Saturday 26 October 2013

ഇരുട്ടിലേക്ക്




കടബംസിന്റെ മുറ്റത്ത് വീണുകിടക്കുന്ന  വാകപ്പൂക്കളെ നോക്കി ഒരു ബെഞ്ചില്‍ രാഹുല്‍ ഇരിക്കുന്നുണ്ട്. ഭക്ഷണത്തിന്‍റെ ബെല്ലൊന്നും അയാള്‍ കേട്ടില്ല. പിച്ചും,പേയും പറയുന്നുണ്ട്.അതങ്ങനെയാണ് 'സ്കീസോഫ്രീനിയ'യുടെ ദയനീയമായ ഒരു ലക്ഷണം.സോഷ്യല്‍ വര്‍ക്കര്‍ വന്നു ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും രാഹുല്‍ കൂടെ പോകാനോ,കഴിക്കാനോ സമ്മതിച്ചില്ല. അയാള്‍ ഏതോ പഴയ കാലഘട്ടത്തിലേക്ക്,അല്ലെങ്കില്‍ നീറുന്ന അവളുടെ ഓര്‍മകളിലേക്ക് ഊളിയിട്ടു ഇറങ്ങുവാണോ എന്ന് തോന്നും ആ കണ്ണുകളിലെ ഇരുട്ട് കണ്ടാല്‍.....
        അവള്‍,നിവേദ്യ. അവളൊരു പാവം.സൂചി കറങ്ങുന്നുണ്ടെങ്കിലും സമയം നീങ്ങുന്നതൊന്നും അവള്‍ അറിയുന്നില്ല.ഒന്ന് ചോദിച്ചാല്‍ ഏത് ദിവസമാണ് എന്ന് പോലും അവള്‍ക്കറിയുമായിരുന്നില്ല.ഹൂസ്റ്റണിലെ മഞ്ഞുവീഴുന്ന തണുപ്പില്‍ ദിവസത്തിന്‍റെ മുക്കാപങ്കും അവള്‍ ഉറങ്ങി തീര്‍ത്തു.ഉറങ്ങുന്ന ആ സമയമെങ്കിലും സമാധാനവും,സന്തോഷവും ഉണ്ടാകുമല്ലോ എന്നോര്‍ത്താവാം അവള്‍ ഉറങ്ങുന്നത്.പുറത്തുള്ള മഞ്ഞോ,വെയിലോ ഒന്നും അവള്‍ അറിയുന്നില്ല.എങ്ങനെ അറിയാനാണ് അവളെ പുറത്തിറക്കില്ലല്ലോ കാണാന്‍.ദേഹത്തൊരു ജാക്കറ്റും,കാലില്‍ സോക്സും ഇട്ട് കൂഞ്ഞിക്കൂടി ഒരേ ഒരു ഇരുപ്പ്.ഇരുന്നിവള്‍ ജീവിതം തീര്‍ക്കോ എന്ന് തോന്നിപ്പോകും.അവള്‍ക്ക് ജീവിതം ഇത്ര മുഷിപ്പിക്കലാണോ,ആണെന്ന് തന്നെ പറയാം.വലിയ തറവാട്ടില്‍ ജനിച്ചു.ചെറുപ്പത്തിലെ അച്ചനും,അമ്മയും പോയി.ഏട്ടനാണ് ഒരു അല്ലലും കൂടാതെ വളര്‍ത്തി, വെല്ലൂരില്‍ വിട്ടു പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കിയത്.എന്നിട്ടെന്തായി കല്യാണത്തോടെ എല്ലാം താറുമാറായി.

             "ടി നിവേദ്യെ??
ആക്രോശം കേട്ടവള്‍ ചോദിച്ചു
എന്താ രാഹുല്‍?
"എന്‍റെ ഷൂസ് എവിടെ?
അവള്‍ സൌമ്യമായി പറഞ്ഞു,ആ ഷൂ റാക്കില്‍ ഉണ്ടല്ലോ,,
'നിനക്കത് എടുത്ത് തന്നാല്‍ എന്താ, കയ്യിലെ വള ഊരിപ്പോകോ.,എല്ലാത്തിനും
എന്നെ ഓടിക്കണം.
പതിവുപോലെ രാവിലെ തന്നെ കലാപരിപാടികള്‍ ആരംഭിച്ചു.
അവള്‍ ചോദിച്ചു,എന്തിനാ രാഹുല്‍ ഇത്ര ദേഷ്യപ്പെടുന്നത്?
"എങ്കില്‍ തമ്പുരാട്ടിയെ പുന്നാരിക്കാം ,നീ എന്ന് കേറിവന്നോ,അന്ന് തീര്‍ന്നു എന്‍റെ ലൈഫും,കരിയറും,,,എനിക്ക് വേണ്ടി മാത്രം സൃഷ്ട്ടിച്ച കരിഞ്ഞപൂവ്.....
അവള്‍ ഒന്നും തിരിച്ചു പറയാറില്ല,പറഞ്ഞിട്ടും കാര്യമില്ല.
പതുവുപോലെ തന്നെ തനിക്കു വേണ്ടി ഉണ്ടാക്കിയ  ടിഫിന്‍ കണ്ടില്ലെന്നു വെച്ച്,രാഹുല്‍ നടന്നകന്നു.
രാഹുല്‍ ഓഫീസില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് 'ടയ്' കെട്ടീട്ടില്ലെന്നു.
ഉടനെ നിവെദ്യക്ക് ഫോണ്‍ വന്നു
"ടയ്'കെട്ടാതെ വരുന്നത് നീ കണ്ടില്ലേ?
അവള്‍ ഒന്നും മിണ്ടിയില്ല.
"എങ്ങനെ കാണും,നീ പൊട്ടക്കണ്ണി ആണല്ലോ"
ഫോണ്‍ ഇട്ട് പൊട്ടിക്കുന്ന ശബ്ദം അവള്‍ കേട്ടു.
അവള്‍ ഇപ്പോള്‍ കരയാറേയില്ല.കല്യാണം കഴിഞ്ഞ്, രണ്ട് വര്‍ഷവും കരഞ്ഞത് കൊണ്ടാവാം.കണീര്‍ വറ്റിപോയിരുന്നു.മുഖത്തു ഒരു ഭാവവും ഇല്ല.ഒരു നിര്‍വികാരത.അവള്‍ ജനാലയില്‍ പിടിച്ച്,പുറത്തോട്ടു അലക്ഷ്യമായി എന്തോ നോക്കി,ഒരേ നില്‍പ്പ്.
ഫോണ്‍ ബെല്ലടിക്കുന്നത് വരെ,അങ്ങനെ നിന്നു.
ഫോണ്‍ എടുത്തു.ഏട്ടനാണ്."കുഞ്ഞീ, മോളെ...നിനക്ക് സുഖമാണോന്നു ചോദിക്കുന്നില്ല,നീ വല്ലതും കഴിക്കുന്നുണ്ടോ,നിന്നെ ഓര്‍ക്കണ്ട,ആ കുഞ്ഞിനെയെങ്കിലും ഓര്‍ത്ത്"...
 അവള്‍ ഒന്നും മിണ്ടിയില്ലെങ്കിലും,ഏട്ടന്‍ പറഞ്ഞുകൊണ്ടിരുന്നു.അവസാനം ഫോണ്‍ കട്ടായി.
"തനിക്ക് കുറച്ച് തൊലിവെളുപ്പും,സൗന്ദര്യവും കൂടിപ്പോയത് കൊണ്ട്,അല്ലെങ്കില്‍ പുറത്ത്പോകുമ്പോള്‍ ആണുങ്ങളുടെ കഴുകന്‍ കണ്ണുകള്‍ തന്നെ സ്കാന്‍ ചെയ്യുന്നു എന്നത് കൊണ്ട്,താന്‍ കുറ്റക്കാരിയാവോ,ഈ സംശയ രോഗം എന്താകും എന്‍റെ ഈശ്വര,തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞുപോലും രാഹുലിന്റെ അല്ലന്നു പറഞ്ഞുകഴിഞ്ഞു"....
 പിന്നെ എന്തിനു കുഞ്ഞിനെ ഓര്‍ത്ത് വല്ലതും കഴിക്കണം.അച്ഛന്റേം,അമ്മയുടെം അടുത്തേക്ക് പോകണം എന്ന് പലതവണ ചിന്തിച്ചതാണ്,സ്വന്തം ജീവിതവും,കല്യാണം പോലും വേണ്ടാന്നു വെച്ച്‌,തനിക്കു വേണ്ടി മാത്രം ജീവിച്ച ഏട്ടനെ ഓര്‍ത്ത് എല്ലാം വേണ്ടാന്നു വെക്കും.മുക്കോടി ഈശ്വരന്മാരില്‍ ആര്‍ക്കും കനിവില്ലെന്നുണ്ടോ....
തണുത്ത് വിറങ്ങലിച്ച്,ആ ഇരിപ്പ് നാലുമണി വരെ തുടര്‍ന്നു.
കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്നു.രാഹുല്‍ ആണ്.
"നാലുമണിക്ക് ഞാന്‍ വരുമെന്നറിയില്ലേ,വാതില്‍ തുറന്നിട്ടാല്‍ എന്താ നിനക്ക്??
ഇതിനും അവള്‍ ഒന്നും മറുപടി പറഞ്ഞില്ല.
രാഹുല്‍ മുറിയില്‍ കേറി,വാതില്‍ കൊട്ടിയടച്ചു.കുപ്പികള്‍ പൊട്ടിച്ചു,മദ്യപാനം തുടങ്ങി.
കല്യാണത്തിന്റെ അന്നുവരെ രാഹുല്‍ നല്ലവനായിരുന്നു.ഏട്ടന്റെ ഉറ്റചങ്ങാതി.കല്യാണ പിറ്റേന്നു വന്ന,നിവേദ്യയെ പറ്റി മോശായി ചിത്രീകരിച്ച ഒരു മെയില്‍ ആയിരുന്നു അവളുടെ ജീവിതം തകര്‍ത്തെറിഞ്ഞത്.വെല്ലൂരില്‍ വെച്ച്.ഉത്തരേന്ത്യക്കാര്‍ അടക്കം പലരും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും,അവള്‍ വീണില്ല.നിരാശ കാമുകരില്‍ ആരോ ആയിരിക്കണം മെയില്‍ അയച്ചത്.അത് കണ്ടുപിടിക്കാന്‍ ആരും ശ്രമിച്ചുമില്ല.വിവരം ഏട്ടന്‍ അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.രാഹുലിന്റെ മുന്നില്‍ ഏട്ടന്‍ ചതിയനും,ശത്രുവും ആയി.
  അന്ന് തുടങ്ങിയതാണീ കുടിയും,അടിയും എല്ലാം.തികഞ്ഞ ഒരു സാഡിസ്റ്റ്.എങ്ങനെ വാക്കുകള്‍ കുറിക്കുകൊള്ളിക്കാമെന്നു അറിയുന്ന കോമാളി.
മെയിലില്‍ ഒരു വസ്തവവും ഇല്ലെന്നു എല്ലാരും പറഞ്ഞു.രാഹുലിന്റെ അച്ചനും,അമ്മയും അടക്കം.എന്നിട്ടും ഒരു മാറ്റവും ഇല്ല.സംശയത്തിന്റെ വിത്ത് ദിനവും വളര്‍ന്നു പന്തലിച്ചു.
 രാഹുലിന് ജോലിയിലും ഒരു ശ്രദ്ധയില്ല.പോസ്റ്റുകള്‍ താഴോട്ട്,താഴോട്ട് വന്നു.കമ്പനിയുടെ ഉയര്‍ച്ചക്ക് ഒരുനാള്‍ ചുക്കാന്‍ പിടിച്ച മസ്തിഷ്കം എന്ന ഒരേ ഒരു പരിഗണയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടില്ല .
 രാഹുലിന്റെ അച്ഛനമ്മമാര്‍ കഴിക്കാവുന്ന നേര്‍ച്ചകളും,കാഴ്ചകളും മുടങ്ങാതെ കഴിച്ചു.അതൊന്നും ആരേം രക്ഷിച്ചില്ല.

നിവെദ്യയുടെ ഏട്ടന്‍ എന്നും അച്ഛനമാമാരുടെ കുഴിമാടത്തിലെത്തും.കുറെ കരയും,കുഞ്ഞനുജത്തിയെ രക്ഷിക്കാന്‍ പറ്റാതെപോയ പാഴ്ജന്മം എന്നും പറഞ്ഞ് മാപ്പിരക്കും.ആ കരച്ചില്‍ എന്നും ഒരു ചാറ്റല്‍ മഴയില്‍ ഒഴുകിയൊലിക്കും.

നിവെദ്യക്കിത് നാലാം മാസം ,കുഞ്ഞു നൃത്തം ചവിട്ടി സാന്നിദ്യം അറിയിച്ചു. അവളില്‍ മാറ്റങ്ങള്‍ ഉണ്ടായി.പതുക്കെ അവള്‍ ഒറ്റപ്പെടലില്‍ നിന്നും മോചിതയായി.താനേറെ സ്നേഹിച്ച സംഗീതത്തിന്‍റെ വഴിയിലേക്ക് മാറിത്തുടങ്ങി.ദിവസവും കുറെ മണിക്കൂര്‍ പാട്ട് കേട്ടു.കുഞ്ഞിനെ താരാട്ട് പാടിയുറക്കി.വായ്ക്കു രുചിയുള്ള ഭക്ഷണം ഉണ്ടാക്കി.അങ്ങനെ അവള്‍ പഴയ നിവെദ്യയായി.

എങ്കിലും ആ സന്തോഷത്തിനു ഒരാഴ്ച്ചയില്‍ കൂടുതല്‍ ആയുസ് ഈശ്വരന്‍ കൊടുത്തില്ല.പതിവിനു വിപരീതമായി സന്തോഷവതിയായി അവളെ കണ്ട രാഹുലില്‍ സംശയം അഗ്നി പര്‍വതം പോലെ പൊട്ടി. അവളെ അയാള്‍ കൊല്ലാക്കൊല ചെയ്തു.കുത്തുവാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയേറി.അവളാ ധൂമകേതുവില്‍ മാഞ്ഞില്ലാതായി.കലാപങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.അവള്‍ ഓരോദിവസം ചെല്ലുന്തോറും എല്ലും,തോലും മാത്രമായി മാറി.

 അങ്ങനെ ഒരു ദിവസം രാഹുലിന്റെ ഓഫീസില്‍,അയാളെ കാത്ത് ഒരു വിസിറ്റര്‍ ഉണ്ടായിരുന്നു. അയാള്‍ രഹുലിനോട്  കുറേ നേരം സംസാരിച്ചു.രാഹുല്‍ ഒന്നും തന്നെ തിരിച്ചു പറയാതെ  ഫ്ലാറ്റിലേക്ക്,തന്‍റെ പ്രിയതമയുടെ അടുത്തേക്ക് ഓടി. പതിവിനു വിപരീതമായി വാതില്‍ തുറന്നു കിടപ്പുണ്ടായിരുന്നു. റൂമില്‍ ഓടിക്കിതച്ചെത്തിയപ്പോള്‍ അയാള്‍ വിറങ്ങലിച്ചു നിന്നുപോയി. തന്‍റെ മുന്നില്‍ കിടന്നു നിവേദ്യ ഉറങ്ങുവായിരുന്നു,അവളുടെ പ്രിയപ്പെട്ട അമ്മയുടെ മടിയില്‍.....
                        




Tuesday 22 October 2013

വയനാട്ടിലെ കുറിച്ച്യരും,കുറുമരും

കുറിച്ച്യര്‍  (മലബ്രാഹ്മണര്‍)
വയനാടിന്‍റെ  ചരിത്രത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ആദിവാസി സമൂഹമാണ് കുറിച്യര്‍.ആദിവാസികളിലെ ഏറ്റവും ഉയർന്ന ജാതിയായി ഇവർ കണക്കാക്കപ്പെടുന്നു. മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഇവരെ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി കാണാം."മിറ്റം" എന്നാണ് കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.വയനാടിന്റെ ഉടമാവകാശം സ്ഥാപിച്ചെടുത്ത നായന്മാരോടൊപ്പം വേടന്‍ കോട്ട ആക്രമണത്തില്‍ ഇവര്‍ പങ്കെടുത്തു.അമ്പും,വില്ലും ഉപയോഗിച്ചും,ഗറില്ലാ യുദ്ധ മുറകള്‍ കൊണ്ടും ഇവര്‍ ശത്രുക്കളെ കീഴ്പ്പെടുത്തി."പഴശിയുടെ കരിമ്പട" എന്നാണ് ഇവരെ വിളിച്ചിരുന്നത്.1780-ഇല്‍ ടിപ്പു സുല്‍ത്താനോട്‌ ഏറ്റു മുട്ടുമ്പോള്‍ തൊട്ട് ഇവര്‍ പഴശിയുടെ കൂടെയുണ്ടായിരുന്നു.കുറിച്യരുടെ 38 കുലങ്ങള്‍ വയനാട്ടില്‍ ഉണ്ട്.


ഐതിഹ്യം
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളിൽ പ്രധാനപ്പെട്ടവവയിൽ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം  രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ തിരുവിതാംകൂര്‍കാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധം ജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു എന്നാണു പറയുന്നത്.
കുറിച്യരുടെ കോളനി


അയിത്താചാരം
കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാൽ അയിത്തമായി എന്നവർ ധരിക്കുന്നു. ബ്രാഹ്മണര്‍ക്കും വയനാട്ടിലെ പഴയ നായന്മാര്‍ക്കും ഒഴിച്ച് മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവർ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.

ആരാധന
മലോന്‍,മലകാരി,കരിമ്പിലിപൊവുതി,കരമ്പില്‍ ഭഗവതി, അതിരാളന്‍, തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പന്‍,ഭദ്രകാളി,ഭഗവതി
തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി  മലക്കാരിയെ വിശ്വസിക്കുന്നു.പരമശിവനാണ് വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍  ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങൾ. കരിമ്പിലി ഭഗവതി സ്ത്രീകൾക്ക സുഖപ്രസവം പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു എന്നാണ് ഇവരുടെ വിശ്വാസം.

വേട്ടയാടൽ
അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു. മാംസം ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകൾക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.

കലകൾ
മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താൽ കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കിൽത്തന്നെ മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകൾ ഇവർക്കുമുണ്ട്.

 കുറുമര്‍
വയനാട്ടിലെ മറ്റൊരുവിഭാഗം ആദിവാസികളാണിവര്‍.നീണ്ട കഴുത്തും, അധികം കുറിയതോ,നീണ്ടതോ അല്ലാത്ത ആകാരവും,ആകര്‍ഷകമായ നിറവും ഉള്ള ഇവര്‍ ഒരു രാജവംശത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നു.ഏതാനും കുറുമ വീടുകള്‍ ചേര്‍ന്നു "കുടികളും"."കുടികാരണവന്മാരും", ഇവര്‍ക്ക് മുകളില്‍ "കുന്നില്‍കാരണവന്മാരും".അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായി "കുന്നില്‍ വാല്യക്കാരനും" ഉണ്ടായിരുന്നു.

ഗോത്ര ദൈവങ്ങള്‍ക്ക് നേര്‍ച്ചയര്‍പ്പിക്കാന്‍ ഇവര്‍ തറയാണ് ഉപയോഗിച്ചിരുന്നത്.വയനാട്ടിലെ കല്‍പ്പറ്റയില്‍ പൂജാകൂട്ടത്തിനായി മൈതാനവും,തറയും ഉണ്ട്.ഇവടെ കൊയ്ത്തുകഴിഞ്ഞ് കോളിയാടി മൂപ്പന്റെ നേതൃത്തത്തിലാണ് ഉത്സവം  നടത്തുന്നത്.ഗോത്ര ദൈവമായ,ശിവന്റെ പ്രതിരൂപം  "കാളിമല" ആണ് ആരാധനാ മൂര്‍ത്തി. ആ വര്‍ഷത്തില്‍ നേരിടേണ്ടി വന്ന കഷ്ട്ടപ്പാടുകളെയും,വിഷമങ്ങളെയും കുലദൈവങ്ങള്‍ക്ക് മുന്നില്‍ പറയും.കൊയ്ത്തും,മെതിയും കഴിഞ്ഞതിന്റെ സന്തോഷം അറിയിക്കുകയും, മണ്‍മറിഞ്ഞ പിതാക്കന്മാരെ ഉത്സവത്തില്‍ ഓര്‍ക്കുകയും ചെയ്യും.കൊയ്ത്കിട്ടിയ അരികൊണ്ട് ദോശയുണ്ടാക്കി ദൈവങ്ങള്‍ക്കും,പിതമാഹന്മാര്‍ക്കും കൊടുത്തശേഷം എല്ലാര്‍ക്കും കൊടുക്കും. ഈ ഉത്സവത്തില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കും.

കുറുമ കോളനിയില്‍ ബ്രിട്ടീഷ്കാരുടെ വരവിനു മുമ്പ് തലമുറയായി കൈമാറിയ 2 പീoങ്ങള്‍ ഉണ്ട്. 2 ദേവന്മാര്‍,കാളിമലയായും,കണ്ടന്‍ വല്ലിയായും മനുഷ്യാവതാരമെടുത്ത് പീoങ്ങള്‍ പണിതു എന്നാണു വിശ്വാസം.കുറുമരുടെ ചടങ്ങുകള്‍ക്ക് ശേഷം പീoങ്ങള്‍ എണ്ണയും,ചന്ദനവും തേച്ച് കഴുകിവെക്കും.പീoത്തിന്‍റെ ഒരു കാല്‍ ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു കളഞ്ഞു.

(കുറിച്യര്‍,കുറുമര്‍ വിവരങ്ങള്‍ക്ക് കടപ്പാട്- മലയാള മോനോരമ,അറിയപ്പെടാത്ത വയനാട്,വിക്കിപീഡിയ)