുറികള്‍
  1. നാടശാല/ പൂമുഖം -- തീണ്ടല്‍ ഇല്ലാത്ത എല്ലാ ജാതിക്കാരെയും സ്വീകരിക്കുന്ന സ്ഥലം 
  2. പടിഞ്ഞാട്ടിത്തറ -- വിശിഷ്ടാതിഥികളെ സ്വീകരിക്കുന്ന മുറി
  3. ദീനമുറി -- രോഗികളായവര്‍ക്കുള്ള മുറി 
  4. വടുക്കിനി --ഉപാസനയും,  ശ്രാദ്ധവും മറ്റും ചെയ്യുന്ന മുറി
  5. മേലടുക്കള --ദൈനംദിന ഊണുമുറി
  6. കലവറ --നാളികേരവും, അരിയും
  7. പാത്രകലവറ --പാത്രങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന മുറി
  8. വടക്കേ അകം --പ്രസവ മുറി
  9. വടക്കേ കേട്ട് --നമ്പൂതിരിമാരുടെ ഉച്ചയൂണിനുള്ള മുറി
  10. പുത്തനറ -- അച്ചാറുകളും, അന്തര്‍ജനങ്ങളുടെ സാധനങ്ങളും സൂക്ഷിച്ചുവെക്കുന്ന മുറി
  11. ചെറിയ അടുക്കള / തുണ്ടനടുക്കള --അന്തര്‍ജനങ്ങളുടെ  ഊണുമുറി
  12. ശ്രീലകം --പ്രാര്‍ത്ഥനാമുറി 
  13. മോറകം ---വെണ്ണ സൂക്ഷിപ്പ് മുറി
  14. കിഴക്കേ കെട്ട് (തെക്കേത്ത്) --വിശിഷ്യാവസരങ്ങളില്‍ നമ്പൂതിരിമാരുടെ ഊണുമുറി
  15. കിഴക്കേ കെട്ട് (വടക്കേത്ത്) --- വിശിഷ്യാവസരങ്ങളില്‍ അന്തര്‍ജനങ്ങളുടെ  ഊണുമുറി
  16. നടുമുറ്റം
        വരിക്കാശ്ശേരി മന
വരിക്കാശേരി മന
 കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മനയാണിത്. പാലക്കാട്ടെ ഒറ്റപ്പാലത്ത് സ്ഥിതിചെയ്യുന്നു.ഇപ്പോള്‍ ഉള്ള മനയ്ക്ക് നൂറു വര്‍ഷം പഴക്കമാണുള്ളത്.നാലുകെട്ട് ഉള്ള മന  വാസ്തുവിദ്യയില്‍ കേമനായ വേളനെഴി നമ്പൂതിരി പണിതീര്‍ത്തതാന്.യഥാര്‍ത്ഥ ഇല്ലം, പറയിപെറ്റ പന്തിരു കുലത്തിലെ പെരുന്തച്ചന്‍ ആണ് പണിതത്‌. പൂമുഖം 60 വര്‍ഷത്തെ പഴക്കമുള്ളതാണ്.നാലുകെട്ടും,പത്തായപ്പുരയും ഇപോഴും ഉണ്ട്. 4.5 ഏക്കറില്‍ ആയിരുന്നു മന ഇരുന്നിരുന്നത്. ഊട്ടുപുര, കച്ചേരിപ്പുര, കുളപ്പുര എന്നിവയും, 2 കുളങ്ങളും, 6 കിണറുകളും ഉണ്ടായിരുന്നു. കൂടാതെ ശ്രീ പയൂര്‍ ഭട്ടതിരിപ്പാട് പണിതീര്‍ത്ത മൂന്നു ക്ഷേത്രങ്ങളും ഉണ്ട്. ശിവനും, വിഷ്ണുവും, അയ്യപ്പനും ആണ് പ്രതിഷ്ഠ. ഈ ക്ഷേത്രങ്ങള്‍ പിന്നീട് 1942 -ല്‍ ശ്രീ മാന്നാനംപ്പാട്ട് നമ്പൂതിരി പുനര്‍നിര്‍മിച്ചു.
            മലയാള സിനിമയുടെ എക്കാലത്തെയും ആകര്‍ഷണമായിരുന്ന വരിക്കാശേരി മന, 75 സിനിമകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചില ബോളിവുഡ് സിനിമകളും വരാനിക്കുന്നു.
ഔട്ട്‌ ഹൗസ്
കവാടം
  


ഒളപ്പമണ്ണമന 
     പാലക്കാട്ടെ, ചേര്‍പ്പുളശ്ശേരിക്കടുത്തുള്ള വെള്ളിനേഴിയില്‍ ആണ് മന സ്ഥിതിചെയ്യുന്നത്. 500 വര്‍ഷം പഴക്കമുണ്ട് ഇല്ലത്തിനു. ആദ്യം ഇല്ലം നാലുകെട്ട് ആയിരുന്നു  എങ്കിലും  കാലക്രമേണ എട്ടുകെട്ട് ആക്കിമാറ്റി. 4 പത്തായപ്പുരകളും ഉണ്ടായിരുന്നു. മനയുമായുള്ള സമൂതിരിപ്പാടിന്‍റെ ശത്രുതയാല്‍  പടിപ്പുര തകര്‍ക്കപെട്ടു. പിന്നീട് പുനര്‍നിര്‍മ്മിക്കുകയുണ്ടായില്ല.
       എട്ടുകെട്ടിനുള്ളിലാണ് ശ്രീലകം. ഭദ്രകാളിയോടാണ് പ്രാര്‍ത്ഥന ഇവടെ "കളംഎഴുത്ത്പാട്ട്" അന്നും ഇന്നും നടത്തിവരുന്നു. 200 വര്‍ഷങ്ങള്‍ക്കു മുമ്പ് മനയ്ക്ക് ഒരു കഥകളി ട്രൂപ് ഉണ്ടായിരുന്നു. ശ്രീ ഇട്ടിരാരിച്ച മേനോന്‍ ആയിരുന്നു ഗുരു. 1938-ല്‍ ട്രൂപ്പിന്  വിരാമമിട്ടു. ഇന്ന് മനയുടെ ഒരു ഭാഗം വിനോദ സഞ്ചാരികളുടെ 'ഹോം സ്റ്റേ' ആണ്.
കളം എഴുത്ത് പാട്ട്
ഒളപ്പമണ്ണമന
    
ഹോം സ്റ്റേ


പൂമുള്ളി മന 
ഏറ്റവും വലിയതും, സമ്പത്തും,പത്രാസും ഉണ്ടായിരുന്ന മനയായിരുന്നു പൂമുള്ളി മന. പാലക്കാട്ടെ പെരിങ്ങോട് ആണ് മന സ്ഥിതി ചെയ്യുന്നത്. 5.5ഏക്കറില്‍ 16 കെട്ട് ഉള്ള മന. കാലഹരണപെട്ടു പോയ മനയുടെ ചെറിയ ഭാഗം മാത്രേ പുനര്‍നിര്‍മിക്കപെട്ടുള്ള.പൂമുഖവും,പത്തായപ്പുരയും നന്നാക്കിയെടുത്തു.തറവാട്1856-ല്‍ വേളാനെഴി നമ്പൂതിരി പുനര്‍നിര്‍മ്മിച്ചു.



വേമഞ്ചേരി മന
കേരളത്തിലെ   ഏറ്റവും പഴക്കമുള്ള    ഇല്ലമാണിത്. പറയിപെറ്റ പന്തിരുകുലത്തിലെ അഗ്നിഹോത്രിയുടെ ഇല്ലം എന്നാണ് വിശ്വസിക്കപ്പെടുന്നത്. 2008-ല്‍ ഡോക്ടര്‍ സനല്‍ ജോര്‍ജ് ഇല്ലത്തിലെ മരഭാഗങ്ങള്‍ കാര്‍ബണ്‍ ഡെറ്റിംഗ്-നു വിധേയമാക്കിയാണ്     കാലപ്പഴക്കം നിര്‍ണയിച്ചത്. 1400 വര്‍ഷം പഴക്കമുണ്ടന്നാണ് കണ്ടെത്തിയത്.  വരരുചിയുടെ ചാത്തമൂട്ടാന്‍ ഭീഷ്മാഷ്ട്ടമി നാളില്‍ പന്തിരുകുല സഹോദരന്മാര്‍ ഒത്തുകൂടിയിരുന്നത് ഈ മനയില്‍ ആയിരുന്നു. വാസ്തു വിദ്യയും ,തച്ചു ശാസ്ത്രവും സമന്യയിക്കുന്ന നാലുകെട്ട് ആണിത്. മരപ്പണികള്‍ ഉളിച്ചെത്താണ്. പടിഞ്ഞാട്ടിയില്‍ ഭഗവതിയും, നടുമുറ്റത്ത് ദുര്‍ഗ, ഭദ്രകാളി,കൃഷ്ണകാളി എന്നിവരുടെ  സങ്കല്‍പ്പ പ്രതിഷ്ഠകളുമാണ് ഉള്ളത്. 
       

കൂടല്ലൂര്‍ മന                     
കൂടല്ലൂര്‍ മന
പാലക്കാടാണ് കൂടല്ലൂര്‍ മന ഉള്ളത്. അഗ്നിഹോത്രിയുടെ പിന്മുറക്കാര്‍ എന്ന് പറയപ്പെടുന്നു. മനയുടെ പ്രത്യേകത പതാഞ്ജലി മഹര്‍ഷിയുടെ പ്രതിഷ്ഠ ഉണ്ടെന്നുള്ളതാണ്. അദ്ദേഹമാണ് വ്യാകരണവും, യോഗസൂക്തവും ചിട്ടപ്പെടുത്തിയത്. മനയുടെ പടിഞ്ഞാട്ടിയില്‍, അറയില്‍ ഭഗവതിയുടെയും, പതാഞ്ജലി മഹര്‍ഷിയുടെയും പ്രതിഷ്ഠകള്‍ ഉണ്ട്. കുറേക്കാലം ആണ്‍കുട്ടികള്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു കാരണവര്‍ 36 വര്‍ഷം പരദേവതയെ പ്രാര്‍ത്ഥിച്ചുവെന്നും, പിന്നീട് ഭഗവതി ഇവടെ കുടിയിരുന്നു എന്നും പറയപ്പെടുന്നു. മനയ്ക്ക് പണ്ട് 2 കഥകളി ട്രൂപ്പുണ്ടായിരുന്നു. കൂടാതെ അന്ന് മന ഒരു വേദ പഠന സര്‍വകാലാശാലയായി നിലകൊണ്ടിരുന്നു. 100 വര്‍ഷക്കാലം ഇന്ത്യയുടെ നാനാ ഭാഗത്തു നിന്നും വേദപഠനത്തിനായി അനേകം വിദ്യാര്‍ഥികള്‍ വന്നിരുന്നു .ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതി വരെ പന്ത്രണ്ട് കെട്ടും,പത്തായപ്പുരകളും,മാളികകളും നിലനിന്നിരുന്നു.ഇന്ന് പടിപ്പുരയും,2 കുളങ്ങളും,ഒരു മാളികയും മാത്രമേ ഉള്ളു. 

 (എല്ലാവിവരങ്ങള്‍ക്കും കടപ്പാട് ഗൂഗില്‍) 







































































































































































































































































































































































































































































































































































































Wednesday, 2 October 2013

ഇന്നത്തെ പ്രത്യേകത

oct 2 ഗാന്ധി ജയന്തി,എന്നെ സംബന്ധിച്ച് ഇന്നത്തെ ദിവസത്തിന് ഒരു സവിശേഷത കൂടിയുണ്ട്.എന്‍റെ മമ്മിയുടെ ജന്മദിനം ആണിന്ന്.ഞാന്‍ ദൂരേ ഈ അബുദാബിയില്‍ ഇവടെ,,,ഞാനിന്നു എണീറ്റത് തന്നെ 12 മണിക്കാണ്.മമ്മിയെ വിഷ് ചെയ്തത് ഇവുടുത്തെ 2 മണിക്ക്,അതായത് എന്‍റെ നാട്ടില്‍ 3.5 മണി..ഞാന്‍ മമ്മിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് പപ്പ, എന്നോട് പപ്പ ചോദിച്ച ആദ്യ ചോദ്യം നിന്‍റെ രാവിലത്തെ കാപ്പികുടി കഴിഞ്ഞോ എന്നാണ്..ഞാനെന്നും രാവിലെ 7 മണിക്കാണ് എഴുന്നെല്‍ക്കുന്നതെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്...എന്തായാലും ആരോ സത്യാവസ്ഥ വീട്ടില്‍ അറിയിച്ചിട്ടുണ്ട് എന്ന്,ഇതില്‍ നിന്നും മനസിലാക്കാം...
            മമ്മിയെ വിഷ് ചെയ്തപ്പോള്‍ മമ്മി ചോദിക്കുവാ,ഇപ്പോഴാണോ വിളിക്കുന്നതെന്ന്.കാരണം വേറെയാണ്.നന്നായി അമ്മായിഅമ്മയെ സോപ്പിടാന്‍ അറിയുന്ന മരുമകന്‍ എനിക്ക് മുന്നേ വിളിച്ചു,അപ്പോള്‍ ഞാനാരായി...
    പപ്പയെയാണോ,മമ്മിയെയാണോ കൂടുതല്‍ ഇഷ്ട്ടം എന്ന് ചോദിച്ചാല്‍ എനിക്ക്‌ ഉത്തരമില്ല.രണ്ടുപേരും ഒരേ പോലെ.എന്നാല്‍ ഈ 26 വര്‍ഷത്തിനിടക്ക് ഏറ്റവും കൂടുതല്‍ വഴക്കിട്ടത് ആരോടാന്നു ചോദിച്ചാല്‍, ചെറിയ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കിലും വ്യക്തമായ ഉത്തരം എനിക്കുണ്ട്.അത് മമ്മി തന്നെ....ഗീതു രണ്ടാമതെ വരൂ....
             ഞാനും മമ്മിയുമായുള്ള വഴക്ക്...ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരും,,അത്രയ്ക്ക് വഴക്കാണ്...വഴക്കിനു കാരണം വളരെ ലളിതം...ഒന്ന് ഉറക്കപ്രാന്തിയായ ഞാന്‍ വീട്ടില്‍ എഴുന്നേല്‍ക്കുന്നത് 12 മണിക്ക്, രണ്ട് കുഴിമടിച്ചിയെന്നും, അനങ്ങാപ്പാറ യെന്നും മമ്മി ഓമന പേരിട്ടുവിളിക്കുന്ന ഞാന്‍ അടുക്കളയില്‍ കേറില്ലായിരുന്നു എന്നതും ആണ്. വഴക്കിന്‍റെ അടിസ്ഥാനം.
       ഈ വഴക്കില്‍ നഷ്ട്ടം അനുഭവിക്കുന്നത് എനിക്ക് മാത്രാണ്,ഭക്ഷണം....എന്‍റെമമ്മിയുമായി വഴക്കിട്ടു മമ്മി ഉണ്ടാക്കുന്ന ഭക്ഷണം ഞാന്‍ കഴിക്കാനോ,,അയ്യേ നാണക്കേട് പിന്നെ വേറെ എന്തുണ്ട്....
    
   ഇതില്‍ ഏറ്റവും രസം, കല്യാണം കഴിഞ്ഞിട്ടും വഴക്കുണ്ടാക്കി എന്നതാണ്,,എനിക്കും മമ്മിക്കും കാണാതെ ഒട്ടു ഇരിക്കാനും വയ്യ,കണ്ടാലോ 5 ദിവസം മമ്മി എന്നെ സഹിക്കും, അത് കഴിഞ്ഞാല്‍ വീണ്ടും തുടങ്ങും....ഇതൊക്കെ ഇന്ന് ഓര്‍മ്മകള്‍ മാത്രം..

       ഇന്ന് മമ്മിക്കു 48 വയസ്സായി. എന്‍റെ പപ്പക്കും മമ്മിക്കും വയസ് കൂടുമ്പോള്‍ എന്‍റെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് ആരെങ്കിലും അറിയുന്നുണ്ടോ.... ഇപ്പോള്‍ ഇവടെ ഞാന്‍ ഏറ്റവും കാണാന്‍ കൊതിക്കുന്ന മുഖങ്ങള്‍ മമ്മീടെം,പപ്പെടെം ആണ്.... i miss u papa,mummy,,,,,,,