Friday, 20 September 2013

ഞാൻ കേട്ടിട്ടുളള കടമറ്റത്ത് കത്തനാർ

ശരിക്കും ഈ യക്ഷികളും,പിശാചുകളും പണ്ടുണ്ടായിരുന്നോ? എനിക്കറിയില്ല.എന്നാലും എന്റെ കുട്ടിക്കാലത്ത് പല യക്ഷി കഥകളും ഞാൻ കേട്ടിട്ടുണ്ട്.കുട്ടിക്കാലത്ത് സ്കൂൾ അടച്ചാൽ ഞാൻ 2 മാസവും മമ്മിയുടെ വീട്ടിലാകും ഉണ്ടാകുക.കിടപ്പ് അമ്മച്ചിയുടെ കൂടെയാണ്.ഈ യക്ഷി കഥകളും,കടമറ്റത്ത് കത്തനാരും,'കണ്ണ്കെട്ടി'കൊണ്ടുപോകലും എല്ലാം പറഞ്ഞു തന്നത് അമ്മച്ചിയാണ്.പണ്ട്കാലത്ത് മൊത്തം കാടയിരുന്നല്ലോ.റോഡും,വാഹനങ്ങളും ഒന്നും ഉണ്ടായിരുന്നില്ല.കാൽനട ആയിരുന്നു പതിവ്.ഒരു സ്ഥലത്ത് പോകണമെങ്കിൽ ദിവസങ്ങളോളം കാട്ടീക്കൂടെ നടക്കേണ്ടിവന്നു.രാത്രിയിൽ ചൂട്ടും കത്തിച്ചോണ്ടാണ് യാത്ര.വന്യ മൃഗങ്ങളുടെ ശല്യവും,യക്ഷികളുടെ ഉപദ്രവവും സഹിക്കേണ്ടി വന്നു.ചിലപ്പോൾ കണ്ണു കെട്ടിക്കോണ്ട് പോകും.ഈ കണ്ണുകെട്ടലിന്റെ കഥ നേരിട്ട് എനിക്കറിയാവുന്നതുമാണ്,എന്റെ വീട്ടിൽ പണ്ട് കന്നുകാലികളെ കാട്ടിലാണ് മേയിക്കാൻ വിട്ടിരുന്നത് ഒരു ദിവസം അതിനെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി എൻറെ വെല്ലിച്ചാച്ചൻ (പപ്പയുടെ അനിയൻ ) ആണ് പോയത്,കുറച്ച് മണിക്കൂറുകൾ വൈകിയാണ് വന്നത്.അന്നെല്ലാരും പറഞ്ഞത് കണ്ണുകെട്ടികൊണ്ടുപോയതണെന്നാണ്.എൻറെ അമ്മച്ചി യക്ഷിയെ കണ്ടിട്ടുണ്ട്,അമ്മച്ചിയുടെ അപ്പച്ചൻ രാത്രി നടന്നപ്പോൾ ആരോ മുറു ക്കനുണ്ടോ എന്നു ചോദിച്ച കാര്യവും അമ്മച്ചി പറഞ്ഞിട്ടുണ്ട്.ഈ കാര്യം ഞാനന്ന് കൂട്ടുകാരിയോട് പറഞ്ഞു.അവൾ പറഞ്ഞു അവൾടെ അപ്പച്ചനും യക്ഷിയെ കണ്ടിട്ടുണ്ടെന്നു.
         അമ്മച്ചി ഒരു വെല്ല്യ കഥയായി പറഞ്ഞുതന്നത് കടമറ്റത്ത്  കത്തനാരെ ക്കുറിച്ചാണ്.കത്തനാരുടെ അപ്പച്ചനും,അമ്മച്ചിയും ചെറുപ്പത്തിലേ മരിച്ചു.കത്തനാർ ജനിച്ചത് ഒരു പാവപെട്ട കുടുംബത്തിലായിരുന്നു,അദ്ദേഹത്തിന്റെ പേര് പൗലോസ്‌ എന്നായിരുന്നു. കൊച്ചു പൗലോസ്‌ എന്നാണ് വിളിപ്പേര്.അദ്ദേഹത്തിന് കൂടപിറപ്പുകളാരും  ഉണ്ടായിരുന്നില്ല.മാതാപിതാക്കളുടെ മരണ ശേഷം അനാഥയി തീർന്ന അദ്ദേഹത്തെ കടമറ്റത്തെ പള്ളിയിലെ വെല്ല്യച്ചനായിരുന്നു നോക്കിയിരുന്നത്.അദ്ദേഹത്തിന് കത്തനാർ മകനെപോലെ തന്നെയായിരുന്നു.മിടുക്കനായ കത്തനാരെ അദ്ദേഹം പഠിപ്പിച്ചു,അതിൽ പൗരൊഹിത്യ ഭാഷയായ സുറിയാനിയും പെടും.ഏതാനും കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹം മിടുക്കനായി തീർന്നു.അദ്ദേഹത്തെ കൊച്ചച്ചനാക്കി മാറ്റി പൗലോസ്‌ പിന്നെ പൗലോസ്‌ എല്യാസ് കടമറ്റത്ത് കത്തനാർ ആയി മാറി.
വെല്ല്യ കത്തനാരുടെ വീട്ടിൽ,ഒരു മകനെപോലെ തന്നെ കുടുംബം പോറ്റിപോന്നു.വീട്ടിൽ ധാരാളം കന്നുകാലികൾ ഉണ്ടായിരുന്നു.അവയെ മേയിക്കാൻ കാട്ടിലാണ് പോകുന്നത്,പതിവ് പോലെ ഒരു ദിവസം കന്നുകാലികൾ തിരിച്ചുവന്നില്ല.പരിഭ്രാന്തരായ അവർ ഒരു സംഘമായി കാട്ടിലോട്ട് പുറപ്പെട്ടു.കുറേ അന്വേഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല.അവർ ഓരോരുത്തരും വെവ്വേറെ സ്ഥലങ്ങളിലാണ്‌ അന്വേഷിച്ചത്.ഒടുവിൽ എല്ലാരും വീട്ടിൽ തിരിച്ചെത്തി.കുറേ കഴിഞ്ഞിട്ടും കത്തനാരെ മാത്രം കണ്ടില്ല.ഇപ്പോൾ വരുമെന്നൊർത്ത് അവർ കാത്തിരുന്നു.എന്നാൽ ദിവസങ്ങളോളം കഴിഞ്ഞിട്ടും കാണാത്തതിനാൽ ഏതെങ്കിലും വന്യ മൃഗം ഭക്ഷിച്ചുകാണുമെന്നു കരുതി എല്ലാരും അത്യന്തം വിഷമിച്ചു.
                ഇതേസമയം കാട്ടിലൊറ്റക്കാകപെട്ട കത്തനാരെ കുറച്ചു പിശാശുകൾ കാണുകയും പാതാളത്തിലോട്ട് കൊണ്ടുപോവുകയും ചെയ്തു.അവടെ അദ്ദേഹം പുറത്ത് വരാൻ പറ്റാത്ത വിധത്തിൽ ആയി.വീട്ടുകാരെ കാണാതെ അദ്ദേഹം  വിഷമിച്ചു.കത്തനാർ അവടെ എങ്ങനെ എത്തിപെട്ടു എന്ന് അവരോട് പറഞ്ഞു.അദ്ദേഹം ഒരു സാധുവാണെന്നവർക്ക് ബോധ്യപ്പെട്ടു.കത്തനാരെ അവരുടെ  കൂടെ കൂട്ടാമെന്നും,പുറത്തേക്ക് ഇനി ഒരിക്കലും പോയ്കൂടാ എന്ന വ്യവസ്ഥയിലും അവർ ഉപദ്രവിച്ചില്ല.കൂടാതെ മന്ത്രവും,മായയുമെല്ലം വശത്താക്കിയ അവർക്ക് കത്തനാരെ ഇഷ്ട്ടപ്പെടുകയും അവയെല്ലാം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.അതിസമർത്ഥനായ കത്തനാർ  ഈ മാന്ത്രിക വിദ്യ ഉപയോഗിച്ചു തന്നെ എങ്ങനെയെങ്കിലും എല്ലാരുടേം കണ്ണുവെട്ടിച്ച്‌ പുറത്ത് എത്തണമെന്നാശിച്ചു,അതിനായി തക്കം പാർത്തിരുന്നു.ഒരു ദിവസം മയാവിദ്യയാൽ കാവൽക്കാരുടെ മയക്കി കെടുത്തി അദ്ദേഹം പാതാളത്തീന്നു  ഭൂമിയിലെത്തി.ഭൂമിയിയുടെയും,പതാളതിന്റെയും ഇട ഒരു കിണർ വഴിയായിരുന്നു.അതിന്നു പാതാള കിണർ എന്നറിയപ്പെടുന്നു.
ഇതേസമയം അദ്ദേഹം അവിടുന്ന് ഓടിപ്പോയി എന്ന് മനസിലാക്കിയ പിശാചുകൾ അദ്ദേഹത്തിന്റെ പുറകെ വരുന്നുണ്ടായിരുന്നു.അച്ചൻ കടമറ്റത്ത് പളളിയിൽ എത്തിയപ്പോഴേക്കും അവരും അവടെത്തി.എന്നാൽ പെട്ടെന്ന് അച്ചൻ പള്ളീലോട്ടു കേറി അവരിൽ  നിന്നും രക്ഷപ്പെട്ടു.എന്നാൽ അവർ അച്ചനേം കൊണ്ടേ തിരിച്ചുപോകൂ എന്നായി.അവരെ മാന്ത്രിക വിദ്യയാൽ ആക്രമിച്ചു  കീഴ്പെടുത്തി പാതാളത്തിലോട്ട് തിരിച്ചയച്ചു.അവരെ ചങ്ങല കൊണ്ട് അടിച്ചതിന്റെ പാട് ഇപ്പോഴും പള്ളിയിൽ ഉണ്ട്.
 ഇങ്ങനെ എല്ലാം മായകൾ കാണിച്ച അച്ചനു എന്തോ ഒരു മാന്ത്രിക ശക്തി ഉണ്ടെന്നു വെല്ല്യ കത്തനാരും,ആളുകളും മനസിലാക്കി.പിന്നീട് പല യക്ഷികളേം തറക്കുകയും,ഭൂത ബാധ ഉള്ളവരെയൊക്കെ രക്ഷിക്കുകയും ചെയ്തു.കത്തനാരുടെ അത്ഭുത സിദ്ധി നാടാകെയും,ദൂരദേശത്തും വ്യാപിച്ചു.പലരും അദ്ദേഹത്തെ സമീപിച്ചു.സിദ്ധി പഠിക്കാനായും പലരും വന്നു.ഒരിക്കൽ ബാവ(ബിഷപ്പ്)യുടെ സന്ദർശന സമയത്ത് അദ്ദേഹത്തിന്റെ മാന്ത്രിക വിദ്യ അറിഞ്ഞ ബാവ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയും,ഇതൊക്കെ ചാത്തസേവയാണെന്നും ഇതൊരു നസ്രാണിക്ക്,പ്രത്യേകിച്ച് ഒരു അച്ചനു ചേർന്നതല്ലെന്നും പറഞ്ഞു.താളിയോലകൾ കത്തിക്കാനും ആവശ്യപെട്ടു.എന്നാൽ അദ്ദേഹം കുറച്ചു താളിയോലകൾ ചെരുപ്പിനകത്തു വെച്ച് ബാക്കിയെല്ലാം ബാവയുടെ മുന്നിലിട്ട് കത്തിച്ചു കളഞ്ഞു എന്നാണ് കഥ.
        ഇന്നു സഭാവഴക്കുകളുടെ പേരിൽ പള്ളി പൂട്ടിക്കിടക്കുകയാണ്.എങ്കിലും ആളുകൾ മുൻവാതിലിൽ മെഴുകുതിരി കത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.
പാതാള കിണറിൽ ഹിന്ദുക്കൾ വന്നു നേർച്ചയായി പൈസ ഇടുകയും,കോഴിയുടെ കഴുത്ത് അറുത്തിടുകയും,ചാരായ കുപ്പികൾ ഇടുകയും ഒക്കെ ഇന്നും പതിവാണ്.
ഇന്നും ചാത്തൻ സേവപോലെ,കടമറ്റത്ത് സേവ നടത്തുന്നവരും കേരളത്തിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
(ഫോട്ടോകൾ -ഗൂഗിൾ )

Thursday, 19 September 2013

ഓർമയിലൊരു തടാകം

     കൃഷിക്കാരായതിനാൽ പണ്ടൊക്കെ വീട്ടിൽ എന്നും പണിയും പണിക്കാരുമായിരുന്നു.ഓണം ക്രിസ്മസ് വേളകളിലാണ്‌ ഒരു വിനോദ യാത്രക്ക് പോകുന്നത്.വയനാട്ടിൽ തന്നെയാ പോകുന്നതെങ്കിൽ ഉടനെ ഞാൻ പറയും നമുക്ക് പൂക്കോട് തടാകം കാണാൻ പോകാന്ന്.കുട്ടിക്കാലത്ത് പൂക്കോട് എന്റെ മനസിലെ മഹാസംഭവമായിരുന്നു.എന്തായാലും അന്നു മുതൽ ഇന്നുവരെ ഏകദേശം ഒരു പത്തുമുപ്പത് തവണയെങ്കിലും അവടെ പോയിട്ടുണ്ട്.വീട്ടുകാരോടൊപ്പം മാത്രമല്ല,കൂട്ടുകാരോ ബന്ധുക്കളോ എന്നു വേണ്ട ദൂരേന്നു അതിഥിയായി ആര് വന്നാലും ആദ്യം കൊണ്ടുപോകുന്ന സ്ഥലം പൂക്കോട് തന്നെയാണ് അതന്നും ഇന്നും അങ്ങനെ തന്നെ.

          എന്റെ പണി,ഓർമകളെ അയവിറക്കലായത്കൊണ്ട് ഇന്നെന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് പൂക്കോട് തന്നെയാണ്,നാട്ടിൽ നിന്നും അബുദാബിയിൽ വരുന്നതിനു ഒരു മാസം മുമ്പും ഞാനൊരു  സന്ദർശനം നടത്തിയത് അങ്ങോട്ട് തന്നെയാണ്.
         എന്റെ വീട്ടീന്ന് പൂക്കോട് എത്താൻ ഏകദേശം ഒരു 40 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുണ്ട്.ആ യാത്രയും ഒരു രസം തന്നെയാണ്.എല്ലാരുമൊന്നിച്ച് കൈകൊട്ടി പാട്ടുപാടി വഴിയിൽ കാണുന്നവർക്കൊക്കെ റ്റാറ്റ കൊടുത്ത്,വഴിവക്കിലെ പെട്ടിക്കടയിൽ നിന്നും ഉപ്പിലിട്ട നെല്ലിക്കയും,മാങ്ങയും പൈനാപ്പിളും വാങ്ങി  കഴിച്ചും ഉള്ളൊരു യാത്ര.ഓ, ആ നെല്ലിക്കയുടെ കാര്യം ഓർത്തപ്പഴേക്കും ദേ വായിൽ വെള്ളം വന്നു .
       അങ്ങനെ അവടെ എത്തി ഇറങ്ങിയാൽ ഒരു കുളിർകാറ്റും,തണുപ്പും   അനുഭവപ്പെട്ടുതുടങ്ങും.സത്യത്തിൽ അവടെ ചെന്നാൽ തിരിച്ചുപോരാൻ തോന്നില്ല.സമുദ്രത്തിൽ നിന്നും ഏകദേശം 2100 അടി ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത് 8 ഹെക്ടർ ചുറ്റളവും 6.5 അടിയോളം താഴ്ച്ചയും ഉണ്ട്,ഇത് തീർത്തും പ്രകൃതി ദത്തമായ ശുദ്ധജലതടാകമാണ്.വലുപ്പത്തിൽ  ഇന്ത്യയിലെ ഏറ്റവും വലിയതും,ഏഷ്യയിലെ രണ്ടാമത്തെയും ശുദ്ധജലതടാകമാണിത്.വൈത്തിരിയിൽ നിന്നും 3 കിലോമീറ്റർ മാറിയാണിത്.
                           ഇവടെ വന്നാൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു കാര്യം തടാകത്തിനു ചുറ്റുമുള്ള നടപ്പാണ്,ഏകദേശം 2 കിലോമീറ്റർ നടക്കാനുണ്ട്.ഇതിന്റെ അടുത്തൊന്നും ഫാക്ടറികളോ മറ്റു വ്യവസായ സ്ഥാപനങ്ങളോ ഒന്നും തന്നെയില്ല,ഇവടെ മലീനികരണം തടയാനാണ് അത്.ഇവിടുത്തെ ജലവും വായുവും മാലിന്യവിമുക്തമാണ്.ഇടക്കിടക്ക് വായും ജലവുംപരിശോധിച്ച് അത് ഉറപ്പുവരുത്തുന്നുമുണ്ട്.അതുകൊണ്ട് തന്നെ ശുദ്ധവായു ശ്വസിച്ച് നടക്കാം.ഒരു പക്ഷെ അതായിരിക്കാം ഇവിടുത്തെ ആകർഷ്ണീയതയും.തടാകത്തിനു ചുറ്റും തിങ്ങിനിറഞ്ഞ്  മരങ്ങളും,മലകളും ഉണ്ട്.ഇതിലൂടെയുള്ള നടപ്പിന്റെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ചാലെ മനസിലാവൂ.ഈ നടപ്പിൽ ചിലപ്പോൾ ചില കൂട്ടുകാരെ നമുക്ക് കിട്ടിയേക്കാം.അതുകൊണ്ട് കുറച്ച് ഉപ്പുവെള്ളം കയ്യിൽ കരുതുന്നത് നല്ലതായിരിക്കും.കൂട്ടുകാർ വേറെ ആരുമല്ല 'അട്ട'കൾ  ആണ്.പ്രത്യേകിച്ച് മഴക്കാലത്ത് അവരുടെ കുടുംബസംഗമം പോലെയാണ്,ഇഷ്ടംപോലെ ഉണ്ടാകും.അവടെ അനുഭവപ്പെടുന്ന കാറ്റ് ഇതെല്ലം മായിച്ച്കളയും.പലതരം കിളികളുടെ പാട്ടും,ഇല്ലി(മുള) ഉരഞ്ഞുണ്ടാകുന്ന ശബ്ദവും നമുക്ക് കേൾക്കാൻ പറ്റും.ഇവടെ നിറച്ചും മരങ്ങളും,ഇല്ലികളും ആണ്,അങ്ങനെ മൊത്തം ഒരു പച്ചപ്പ്‌,ഇയീടെ അവടെ പോയപ്പോൾ ഞങ്ങടെ ബോട്ട് ഓടിച്ചിരുന്ന ജോസ് അങ്കിൾ പറഞ്ഞത്,ഇവിടെ ഏകദേശം അറുപതിൽപരം  പച്ച നിറത്തിന്റെ  വകഭേതങ്ങൾ കാണാമെന്നാണ്,നോക്കിയപ്പോൾ ശരിയാണ് പച്ചയുടെ പല വകഭേതങ്ങൾ ഉണ്ടവിടെ.അത്രയേറെ പച്ചനിറങ്ങൾ വേറെ എവടെയും ഞാൻ കണ്ടിട്ടില്ല,ഓരോ ഇലക്കും വെവ്വേറെ പച്ചനിറമാണ്.നടത്തത്തിനിടയിൽ ആന സവാരിയും കാണാൻ കഴിഞ്ഞു,സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതാണത്,ഇഷ്ടംപോലെ കാട്ടാനകളെ കണ്ടിട്ടുള്ള എനിക്കതൊരു പുത്തരിയല്ലായിരുന്നു.എന്തായാലും അവസാനത്തെ നടപ്പിനിടയിൽ എനിക്കും ഒരു അട്ട കടികിട്ടി അതറിഞ്ഞത് വീട്ടിൽ എത്തിയിട്ടാണെന്നു മാത്രം..
           നടത്തം കഴിഞ്ഞപ്പോൾ ഇനിയൊരു ബോട്ടിങ് ആകാമെന്ന് കരുതി.ഇപ്പോൾ ബോട്ടിൽ മഴ കൊള്ളാതിരിക്കാനുള്ള മേൽക്കൂര അവർ ഇട്ടിടുണ്ട്,ഇതിനുമുമ്പ് പലതവണ മഴ എന്നെ ചതിച്ചതാണ്.ഇനി അങ്ങനെ ഏതായാലും ഉണ്ടാകില്ല.മലിനീകരണം തടയാൻ ഇവിടെ കർശന നിയമം ഉണ്ട്,ഭക്ഷണസാധനങ്ങളോ,പ്ലാസ്റ്റിക്‌ കവറുകളോ എന്തിനു ഒരു കുപ്പിപോലും ഉള്ളിലോട്ടുകടത്തില്ല.പിന്നെ സ്പീഡ് ബോട്ടും ഇവിടെ ഇല്ല,മോട്ടർ തള്ളിവിടുന്ന പുക മലീനികരണം ഉണ്ടാക്കുമെന്ന് കണ്ടിട്ടാണത്. ബോട്ടിങ്ങിനിടയിൽ ചുറ്റുമുള്ള മരങ്ങളെല്ലാം കാണാം,ഒരു ദൂര കാഴ്ച്ചയായി ചേമ്പ്രപീക്കും കാണാം,ഇതിനുള്ളിലാണ് 'ഹൃദയ സരസ്' സ്ഥിതിചെയ്യുന്നത്.മുകളിൽ നിന്നും നോക്കുമ്പോൾ തടാകത്തിനു ഇന്ത്യയുടെ ആകൃതിയാണ്.ബോട്ടിൽ ഇരുന്നുനോക്കിയാലും അത് മനസിലാകും.
 ഇവിടെ ധാരളം ആമ്പലും,പലതരം പായലുകളും ഉണ്ട്,പണ്ടൊക്കെ പോകുമ്പോൾ ആമ്പൽ കട്ടുപറിക്കുമായിരുന്നു.ഇന്ന് വീട്ടിൽ ആമ്പലുള്ള ത്കൊണ്ട് രക്ഷപെട്ടു,പണ്ടത്തെപ്പോലെ അനാവശ്യ പിഴ കൊടുക്കെണ്ടിവരില്ല.കൂടാതെ ഇവിടെ മീനുകളും ഉണ്ട്,ചില മീനുകൾ ഇവടെ മാത്രം കാണപ്പെടുന്നതാണ്.മീൻ വളർത്താൻ പറ്റുമെങ്കിലും,മലിനീകരണം പേടിച്ച് അതും ഇവിടെ ഇല്ല,വിനോദ സഞ്ചാരികൾക്ക് പുറമെ പല ഗവേഷകരും ഇവിടെ വരാറുണ്ട്,നേരത്തെ പറഞ്ഞ പച്ച നിറങ്ങൾ അവരുടെ കണ്ടുപിടിത്തമാണ്.
                     

           കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ 3 നദികളിലൊന്നായ കബനിയിലേക്ക്  ഇവിടുന്നു വെള്ളം ഒഴുകുന്നുണ്ട്,അത് ചെന്നെത്തുന്നത് കർണാടകത്തിലാണ്.കബനിയായി വനത്തിലൂടെ ഒഴുകുന്നതും നമുക്കിവിടെ കാണാം.വയനാട്ടിൽ വെള്ളത്തിൽ പെട്ടുള്ള അപകടങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്,എന്നാൽ ഇവിടെ മാത്രം അങ്ങയൊന്നു ഉണ്ടായിട്ടില്ല എന്നതും അത്ഭുതമാണ്.
ഇവിടെ അക്വേറിയവും,കുട്ടികൾക്കായുള്ള പാർക്കും ഉണ്ട്.കൂടാതെ കരകൌശല വസ്തുക്കളും,സുഗന്ധദ്രവ്യങ്ങളും തൈകളും വിൽക്കാൻ വെച്ചി ട്ടുണ്ട്.കരകൌശല വസ്തുക്കൾ കൂടുതലും മുള കൊണ്ടുണ്ടാക്കിയതാണ് 'ഉറവ്' എന്ന സംഘടനയുടെതാണത്.
വരുന്നവരെല്ലാം ഇവിടുന്ന് എന്തെങ്കിലും വാങ്ങി,പൂക്കൊടിനെ ക്യാമറയിലോ,മൊബൈലിലോ ഒപ്പിയെടുത്ത് ഇനിയും വരും എന്ന് പറഞ്ഞകും മടങ്ങുക...

Wednesday, 18 September 2013

കരിന്തണ്ടൻറെ ചങ്ങല മരം


        വയനാടിന്റെ ഹൃദയത്തിൽ പല നിഗൂഡതകളും ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ്.കേരളത്തിലെ മറ്റെല്ലാ ജില്ലകളേയും അപേക്ഷിച്ച് വയനാട് ഇന്നും പ്രകൃതിയിൽ കുളിച്ച് നിൽക്കുന്നു.വയനാടിനു പുറമേ ഉള്ളവർക്ക് വയനാടെന്നു കേൾക്കുമ്പോൾ കാടും,നീർചോലകളും,ആദിവാസികളുമാണ് ഒർമവരുകയെന്നു ഒരുപാട് പേർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്,ഒരു തരത്തിൽ അത് ശരിയാണുതാനും
         
നമ്മുടെ കേരളത്തിന്റെ പന്ത്രണ്ടാമത്തെ പുത്രിയായാണ്‌ 1980-ൽ വയനാട് ജന്മം കൊണ്ടത്.ബൈബിളിൽ ഹൗവ്വയെ സൃഷ്ട്ടിക്കാൻ ആദാമിന്റെ വാരിയെല്ലെടുത്തത്‌ പോലെ,വയനാടിന്റെ സൃഷ്ട്ടിക്ക് കോഴികോടിന്റെയും കണ്ണൂരിന്റേയും അസ്ഥിയാണെടുത്തതെന്നു മാത്രം.എന്നാൽ ഇതിനുപുറമെ അധികമാരും കേൾക്കാത്ത ഒരു കഥ ലക്കിടിയിൽ ഉറങ്ങുന്നുണ്ട്.
  എൻറെ ചെറുപ്പം തൊട്ടേ ഞാൻ കേട്ടുപോന്ന ആകാംഷയും,അന്ന് അതേപോലെ പേടിയും തോന്നിപ്പിച്ച കെട്ടുകഥ,ഞാൻ വയനാട്ടീന്നു കോഴിക്കോട് ചുരം ഇറങ്ങി പോകുമ്പോൾ എന്റെ മമ്മിയാണ് കഥ  ആദ്യം പറഞ്ഞ്തന്നത്.
     കഥ ഇങ്ങനെ തുടങ്ങാം,ബ്രിട്ടീഷുകാർ ഭാരതത്തിൽ വന്ന് അധികാരം സ്ഥാപിച്ച കാലം,അന്നു കോഴിക്കോട് നിന്ന് വയനാട്ടിലേക്കോ അതുവഴി മൈസൂറിലോട്ടോ ഒരു പാത ഉണ്ടായിരുന്നില്ല,വയനാട് പലതരം മരങ്ങളുടേയും സുഗന്ധ ദ്രവ്യങ്ങളുടേയും കലവറയാണെന്ന് അവർ മനസിലാക്കിയിരുന്നു,ആ കലവറയിൽ  കയ്യിട്ട് വാരാനും,വയനാട്ടിലൂടെ ശ്രീരംഗപട്ടണത്തിലെത്തി,അന്നത്തെ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ ആക്രമിച് കീഴ്പ്പെടുത്താനും അവർ തരം നോക്കിയിരുന്നു.
ബ്രിട്ടീഷുകാർ അങ്ങനെയൊന്നും ലക്ഷ്യത്തിലെത്താതെ പിന്മാറുന്നവർ ആയിരുന്നില്ല.അവരിൽ പലരും 3 മലകളാൽ താങ്ങപെട്ട ചുരം കീഴടക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

പല കേമന്മാരും പരാജയം ഏറ്റു വാങ്ങി,പലരും പാതിവഴിയിൽ നിർത്തി,ചിലരെയെല്ലാം വന്യമൃഗങ്ങൾ ആക്രമിച്ചു,ചിലർ മരിച്ചുവീണു.അപ്പോഴും ചുരം അവരുടെ മുന്നിൽ തല കുനിക്കാതെ നിന്നു.ഇനി എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ച് നിൽക്കുമ്പോഴാണ് അജാനു ബാഹുവായ നമ്മുടെ കരിന്തണ്ടൻ ആട് മേയിക്കുന്നത് കണ്ടത്.
                            (വയനാട്ടിലെ,പടിഞ്ഞാറതതലയിലെ ശ്രീ അയ്യപ്പൻ മനോരമക്ക് വേണ്ടി വരച്ചത് )
എന്തായാലും മിടുക്കനായ എഞ്ചിനിയറടങ്ങുന്ന സംഘം സഹായത്തിനായി അദ്ദേഹത്തെ സമീപിച്ചു.കാടും മേടും താണ്ടുന്ന കരിന്തണ്ടനു വഴികൾ എല്ലാം പച്ചവെള്ളം പോലെ ഹൃദിസ്ഥമാണെന്ന് വേണം കരുതാൻ.എന്തായാലും സ്നേഹത്തിന്റെയോ ഭീഷണിയുടെയോ പുറത്ത് അദ്ദേഹം സമ്മതം മൂളി,സംഘം കരിന്തണ്ടൻറെ നേതൃത്വത്തിൽ യാത്ര തുടങ്ങി,സായിപ്പുമാർ പിന്നാലേം നടന്നു ദിനരാത്രങ്ങൾക്കൊടുവിൽ അവരുടെ പരിശ്രമം ഫലം കണ്ടു.ആ സുന്ദരി അവർക്ക് മുന്നിൽ തലകുനിച്ചു,അങ്ങനെ അവർ ചുരം കീഴടക്കി.ഈ സമയം എല്ലാരും ആഹ്ലാതതിമിർപ്പിലാറാടി,എന്നാൽ ദുരാഗ്രഹികളായിരുന്ന അവർ പ്രശസ്തിക്കു വേണ്ടിയുള്ള ലഹരിയിൽ ആണ്ടുപോയി,ചുരം കേവലം ഒരു ആദിവാസിയുടെ നാമത്തിൽ ലോകം അറിയപ്പെടുമോ എന്നവർ ശങ്കിച്ചു,ചുരം കണ്ടു പിടിച്ചത് അവരാണെന്ന് ലോകം അറിയണം എന്നവർ തീരുമാനിച്ചുറപ്പിച്ചു,പിന്നീട് അവരുടെ അങ്ങോട്ടുള്ള ശ്രമങ്ങൾ കരിന്തണ്ടനെ എങ്ങനെയെങ്കിലും വകവരുത്തണം എന്നതായിമാറി.
              കരിന്തണ്ടൻ അജാനുബാഹുവും,ശക്തിശാലിയും ആയതിനാൽ അദ്ദേഹത്തെ കൊലപെടുത്തുന്നത് ഒരു ശ്രമകരമായ ജോലിയാണെന്ന് അവർ മനസിലാക്കി,ഒരു മാർഗം അന്വേഷിച്ചു,ഗോറില്ല പോരാളികളായ അവർ  നേർകുനേർ പോരാടിയാൽ പോര എന്നുറച്ചു.അദ്ദേഹത്തെ ചതിയിൽ മാത്രേ വീഴ്ത്താൻ പറ്റൂ എന്ന് കണക്ക് കൂട്ടി തക്കം പാർത്തിരുന്നു.
     കരിന്തണ്ടൻ അന്ന് ആദിവാസി പണിയ വർഗക്കാരുടെ 'തലവൻ' ആയിരുന്നു,അധികാര ചിഹ്നമായി ഒരു വലിയ വള കയ്യിലദ്ദേഹം ധരിച്ചിരുന്നു,വള കിടക്കാൻ പോകുന്ന സമയത്താണ് ഊരിവെക്കുക,പിന്നീട് രാവിലെ കുളി കഴിഞ്ഞ് എടുത്തിടും,സായിപ്പ്മാരുടെ നിരീക്ഷണത്തിലായിരുന്ന കരിന്തണ്ടൻറെ പതുവ് രീതികൾ അവർ മനസിലാക്കി,അദ്ദേഹം ഉറങ്ങിയ തക്കത്തിൽ സായിപ്പ് വള മോഷ്ട്ടിച്ചു.രാവിലെ പതിവുപോലെ ഉണർന്ന അദ്ദേഹം വള കാണാതെ വിഭ്രാന്തിയിലായി,വള നഷ്ട്ടപെടുത്തിയ അദ്ദേഹം ഇനി തലവനായി ഇരിക്കാൻ യോഗ്യനല്ലെന്നും തീരുമാനിച്ചു. മാനസികമായി തളർന്നിരിക്കുന്ന കരിന്തണ്ടൻറെ നേർക്ക്‌ അവർ അതിക്രൂരമായി  നിറയൊഴിച്ചു.അങ്ങനെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ച് ചരിത്രമായി.
      ഒരു ദുർ മരണമായതിനാൽ കരിന്തണ്ടൻറെ ആത്മാവ് ചുരത്തിൽ അലഞ്ഞ് നടന്നു,ലക്കിടിയിലെ കാറ്റിൽ ആത്മാവിൻറെ ദീനരോദനം ഉയർന്നു.ആത്മാവ് വഴിയാത്രക്കാരേയും മൃഗങ്ങളെയും ഉപദ്രവിച്ചു,വാഹനങ്ങളെ മറിച്ചിട്ടു.അങ്ങനെയായപ്പോൾ ആർക്കും ആ വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റാതായി.പ്രശ്നം വെച്ച്നോക്കിയപ്പോൾ കരിന്തണ്ടൻറെ ആത്മാവാണ് ഈ ദുർനിമിത്തങ്ങൾക്ക് പിന്നിലെന്ന് കണ്ടു,പല മാന്ത്രികരും,പുരോഹിതന്മാരും വന്നു.എന്നിട്ടും ഫലമുണ്ടായില്ല.അവസാനം ദൂരദേശത്ത് നിന്നൊരു മഹാമാന്ത്രികൻ വന്നു,ദിവസങ്ങളോളം പൂജാദി കർമങ്ങൾ ചെയ്ത് ആത്മാവിനെ ലക്കിടിയിലുള്ള ഒരു വലിയ ആൽ മരത്തിൽ ചങ്ങലയിട്ട് ബന്ധിച്ച് അവടെ കുടിയിരുത്തി ഇതിന്നു ചങ്ങല മര മെന്നറിയപ്പെടുന്നു.
പിന്നീട് എല്ലാം ശുഭകരമായി മാറി.ആൾകാർ പേടികൂടാതെ യാത്ര തുടർന്നു,ആല്മരചോട്ടിലുള്ള ഭണ്‍ഡാരത്തിൽ വിശ്വാസികൾ പൈസ ഇടും,വിളക്കിനു തിരിതെളിക്കും,ചിലർ മുത്തപ്പനെന്നു    വിളിച്ച് പ്രാർത്ഥിക്കുന്നതുംഇന്നു  സ്ഥിരം   കാഴ്ചയാണ്.തൊട്ടടുത്ത് ഒരു ചെറിയ അമ്പലവും ഉണ്ട്.ചുരം കേറി വയനാട്ടിലെത്തുന്ന സഞ്ചാരികളും ഇവടെ വണ്ടി നിർത്തി കാണാതെ പോകാറില്ല.
   
 കരിന്തണ്ടൻറെ കഥ ശാസ്‌ത്രം അംഗീകരിക്കുന്നതിന് മതിയായ തെളിവുകൾ ഇല്ലെങ്കിലും വയനാട്ടിലെ പഴമക്കാരെല്ലാം ഇത് സത്യമെന്ന് പറയുന്നവരാണ് 
ഞാനും അങ്ങനെയണേ.എന്തായാലും അദ്ദേഹം     പണിയ  വിഭാഗത്തിൽപെട്ട 
ആദിവാസിയായിരുന്നു,ഏകദേശം 1750-1799 കലഘട്ടത്തിൽ    അടിവാരത്തുള്ള ചിപ്പിലത്തോട്   എന്ന സ്ഥലത്ത് ജീവിച്ചിരുന്നതായി പറയപ്പെടുന്നു.ഈ ചങ്ങല മരമല്ലാതെ വേറെയൊന്നും അദ്ദേഹത്തിൻറെ സ്മരണക്കായി വയനാട്ടിൽ ഇല്ല എന്നുള്ളത് ഒരു വേദനിപ്പിക്കുന്ന സത്യമാണ്.
    ഇനി കരിന്തണ്ടനെ കൊന്നവരോട് അദ്ദേഹത്തിന്റെ ആത്മാവ് പ്രതികാരം ചെയ്തോ അതോ ക്ഷമിച്ചോ എന്തോ,എനിക്കറിയില്ല ഇന്നും അതൊരു ചോദ്യചിഹ്ന്യമായി കിടക്കുന്നു,ദേ ഇങ്ങനെ ????
                     

Tuesday, 17 September 2013

വയല്‍ കാഴ്‌ച ഒരു നേർ കാഴ്‌ച


          
      
       എല്ലാരുടേയും  പോലെ എന്റേയും കുട്ടിക്കാലം സുന്ദരമായിരുന്നു. വയനാട്ടിൽ  അദവ വയൽനാട്ടിൽ ജന്മം കൊണ്ടത്കൊണ്ട് എന്റെ ചുറ്റുപാടും അതുപോലെതന്നെ സുന്ദരമായിരുന്നു.ജനനം ഒരു കർഷക കുടുംബത്തിലായത്കൊണ്ട് വയൽനാട് എന്നും എനിക്ക് ഹരമായിരുന്നു. പാടവും പാടം പൂട്ടുന്നതും ,വിത്ത് പാകുന്നതും ,ഞാറിടുന്നതും തുടങ്ങി കൊയ്ത്ത് വരെ എന്റെ മനസ്സിൽ ഉത്സാഹം ഉണർത്തുന്നതായിരുന്നു.
 
     അന്ന് ഞങ്ങൾക്ക് 97 കണ്ടം ഉണ്ടായിരുന്നു ഇന്നത്തെപോലെ യന്ത്രവൽകരണം നടന്നട്ടില്ലാത്തതിനാൽ നിലം പൂട്ടുന്നത് (ഉഴുതുമറിക്കുന്നത്) കലപ്പ ഉപയോഗിച്ചായിരുന്നു.കലപ്പ പോത്തിന്റെ ദേഹത്ത്കെട്ടി വലിപ്പിച്ച്  ഉഴുതുമറിക്കും. വയൽപ്പണിക്ക്‌ പണിക്കാരുടെ കൂടെ വീട്ടുകാരും ഇറങ്ങും.അവരൊക്കെ ചെളിയിൽ കുളിച്ചുനിൽക്കുന്നത് കണ്ട്  ഞാനും ഓടി ചെളിയിൽ ഇറങ്ങും,ഉടനെ തന്നെ അച്ഛൻ ചെവി പൊന്നാക്കി കേറ്റിവിടും.ഇനിയി പണിക്കിടക്ക് മഴയെങ്ങാനും പെയ്താലോ,ഒരു രക്ഷയുമില്ല ആ കരവിരുതുകാർ പനയോല കൊണ്ടുണ്ടാക്കിയ "തൊപ്പികുട " വെച്ച് പണി തുടരും 
    പിന്നെ ഇ വയൽപ്പണികാലത്ത് വീട്ടിൽ മൂന്നുനേരവും അരി ഭക്ഷണം തന്നെയാണേ ഒരു ചെറിയ വിത്യാസം മാത്രം രാവിലെ ചോറിനു പകരം കഞ്ഞി പിന്നീട് എല്ലാം ചോറുതന്നെ,അന്നു ഞാൻ എങ്ങനെയാണോ എന്തോ മൂന്ന് നേരവും ചോറുതന്നെ തിന്നത് എന്നത് ഒരു അത്ഭു തമാണ്,രാവിലെ ഞാനും മുത്തശിയും ആണ് വയലിലോട്ട് ചോറുകൊണ്ടുപോകുന്നത്,ഞാനോ അതുവരെ ഒന്നും കഴിക്കാതെ ഇരുന്ന് അവടെ എത്തുമ്പോൾ അവരുടെ കൂടെ കഴിക്കും.വയലിൽ കാറ്റുകൊണ്ട്‌ ചോറുന്നുന്നത് രുചി കൂട്ടുമെന്ന് അന്നേ ഞാൻ മനസിലാക്കിയിരുന്നു.ഈ പണിക്കാരൊക്കെ പാടത്തോട് ചേർന്ന് തെളിനീരൊഴുക്കുന്ന തോട്ടിലാണ് കയ്യൊക്കെ  കഴുകുന്നത്.ഞങ്ങൾ അതിനെ 'കണ്ണീർ തോടെ'ന്നു പേരിട്ടു വിളിക്കും
      എന്തായാലും പൂട്ടികിടക്കുന്ന കണ്ടം കാണാൻ വെല്ല്യ ചെലോന്നുമില്ല,പൂട്ടലൊക്കെ കഴിഞ്ഞ് തോട്ടിൽ നിന്നും കണ്ടത്തിലോട്ട് വെള്ളം തിരിച്ചുവിടും വെള്ളമായികഴിയുമ്പോൾ വിത്ത് പാകും,വിത്തെറിയുന്നതിനൊക്കെ പ്രത്യേക രീതിയൊക്കെയുണ്ട്അങ്ങനെ പതുക്കെ കുറച്ചുനാൾ കഴിയുമ്പോൾ നമ്മുടെ ഞാറ് മുളച്ചുതുടങ്ങും
ഈ ഞാറങ് പറക്കും,എന്തിനാന്നു വെച്ചാൽ ഈ കൂട്ടംകൂടി നില്ക്കുന്ന ഞാറോക്കെ പറച്ച് ഓരോ മുടി (കെട്ട് ) യാക്കി വെക്കും.പിറ്റേദിവസം അതിനെ കുറച്ചകലത്തിൽ മാറ്റി നടും. ഇതു ശരിക്കും ഒരു ഇരട്ടി പണിയാണോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.ഈ സംശയം ഞാൻ മമ്മിയോട് ചോദിച്ചു ,ഒരു അടിക്കിട്ടിയപ്പോൾ ആ സംശയംതീർന്നു 

ചെളിയിൽ കുളിച്ച് / കളിച്ച് ഞാറുനടുന്നതാണ്‌ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാഴ്ച,മുത്തശിയുടെ കൂടെ വരുമ്പോൾ ഈ പണിക്ക് ഞാനും കൂടും,പക്ഷെ ഞാൻ തിരിച്ച് വീട്ടിൽ എത്തുമ്പോഴേക്കും അതാരെങ്കിലും തിരിച്ചുനട്ടുകാണും 
വൈകിട്ടാകുമ്പോഴേക്കും എനിക്ക് ഒരു ചോദ്യമുണ്ടാകും എന്നു നാട്ടി തീരും എന്ന്,അതിനൊരു കാരണവും ഉണ്ട് അത് വഴിയെ പറയാം,ഈ പതിവ് ചോദ്യം ഒരു എട്ടൊമ്പത് ദിവസം നീണ്ടുപോകും 
                        നാട്ടി കഴിയുന്നതൊരു ആഘോഷമാണ് അന്നു വീട്ടിൽ പയസമുണ്ടാക്കും കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കും.പിന്നെ നേരത്തെ ഞാൻ പറഞ്ഞതിതാണ്,ഈ അവസാന ദിവസം ഞങ്ങൾ അവസാനത്തെ കണ്ടത്തിന്റെ  നടുക്ക് ഒരു "പൂങ്കുല " കൊണ്ടുവെക്കും ,ഇതൊരു ചെറിയ ചടങ്ങാണ് ,ഇത്ചെയ്യേണ്ടത് ഞാനാണ്‌.അതിനാണ്‌ ഞാൻ തീരുന്നതെന്നണെന്നു  
ചോദിച്ചു കൊണ്ട് നടക്കുന്നത്.എന്നെ പുതിയ ഉടുപ്പൊക്കെ ഇടീച്ച്  ഒരുക്കി കൊണ്ടുപോയി പൂവെപ്പിക്കും.അന്നത് എന്റെ ഏറ്റവും വലിയ സന്തോഷമായിരുന്നു അങ്ങനെ ഞങ്ങൾക്ക് മാത്രമല്ലാട്ടോ ആഘോഷം,പണി തീർന്നു കിട്ടുന്ന പൈസ കൊണ്ട്പണിക്കാരൊക്കെ വൈകിട്ട് കള്ളുകുടിച്ച് അവരുടെ പാടി (കോളനി ) യിലൂടെ പാട്ടും പാടി നടക്കും.ഈ കള്ളുകുടിക്ക് ഇവിടെ ആണ്‍ പെണ്‍ വിത്യാസം ഒന്നുമില്ലെന്നുള്ളതാണ്  വാസ്തവം.
   വയൽപ്പണി തീർന്നാൽ ഒരു കൊടുങ്കാറ്റ് അടിച്ച് ശാന്തമയത്പോലാണ്,വീട് ശൂന്യമാകും അതുവരെ പത്തിരുപത് പണിക്കാർ മൂന്നു നേരവും കടന്നുപൊയ്ക്കോണ്ടിരുന്ന മുറ്റം വെറുതേ കിടക്കും,പിന്നെ കൊയ്ത്ത് വരെ നീണ്ട ഒരിടവേളയാണ്
     ഞാർ ഒക്കെ നെൽക്കതിർ ആകുമ്പോഴേക്കും എല്ലാരും കതിരിന്റെ നിറമാറ്റം നോക്കികൊണ്ടിരിക്കും 
          ഈ പാകം ആകുമ്പോഴേക്കും അപ്പച്ചൻ പോയി നെന്മണി കടിച്ച്പൊട്ടിച്ച് പാകമയോന്നു നോക്കും,പതിവുപോലെ മുത്തശി വയലിൽ പോകുമ്പോൾ ഞാനും  പോകും,ഒരു അനുകരണം പോലെ ഞാനും നെന്മണി പൊട്ടിക്കും അത് പൊട്ടുന്നതിനു പകരം എന്റെ ചുണ്ട് ആയിരിക്കും മുറിയുക.എന്നാലും ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ ഞാൻ തിരിച്ച്പോരും.എന്നിട്ടെല്ലരോടും നെല്ല്   കൊയ്യാനായെന്നു പറയും,ആയോ എന്നിട്ട് ഞങ്ങൾ അറിഞ്ഞില്ലല്ലോന്നു ആക്കിയൊരു മറുപടി കിട്ടുമ്പോൾ എനിക്ക് സമാധാനമാകും


        അങ്ങനെ കൊയ്ത്ത് കാലമായ്,ഈ പണിയോട് എനിക്കത്ര താല്പര്യം പോര,അതുകൊണ്ട് ആ കാലങ്ങളിൽ ഞാൻ ആ പരിസരത്തോട്ടുപോലും അടുക്കാറില്ല.എങ്കിലും  എല്ലാം കഴിഞ്ഞ് കറ്റ (നെല്ല് ) കളത്തിൽ (മുറ്റം ) എത്തുമ്പോൾ ഞാൻ പതുക്കെ രംഗത്തെത്തും,അന്നൊക്കെ വെല്ല്യ കല്ലുപയോകിച്ചാണ് കറ്റ മെതിചിരുന്നത്(ഒക്കൽ).കൊക്ക കോൽ ഉപയിഗിച്ചാണ് കറ്റ നിരത്തുന്നത്,കൊക്ക കോൽ മുള കൊണ്ടാണ് ഉണ്ടാക്കുന്നത്,എല്ലാരും കൊക്ക കോലുകൊണ്ട് പണിയുമ്പോൾ എനിക്കും പൂതി കേറി,ഇതുമനസിലാക്കിയ പപ്പ എനിക്ക് ഒരു ചെറിയ കൊക്കക്കോ ലുണ്ടാക്കി തന്നു,ഞാനും പണി തുടങ്ങി,പിന്നീടത് മറ്റുള്ളവർക്ക് ഒരു പണിയായി മാറിയപ്പോൾ,എനിക്ക് പിന്മാറേണ്ടി വന്നു . പിന്നെ എനിക്ക് ഇഷ്ടമുള്ള കാര്യം ആ കറ്റയുടെ മുകളിൽ കേറികിടക്കാനും,കളിക്കാനും ഒക്കെയാണ്.അതൊരു രസം തന്നെയാണ്,ആ രസം തീരുന്നത് മമ്മി കുളിപ്പിക്കുമ്പോഴും തുടർന്നും ഉണ്ടാകുന്ന ചൊറിച്ചിലിൽ ആണ്.ഈ പണിക്കാരൊക്കെ കൈമൊത്തം മൂടുന്ന കുപ്പായം ഇട്ട് ചൊറിചിലിൽ നിന്നും രക്ഷപെടും.എന്താണോ എന്തോ അന്നെനിക്ക് ആ ബുദ്ധി ഉദിച്ചിരുന്നില്ല.

        ഒക്കൽ രാത്രികൾ എന്നും ശിവരാത്രികൾ ആയിരുന്നു.അതെ അപ്പോഴും ഞാൻ സജീവമായിട്ടുണ്ടേ.അതൊരു രണ്ട് മൂന്നുമണി വരെ നീളും.ഇതൊക്കെകഴിഞ്ഞ് വീട്ടുകാർ രാവിലെതന്നെ ഷീണമൊന്നും കണക്കിലെടുക്കാതെ ഉണർന്നു പണി തുടങ്ങും ,പക്ഷെ ഞാൻ ഷീണം നന്നായി അറിഞ്ഞത്കൊണ്ട് ചൊറിച്ചലോട്കൂടി  11 മണി വരെ ഉറങ്ങും ഇങ്ങനെ രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ വയൽപ്പണിക്ക് തിരശീല വീഴും.
    
    പിന്നെ ഈ വയൽപ്പണിയിലെല്ലാം വിഷമം തോന്നുന്നത് അപ്പച്ചന്റെ പോത്ത് കുട്ടന്മാരോടാണ്,ഭാരിച്ച പണിയെല്ലാം അവർക്കുള്ളതാണല്ലോ,എങ്കിലും അവരെ ആരും അടിച്ച് പണിയിപ്പിച്ചിട്ടില്ല.നല്ല ശാപ്പാടും അപ്പച്ചൻ കൊടുക്കും അത് വാൽസല്യത്തോടെ കോരികുടിപ്പിക്കാൻ അപ്പച്ചനു നല്ല കഴിവും ഉണ്ട്.
            ഇനി ഇന്നത്തെ അവസ്ഥ ,തൊണ്ണൂറ്റിയെഴു കണ്ടങ്ങൾ മാറി പത്തായി ആയി,പത്തിരുപത്തിയഞ്ച് പോത്തുകൾ ഇന്ന്ഒന്നുമില്ലാതായി,പണിക്കാരെ  കിട്ടാൻ  പൈസ എറിയേണ്ടിവരുന്നു,ഞങ്ങളുടെ തറവാടിനേക്കൾ നീളമുള്ള ആല ശൂന്യമായിക്കിടക്കുന്നു,ഇന്നെല്ലാം മാറിമറഞ്ഞു.എന്റെ വീട്ടിലെ മൂത്ത പൌത്രിയാണ് ഞാൻ,എനിക്ക് താഴെയുള്ള കുട്ടികൾ വയൽ കണ്ടിട്ടുണ്ടോന്നു പോലും സംശയമാണ്,എന്ത് പറയാൻ "നാട് ഓടുമ്പോൾ നടുകെ ഓടണമെന്നാണല്ലോ"എല്ലാരേം പോലെ ഞങ്ങളും ഓടി.ഓർമ്മകൾ എന്നേക്കുമായി ബാക്കിവെച്ചൂണ്ട്.

ഉത്തമഗീതത്തില്‍ നിന്നും...

നിന്റെ പ്രിയന്‍ എവിടെ
അവന്‍ താമരകളുടെ ഇടയില്‍ മേയിക്കുന്നു
 
എന്റെ പ്രിയേ നീ തീര്‍സാപോലെ സൌന്ദര്യമുള്ളവള്‍ 
യെരുശലേം   പോലെ മനോഹരി
കൊടികളോട്‌ കൂടിയ സൈന്യം  പോലെ ഭയങ്കര
നിന്റെ തലമുടി ഹിലെയാദ്‌ മലഞ്ചെരുവില്‍
കിടക്കുന്ന കൊലാട്ടിന്‍ കൂട്ടം പോലെ
നിന്റെ പല്ല് കുളിച്ച്‌ കയറിവന്ന
ആടുകളെ പോലെയും
 
ഞാൻ  എന്റെ പ്രിയനുള്ളവള്‍
എന്റെ പ്രിയന്‍ എനിക്കുള്ളവന്‍
നിന്റെ കണ്ണ് എങ്കൽ  നിന്ന് തിരിക്കുക
അതെന്നെ ഭ്രമിപിച്ചിരിക്കുന്നു

Monday, 16 September 2013

നഷ്ടമാകുന്ന ഓണം

             കുറേ വര്‍ഷങ്ങളായി ഓണം ഓര്‍മകളില്‍ മാത്രമാണ്‌, ഏകദേശം ഒരു പത്ത്‌ വര്‍ഷം ആയിട്ട്‌ ഓണം നാട്ടില്‍ കൂടാന്‍ പറ്റിയിട്ടില്ല,,ഇത്തവണയും പതിവു തന്നേ.ഇത്രയും കൊല്ലങ്ങള്‍ നാട്ടിലില്ലെങ്കിലും എവിടെയാണെങ്കിലും ഓണം ആഘോഷിചിരുന്നു.ഇന്ന് അതും ഉണ്ടായില്ല ഇത്തവണ അത്‌ പുറത്ത്നിന്നും വാങ്ങി കൊണ്ടുവന്ന സദ്ദ്യയില്‍ ഒതുങ്ങി.നാട്ടിലെ ആഘോഷത്തിന് ഒരു ഗുഹാതുരത്വമുണ്ട്.ഇവിടെ ഫ്ലാറ്റിൽ ഒറ്റക്ക്.ഇവിടെ തുണ ഓര്‍മകള്‍ മാത്രമാണ്‌.ഓണവും സദ്യയും,പൂക്കളവും മാവേലിയും എല്ലാം അങ്ങ് വിദൂരതയിലാണ്‌.
        ജീവിക്കാന്‍ കൂടുതല്‍ വെട്ടിപിടിക്കാന്‍ ഒരു ശരാശരി മലയാളിക്ക്‌ ചെയ്യേണ്ടിവരുന്ന ഒരു ചെറിയ ത്യാഗമാണു എന്റെയും പ്രവാസി ജീവിതം.ഈ മരുഭൂമിയില്‍ എവിടെ പൂ പറിക്കാന്‍ പോകാനാണ്‌.എന്തിനു ഒരു പച്ചപ്പ്  കാണണമെങ്കില്‍ പോലും എത്രയോ കാതo സഞ്ചരിക്കണം പിന്നെയല്ലേ ഒരു പൂവ്‌.നാട്ടില്‍ കൂടുകാരും വീടുകാരും ഓണം ആഘോഷിക്കുമ്പോള്‍ ഞാന്‍ അവരില്‍ നിന്നും അകലെ കെട്ടിയടക്കപെട്ട ഫ്ലാറ്റില്‍ ഓര്‍മകള്‍ അയവെറക്കി മാത്രമുള്ള ഒരു ഓണം.അല്ലെങ്കിലും ഇവിടെ എന്നും നാടിന്റെ മണവും സ്നേഹവും അന്യമാണല്ലോ,എന്നും ഒരു കണ്ണീരിന്റെ നനവ് മാത്രം.

Saturday, 14 September 2013

കവിത



കയ്യിലുള്ളൊരു തൂലികയും മഷിയും
വെറുതെ പൊടിതട്ടിഎടുത്തിവിടെ
ഓരോന്ന്കുത്തിക്കുറിക്കുവാനാശിച്ച്
ഭാവന വിടരുന്നതും കാത്തൊരു
കണ്ണും മനസും.....

ചിതലരിച്ചൊരു താളുകൾക്കുള്ളിൽ
പുറത്ത്വരുവാൻ വെമ്പൽക്കൊള്ളുന്ന
അക്ഷരങ്ങളിവിടെ അമ്പത്തിയൊന്ന്
ഇരുന്നും കിടന്നും,സ്വപ്നംകണ്ടും
അക്ഷരങ്ങളോരോന്നായി കോർത്ത്വെച്ചീടുകിൽ 
അർത്ഥമുള്ളോരു കാവ്യമായി.......

Wednesday, 11 September 2013

മഴ



  മഴ

വയനാട്ടിൽ പെയ്യുന്ന മഴക്ക്
ഒരു നന്മയുടെ പൊരുളാണ്
പുതുനാമ്പിനെ ഉണർത്തുവാൻ,ഒരു പുതുജീവനെകുവാൻ
മഴ പെയ്തുകൊണ്ടേയിരുന്നു

തൊടിയിലെ ഇലകളിൽ വീഴുന്ന തുള്ളികൾ പോലും
ഒരു പുതു സ്വപ്നത്തെ ക്കാംഷിച്ചിരുന്നു
മഴ തരും പുതുമണ്ണിൻ സുഗന്ദം
എന്നിലെ എന്നെ ഉണർത്തി
അതിന്റെ ചിറകുകൾ വിരിച്ച് നിന്നു.....                  

ഏതോ ദിക്കിൽ തുടങ്ങി
എവിടെയോ അവസാനിക്കുന്ന മഴ
അതിർത്തിയില്ലാതെ പെയ്തുകൊണ്ടിരുക്കുന്നു

നിന് നിറമെന്ത്,മതമേത്
ജാതിയെതെന്നറിയില്ലെങ്കിലും
നീ പെയ്തിറങ്ങുമ്പോഴാണെണിക്കാനന്ദം