Thursday, 19 December 2013

ജിമ്മി ജോര്‍ജ്‌- പോയ്‌ മറഞ്ഞ വോളീബോള്‍ ഇതിഹാസം,,,
മരണമണി മുഴങ്ങി തുടങ്ങിയ ഇന്ത്യന്‍ വോളീബോളിന് എന്നെന്നും ഓര്‍ക്കാന്‍ ഒരേ ഒരു ലോകതാരമേ ഉണ്ടായിട്ടുളൂ അതായിരുന്നു അകാലത്തില്‍ പൊലിഞ്ഞുപോയ ജിമ്മി എന്ന പൊന്‍ നക്ഷ്ത്രം അഥവാ ഇറ്റലിക്കാരുടെ ഹെര്‍മിസ് ദേവന്‍.

1955 മാര്‍ച്ച് അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ പ്രശസ്തമായ കുടക്കച്ചിറ വീട്ടില്‍ അഡ്വക്കറ്റ് ശ്രീ ജോര്‍ജ് ജോസെഫിന്റെയും, ശ്രീമതി മേരി ജോര്‍ജിന്റെയും പുത്രനായി ജനിച്ചു.

യൂണിവേഴ്സിറ്റി കളിക്കാരാനായിരുന്ന പിതാവില്‍ നിന്നും വോളീബോള്‍ ബാലപാഠങ്ങള്‍ ജിമ്മി സ്വായത്തമാക്കി. ജിമ്മിയും സഹോദരന്മാരും വോളീബോളിനെ എക്കാലവും നെഞ്ചിലേറ്റിയ പേരാവൂരിന്റെ മണ്ണില്‍ കളിച്ചു വളര്‍ന്നു. ജിമ്മിയും സഹോദരങ്ങളും ചേര്‍ന്ന് ജോര്‍ജ് ബ്രദേറ്സ് എന്ന ടീം രൂപ പെട്ടു.

ചെറുപ്പത്തില്‍ തന്നെ കളിയില്‍ മികവു കാട്ടിയ ജിമ്മി വലിയ ഒരു കളിക്കാരനാവുമെന്നു പിതാവ് മനസിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വതസിദ്ധമായ കഴിവിനാലും, കഠിനാധ്വാനത്താലും അദ്ദേഹം കോര്‍ട്ടില്‍ മിന്നല്‍ പിണരുകള്‍ ഉതിര്‍ത്ത് ലോകം  കണ്ട മികച്ച കളിക്കാരില്‍ ഒരാളായി മാറി.മരണത്തിലും തോല്‍ക്കാതെ ലോക വോളീബോള്‍ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടാന്‍ ജിമ്മി എന്ന അത്ഭുത പ്രതിഭക്കായി. ഇന്ത്യ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച വോളീബോള്‍ താരമായിരുന്നു നമ്മളെ വിട്ടു പിരിഞ്ഞ ജിമ്മി.

സ്കൂള്‍വിദ്യാഭ്യസത്തിന് ശേഷം 1970 ഇല്‍ കാലികറ്റ് യൂണിവേഴ്സിറ്റി ടീമില്‍ എത്തിയതോടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 1973 ഇല്‍ സെന്റ്‌ തോമസ്‌ കോളേജില്‍ എത്തിയതോടെ കേരളാ യൂണിവഴ്സിറ്റി കളിക്കാരനായി. അതിനു ശേഷം ജിമ്മിയുടെ ക്യാപ്റ്റന്‍സിയിലും മികവിലും  ആയിരുന്നു നാല് കൊല്ലം കേരളാ യൂണിവേഴ്സിറ്റി അന്തര്‍ സര്‍വകലാശാല ടൂര്‍ണമെന്റുകളില്‍ ട്രോഫി കരസ്ഥമാക്കിയത്.

പതിനാറാമത്തെ വയസില്‍ തന്നെ അദ്ദേഹം ഇന്ത്യന്‍ വോളീ ടീമിന്റെ കരുത്തായി മാറി.1976 ഇല്‍ മെഡിക്കല്‍കോളേജില്‍ ചേര്‍ന്നെങ്കിലും വോളീബോള്‍ ആണ് തന്‍റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ്‌ കേരള പോലീസില്‍  ചേര്‍ന്നു.

ജിമ്മിയുടെ അത്യുജ്ലമായ സ്മാഷുകള്‍ കോര്‍ട്ടില്‍ ഇടിമിന്നല്‍ പായിച്ചു.അദ്ദേഹത്തിന്റെ ജമ്പ് ആന്‍ഡ്‌ സര്‍വീസും, വായുവില്‍ ഉയര്ന്നുപോങ്ങിയുള്ള സ്മാഷും കാണികളെ ആവേശം കൊള്ളിച്ചിരുന്നു. അദ്ദേഹത്തിന്റെ മികവു ലോകം അറിഞ്ഞപ്പോള്‍ പ്രൊഫെഷണല്‍ ക്ലബുകളില്‍ നിന്നും അദ്ദേഹത്തിന് ക്ഷണം ലഭിച്ചു.അങ്ങനെ 1979 ഇല്‍ അബുദാബി ക്ലബ്ബില്‍ അദ്ദേഹംഎത്തിചേര്‍ന്നു. ആദ്യമായി ഇന്ത്യയില്‍ നിന്ന് പ്രൊഫെഷണല്‍ ക്ലബ്ബില്‍ കളിച്ച കളിക്കാരന്‍ എന്ന ബഹുമതി  അങ്ങനെ അദ്ദേഹത്തിന് കിട്ടി.

1982 ഇല്‍ ജിമ്മിയെ ഇറ്റലിക്കാര്‍ കൊത്തിക്കൊണ്ടുപോയി.അവടെ അദ്ദേഹം ഇറ്റലിക്ക് വേണ്ടി ജേഴ്സി അണിഞ്ഞു .ഒരു വര്ഷം കഴിഞ്ഞു വീണ്ടും കേരളാ പോലീസില്‍ വന്നെങ്കിലും വീണ്ടും ഇറ്റലിയിലേക്ക് പോവുകയാണ് ചെയ്തത്.

ഇറ്റലിയില്‍ അദ്ദേഹത്തിന് ആരാധകര്‍ ഏറെയായിരുന്നു.ജിമ്മിയുടെ ഓട്ടോഗ്രാഫിനു വേണ്ടി ഇറ്റലി കുതിച്ചു. ഇന്നും ഇന്ത്യയിലെക്കാള്‍ ആരാധകര്‍ ജിമ്മിക്കു ഇറ്റലിയിലും,വടക്കേ അമേരിക്കയിലും ഉണ്ട്,

1962 ഏഷ്യന്‍ ഗെയിംസിന് ശേഷം ഇന്ത്യ ഒരു മെഡല്‍ നേടിയത് 1986 ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ആയിരുന്നു. ജിമ്മിയുടെ സ്മാഷുകള്‍ വെടിയുതിര്തപ്പോള്‍ കരുത്തരായ ജപ്പാന്‍ പരാജയം ഏറ്റുവാങ്ങി. പിന്നീടിതുവരെ ഇന്ത്യ മെഡല്‍ വാങ്ങിയിട്ടില്ല എന്നത് ജിമ്മിഎന്ന പ്രതിഭയുടെ കഴിവ് തെളിയിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി മാറി ഏറ്റവും നല്ല ഫോമില്‍ നിന്നപ്പോഴായിരുന്നു ആ ദുരന്തം. 1987 ഇല്‍ ഇറ്റാലിയിലെ ഒരു കാറപകടത്തില്‍ ആയിരുന്നു ആ മാഹ പ്രതിഭയുടെ അന്ത്യം.വാര്‍ത്ത കേട്ട് കേരളത്തിനും,ഇന്ത്യക്കും ഒപ്പം ഇറ്റലിയും കണ്ണീര്‍ വാര്‍ത്തു.

ജിമ്മി 21ആം വയസില്‍ അര്‍ജുന അവാര്‍ഡ്‌ നേടി, അര്‍ജുന നേടിയ ഏറ്റവും പ്രായം കുറഞ്ഞ വോളീബാള്‍ തരമാണ് ജിമ്മി. 1975 ഇല്‍ ജീ വി രാജാ അവാര്‍ഡ്, മനോരമ നല്‍കുന്ന കേരളത്തിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള മനോരമ അവാര്‍ഡും ആ വര്ഷം അദ്ദേഹത്തെ തേടിയെത്തി.അദ്ദേഹത്തിന്റെ മരണശേഷം രണ്ടായിരാമാണ്ടില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഏറ്റവും നല്ല കായികതാരം എന്ന ബഹുമതി നല്‍കി മനോരമ ജിമ്മിയെ ആദരിച്ചു. 

ഇന്ത്യയില്‍ സച്ചിനൊപ്പവും,ലിയാണ്ടര്‍ പെയ്സിനൊപ്പവും നില്‍ക്കാവുന്ന ലോക താരമാണ് ജിമ്മി.

ജിമ്മിയുടെ മരണശേഷം വോളീബോളിന്റെ ഉന്നമനം ലക്‌ഷ്യം വെച്ച് 1988 ഇല്‍ ജിമ്മി ജോര്‍ജു ഫൌണ്ടേഷന്‍ രൂപപെട്ടു. 1989 മുതല്‍ ഓരോ വര്‍ഷവും ജിമ്മി ജോര്‍ജ് അവാര്‍ഡ്‌ കേരളത്തിലെ ഏറ്റവും മികച്ച കായിക താരത്തിനു നല്‍കി ആദരിച്ചു വരുന്നു.

അദ്ദേഹത്തോടുള്ള ആദരവില്‍ കേരള സര്‍ക്കാര്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം തലസ്ഥാനനഗരിയില്‍ നിര്‍മ്മിച്ചു. ജിമ്മിയുടെ ജന്മനാട്ടിലും അദ്ദേഹത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിച്ചു. ജിമ്മി ജോര്‍ജിന്റെ പേരില്‍ ഒരു റോഡും പേരാവൂരില്‍ ഉണ്ട്.

ഇന്ത്യാക്കാരോടൊപ്പം അദ്ദേഹത്തെ ആദരിക്കാന്‍ ഇറ്റലിക്കാരും മറന്നില്ല. ആ കാലത്ത് തന്നെ 40 കോടി മുടക്കി ഇറ്റലിയിലെ ജിമ്മി അവസാനമായി കളിച്ച മോണ്ടിക്കേറിയുടെ മണ്ണില്‍ അദ്ദേഹത്തിന്റെ നാമത്തില്‍  അത്യാധുനിക നിലവാരമുള്ള ഒരു സ്റ്റേഡിയം അവര്‍ നിര്‍മിച്ചു. ഇറ്റലിയില്‍ വര്ഷം തോറും ജിമ്മി ജോര്‍ജ് സ്മാരക വോളീബാള്‍ ടൂര്‍ണമെന്റ്റും നടത്തിവരുന്നു. അമേരിക്കയില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ജിമ്മി കളിച്ചിട്ടുള്ളൂ എങ്കിലും അവടേം 1989 മുതല്‍ ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി വോളീബാള്‍ എന്ന പേരില്‍ ടൂര്‍ണമെന്റ് നടത്തുന്നുണ്ട്.

പ്രശസ്ത കായിക താരം റോബര്‍ട്ട്‌ ബോബി ജോര്‍ജ് ജിമ്മിയുടെ സഹോദരന്‍ ആണ്. ബോബിയുടെ  സഹധര്‍മ്മണി അഞ്ചു ബോബി ജോര്‍ജും  ജിമ്മി ജോര്‍ജ് അവാര്‍ഡ്‌ ജേതാവാണ്‌.

ഇന്നത്തെ തലമുറക്കാര്‍ ആരും അദ്ദേഹത്തിന്റെ മിന്നല്‍ പ്രകടങ്ങള്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ സെബാസ്റ്യന്‍ ജോര്‍ജ് ജപ്പാനില്‍ നിന്നും ജിമ്മി  സോള്‍ ഏഷ്യാഡില്‍ കളിച്ചതിന്റെ വീഡിയോ സംഘടിപ്പിച്ച്‌ യു ടൂബില്‍ ഇട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ ലക്ഷം ഹിറ്റുകള്‍ കഴിഞ്ഞു മുന്നേറുന്നത് അദ്ദേഹത്തെ നെഞ്ചിലേറ്റാന്‍ ഇന്നും വോളീബാള്‍ പ്രേമികള്‍ ഉണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സ്മാഷുകള്‍ ഇന്നും ഓരോ വോളീബാള്‍ പ്രേമിക്കും പുത്തന്‍ കളിക്കാര്‍ക്കും ആവേശം ആണെന്നതില്‍ സംശയമില്ല. 

അദ്ദേഹത്തിന്റെ മരണം ഒരു പത്രത്തില്‍ വന്നത് ഇപ്രകാരം ആയിരുന്നു.

" Here was a caesar...When comes such another ...."

Friday, 13 December 2013

ഞാന്‍ കേയ് അഡ്രോയ അമിന്‍

ജീവിതത്തില്‍ ഒരിക്കല്‍ പോലും ഡയറി എഴുതിയിട്ടില്ലെങ്കിലും നിങ്ങളോട് എന്തൊക്കെയോ പറയണം എന്ന് തോന്നി.ഞാന്‍ കേയ് ,മുഴുവന്‍ പേര് കേയ്  അഡ്രോയ അമിന്‍.ഭര്‍ത്താവിനൊപ്പം കുപ്രസിദ്ധയായ ഒരുവള്‍ അങ്ങനെ വേണമെങ്കില്‍ പറയാം.ഞാന്‍ ജനിച്ചത് ഉഗാണ്ടയിലെ പരാന്‍ഗായില്‍ ആണ്.ഉഗാണ്ടയിലെ പട്ടണത്തില്‍ എല്ലാ സൌഭാഗ്യങ്ങളോടും കൂടെ ഒരു ധനിക കുടുംബത്തില്‍ ഒരു  സുന്ദരിക്കുട്ടിയായി ഞാന്‍ ജനിച്ചു. സ്നേഹ സമ്പന്നരായ വീട്ടുകാര്‍,കൂട്ടുകൂടാനും,അടികൂടാനും എന്‍റെ പ്രിയ സഹോദരങ്ങള്‍.അങ്ങനെ ഒരു നല്ല ബാല്യം.

പപ്പയുടെ പണം ഞാന്‍ ആഗ്രഹിച്ച എന്തും വാങ്ങി തന്നു. പലരും മുഴുപട്ടിണിയില്‍ ഉഗാണ്ടയില്‍ അലഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരിക്കലും പോലും  ദാരിദ്യത്താല്‍ വീണു പോയില്ല. എങ്കിലും ഇപ്പോള്‍ എനിക്ക് പറയാനാകും, ഞാന്‍ സന്തോഷത്തോടെ ജീവിച്ച ഒരേ ഒരു കാലം എന്‍റെ ബാല്യം മാത്രമാണെന്ന്. ചെറുപ്പത്തിലെ ബ്രില്ല്യന്റ്റ് ആയിരുന്ന ഞാന്‍ പഠിച്ചത് മുഴുവന്‍ സ്കോളര്‍ഷിപ്പ്‌ വാങ്ങിയായിരുന്നു. എന്‍റെ സ്കൂള്‍ വിദ്യാഭ്യസത്തില്‍ എനിക്കല്ലാതെ മറ്റൊരാള്‍ക്കും ഗോള്‍ഡ്‌ മെഡല്‍ കിട്ടിയിട്ടില്ലായിരുന്നു. അത്രക്ക് തലയായിരുന്നു എനിക്കെന്നു എല്ലാരും പറയുമായിരുന്നു.

ഞാന്‍ കൌമാരത്തിലേക്ക് കിടന്നപ്പോള്‍ കാലം എന്നെ കൂടുതല്‍ സുന്ദരിയാക്കി. എന്‍റെ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണെന്ന് എന്‍റെ ആരാധകര്‍ പറഞ്ഞിട്ടുണ്ട്. കോളേജില്‍ എത്തിയ അന്ന് മുതല്‍ എന്‍റെ പുറകെ  ആ കോളേജ് മുഴുവനും ഉണ്ടായിരുന്നു. ആരുടേയും പ്രേമാഭ്യാര്‍ത്ഥനയില്‍ എന്‍റെ മനസ് വീണു പോയില്ല.

ആ ക്യാമ്പസില്‍ വെച്ച് തന്നെയാണ് ഞാന്‍ ഇദീ അമിനെ കണ്ടുമുട്ടുന്നത്. ഇന്നാലോചിക്കുമ്പോള്‍ ആ കണ്ടുമുട്ടലാണ് എന്‍റെ ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിച്ചതെന്നു നിഷ്പ്രയാസം പറയാമെനിക്ക്. എണ്ണകറുപ്പും ആറടിയില്‍ കൂടുതല്‍ പൊക്കവും, അതിനൊത്ത വണ്ണവും ഉള്ള അദ്ദേഹത്തെ ആര് കണ്ടാലും ഒന്ന് വിറയ്ക്കും. കോളേജില്‍ ആരും തന്നെ അദ്ദേഹത്തോട് മിണ്ടാറുപോലും ഇല്ലായിരുന്നു.അദ്ദേഹത്തിന്‍റെ കണ്ണിലെ നിശ്ചയദാര്‍ഢ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പേടിച്ചാണെങ്കിലും ഞാന്‍ കര്‍ക്കശക്കാരനായ  അദ്ദേഹത്തോട് മിണ്ടി. അദ്ദേഹത്തിന്‍റെ പെരുമാറ്റം കണ്ടപ്പോള്‍ എന്‍റെ സൗഹൃദം അദ്ദേഹവും ആഗ്രഹിച്ചിരുന്നു എന്ന് മനസിലായി.ഞങ്ങള്‍ പെട്ടെന്ന്‌ തന്നെ നല്ല സുഹൃത്തുക്കള്‍ ആയി മാറി.പിന്നീടത് പ്രണയം ആകാന്‍ അധികം നാള്‍ വേണ്ടി വന്നില്ല.

അദ്ദേഹം അന്നെന്നെ ആത്മാര്‍ത്ഥമായിട്ടായിരുന്നോ സ്നേഹിച്ചതെന്നു ഇന്നും എനിക്കുറപ്പില്ല. അദ്ദേഹത്തിന്‍റെ ഏത് ഇഷ്ട്ടവും അദ്ദേഹം നേടിയിടുക്കുമായിരുന്നു.അതില്‍ ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടുമില്ല. അദ്ദേഹം ഉഗാണ്ടയുടെ പ്രസിഡന്റ്‌ ആകുമെന്നോ,ഹിറ്റ്ലര്‍ രണ്ടാമനെന്നും, ആഫ്രിക്കയുടെ കൊലയാളിയെന്നും അറിയപ്പെടുമെന്നും അന്നെനിക്കറിയില്ലായിരുന്നല്ലോ.

 ഒഴിവ് നേരങ്ങളില്‍ എല്ലാം ക്യാമ്പസിലെ ഓരോ മുക്കും മൂലയും ഞങ്ങള്‍ സ്വന്തമാക്കി. മണിക്കൂറുകളോളം ഞങ്ങള്‍ ലൈബ്രറിയില്‍ ചിലവഴിച്ചു. പ്രണയ ദിനങ്ങളില്‍ ഞങ്ങള്‍ കാണാത്ത സിനിമകളും,കേറാത്ത കഫീറ്റീരിയകളും കുറവായിരുന്നു. ഞങ്ങളുടെ പ്രണയം   അതിര്‍ത്തികള്‍ ഇല്ലാതെ ഒഴുകി അവസാനം വിവാഹത്തില്‍ എത്തി നിന്നു. അദ്ദേഹം ആദ്യ ഭാര്യ, മാല്യാമുവിനെ കല്യാണം കഴിച്ചിട്ട് വെറും നാല് മാസമേ പൂര്‍ത്തിയായിരുന്നോള്ളൂ.  അദ്ദേഹം എന്‍റെ പപ്പയുടെ സുഹൃത്തും,എന്‍റെ അകന്ന ബന്ധുവും ആയിരുന്നതിനാല്‍ എന്‍റെ വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയോടെ ആയിരുന്നു വിവാഹം. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമേ വന്നിരുന്നോള്ളൂ. ചടങ്ങില്‍ മാല്യാമു വന്നില്ല. പാവം വീട്ടില്‍ ഇരുന്നു കരയുകയായിരുന്നിരിക്കണം. പിന്നീടും ആ വേദന  അറിഞ്ഞപ്പോഴും, കണ്ണീര് കണ്ടപ്പോഴും കണ്ടില്ലെന്നു നടിക്കാന്‍ എനിക്കായി.

എന്‍റെ കല്യാണത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ഏകദേശം ആറു മാസങ്ങള്‍ക്ക് ശേഷം നോറയെ അദ്ദേഹം കല്യാണം കഴിച്ചു. മാല്യാമു അനുഭവിച്ച അതേ യാതനകള്‍ എനിക്കായി വന്നു. ഞങ്ങള്‍ 2 പേരും പരസ്പരം താങ്ങായി മാറി. ഇതിനോടകം തന്നെ അദ്ദേഹം ദാദ ആയി മാറിയിരുന്നു. പ്രസിഡന്റ്‌ പദവി അദ്ദേഹത്തിന് കൂട്ടക്കുരുതിക്ക് ലൈസന്‍സ് കൊടുത്തു.ബോക്സിംഗ് ചാമ്പ്യന്‍ ആയ അദ്ദേഹത്തിന്‍റെ ഞങ്ങളുടെ മേലുള്ള പീഡനങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് നിങ്ങള്‍ക്കും ഊഹിക്കാമല്ലോ?. മനുഷ്യതീനി ആയ അദ്ദേഹം നിരപരാധികളായ മൂന്നു ലക്ഷം ആളുകളെയാണ്  കൊന്നൊടുക്കിയത്. അദ്ദേഹത്തിന്‍റെ ആജ്ഞ അക്ഷരം പ്രതി അനുസരിക്കുക അല്ലാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു.അദ്ദേഹത്തെ എതിര്‍ത്തവരെല്ലാം ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയിലൂടെ ലോകം അറിഞ്ഞൂണ്ടിരുന്നു. സ്വേച്ഛാധിപതിയായ അദ്ദേഹത്തിനെതിരെ ഒരു പോലീസോ,കോടതിയോ ഉണ്ടായിരുന്നില്ല.

എന്‍റെ നല്ല കാലം എന്നേ അവസാനിച്ചിരുന്നു. എന്‍റെ കണ്ണുകളിലെ തിളക്കവും മണ്ണടിഞ്ഞുപോയിരുന്നു. അദ്ദേഹം ലോകത്തിലെ ക്രൂരനായ ഭരണാധികാരിയായി മാറി. നിങ്ങള്‍ക്കറിയാമോ,അദ്ദേഹത്തിന്‍റെ പ്രിയ ഭക്ഷണം മനുഷ്യന്‍ തന്നെയായിരുന്നു.പലരേയും ചുട്ടും,വേവിച്ചും അദ്ദേഹം വിശപ്പടക്കിയിട്ടുണ്ട്.ഞങ്ങളുടെ വിലാപങ്ങള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങി.ചവിട്ടി അരക്കപെട്ട ഒരു പാഴ് ജന്മമായിരുന്നു എന്‍റെത്. 

വിവാഹങ്ങള്‍ അദ്ദേഹത്തിനൊരു ഹോബി മാത്രമായിരുന്നു. നോറക്ക്‌ ശേഷം അദ്ദേഹം മദീനയെ വിവാഹം കഴിച്ചു. 5 ഭാര്യമാരിലുമായി 25 കുട്ടികളും ഉണ്ടായി. മദീനയെ വിവാഹം കഴിച്ച നാള്‍ ഞങ്ങള്‍ സര്‍വരുടെയും നിയന്ത്രണം വിട്ടുപോയി. പ്രസിഡന്‍സി ലോഡ്ജില്‍ 2 വര്‍ഷമാണ്‌ തടങ്കലില്‍ അടച്ചപോലെ ഞങ്ങള്‍ ജീവിച്ചത്. ആ ജീവിതവും, മദീനയുമായുള്ള വിവാഹവും  ഞങ്ങള്‍ക്ക് എന്തോ ഒരു ധൈര്യം തന്നു. 

പുറത്ത് കടന്ന ഞങ്ങള്‍ അദ്ദേഹം അറിയാതെ ഹോട്ടലില്‍ ഒരു പാര്‍ട്ടി വെച്ചു. ഇതറിഞ്ഞു അദ്ദേഹം പാര്‍ട്ടി നിര്‍ത്താന്‍ ആവശ്യപെട്ടു ഒരാളെ പറഞ്ഞുവിട്ടു. പാര്‍ട്ടി നിര്‍ത്താന്‍ ഞങ്ങള്‍ ഒരുക്കം അല്ലെന്നും,ഡിവോര്‍സ് ചെയ്ത് അവളോടൊപ്പം ജീവിച്ചോളാനും   പറഞ്ഞു  അയാളെ തിരിച്ചുവിട്ടു.

കുപിതനായ അദ്ദേഹം പിറ്റേന്ന് തന്നെ ഞങ്ങളെ നാലുപേരെയും ഡിവോര്‍സ് ചെയ്തതായി റേഡിയോയിലൂടെ പറഞ്ഞു.ഞങ്ങള്‍ ആരും ഒരു തുള്ളി കണ്ണീര്‍ വീഴ്ത്തിയില്ല. അദ്ദേഹത്തില്‍ നിന്നും ഒരു മോചനം ഞങ്ങള്‍ക്ക് അനുവാര്യം ആയിരുന്നു.

സ്നേഹിക്കപെടാനും സ്നേഹിക്കാനും എന്‍റെ മനസ് വെമ്പല്‍ കൊള്ളുകയായിരുന്നു.അങ്ങനെയിരുന്നപ്പോള്‍ ആണ് പാത്തോളജിസ്റ്റ് ആയ ഡോക്ടര്‍ പീറ്ററിനെ ഞാന്‍ കാണുന്നത്. വിവാഹിതനായിരുന്നെങ്കിലും ശൂന്യമായ എന്‍റെ മനസിനെ താങ്ങാന്‍ ഡോക്ടറിനായി. ഡോക്ടറോടുള്ള അടുപ്പം എന്‍റെ എല്ലാ വേദനകളും തുടച്ചു മാറ്റി. ഡോക്ടര്‍ക്ക് എന്നോട് ആദ്യം ഒരു സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വൈകാതെ പ്രണയത്തിന്റെ ഒരു നാളം ഞങ്ങളില്‍ നിവേശിച്ചു.ഞങ്ങളുടെ പ്രണയം ആരും അറിയാതിരിക്കാന്‍ ഞങ്ങള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയി.

ഡിവോര്‍സ് ആയ എനിക്കെതിരെ ആയുധം കൈയ്യില്‍ വെച്ചു എന്ന് പറഞ്ഞു അദ്ദേഹം കേസ് കൊടുത്തു.ആയുധം അദ്ദേഹത്തിന്‍റെ തന്നെയാണന്ന് തെളിഞ്ഞത് കൊണ്ട് എന്നെ കുറ്റവിമുക്തയാക്കി.

എന്‍റെ ഡിവോര്‍സ് എന്‍റെ കുടുംബത്തിനു നാണക്കേടായി മാറി.പപ്പ അമീനെ കണ്ട് എന്നെ തിരിച്ചു കൊണ്ടുപോകാന്‍ പറഞ്ഞു. ആ തീരുമാനം എനിക്ക്‌ ഗത്യന്തരമില്ലാതെ  അനുസരിക്കേണ്ടി വന്നു.

അവടെ എത്തിയ അമിനെ എനിക്ക് സ്നേഹിക്കാന്‍ ആയില്ല.ഡോക്ടറെ കാണാതിരിക്കാന്‍ എനിക്ക്‌ വയ്യാതായി. ഡോക്ടരോടൊപ്പം നിശാക്ലബുകളില്‍ പോകുന്നത് പതിവായി. അദ്ദേഹത്തിന്‍റെ ചാരന്മാര്‍ എന്‍റെ സ്വപ്‌നങ്ങളുടെ നിറം കെടുത്തി. അങ്ങനെ വൈകാതെ എന്‍റെ രഹസ്യ ബന്ധം അമിന്‍റെ ചെവിയിലും  എത്തി. എന്‍റെ വയറ്റില്‍ ഡോക്ടറുടെ കുഞ്ഞു വളരുന്നത് അദ്ദേഹത്തിന് ഒട്ടും സഹിക്കാന്‍ പറ്റിയില്ല.

പിന്നീടുള്ള സംഭവങ്ങള്‍ ലോകം അറിഞ്ഞില്ല.ഡോക്ടറെ ജീവനോടെ കത്തിച്ചു. അതിന്റെ പിറ്റേന്ന് തന്നെ എന്‍റെ മരണവും ലോകം അറിഞ്ഞു. അബോര്‍ഷന്‍ മൂലമുണ്ടായ ബ്ലീഡിംഗ് ആണ് മരണകാരണമെന്നാണ്പത്രത്തില്‍ വന്നത്.

ശരിക്കും നടന്നത് ഇതായിരുന്നു. എല്ലാം അറിഞ്ഞ അമിന്‍ എന്‍റെ അടുത്ത് വന്നു.അദ്ദേഹം എന്നോടൊന്നും ചോദിച്ചില്ല. ഞാനും ഒന്നും മിണ്ടിയില്ല. എന്‍റെ മരണം ഞാന്‍ ഉറപ്പാക്കിയിരുന്നു.അത് എപ്രകാരം ആണെന്ന് മാത്രമേ സംശയം ഉണ്ടായിരുന്നൊള്ളൂ.

എന്നെ അദ്ദേഹം അതി ക്രൂരമായി മര്‍ദ്ദിച്ചു. വേദനകൊണ്ട് ഞാന്‍ അലറിവിളിച്ചു. പൂട്ടിയിട്ട വാതിലിനപ്പുറം എന്‍റെ ശബ്ദം സഞ്ചരിച്ചില്ല. അദ്ദേഹം എന്‍റെ കൈകള്‍ മുറിച്ചെടുത്തു. വേദനകൊണ്ട് പുളഞ്ഞ ഞാന്‍ എന്നെ കൊന്നേക്കൂ എന്ന് പറഞ്ഞു കാലില്‍ വീണു കരഞ്ഞു.ഒന്നും പറയാതെ അദ്ദേഹം എന്‍റെ കാലുകളും മുറിച്ചു മാറ്റി. പിന്നീട് അദ്ദേഹം ചെയ്ത കാര്യം ലോകത്തില്‍ ആരും ചെയ്യാത്തതും  ഇനി ചെയ്യാനും സാധ്യത ഇല്ലാത്ത ഒരു മൃഗീയ കൊലയായിരുന്നു.

വിദഗ്ദ്ധനായ ഒരു സര്‍ജെനെ പോലെ എന്‍റെ തോളില്‍ അറ്റുപോയ കൈകളുടെ സ്ഥാനത്ത് കാലുകളും, കാലിന്റെ സ്ഥാനത്ത് കൈകളും തുന്നിച്ചേര്‍ത്തു. അവിടം രക്തക്കളമായി മാറി.അപ്പോഴേക്കും എന്‍റെ  ബോധം പൂര്‍ണമായും നശിച്ചിരുന്നു.ചോരയില്‍ കുളിച്ച ഞാന്‍ എപ്പോഴോ മരണപ്പെട്ടു
അദ്ദേഹം എന്‍റെ കൈകാലുകള്‍ ഒരു ബോക്സിലും, ബാക്കി ശരീരം വേറൊരു ബോക്സിലുമായി ഭദ്രമായി പൊതിഞ്ഞ് ഫ്രീസറില്‍ വെച്ചു.

അദ്ദേഹം പോയി ബാക്കി ഭാര്യമാരെയും എന്‍റെ കുട്ടികളെയും വിളിച്ചുകൊണ്ട് വന്നു.എന്‍റെ ശവം കണ്ട മാത്രയില്‍ എല്ലാരും അലമുറയിട്ടു കരഞ്ഞു.അവരും മരണം മുന്നില്‍ കണ്ടു. എന്നാല്‍ അവരെ അദ്ദേഹം ഉപദ്രവിച്ചില്ല.അവരോടായി അദ്ദേഹം പറഞ്ഞു .
" വഞ്ചിച്ചാല്‍ ഇതായിരിക്കും നിങ്ങളുടെം അനുഭവം"

എന്‍റെ കുട്ടികള്‍ ഒന്നും കാണാന്‍ വയ്യാതെ കരഞ്ഞു തളര്‍ന്നു കിടന്നു. അവരോട് ഇത്രമാത്രം അദ്ദേഹം പറഞ്ഞു.
"നിങ്ങളുടെ അമ്മ ഒരു ചീത്ത സ്ത്രീ ആയിരുന്നു"

ആ വാക്കുകള്‍ എന്‍റെ ആത്മാവിനെ കീറിമുറിച്ചു.
അവര്‍ക്ക് എന്‍റെ ശവത്തിനു ഒരു അന്ത്യാചുംബനം എങ്കിലും തരണം എന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹം അവരെയെല്ലാം വലിച്ചിഴച്ചു കൊണ്ട് പോയി. പോകുമ്പോഴും അവരുടെ കണ്ണുകള്‍ വികൃതമായ എന്‍റെ ശരീരത്തില്‍ ആയിരുന്നു.

വേദനയോടെ എല്ലാം കണ്ട എന്‍റെ ആത്മാവ് എങ്ങോട്ടോ പറന്നുയര്‍ന്നു....