Sunday, 4 March 2018

ദൂരെ ദൂരെ

പാതിമഴ നിന്ന പടിയോരത്ത്‌
പകലിഴകൾ ചുംബിച്ചുവന്ന
കിനാവുകൾ പകർന്നുതന്ന മൗനവും
ഇളവെയിലിൻ സ്വരം കേൾക്കാൻ
മറന്നുപോയൊരു വസന്തവും
പഴങ്കഥ ആയ പൊൻപുലരിയിൽ

പുതിയൊരു രാവിനിയുണ്ടാകുമെന്ന്
പതുക്കെ കാതോരമുരുവിട്ട്
തൂശനിലയിൽ തട്ടിനിന്ന കുളിരിന്
വിരിയിക്കാൻ ഉണ്ടായിരുന്നു
കാലപ്പഴക്കമുള്ള സുവർണലിപികൾ ...

നിറങ്ങൾ ചാലിച്ചെഴുതിയ ആത്മാവിന്
ദൂരെ ദൂരെ നോക്കി ഒഴുകണം
ഒരു കടലാസ് തോണിപോലെ ...

നിരതെറ്റാതെയുള്ള പടവുകൾ കയറാൻ
ഒരു പട്ടം പോൽ പറക്കാം
ആരൊക്കെയോ പറഞ്ഞു വെച്ച കഥകളിലെ ദേവതയാവാം

പച്ചപ്പ് നിറഞ്ഞ വീഥികൾ തേടിപ്പിടിച്ചു
വീണ്ടും ഒരു യാത്ര ആരംഭിക്കാം
പകലവസാനിക്കാത്ത കിഴക്കിന്റെ
അറ്റത്തേക്ക് ...

Saturday, 18 March 2017

ചോദ്യം

എന്നെ ഞാനാക്കി മാറ്റിയ മണ്ണിനോട്‌  ഒരു ചോദ്യം ...

ഹൃദയത്തിൽ നിന്നും
അടർന്നു വീണ പെൺ പൂവുകൾക്കെല്ലാം
ചോരയുടെ ചുവപ്പ് നിറം
ആയിരുന്നില്ലേ ??

അത് വീണ മണ്ണിനിന്ന്
ഏതോ ഒരു പെണ്കുട്ടിയുടെ
ഗന്ധം..

അവിടേക്ക് ഒന്ന്
ചെവി ഓർത്തപ്പോൾ കേട്ടൂ

"എനിക്ക് നീതി തരൂ
ഒരിക്കലെങ്കിലും"

Friday, 3 February 2017

വെറുതെ


മഴ തോർന്നൊരു  നേരത്ത്
നടുമുറ്റ പാതിയിൽ
കഥ കേൾക്കാൻ  വന്നൊരു
കുളിർക്കാറ്റേ....
വെറുതെ വഴി തെറ്റി പോവാതെ
വരികെന്റെ നാട്ടു മാവിൻ ചുവട്ടിൽ
തരിക നീ കൊതിയൂറും
മാമ്പഴം ഒന്ന്....

അരയാലിൻ കൊമ്പിൽ
നാട് അറിയാതെ വന്ന അടയ്ക്കാക്കുരുവി
കണ്ടുവോ നീ എന്റെ
തത്തയെ
ആരുടെയോ പേർ ചൊല്ലി പറന്നുപോയി അവൾ
പച്ച നിറം ബാക്കിയാക്കി....Monday, 30 January 2017

നീലക്കുറിഞ്ഞികള്‍ പെയ്തിറങ്ങുമ്പോള്‍.....

അന്നേ അവൾ മഴയുടെ പ്രണയിനി ആയിരുന്നു.

സ്കൂൾ തുറന്ന ദിവസത്തിൽ ആർത്തു പെയ്ത മഴയിൽ
വള്ളി  ചെരുപ്പിട്ട്  ശീലക്കുടയുമായി അവൾ കുണുങ്ങി  കുണുങ്ങി  നടന്നപ്പോൾ മണ്ണിൽ മഴത്തുള്ളികൾ നൃത്തം ചെയ്യുകയായിരുന്നു..

ചെമ്പകപ്പൂവിന്റെ നിറം..
രണ്ട് വശത്തുമായി  മെടഞ്ഞിട്ട  ചെമ്പിച്ച മുടി..  നെറ്റിയിലെ കുറുനിരകളിൽ  നിന്ന് വെള്ളം ഇറ്റിറ്റ്  വീണത്‌ കൊണ്ടാവാം  ഭസ്മക്കുറി  ആലില പോലെ വിടർന്നിരുന്നു ...

വരാന്തയിൽ  നിന്നും ഞാൻ അവളെ വീക്ഷിക്കുകയായിരുന്നു ...

കാപ്പിപ്പൊടി പാവാടയിൽ  പൂത്തിരി കത്തിച്ച പോലെ ചെളി തെറിച്ചത് ചൂണ്ടികാണിച്ചപ്പോൾ,  നാണം കൊണ്ട് ആ നുണക്കുഴികൾ ചിരിച്ചിറങ്ങിയത് എന്നിലേക്ക്‌ ആയിരുന്നു ..
എന്റെ മൗനത്തിലേക്കായിരുന്നു..
നിറമുള്ള സ്വപ്നങ്ങളിലേക്കായിരുന്നു...

മാഷുമാരുടെ  ചൂരൽ വടികൾ  തന്ന ചുവന്ന പാടുകൾ മറക്കാൻ അവളുടെ  സഹതാപം ഒഴുകുന്ന ഒരേ ഒരു നോട്ടം മതിയായിരുന്നു ... അവളുടെ ഉച്ച നോമ്പ് എന്ന കള്ളത്തരം ആയിരുന്നു എന്റെ വിശപ്പ്‌ മാറ്റിയ അമൃതം ..അവൾക്ക്  ഇഷ്ട്ടപെട്ട ഞാവൽപ്പഴവും  ചെടച്ചിക്കായും സ്കൂൾ മൈതാനത്തു നിന്നും പെറുക്കിക്കൊടുത്ത്
ഞാൻ ആ കടം വീട്ടി...
 കൌമാരപ്രായമായപ്പോള്‍ അവളെ പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ അയച്ച് മാതാപിതാക്കൾ  ഞങ്ങളിൽ ഉണ്ടായേക്കാവുന്ന  പ്രണയത്തിന് മുൾവേലി  കെട്ടിയപ്പോള്‍ അവളോട് എനിക്ക് ഉണ്ടായിരുന്ന സൗഹൃദം ഒരു പ്രണയമഴയായി എന്നിലേക്ക്‌ ഒഴുകി എത്തിയത്   ഒരു വിരഹ വേദനയോടെ  ഞാൻ അറിഞ്ഞു ...

അവളുടെ പ്രിയപ്പെട്ട പാട്ടുകള്‍ അവളുടെ ഓര്‍മ്മകള്‍ സമ്മാനിച്ച്‌ ഒരു അപ്പൂപ്പന്‍ത്താടി പോലെ എനിക്ക് ചുറ്റും പാറി നടന്നു.

അവൾക്കായ്‌   ഇറുത്തെടുത്ത     ചെമ്പകം  എവിടെയോ ഞെട്ടറ്റു വീഴുന്നത്  പല രാവുകളിലും ഞാന്‍ സ്വപ്നം കണ്ടു...

അവൾക്ക്  ചൂടാൻ മാത്രം അമ്മയെ കൊണ്ട് മുടങ്ങാതെ വെള്ളം ഒഴിപ്പിച്ച
മുല്ല ...
വെള്ളം കിട്ടാത്തത് കൊണ്ടാവാം ഇന്നത്  വാടിത്തുടങ്ങിയത്...

അന്നൊരു നിലാവുള്ള രാത്രിയില്‍ പന്ത്രണ്ട്  മണിവരെ നിശാഗന്ധി  വിരിഞ്ഞു കാണാൻ   അവളുടെ  വീടിന്റെ പിന്നാമ്പുറത്ത്  കാത്തിരുന്നത് അവള്‍ ഓര്‍ക്കുന്നുണ്ടാവുമോ...

പൂക്കൾ ആയിരുന്നു അവളുടെ തോഴികൾ...

അവൾക്കു  പ്രണയം കുന്നിൻ മുകളിൽ  പെയ്യുന്ന  മഴയോടാണെന്ന്  അവൾ എത്ര വട്ടം   പറഞ്ഞിട്ടുണ്ട്..

അവൾ  പോയത്‌ കൊണ്ടാവും കൈതക്കുന്നിൽ  മഴ  എത്തി  നോക്കാൻ  വൈകുന്നത്...
ഒരിക്കൽ മഴയും കൊണ്ട് അവൾ വരും...
നീലക്കുറിഞ്ഞി പൂക്കുന്ന കൈതകുന്നിലേക്ക്...
അന്നെന്റെ പ്രണയം പ്രണയിക്കാൻ തുടങ്ങും....

Friday, 13 January 2017

ഞാന്‍ എന്ന അന്തര്‍ജ്ജനംഅന്ന് രാത്രി മമ്മി എന്‍റെ കൂടെ കിടന്നു. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ "അഗ്നിസാക്ഷികള്‍" വായിച്ച് തുടങ്ങി....
സംശയങ്ങള്‍ ചോദിച്ചും പറഞ്ഞും കുറേ വൈകിയാണ് ഞാന്‍ ഉറങ്ങിയതും എഴുന്നേറ്റതും.....

എണീറ്റ ഉടനെ നേരെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി....
 -- അതേ അമ്മേടെ അമ്മേടെ അങ്ങനെ  കുറേ കുറേ പണ്ടുള്ള മുത്തശ്ശിയും  മുത്തച്ഛനും പള്ളിക്കാരയിരുന്നോ,അമ്പലക്കാരയിരുന്നോ??

നമ്മൾ ക്രിസ്ത്യാനികൾ ആണെന്ന് കുട്ടിക്കറിയില്ലേ . കുട്ടി എല്ലാ ആഴ്ച്ചയും പള്ളിയിൽ പോയി കുരിശു വരക്കാറില്ലേ.....

ഉവ്വ്...  പണ്ടത്തെ കാര്യാമ്മേ ചോദിച്ചേ..

ആഹ് പണ്ട് എല്ലാരും ഹിന്ദുക്കൾ ആയിരുന്നല്ലോ... ഭാരതത്തിൽ മൊത്തം ഹൈന്ദവർ മാത്രേ ഉണ്ടായുള്ളൂ... പിന്നെയാണ്  മാപ്പിളമാരും
ക്രിസ്ത്യാനികളും ഒക്കെ ഉണ്ടായത്

അപ്പോൾ നമ്മൾ ഒക്കെ പണ്ട് നമ്പൂതിരിമാര്‍ ആയിരിന്നിരിക്കണം.. അല്ലേമ്മേ??

ഏത് ജാതിയായലെന്താ കുട്ടി,  മനുഷ്യൻ ആയ പോരെ. ഇപ്പൊ ഈ ജാതികളുടെ സ്വഭാവം  ഒക്കെ   മാറി മൃഗങ്ങളെ പോലെ ആയില്ലേ..

പാതിരാ കുർബാനയ്ക്ക് അച്ചൻ പറഞ്ഞത് അമ്മ ഓര്‍ക്കണില്ലേ..

--എന്ത് പറഞ്ഞൂന്നാ.... കുട്ടി  ആ പരമ്പില്‍ കിടക്കണ കുരുമുളക് കോഴികൾ ചിക്കി ചികയുന്നുണ്ടോന്നു  നോക്കിക്കേ---

ആ..എനിക്കൊന്നും വയ്യ , എനിക്ക് കണക്ക് ചെയ്യാനുണ്ട്.. മാത്തുണ്ണി മാഷാ...എനിക്ക് വയ്യ കിഴുക്ക് മേടിക്കാൻ..

കുട്ടി അപ്പൊ രാവിലെ  തൊട്ട് ജാതി തേടി നടപ്പാണല്ലോ...പഠിക്കണത് ഇവിടെ ആരേലും കണ്ടോ...മമ്മി എന്ത് കഥയാ ഇന്നലെ പറഞ്ഞു തന്നത്??

അച്ചൻ പറഞ്ഞത് കേട്ടില്ലേ....

എന്ത് പറഞ്ഞൂന്നാ??

അയ്നു അമ്മേടെ ചെവി സാറാമ്മ ചേച്ചി തിന്നുവായിരുന്നില്ലേ...എന്നെ അക്കരേലെ ലിജിമോള്‍ എല്ലാം കാണിച്ചു തന്നു....

ഈ കാക്കകളെ കൊണ്ട്  വെല്ല്യ ശല്ല്യമാണല്ലോ...

ഉം.. ഞാന്‍  ഒരു പരമ്പില്‍ നിന്നു ഓടിച്ചു വിടുമ്പോഴേക്കും അടുത്തതിലേക്ക്  പറന്നു പോയി ഇരിക്കും...എനിക്ക് ഓടി നടന്നു കാക്കേനേം കോഴീനേം ഓടിക്കാൻ വയ്യ...

ആ മാമ്പഴം കക്കണ പണിയൻ മൊട്ടനോട് പറ... അവനു ശിക്ഷ കിട്ടണം.... എനിക്ക് തരാതെ ഇന്നലെ  അവന്‍  വെല്ല്യ പറമ്പിലെ നാട്ടുമാങ്ങ മുഴുവൻ പെറുക്കി... കൊതിയൻ... കള്ളനാ അവന്‍....

അച്ചൻ എന്ത് പറഞ്ഞൂന്നാ കുട്ടി,  നീ പറഞ്ഞത് ???

ആം.. യേശുവിന്റെ ശിഷ്യനായ  തോമാ ശ്ലീഹ കേരളത്തിൽ വ ന്നപ്പോൾ അഭയം കൊടുത്തത് നമ്പൂതിരികള്‍ ആണെന്നാ പറഞ്ഞെ... മതം മാറീതും അവരാ...

ഞാന്‍ ലക്ഷ്മിയുടെ വീട്ടില്‍ പോണൂ...

 ഞാന്‍ എത്തീപ്പോള്‍ അവള്‍ പുറത്തിരുന്ന് കനകാംബരം കോര്‍ക്കുവായിരുന്നു...

ലെച്ചു ഞാൻ നമ്പൂതിരി കുട്ടിയാണ്....

പിന്നേ...പുളു അടിക്കണ്ട, നിങ്ങൾ പള്ളിക്കാരല്ലേ ??
നമ്പൂതിരികൾ അമ്പലക്കാരാണ്...

അതേ പണ്ട് ജാതി മാറീത് മൊത്തം നമ്പൂതിരി കളാ---
അപ്പോൾ എന്റെ പണ്ടുള്ള  മുത്തശ്ശനും മുത്തശ്ശിയും നമ്പൂതിരിമാര്‍  ആയിരുന്നു...
നീ കേട്ടട്ടില്ലെ, എന്നെ എല്ലാരും കുട്ടീന്ന് അല്ലേ വിളിക്കണേ...
...അതെന്താ...
അത് നമ്പൂരി  ഭാഷയാണ്... എന്റെ അപ്പച്ചൻ  പാലക്കാട്‌ നിന്നു വന്നതാ.. ഒളപ്പമണ്ണ മനയുടെ അടുത്തായിരുന്നു പോലും  
ഞങ്ങടെ ഇല്ലം.. ഇല്ലത്ത് കുറേ പേര്‍ ഉണ്ടായിരുന്നു. എന്നും സദ്യ ആയിരുന്നു.
ആ നാലുകെട്ട് ഇല്ലത്തെ കുളത്തിൽ വീണാണ് അപ്പച്ചന്റെ അപ്പച്ചന്റെ പെങ്ങൾ മരിച്ചുപോയത്...അല്ലാ കൊന്നത്....

കാർത്തിയമ്മേ കാർത്തിയമ്മേ
എന്താ ലച്ചു ??
ഈ കുട്ടി പറയുവ, അവർ നമ്പൂതിരിമാരാണ് എന്ന്...

കാർത്തി ചേച്ചീടെ മറുപടി വന്നതും
അങ്ങേ പറമ്പിൽ നിന്നും മമ്മി  നീട്ടി  വിളിച്ചതും ഒപ്പം ആയിരുന്നു.. കേട്ട പാടെ അടി മേടിക്കാതിരിക്കാനായി ഞാൻ വാണം വിട്ടപോലെ ഓടി....Wednesday, 11 January 2017

പ്രവാസമേ.....

കണ്ണില്‍ എണ്ണ ഒഴിച്ച്
പ്രിയമുള്ളവർ നാട്ടിൽ...
ഏഴാം കടലിനും ഇപ്പുറം
ഒരു വിളിപ്പാടകലെ നാം...

പ്രവാസമാം തീക്കനലിനാല്‍ വെണ്ണീറാവാതിരിക്കാൻ
കൂടെ കൂട്ടൂ നല്ല  ചങ്ങാതിമാരെ..
ചേര്‍ന്നുല്ലസിക്കാം ഒഴിവ് നാളുകള്‍...
ചാലിച്ചെടുക്കൂ സ്നേഹം ഭസ്‌മം പോല്‍...
ചുണ്ടിൽ അണിയേണം നിറ പുഞ്ചിരി
കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഓടുമ്പോള്‍
മറക്കരുതേ നിങ്ങളുടെ ജീവിതവും
യൌവ്വനവും...
കുതികാല്‍ ചവിട്ടാതെ
ഒരുമിച്ചു നില്ക്കാം വിജയം വരെ...

ഏകാന്തതയുടെ തടവറയില്‍
ഓര്‍മ്മകളുടെ വരമായെത്തുന്ന
മഴവില്ല് പോൽ വർണ്ണാഭമാക്കിയ
ബാല്യ കാലമേ  നിനക്ക് കൂപ്പുകൈ...
പഞ്ചാരമണലിൽ കാലിടറാതെ
ഓടി എത്തണം തിരികെ...

Saturday, 7 January 2017

ആനിക്കൊരു ദൈവദൂതന്‍


മെഡിയോറിന്റെ പടികൾ കയറുമ്പോൾ ആനിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു.  കാലുകൾ ഇടറുന്നതുപോലെ തോന്നി.രാത്രി മുഴുവൻ ഉറങ്ങാത്തത്തിന്റെ ക്ഷീണം അവളുടെ  മുഖത്ത് നിഴലിച്ചു.തലവേദന കാരണം കണ്ണിനു നല്ല ചുവപ്പ് നിറം. പരീക്ഷ ഫലം അറിയാനുള്ള ഒരു കുട്ടിയുടെ നെഞ്ചിടിപ്പ് എന്ന പോലെ അത് ഉയർന്ന് പൊങ്ങികൊണ്ടിരുന്നു..രണ്ടാമത്തെ നിലയിൽ എത്തുമ്പോഴേക്കും മിടിപ്പ് നിലച്ചുപോകുമോ??  അവള്‍ ഭയപ്പെട്ടു.

ഒരു റോബോട്ടിനെ പോലെ ആണ് അവള്‍ നിശ്ചിത സ്ഥലത്ത് എത്തിയത്. ഇരിക്കാൻ ആരോ വന്നു പറഞ്ഞത്  കേൾക്കാൻ
ആനിക്ക് കഴിഞ്ഞില്ല.. പകരം അവള്‍  ജനാലയിലൂടെ പുറത്തേക്ക് നോക്കാൻ ആണ് താല്പര്യപ്പെട്ടത്. റോഡില്‍ അപ്പോള്‍  കണ്ട  നൂറും നൂറ്റിഇരുപതും വേഗത്തിൽ പോകുന്ന വാഹനങ്ങൾ പിന്നിലാക്കുന്ന മരങ്ങളെ പോലെ അവളുടെ മനസും  പുറകോട്ടോടി.

ഡിസംബറിലെ അസ്ഥി തുളക്കുന്ന മഞ്ഞില്‍ ലേബർ റൂം നിശബ്ദമായിരുന്നു പത്ത് മണിക്കൂറിൽ ഒരിക്കൽപോലും ആരും അവളുടെ  കരച്ചിൽ കേട്ടിട്ടുണ്ടാവില്ല, അവള്‍  കരഞ്ഞില്ല ഒരു ഒച്ചയും വെച്ചില്ല. വേദനിക്കാഞ്ഞിട്ടല്ല. പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ് വേദന അറിഞ്ഞു തന്നെ പ്രസവിക്കണം എന്നത്. വേദന സഹിക്കാവുന്നതിലും അപ്പുറം ആയപ്പോൾ ബോധം കെട്ടു വീണു ഒന്നല്ല പലവട്ടം. വേദനാസംഹാരികളോ മയങ്ങാനുള്ള മരുന്നോ അവള്‍  നിരസിച്ചു. ഈ വേദന എന്റെ അവകാശം എന്റെ പാനപാത്രം അവള്‍ പറഞ്ഞു.

ഇടക്കിടക്ക് ഡോക്ടര്‍ വന്നു പരിശോദിച്ചുകൊണ്ടിരുന്നു .അമ്മയുടെയും കുട്ടിയുടെയും പള്‍സ്, ഗര്‍ഭ പാത്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ തോത്,ഗര്‍ഭാശയമുഖത്തിന്റെ വികസനം എന്നിവയായിരുന്നു നോക്കിയത്.ഫയല്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലും ആനിയെ  വന്നു തലോടാന്‍ പരിമള സിസ്റ്ററും മറന്നില്ല.

ഗര്‍ഭാശയമുഖം പൂർണമായി വികസിച്ച ഉടനെ ഡോക്ടറും നേഴ്‌സ്മാരും  ഒരു യുദ്ധ  സന്നാഹത്തോടെ ഓടി വന്നു...
....മുക്ക് മുക്ക്  മുക്ക് ...മുക്ക് ആനി....
അവരുടെ  അലർച്ച ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു... കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടി  പുറത്തു വന്നു...

പെണ്‍കുട്ടിയാണ്,അവൾ വെളുത്തു തുടുത്തിരുന്നു. "എന്റെ കൊച്ചു തന്നെയോ" എന്നോർത്തുപോയി ഇരുണ്ട നിറക്കാരിയായ അവള്‍. കുങ്കുമപ്പൂവ് പാലിൽ ചേർത്തു കഴിച്ചത് നന്ദിയോടെ ഓര്‍ക്കാനും അവള്‍ മറന്നില്ല. അല്ലേലും ഗള്‍ഫില്‍ ജനിക്കുന്ന കുട്ടികള്‍ വെളുക്കാനാണ് സാധ്യത.

കുട്ടിക്ക് കുറെ മുടി ഉണ്ടായിരുന്നു കട്ടിക്ക്,  മൂക്ക് ചപ്പിയിരുന്നു,കഴുത്തു  കുറികിയതായിരുന്നു. അത്യാവശ്യം തൂക്കവും ഉണ്ടായിരുന്നു.കണ്ടവർ എല്ലാരും കുട്ടിക്ക്  അവളുടെ പിതാവിന്റെ  മുഖച്ഛായ ആണെന്ന് പറഞ്ഞു.അവളുടെ വരവ് എല്ലാരിലും സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു.എല്ലാരും മാറി മാറി മുത്തങ്ങൾ നൽകി. എന്നാല്‍ ആനി   എല്ലാ അവയവങ്ങളും ഉണ്ടോന്നാണ് ആദ്യം നോക്കിയത്.
റൂമില്‍ എത്തിയ ഓരോ ദിവസവും കുട്ടികളുടെ ഡോക്ടർ വന്നു കുട്ടിയെ  പരിശോധിക്കും. അന്ന് പതിവില്ലാതെ അവളുടെ കാൽ കൂടുതൽ നേരം നോക്കുന്നത് ഒരു പന്തികേട്‌ പോലെ തോന്നി ആനിക്ക്...
പതുക്കെ, തൃശൂർ കാരിയായ ഡോക്ടർ പറഞ്ഞു ഉണ്ണിയുടെ കാലിനു ചെറിയ വൈകല്യം ഉണ്ടോന്നു ഒരു സംശയം..
എന്താ ഡോക്ടർ എന്താ ഞങ്ങടെ മോള്‍ക്ക് ??
ആനിയുടെ മമ്മിയുടെ ഒച്ച പതറി.

പേടിക്കാനൊന്നുമില്ല ഒരു എല്ലിന്റെ  ഡോക്ടറെ കാണിച്ചു നോക്കാം നാളെ തന്നെ. ഇന്നു ഡോക്ടർക്ക്‌ ഒരു കേസ് ഉണ്ട്,ഡോക്ടർ തീയറ്ററിൽ ആണ്.ഓപ്പറേഷൻ കഴിയാന്‍ വൈകും.

അമ്മ ആനിയെ  നോക്കി ..അവള്‍  കുനിഞ്ഞിരുക്കുവായിരുന്നു".എന്‍റെ പെണ്കുട്ടി വൈകല്യം ഉള്ളവളായോ"...  ആനിയുടെ കണ്ണിൽ ഇരുട്ട് കയറി.നാവു പൊങ്ങുന്നില്ല ..ആകെ ഒരുവിറയല്‍...

അവളുടെ ഭര്‍ത്താവ് ആരെയൊക്കെയോ ഫോണ്‍ വിളിക്കാൻ  തുടങ്ങി..ഒരേ ചോദ്യം ആണ് എല്ലാരോടും ചോദിച്ചത്
"ഇവിടുത്തെ നല്ല അസ്ഥി രോഗ വിദഗ്ദൻ ആരാണ് എന്ന്...

"മോൾക്ക്‌ കുഴപ്പം ഉണ്ടെന്ന്  ഇനി നാട്ടുകാരെ മൊത്തം അറിയിക്കണ്ട"..മുഖത്ത് നോക്കാതെയാണ് ആനി  അത്രേം പറഞ്ഞത്.

ആനി ഇരിപ്പ് തുടർന്നു .അവര്‍ മൂന്നുപേരുടെയും   കയ്യും ഒപ്പം ആറു കണ്ണുകളും കുട്ടിയുടെ  കുഞ്ഞി കാലിൽ ആയിരുന്നു.
മേശപ്പുറത്തു വന്ന ഭക്ഷണം എല്ലാം അങ്ങനേയിരുന്നു..സമയം ആകുമ്പോൾ ക്ലീനേഴ്‌സ് വന്നു തിരിച്ചെടുത്തോണ്ട് പോയി..
എന്താ കഴിക്കാത്തത്, എന്ന് ഒരു വട്ടം പോലും ആ  പയ്യൻ അവരോടു ചോദിച്ചില്ല.

പിറ്റേന്ന് തന്നെ ഡോക്ടറെ കാണാൻ ആനിയൊഴികെ ബാക്കി ഉള്ളവർ പോയി.കണ്ണീർ തോരാത്ത അവള്‍  എങ്ങനെ മറ്റുള്ളവരുടെ മുന്നിലൂടെ പോകും.. "അവള്‍ പോയില്ല...".ഇവിടെ ഇരുന്നു കരയണ്ടാ"  എന്ന് പറഞ്ഞിട്ടാണ് മമ്മി  പോയത്‌

ഏകാന്തതയിൽ അവളുടെ  കരച്ചിൽ മലവെള്ളപ്പാച്ചില്‍ പോലെ ആയിരുന്നു. കുറെ കരഞ്ഞപ്പോൾ അവള്‍ക്ക്  നല്ല ആശ്വാസം ആയിക്കാണും. അവർ വന്നപ്പോഴേക്കും അവള്‍  തന്റെ മുഖത്തെ വിഷമങ്ങൾ എല്ലാം തുടച്ചുകളഞ്ഞിരുന്നു.

അവരുടെ മുഖത്ത് നിന്നും സന്തോഷവാർത്ത‍ ഒന്നും ഇല്ല എന്ന് അവള്‍ക്ക് മനസിലായി കാണും .അവള്‍ വിവരങ്ങള്‍  ഒന്നും ചോദിച്ചില്ല

"ഈ ആധുനിക ലോകത്ത് എന്തൊക്കെ പുത്തൻ ചികിത്സാ രീതികൾ ഉണ്ട്
എന്റെ പൊന്നിനെ  പപ്പ എവിടെ വേണേലും കൊണ്ടോകും, എത്ര പൈസ വേണേലും മുടക്കും".  മമ്മി  ആരോടെന്നില്ലാതെ  പറഞ്ഞു. അതിനോട് യോജിക്കുന്ന രീതിയിൽ അവളുടെ ഭര്‍ത്താവും എന്തൊക്കെയോ പറഞ്ഞു.വലിയ രോഗങ്ങള്‍  ഉള്ളവര്‍  ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ അവളുടെ കരച്ചില്‍ ഒരു ഗോഷ്ട്ടി  മാത്രമാണെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു..ഉദാഹരണം ആയി  മരിക്കാറായ രോഗികളെ അവള്‍ക്ക് കാണിച്ചുകൊടുത്തു.

ഫ്ലാറ്റിൽ എത്തിയിട്ടും ആനിയുടെ  സങ്കടത്തിനു വെല്ല്യ മാറ്റം ഒന്നുമില്ലായിരുന്നു. പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങൾ കമ്പ്യൂട്ടർ ,മൊബൈൽ, ടിവി മുതലായവ കാണരുതെന്ന് പഴമക്കാര്‍ പറഞ്ഞത് ഒന്നും അവള്‍ ചെവി കൊണ്ടില്ല ."ക്ലബ്‌ ഫൂട്ട്" എന്ന അസുഖത്തെക്കുറിച്ച്,  കണ്ണ് വേദന അസഹനീയം ആകുന്നത് വരെ അവള്‍ ഗൂഗിളില്‍  തിരഞ്ഞു..
എല്ലായിടത്തും എഴുതിയ ഒരേ ഒരു വാചകം ആണ് അവളെ  വീണ്ടും കണ്ണീർ തടാകത്തില്‍ തള്ളിയിടുന്നത്...

"ഇതിന്റെ പ്രോഗ്നോസിസ് വളരെ നല്ലതാണ്, പക്ഷെ ജീവിതത്തിൽ ഏത് നിമിഷവും ഈ വൈകല്യംതിരിച്ചുവന്നേക്കാം".

അവള്‍ തന്‍റെ കൂട്ടുകാരോട് ഇതേപറ്റി പറഞ്ഞപ്പോൾ അവര്‍ പറഞ്ഞ മറുപടി ആനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല.

"കയ്യോ കാലോ ഇല്ലാത്തതും പലതരം മാരകമായ രോഗങ്ങള്‍  ഉള്ളവരും ഉണ്ടാകും.എങ്കിലും എന്റെ കുഞ്ഞിന്റെ പ്രശ്നം എനിക്ക് പ്രശ്നം തന്നെയാണ്.മറ്റുള്ളവരുടെ  വലിയ പ്രശ്നങ്ങൾ വെച്ചു നോക്കുമ്പോൾ എന്റെത് ഒന്നുമല്ലായിരിക്കും . പക്ഷെ എനിക്കത് അങ്ങനെയല്ല "..അവള്‍ പറഞ്ഞു കൊണ്ടിരുന്നു.

തന്റെ മോള്‍ വലുതാകുമ്പോള്‍  വികലാന്ഗ ആയാല്‍... അവളുടെ അവസ്ഥ ഓർത്തു ആനിക്ക് ഭയം തോന്നി. അവളെ കുറിച്ച് ആനിക്ക്  സ്വപ്‌നങ്ങൾ ഒന്നും ഇല്ല ,അവൾ എവിടെ ആയാലും സന്തോഷമായിരിക്കണം  അത്ര തന്നെ...
അവനവര്‍ക്ക് വരുമ്പോഴാണല്ലോ അതിന്റെ വിഷമം അറിയോള്ളു...

ഫ്ലാറ്റിൽ വളരെ കുറച്ചു അതിഥികൾ മാത്രമേ വന്നിരുന്നുള്ളു... കാൽ വെളിയിൽ കാണിക്കാതെ ആനി  പ്രത്യേകം ശ്രദ്ധിച്ചു.ആരുടേം സഹതാപം പിടിച്ചുപറ്റാന്‍ അവള്‍  ഒരുക്കമല്ലായിരുന്നു.
എത്രേം പെട്ടെന്ന് നാട്ടിലോട്ടു പോകാൻ അവള്‍  ആഗ്രഹിച്ചിരുന്നു.
ദിവസങ്ങൾ എങ്ങനെയൊക്കെ തള്ളി നീക്കിയാണ്  അവര്‍  നാട്ടിലോട്ടു പോയത്
.
അവടെ എയർപോർട്ടിൽ ഊഷ്മളമായ ഒരു വരവേല്‍പ്പ്  തന്നെ ഉണ്ടായിരുന്നു.കുറെ ബൊക്കകളുമായി ആരൊക്കെയോ വന്നു.കുഞ്ഞിനെ  ആശ്ലേഷിച്ചും കൂടെ നിന്ന് ഫോട്ടോ എടുക്കാനും  എല്ലാരും മത്സരിച്ചുകൊണ്ടിരുന്നു.   തറവാട്ടിലെ പേരക്കുട്ടികളില്‍ നിന്നുണ്ടായ  ആദ്യത്തെ കണ്മണി ആയിരുന്നു അവള്‍.

ഫോട്ടോ എടുക്കാൻ വിളിച്ചപോൾ മറന്നുപോയ  ചിരി ചുണ്ടിൽ അണിയാന്‍ ആനിക്ക് കഴിഞ്ഞു.
വീട്ടിൽ എത്തിയപ്പോൾ രക്തം ഉറഞ്ഞുപോകുന്ന തണുപ്പ് ആയിരുന്നു. അവളെ മൂടി പുതപ്പിച്ചാണ് കിടത്തിയത്.അത്കൊണ്ട് തന്നെ ആരുടേയും ദൃഷ്ടി അവളുടെ കാലിന്‍ മേല്‍ എത്തിയില്ല.

അവിടെയും കുറേ ഡോക്ടർമാരെ  കാണിച്ചുവെങ്കിലും തൃപ്തി കരമായ മറുപടി ആരിൽ നിന്നും കിട്ടിയില്ല.അവര്‍ പറഞ്ഞ വ്യായാമങ്ങള്‍ പപ്പ കുഞ്ഞിക്കാലില്‍ ചെയ്തുകൊണ്ടിരുന്നു. വ്യായാമം ചെയ്യുമ്പോള്‍ കുഞ്ഞിനു വേദന എടുക്കും,അവള്‍ കരഞ്ഞെന്നിരിക്കും ഇപ്പോള്‍ കരഞ്ഞാല്‍ ഭാവിയില്‍ കരയേണ്ടി വരില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വ്യായാമം ഫലം കാണാതെ വന്നപ്പോള്‍ പലരും പല ചികിത്സകൾ ആണ് പറഞ്ഞത്. അവളുടെ കുഞ്ഞിക്കാല്‍ കീറി മുറിക്കുന്നത് ആനിക്ക് ഓര്‍ക്കവുന്നതിലും അപ്പുറം ആയിരുന്നു. ഗര്‍ഭ പാത്രം ചെറുതും കുട്ടി വലുതും ആയത്കൊണ്ട് പറ്റിയ വൈകല്യം ആണെന്നാണ്‌ പറഞ്ഞത്.ആനി അറിയാതെ ആണെങ്കിലും തന്റെ ഗര്‍ഭപാത്രത്തെ ശപിച്ചു.ഗര്‍ഭിണി ആയപ്പോള്‍ ചെയ്ത സ്കാനില്‍ ഒന്നും കണ്ടില്ലായിരുന്നു.ഗര്‍ഭപാത്രം വലുതാവത്തത് നല്ല ഭക്ഷണം കഴിക്കാത്തത് കൊണ്ടാണെന്ന് പറഞ്ഞ്  കൂട്ടത്തില്‍ ചിലര്‍ അവളെ വേദനിപ്പിച്ചു.ആ വിവരമില്ലായ്മക്ക് മറുപടി കൊടുക്കാന്‍ അവള്‍ തുനിഞ്ഞുമില്ല.

മൂന്നുമാസം പെട്ടെന്ന് തീർന്നു അതിനിടയിൽ കുഞ്ഞിന്റെ മാമോദീസയും കഴിഞ്ഞു. കുറെ വഴിപാടുകള്‍ പല പള്ളികളിലും ആയി അവര്‍ കഴിച്ചു. ആനിയും കുടുംബവും  വിഷമത്തോടെ ആണ് തിരിച്ചു വന്നത്.ഡോക്ടര്‍ മാര്‍

പറഞ്ഞ പല ചികിത്സകളില്‍ ഒന്ന് തിരഞ്ഞെടുക്കണം ഇനിയും വൈകിയാല്‍ ചികില്‍സ ബുദ്ധിമുട്ടാവും.
ആരുടെയോ ഉപദേശപ്രകാരം അവര്‍ ഒരു കുട്ടികളുടെ അസ്ഥിരോഗ വിദഗ്ദനെ കാണാന്‍ പോയി. ഒരു ഈജിപ്‌ഷ്യന്‍ ഡോക്ടര്‍ ആണെന്ന് കേട്ടപ്പോള്‍ വീണ്ടും പ്രതീക്ഷയൊക്കെ പോയി.അക്കൂട്ടര്‍ക്ക് വിവരം ഇല്ലാന്ന് പരക്കെ കേള്‍വിയുണ്ട്.

എങ്കിലും ആ ഡോക്ടറെ കാണാന്‍ ആണ് അവര്‍ മെഡിയോറില്‍ എത്തിയത്.ജുവല്‍ മെറിന്‍ എന്ന് പേര് വിളിച്ചപ്പോള്‍ അവര്‍ കുട്ടിയെ എടുത്തുകൊണ്ട് ഡോക്ടറുടെ മുറിയിലേക്ക് പോയി. ഇന്ത്യക്കാരുടെ നിറവും മുടിയും ആകാരവും ആയിരുന്നു ഡോക്ടര്‍ക്ക്.കണ്ടാല്‍ ഒരു പ്രൊഫസറെ പോലെ തോന്നിച്ചു.അദ്ദേഹംവളരെ നന്നായി പെരുമാറി. എപ്പോഴും ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്.ഡോക്ടറോട് ഇതുവരെ ഉള്ള കാര്യങ്ങള്‍ എല്ലാം പറഞ്ഞു.ആനി വളരെ സങ്കടത്തോടെ ഭര്‍ത്താവ് പറയുന്നതിനൊപ്പം തലയാട്ടികൊണ്ടിരുന്നു. കുഞ്ഞിനെ എക്സാമിനേഷന്‍ ടേബിളില്‍ കിടത്തി. ഒന്നും ചെയ്യുന്നതിന് മുമ്പേ അവള്‍ കരഞ്ഞു. കരയുന്നത് കണക്കിലെടുക്കാതെ ഡോക്ടര്‍ അര മുതല്‍ താഴോട്ടു പിടിച്ചും കുടഞ്ഞും ഒക്കെ പരിശോധിച്ചു.അവള്‍ക്ക് ഒരു കുഴപ്പവും ഇല്ലെന്നു പറഞ്ഞു.ആനി അതിനെ എതിര്‍ത്ത്കൊണ്ടിരുന്നു.എല്ലാ ഡോക്ടര്‍മാരും കുഴപ്പം ഉണ്ടെന്നു പറഞ്ഞതാണെന്ന് അവള്‍ തര്‍ക്കിച്ചു ...അവള്‍ വളഞ്ഞ കുഞ്ഞികാലില്‍ പിടിച്ചു. ഡോക്ടര്‍ വീണ്ടും പറഞ്ഞു അവള്‍ക്ക് ഒരു കുഴപ്പവും ഇല്ല,ഇപ്പോള്‍ നിങ്ങള്‍ കാണുന്ന വളവ് അവള്‍ ഗര്‍ഭപാത്രത്തില്‍ കിടന്ന രീതി കൊണ്ട് ഉണ്ടായതാണ്.മൂന്നാല് മാസം കൊണ്ട് ശരിയാകും. അവരുടെ സമാധാനത്തിനു ഒരു എക്സറെയും എടുത്തു.അതിലും കുഴപ്പം കണ്ടെത്താന്‍ കഴിഞ്ഞില്ല.അപ്പോള്‍ മറ്റു ഡോക്ടര്‍മാര്‍ പറഞ്ഞതോ ആനി ചോദിച്ചു.നിങ്ങള്‍ ഒരു സാധാരണ എല്ലിന്റെ ഡോക്ടറെ അല്ലെ കാണിച്ചത്.കുട്ടികളുടെ അസ്ഥിരോഗ വിദഗ്ദ്ധന്മാരേ ആയിരുന്നു കാണിക്കേണ്ടിയിരുന്നത് അദ്ദേഹം പറഞ്ഞു.
പല ഡോക്ടര്‍മാരെ കാണിച്ചിട്ടും ആരും ഒരു എക്സറേപോലും എടുക്കാതെ ഞങ്ങളെ തീ തീറ്റിപ്പിച്ചു ,ആനി കൂടെ നിന്ന നേഴ്സിനോട് പറഞ്ഞു.
ഡോക്ടര്‍ എല്ബാസിനെ കെട്ടിപിടിച്ചു കരഞ്ഞത് അവളുടെ ഭര്‍ത്താവ് ആയിരുന്നു. ഇതൊന്നും കാര്യമാക്കാതെ ഡോക്ടര്‍ അടുത്ത രോഗിയെ കാണാനുള്ള തിരിക്കില്‍ ആയിരുന്നു.
ഇത്ര നിസാരമായ കാര്യത്തിനു വെറുതെ വിഷമിപ്പിച്ച എല്ലാ ഡോക്ടര്‍മാരെയും പുറത്ത് വന്ന അവള്‍ ഉച്ചത്തില്‍ തന്നെ ശകാരിച്ചു.

മെഡിയോറിലെ ഡോക്ടര്‍ എല്‍ബാസിന്  ദൈവദൂതന്‍റെ മുഖമാണ് എന്ന്  ആനിക്ക് തോന്നി.അവള്‍ ഹൃദയം നിറഞ്ഞു ചിരിച്ചു..കരഞ്ഞു....അവളുടെ ഭര്‍ത്താവ് അവളെയും കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു...

Wednesday, 28 December 2016

കാത്തിരിപ്പ്

എന്റെ ഹൃദയം നിന്നിൽ നിന്നും വീണുടഞ്ഞ പളുങ്ക്  പാത്രം
നീ എൻ പ്രിയ തോഴി...
സൂര്യനും ഭൂമിയും പോൽ
അകലും തോറും അടുപ്പം തോന്നുന്ന രണ്ടു ജന്മങ്ങൾ....
നമുക്കിടയിൽ വാക്കുകളേക്കാൾ മൗനം സംസാരിച്ചു
ആൾക്കൂട്ടത്തിലും ഞാൻ തേടിയത് കണ്ണീർ വറ്റിയ
ആ കണ്ണുകൾ മാത്രം..

നീ ഇവിടം വിട്ട് ദൈവത്തിന്റെ നാട്ടിലേക്ക്
പോയപ്പോൾ ബാക്കി ആയത് എന്റെ സ്വപ്‌നങ്ങൾ,
നിന്നോടൊപ്പം പങ്കുവെച്ച ചുവപ്പ്  നിറമുള്ള കിനാക്കൾ...
ഇനി ഒരു പുനർജന്മം  ഉണ്ടെങ്കിൽ
തിരിച്ചു വരിക
എന്നേ  തേടി,
ഏതോ കുന്നിൻ മുകളിലെ
ഒരു കിളിക്കൂട്
നമ്മെ തേടി നോമ്പ്
നോറ്റിരിപ്പുണ്ട്

Monday, 26 December 2016

സ്വപ്‌നങ്ങള്‍

എന്റെ മണ്ണിലേക്കും സ്വപ്നങ്ങളിലേക്കും ആണെന്റെ യാത്ര
ആ മണ്ണും പച്ചപ്പും ആണെന്റെ വഴി വിളക്ക്
പട്ടു മെത്തയണിഞ്ഞ വഴിയോരങ്ങളേക്കാള്‍
മുള്‍ വഴികള്‍ക്കാവും നീളം കൂടുതല്‍
എന്റെ സ്വപ്‌നങ്ങള്‍ എന്നും അഗ്നിയായ് ജ്വലിക്കണം
സ്നേഹമായ് പടരണം....

പുതു മണ്ണില്‍ വീണ സ്വപ്‌നങ്ങള്‍ ഒരിക്കല്‍
മഴയാല്‍ ഒലിച്ചുപോയെങ്കിലും
മോക്ഷം കിട്ടാതലഞ്ഞ വിത്തുകള്‍
പാത്തും പതുങ്ങിയും തളിര്‍ത്തുവരും
ഇനിയൊരു വസന്തത്തില്‍......

നിന്റെ കുഞ്ഞു നാമ്പുകള്‍ക്ക് ജീവന്‍ പകരാന്‍
വരുണ ദേവന്‍ തേരിറങ്ങി വരും
ഒരു വേനലും നിന്നെ ചുംബിക്കാതിരിക്കാന്‍
ഭൂമി ദേവി നിനക്ക് കുട പിടിക്കും
എന്റെ മണ്ണിലെ  ഓരോ നിശ്വാസവും
ഒരു ലഹരിയായ് എന്‍ സിരകളില്‍ അലിയും
ഓരോ പാദസ്പര്‍ശവും ഓരോ സ്വപ്‌നങ്ങള്‍ ആയിരുന്നു
നടന്നു പോയ വഴിയോരത്തെല്ലാം ചിലങ്കകള്‍
നിശബ്ദമായി കൊഞ്ചിയിരുന്നു
ഇടക്കെവിടെയോ ആ പിന്‍വിളി നഷ്ട്ടമായി....

എന്റെ സ്വപ്നങ്ങളെ നിങ്ങള്‍ എവിടെയാണ് ഓടി ഒളിക്കുന്നത്
സൂര്യന്‍ അസ്തമിക്കാത്ത കണ്ണുകളും തഴമ്പ് വന്ന ചുവടുകളും
നിങ്ങള്‍ക്ക് പുറകെയുണ്ട്
എന്റെ ഹൃദയത്തില്‍ നിന്ന്‌ നിന്നും രക്ഷപ്പെടണമെങ്കില്‍
പറന്നോളൂ ഞാന്‍ ഉറക്കമുണരും മുമ്പേ.....

Saturday, 10 December 2016

അന്നത്തെ യാത്ര

ഞാന്‍ ഹോസ്റ്റലില്‍ നിന്നും പുറപ്പെടുമ്പോള്‍ നേരം വെളുത്തുതുടങ്ങിയിരുന്നു.അവധി ആയതിനാല്‍ ആരും ഉണര്‍ന്നട്ടില്ല.എന്റെ ശബ്ദം കേട്ട് ആരും ഉണരാതിരിക്കാന്‍ ശ്വാസം പിടിച്ചാണ് ഞാന്‍ ഒരുങ്ങിയത്.പതുക്കെ ഒച്ച വെക്കാതെ വാതില്‍ തുറന്ന് നാലാം നിലയില്‍ നിന്ന് പടികള്‍ ഇറങ്ങി, ഇരുന്നൂറ് മീറ്ററോളം അകലെയുള്ള ഗേറ്റ് ലക്ഷ്യം വെച്ച് ഞാന്‍ നടന്നു. ഗേള്‍സ്‌ ഹോസ്റ്റലിന്റെ പടി ഇറങ്ങിയപ്പോള്‍ തന്നെ ബോയ്സ് ഹോസ്റ്റലിന്റെ മുമ്പില്‍ നിന്നും റോബര്‍ട്ടും എന്നെ അനുഗമിച്ചു. അവന്റെ വരവ് എനിക്കത്ര പിടിച്ചില്ല എങ്കിലും ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു. കേവലം മൂന്നു ദിവസത്തെ അവധിക്കാണ് ഞാന്‍ പോകുന്നത്. ഗേറ്റില്‍ സെക്യൂരിറ്റി ഓഫീസില്‍ കേറി രെജിസ്റ്ററില്‍ ഒപ്പിട്ടിട്ട് വേണം പോകാന്‍.വേലുചാമി സെക്യൂരിറ്റി ആണ് ഉള്ളതെങ്കില്‍ ഒരു ക്രോസ് വിസ്താരം നടത്തിയിട്ടേ വിടുകയുള്ളു.പുള്ളിക്കാരന് നല്ല പൊക്കം ഉണ്ട്, മീശ കണ്ടാല്‍ വീരപ്പനെപോലെ തോന്നും, പുള്ളി വെറും സെക്യൂരിറ്റി മാത്രമല്ല ഞങ്ങടെ ഡയറക്ടറുടെ ഗുണ്ട കൂടെയാണ് എന്നാണ് കേള്‍വി . അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഞങ്ങള്‍ വിറക്കുമായിരുന്നു. വേലുചാമി അവിടെ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഞാന്‍ നടക്കുന്നത്. 
   ചില സമയത്ത് ദൈവം സമീപസ്ഥനാണല്ലോ, ഞാന്‍ ഓഫീസില്‍ കയറിയപ്പോള്‍ സെക്യൂരിറ്റി നല്ല ഉറക്കമാണ്. അണ്ണാ,അണ്ണാ എന്ന് കുറെ വിളിച്ചിട്ടാണ് അദ്ദേഹം ഉണര്‍ന്നത്. എന്റെ ഭാഗ്യത്തിന് മനസലിവ് ഉള്ള മുരുകണ്ണന്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.രെജിസ്റ്ററില്‍ അന്നത്തെ തിയതിയും,വരുന്ന ദിവസവും പോകുന്നതിന്റെ കാരണവും ,പോകുന്ന സ്ഥലവും എഴുതി ഒപ്പിട്ടു ഞാന്‍ ഇറങ്ങി. മുരുകണ്ണന്റെ വക ഒരു " ഹാപ്പി ജേര്‍ണിയും " കിട്ടി. ജേര്‍ണിയിലെ ആ R മാത്രമാണ് എന്റെ കാതില്‍ പതിഞ്ഞത്,കന്നടക്കാര്‍ എല്ലാം "R" ഇങ്ങനെ സ്‌ട്രെസ് ചെയ്ത് പറയുന്നത് എന്തിനാണെന്ന് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. എന്തായാലും അത് പോട്ടെ...
 ഇത്രയും സമയം റോബര്‍ട്ട്‌ ഒന്നും അറിയാത്തത് പോലെ കുറച്ചു മാറി അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവനോടു തിരിച്ചു പോകാന്‍ മുരുകണ്ണന്‍ പറഞ്ഞതൊന്നും അവന്‍ ഗൌനിച്ചില്ല. അല്ലേലും ഈ ആണുങ്ങള്‍ക്ക് അനുസരണ ശീലം പണ്ടേ ഇല്ലല്ലോ.ഞാന്‍ ഗേറ്റ് കിടന്നപ്പോള്‍ ആ ചെക്കനും  പുറകെ വന്നു.ബസ്‌ സ്റ്റാന്‍ഡ് വരെ കുറച്ചു നടക്കണം.വെളുപ്പിന് ആയത്കൊണ്ട് ചൂട് കുറവുണ്ട്. റോഡില്‍ ഉള്ളത് മുഴുവന്‍ ടൈ കെട്ടിയ ഐറ്റി കമ്പനിക്കാര്‍ ആണ്.എത്രയും വേഗം വീട്ടില്‍ എത്തേണ്ടത് ഉള്ളത്കൊണ്ട് ഞാന്‍ സ്പീഡില്‍ നടന്നു. റോബര്‍ട്ടും അതേ സ്പീഡില്‍ പുറകെ വന്നു. അവന്റെ നടത്തം മറ്റുള്ളവരുടെ ശ്രദ്ധ എന്നിലേക് ആകര്‍ഷിച്ചു.എത്ര പറഞ്ഞിട്ടും അവന്‍ തിരിച്ചു പോകുന്ന മട്ടില്ല. കുളിക്കുകയും നനക്കുകയും ചെയ്യാത്ത (ഞങ്ങടെ നാട്ടിലെ  ഭാഷയില്‍ പറഞ്ഞാല്‍ ഒരു "പുന്നാടക്കാരന്‍" ആണ് അവന്‍. കര്‍ണാടകയിലെ ആളുകളെ വയനാട്ടുകാര്‍ "പുന്നാടന്‍" എന്നാണ് വിളിക്കാറ്. തമിഴ്നാട്‌ ആളുകളെ തമിഴന്മാര്‍ എന്ന് വിളിക്കുന്നത് പോലെ....അതിന്റെ കാരണം എന്താന്ന് അന്നും ഇന്നും എനിക്കറിയില്ല,)  അവന്‍ എനിക്കൊരു നാണക്കേട് ആയി മാറിയിരുന്നു.
പോകുന്ന വഴിക്ക് ഒരു അമ്പലം ഉണ്ട് ,അവിടെ പൂജ നടത്തുന്നത് ഹിജഡകള്‍ ആണ് .ബൊമ്മനഹള്ളി ഹിജഡകളുടെ ഒരു താവളം ആണ്. അതുകൊണ്ട് തന്നെ അവര്‍ക്കിവിടെ അമ്പലവും ഉണ്ട്.
റോഡിനിരുവശവും പൊടിയോടു പൊടിയാണ്. പൊടിയടിച്ചാല്‍ അപ്പോള്‍ എനിക്ക് തുമ്മല്‍ വരും,ഞങ്ങള്‍ കോളേജില്‍ പോകുന്നതും ഈ വഴിക്കാണ്. എന്റെ പോക്കും വരവും അപ്പോള്‍ എത്ര പരിതാപകരമാണെന്ന് ഊഹിക്കാമല്ലോ. ചെറിയ ഒരു കാറ്റ് വന്നപ്പോഴേക്കും പൊടി വട്ടം ചുറ്റി വാനോളം ഉയര്‍ന്നു.മരുഭൂമിയിലെ കാറ്റിന്റെ അനിയനാണെന്ന് വേണം കരുതാന്‍.അത്രക്ക് ഊക്കുണ്ട് അവയ്ക്ക്. ഈ അനിയന്‍ പൊടിക്കാറ്റിന്റെ ശല്യം പുതിയ വസ്ത്രങ്ങള്‍ കോളെജിലേക്ക് ഇടുന്നതില്‍ നിന്നും ഞങ്ങളെ എന്നന്നേക്കുമായി വിലക്കിയിരുന്നു.
 നടന്നു ഞങ്ങള്‍ സ്റ്റാന്‍ഡില്‍ എത്തി. അവ്ടെയും ചെവിയില്‍ ഹെഡ്‌ ഫോണും ചുണ്ടില്‍ സിഗരറ്റും ആയി ഐടി ഏമാന്മാര്‍ നില്‍പ്പുണ്ട്. ഒരാള്‍ അടുത്ത കടയില്‍ നിന്നും  ബീഫ് പഫ്സ് ഓര്‍ഡര്‍ ചെയ്ത് കഴിക്കാന്‍ തുടങ്ങി. റോബര്‍ട്ടിന്റെ കണ്ണ് എന്നില്‍ നിന്നും മാറി പഫ്സില്‍ ആയി. അവനു കിട്ടുന്നില്ലാ എന്ന് മനസിലായപ്പോള്‍ അയാളെ നോക്കി ഉച്ചത്തില്‍ കുരച്ചു. അവന്റെ കുര കേട്ടു പേടിച്ചു പഫ്സ് താഴെ വീണു. അതും കടിച്ചെടുത്തു അവന്‍ ഹോസ്റ്റലിലെക്ക് പാഞ്ഞു...
എനിക്ക് മജിസ്ടിക്കിലേക്ക് ആണ് പോകേണ്ടത്.കേരളത്തിലെ പോലെ ബംഗ്ലൂരില്‍ ബസിനു ബോര്‍ഡ്  ഇല്ല, പകരം നമ്പറുകള്‍ ആണ്.എനിക്ക് പോകേണ്ട നമ്പറുകള്‍ മുന്നൂറ്റി അന്‍പത്, മുന്നൂറി അന്‍പത്തിയാറു എന്നിവയാണ്.പല ബസുകള്‍ വന്നുപോയെങ്കിലും ആ നമ്പറുകള്‍ വന്നില്ല. അല്ലേലും ഒരു ആവശ്യം വരുമ്പോള്‍ ആ ബസ്‌ മാത്രം വരില്ല, വാച്ച് നോക്കി നോക്കി സൂചി പതിവിലേറെ സ്പീഡില്‍ ഓടുന്നതായി തോന്നി. മജെസ്ടിക്കില്‍ നിന്നും കൃത്യം അഞ്ചര മണിക്കൂര്‍ ആണ് വീട്ടിലേക്ക്. വീടിലെത്തി പ്രിയപ്പെട്ട ഭക്ഷണം ഉച്ചക്ക് കഴിക്കുക എന്ന പ്രധാന ലക്ഷ്യമാണ്‌ എന്റെ ധൃതിക്ക് പിന്നില്‍.ഈ കണക്കിന് പോയാല്‍ വൈകിട്ട് എത്തി കാപ്പി കുടിക്കേണ്ടി വരും.
 വാച്ചില്‍ നോക്കി നോക്കി സമയത്തെ ഒട്ടും നിയന്ത്രിക്കാന്‍ പറ്റിയില്ല എന്ന് മാത്രമല്ല അരമണിക്കൂര്‍ കഴിഞ്ഞേ വണ്ടി കിട്ടിയതും ഉള്ളൂ,,
രാവിലെ ആയത്കൊണ്ട് സ്വന്തമായി ഇരിക്കാന്‍ ഒരു മുഴുവന്‍ സീറ്റും കിട്ടി.ബാഗ്‌ സീറ്റില്‍ വെച്ച് രാജകീയമായി തന്നെ ഇരുന്നു.
കണ്ടക്ടര്‍ വന്നു ടിക്കറ്റ്‌ എടുത്തു.പന്ത്രണ്ട് രൂപയാണ് ടിക്കറ്റ്‌, ഞാന്‍ പതിനഞ്ച് രൂപയാണ് കൊടുത്തത്. മൂന്നു രൂപ പിന്നെ തരാമെന്നു പറഞ്ഞു. ഞാന്‍ പഠിച്ച നാല് വര്‍ഷവും ബാക്കി പൈസ എനിക്ക് കിട്ടിയിട്ടില്ല. ചോദിച്ചാല്‍ ദേഷ്യപ്പെട്ട് "പിന്നെ, പിന്നെ"  എന്ന് പറയും.ചോദിക്കുന്ന ആള്‍ക്ക് ഉളുപ്പ് ഉള്ളത്കൊണ്ട് എപ്പോഴും ചില്ലറ മേടിക്കാതെ ഇറങ്ങി പോകുകയാണ് പതിവ്.സ്ഥിരം അനുഭവസ്ഥ ആയതിനാല്‍ ഈ വട്ടവും അഭിമാനം പണയം വെച്ചില്ല.
ഏഴര ആയപ്പോഴേക്കും മജെസ്ടിക്കില്‍ എത്തി. ഇറങ്ങിയപ്പോള്‍ തന്നെ ,കൈ അടിക്കുമ്പോള്‍ ബലികാക്കകള്‍ വന്നു കൂടുന്നത്പോലെ ചുമട്ടു തൊഴിലാളികള്‍ വന്നു.ഞാന്‍ ഒറ്റ തോള്‍ ബാഗ്‌ മാത്രമേ എടുത്തിട്ടോല്ളൂ.അത് വീര്‍ത്തിരിന്നു എങ്കിലും ഒട്ടും കനം ഇല്ലായിരുന്നു. ചിലപ്പോള്‍ നഴ്സിംഗ് പഠിച്ചു ശോഷിച്ചു പോയ എന്നെ കണ്ടിട്ടായിരിക്കാം എന്റടുത്ത് അവര്‍ വന്നത്.ഞാന്‍ അവരെ ആവശ്യം ഇല്ലാ എന്ന് പറഞ്ഞു തിരിച്ചയച്ചു. ഒരാള്‍ മാത്രം യാജനാ രൂപത്തില്‍ പുറകേ കൂടി.പത്ത് രൂപ പറഞ്ഞ അയാള്‍ കെഞ്ചി അഞ്ചു രൂപ വരെ എത്തിച്ചു. അവസാനം അഞ്ച് രൂപ കൊടുത്ത് അയാളെ പറഞ്ഞു വിട്ട് ഞാന്‍ നടന്നു. 
കേരള റിസര്‍വേഷന്‍ കൌണ്ടറിലും, പ്ലാറ്റ്ഫോം ഏഴിലും നല്ല തിരക്കാണ്. കോഴിക്കോട് ബസും ഫുള്‍ ആണ്. അവടെ നിന്നട്ട് പ്രയോജനം ഉണ്ടാവില്ലാ എന്ന് മനസിലാക്കിയ ഞാന്‍, ബസുകള്‍ കേറി ഇറങ്ങി പോകാം എന്ന് വിചാരിച്ചു. സമയം വൈകും എന്നാലും വേറെ വഴിയില്ല. സീറ്റ് റിസര്‍വ് ചെയ്യാത്തതില്‍ എന്നോട് തന്നെ ദേഷ്യം തോന്നി. നേരെ അമൂല്യയുടെ കടയില്‍ പോയി രണ്ട പായ്ക്കറ്റ് സോന്‍പാപ്‌ടിയും ഒരു പായ്ക്കറ്റ് ബദാം മില്‍ക്ക് പൌഡറും വീട്ടിലോട്ടു വാങ്ങി. ബസില്‍ എനിക്ക് കഴിക്കാന്‍ ലയ്സും ഒരു ബോട്ടില്‍ സെവെന്‍ അപ്പും വാങ്ങി.
സ്റ്റാന്‍ഡില്‍ കുറെ ബസ്‌ ഉണ്ട്. മൈസൂര്‍ ബസ്‌ കിട്ടി. മജെസ്റിക് -മൈസൂര്‍- ഗുണ്ടല്‍പെട്ട-ബത്തേരി അങ്ങനെയാണ് ഈ യാത്ര. ഓര്‍ഡിനറി ബസ്‌ ആയതിനാല്‍ എല്ലാ സ്റ്റോപ്പിലും നിര്‍ത്തി നിരങ്ങിയാവും ബസ്‌ പോകുക. മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് കൊണ്ട് ബൂത്തില്‍ കേറി വീട്ടിലോട്ടു വിളിച്ചു കേറുന്ന ടൈം പറഞ്ഞു. അപ്പുറത്ത് നിന്ന് എന്നത്തേയും പോലെ മമ്മി എന്നോട് ഉച്ചക്ക് കഴിക്കാന്‍ എന്താ വേണ്ടത് എന്ന് ചോദിച്ചു, എന്റെ മറുപടിനാല് വര്‍ഷവും ഒന്നായിരുന്നു. എന്റെ പ്രിയപ്പെട്ട കപ്പ ബിരിയാണി.
പൊതുവേ മൈസൂര്‍ ബസില്‍ പോകാന്‍ എനിക്ക് ഇഷ്ട്ടമല്ല കാരണം ബസില്‍ ഞാന്‍ മാത്രേ മലയാളി ആയിട്ട് ഉണ്ടാവുകയുള്ളൂ.രണ്ട്,ബസില്‍ നിറച്ചും ഒരു പുന്നാട മണം ആയിരിക്കും എന്നുള്ളതാണ്.ആദ്യത്തെ പത്ത് മിനുട്ട് മാത്രെ പാടുള്ളൂ..അത് സഹിക്കാന്‍ പറ്റിയാല്‍ പിന്നെ നമ്മള്‍ അതിനോട് ചേര്‍ന്നോളും.
എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ പൊടി അടിക്കാതിരിക്കാനെന്നുള്ള വ്യാജേന നാറ്റം അടിക്കാതിരിക്കാന്‍ മൂക്കും വായും തൂവ്വാല കൊണ്ട് മൂടി..ബസില്‍ നിറച്ചും ആള്‍ക്കാര്‍ ഉണ്ട്.എന്‍റെ അടുത്ത് ഒരു കുട്ടി വന്നിരുന്നു.ബംഗ്ലൂരില്‍ പിയുസി (PUC) പഠിക്കുകയാണെന്നും വീട് മാണ്ട്യയില്‍ ആണെന്നും പറഞ്ഞു. ജനാല സൈഡില്‍ ഇരുന്ന എന്നോട് മാറി ഇരിക്കാമോ എന്ന് ചോദിച്ചു.ഞാന്‍ സമ്മതിച്ചു, മൈസൂര്‍ എത്തുന്ന വരെ കാണാന്‍ പ്രത്യേകിച്ച് ഒരു കാഴ്ചയും ഇല്ല. പിന്നെ എന്തിനു വാശി പിടിക്കണം...
അവള്‍ ഹെഡ്‌ ഫോണ്‍വെച്ച് പാട്ട് കേട്ടുകൊണ്ട് ഇരിക്കുവായിരുന്നു. കുറച്ചു കഴിഞ്ഞു ഒരു ചെവിയില്‍ നിന്നും ഹെഡ്‌ ഫോണ്‍ എടുത്ത് ബസിനു താഴോട്ടു നോക്കി സംസാരിച്ചു, അപ്പുറത്ത് നിന്നും ഒരു ആണ്‍ ശബ്ദം കേട്ടു.സംസാരത്തില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കു അവധിക്കു പോകുവാന്നു മനസിലായി. അവളുടെ മുഖത്ത് വിരഹം നിഴലിച്ചിരുന്നു. പോകുന്നതിനു മുമ്പ് ഒരു പായ്ക്കറ്റ് ചോക്ലേറ്റ് അവന്‍ കൊടുത്തിട്ട് പോയി. ബസ് പുറപ്പെട്ടിട്ടും അവളുടെ ഈറനണിഞ്ഞ കണ്ണുകള്‍ പുറകോട്ടു നോക്കിക്കൊണ്ടിരുന്നു.അവന്‍ കാണാമറയത്ത്  ആയപ്പോഴാണ് അവള്‍ നേരെ ഇരുന്നത്.വീണ്ടും പാട്ട് കെട്ടും ചോക്ലേറ്റ് തിന്നും അവള്‍ ചാരി കിടന്നു. ഞാന്‍ അവളെയൊന്നു നോക്കി പുഞ്ചിരിച്ചെങ്കിലും തിരിച്ചു പ്രതികരണം ഉണ്ടായില്ല.
ബസ് പതുക്കെയാണ് പോകുന്നത് ഏകദേശം വണ്ടര്‍ല വരെ നല്ല ട്രാഫിക് ആയിരിക്കും. അത് കഴിഞ്ഞേ വണ്ടി ശരിക്കും ഒന്ന് ഓടി തുടങ്ങുക.പുറത്ത് പൊടി ഉള്ളതിനാലും നല്ല കാഴ്ചകള്‍ ഇല്ലാത്തതിനാലും ഞാന്‍ ഒന്ന് മയങ്ങി.
കുട്ടിയുടെ സംസാരം കേട്ട് ഉണര്‍ന്നപ്പോഴേക്കും മാണ്ട്യഎത്താറായി.അവിടെ ഒരു സെന്റ്‌ ജോസഫ്‌ചര്‍ച്ച് ഉണ്ട്,ആ പള്ളിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട് അതുകൊണ്ട് തന്നെ യാത്രകളില്‍ എങ്ങനെ മയക്കം പിടിച്ചാലും ഏതോ ഒരു ശക്തി എന്നെ ഉണര്‍ത്തും..ആ അടുപ്പം എന്താണെന്ന് വെച്ചാല്‍...നഴ്സിംഗ് തുടങ്ങി ഹോസ്റ്റല്‍ ജീവിതം തുടങ്ങിയപ്പോള്‍ ആരോ കാതില്‍ മന്ത്രിച്ചതാണ് ഇത് " ആദ്യമായി കാണുന്ന പള്ളിയില്‍ പോയി മൂന്നു കാര്യം പ്രാര്‍ത്ഥിച്ചാല്‍ തമ്പുരാന്‍ നടത്തിത്തരും "..അത് ഞാനന്ന് വിശ്വസിച്ചു ഏറ്റെടുത്തു. അങ്ങനെയിരിക്കെ ഞാന്‍ ഒന്നാം വര്‍ഷ പരീക്ഷകള്‍ എല്ലാം കഴിഞ്ഞു പോകുവായിരുന്നു, ഏറ്റവും ജയിക്കാന്‍ പ്രയാസം ഒന്നാം വര്‍ഷം ആയിരുന്നു.തോറ്റാലുണ്ടാകാവുന്ന  നാണക്കേടും മനപ്രയാസവും ഓര്‍ത്തോര്‍ത്ത് പേടിച്ചാണ് വണ്ടിയില്‍ ഇരുന്നത്. അപ്പോഴാണ്‌ ഈ പള്ളി എന്റെ കണ്ണില്‍ പെട്ടത് അപ്പോള്‍ തന്നെ പള്ളിയില്‍ നോക്കി,  ജയിപ്പിക്കണേ എന്ന ഒരു ആവശ്യം പറഞ്ഞു. ബാക്കി രണ്ട് ആവശ്യങ്ങള്‍ പറഞ്ഞു ദൈവത്തെ കൂടുതല്‍ ഓവര്‍ ലോഡ് ആക്കിയില്ല. "നിന്റെ വിശ്വാസം നിന്നെ കാക്കട്ടെ" എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്...അത്പോലെ  ഞാന്‍ പാസ്‌ ആയി, അന്ന് മുതല്‍ ആണ് ആ പള്ളി എന്റെ പ്രിയപ്പെട്ട പള്ളിയായ് മാറിയത്.
വീണ്ടും പള്ളിയെ നോക്കി ഒന്നൂടെ പുഞ്ചിരിച്ച് പഴയ കാര്യങ്ങള്‍ അയവിറക്കി  ഇരുന്നപ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ എത്തുകയും അടുത്തിരുന്ന കുട്ടി ഇറങ്ങി പകരം ഒരാള്‍ വന്നിരിക്കുകയും ചെയ്തു.അപ്പോഴാണ്‌ കഥാനായിക രംഗപ്രവേശം ചെയ്യുന്നത്.അവരെ കണ്ടാല്‍ കുളിച്ചിട്ടു വര്‍ഷങ്ങളായി എന്ന് തോന്നി,ചീവി കെട്ടാത്ത ജട പിടിച്ച മുടി, ചെറുതും വലുതുമായ് ഓട്ടകള്‍ വീണ മുഷിഞ്ഞ ഒരു സാരിയും തോളിലെ ഭാണ്ട്ട കെട്ടും കൈകുഞ്ഞും അവര്‍ ഒരു ഭിക്ഷാടന സ്ത്രീയാണെന്ന് എനിക്ക് മനസിലാക്കി തന്നു.കുഞ്ഞെന്ന് പറഞ്ഞാല്‍ ഒരു മൂന്നു മൂന്നര വയസുണ്ടാകും.അവര്‍ ബസ്‌ മുഴുവന്‍ കണ്ണോടിച്ചു, കൂടെ ഞാനും.അവര്‍ക്കിരിക്കാന്‍ ഒരു കാലി സീറ്റും ഇല്ല.എന്നോട് ചേര്‍ന്ന് അവര്‍ കമ്പിയില്‍ തൂങ്ങി നിന്നു.ബസ്‌ ഓരോ ബ്രേക്ക് ഇടുമ്പോഴും അവര്‍ തീരെ ബാലന്‍സ് കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കൊണ്ടിരുന്നു, കുഞ്ഞിന്റെ തല അവ്ടെയിവിടെയൊക്കെ മുട്ടുന്നുണ്ട്.എനിക്കവരോട് വളരെ സഹതാപം തോന്നി..എണീറ്റു കൊടുത്താല്‍ ഞാന്‍ രണ്ട് മണിക്കൂര്‍ നില്‍ക്കേണ്ടിവരും, പ്രാതല്‍ കഴിക്കാതെ ആണ് ഞാനിരിക്കുന്നത് കൂടാതെ രണ്ട് മണിക്കൂര്‍ ബാഗ്‌ തോളിലിട്ടു നില്കാനുള്ള ആരോഗ്യം അന്നെനിക്കില്ല. സാധാരണ ആണുങ്ങള്‍ കുഞ്ഞുള്ള പെണ്ണുങ്ങള്‍ക്ക് എണീറ്റ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്‌ പക്ഷെ ബസിലുള്ള ആണുങ്ങള്‍ ആരും എഴുന്നേറ്റ് കൊടുത്തില്ല.അന്ന് എന്നിലുണ്ടായിരുന്നു ഒരു കുഞ്ഞു മദര്‍ തെരേസ അവര്‍ക്ക് നേരെ കൈ നീട്ടി. ഒരു സങ്കോചവും കൂടാതെ അവര്‍ കുഞ്ഞിനെ എന്റെ മടിയിലോട്ടു തന്നു.അവര്‍ സാദാ സമയവും മുറുക്കാന്‍ ചവച്ചും എന്റെ ജനലിലൂടെ തുപ്പിയും ആണ് നിന്നത്. നീട്ടി തുപ്പുമ്പോള്‍ എന്റെ ഉടുപ്പിനു പുതിയ ഓറഞ്ച് ഡിസൈന്‍ വന്നുകൊണ്ടിരുന്നു. കുഞ്ഞും വളരെ മുഷിഞ്ഞ കീറിപ്പറിഞ്ഞ ഒരു ഷര്‍ട്ട്‌ മാത്രെ ഇട്ടിട്ടുള്ളൂ.കുഞ്ഞു കരഞ്ഞപ്പോള്‍ ഞാന്‍ ബാഗ്‌ തുറന്നു ലെയ്സ് എടുത്തു കൊടുത്തു.അവന്‍ അത് കയ്യിട്ട് വാരി തിന്നു.എപ്പോഴോ കുഞ്ഞു തിന്നുന്നത് കണ്ട അമ്മയും വന്നു കയ്യിട്ടുവാരി.അവരുടെ ചെയ്തികള്‍ ആരും കാണുന്നില്ല എന്നോര്‍ത്താണ് ഞാനിരുന്നത്.എന്നാല്‍ അപ്പുറത്ത് ഇരുന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന് തോന്നിച്ച ഒരു അങ്കിള്‍  ദേഷ്യത്തോടെഎന്നോട് ചോദിച്ചു " ഡോണ്ട് യു ഹാവ് എനി അദര്‍ വര്‍ക്സ്???
"ദിസ്‌ ഈസ്‌ നണ്‍ ഓഫ് യുവര്‍ ബിസിനസ്" എന്നാണ് പറയാന്‍ തോന്നിയതെങ്കിലും 'ഇറ്റ്‌ ഈസ്‌ ഓക്കെ' എന്നെ പറഞ്ഞോളു..കുഞ്ഞു എന്റെ സെവെന്‍ അപ്പ്‌ എടുത്തു പിടിച്ചപ്പോള്‍ ദാഹിച്ചിട്ടായിരിക്കും എന്ന് കരുതി അത് കുഞ്ഞു വായിലോട്ടു ഒഴിച്ച് കൊടുത്തു.കുഞ്ഞിന്റെ തീറ്റയുംകുടിയും കഴിഞ്ഞപ്പോള്‍ തന്നെ എന്റെ വസ്ത്രം ഒരു പരുവത്തില്‍ ആയി.
മൂന്നര വയസുള്ള കുഞ്ഞിന്റെ ഭാരം അത്ര നിസാരമായിരുന്നില്ല എന്റെ കാലുകള്‍ കഴക്കാന്‍ തുടങ്ങി .അമ്മയാണേല്‍ കുഞ്ഞിനെ ശ്രദ്ധിക്കുകയേ ചെയ്യുന്നില്ല.ഞാന്‍ വേദന സഹിച്ചിരുന്നു. കണ്ണീര്‍ ആരും അറിയാതെ തുടച്ചു.

ബസ് നിര്‍ത്തിയപ്പോള്‍ കച്ചവടക്കാര്‍ പൈനാപ്പിള്‍ കഷണങ്ങളുമായി വന്നു.ഞങ്ങളുടെ നേരെ ഒരു പായ്കെറ്റ് നീട്ടിയത് കുഞ്ഞ് കൈക്കലാക്കി. ഞാന്‍ ബാഗില്‍ നിന്നും പേഴ്സ് എടുത്ത് പൈസ കൊടുത്തു. കുഞ്ഞു മടിയിലിരുന്നു അത് മുഴുവന്‍ തിന്നു. അടുത്തിരുന്ന ആള്‍ക്ക് ദേഷ്യം സഹിക്കാതെ എന്നോട് കന്നടയില്‍ ചീത്ത വിളിച്ചു.ഞാന്‍ നിസഹായവസ്ഥയില്‍ കുനിഞ്ഞിരുന്നു. ശരിക്കും പറഞ്ഞാല്‍ വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് എന്റെ തോളില്‍
വെച്ചപോലായി കാര്യങ്ങള്‍.
പെട്ടന്ന് ഒന്ന് മൈസൂര്‍ എത്താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.എന്തോ ഒച്ചപ്പാട് കേട്ടപ്പോഴാണ് ഉറങ്ങിപ്പോയ  ഞാന്‍ ചാടി എഴുന്നേറ്റത്.എല്ലാരും ആ സ്ത്രീയോട് ദേഷ്യപ്പെടുന്നു. പേഴ്സ് മോഷ്ട്ടിച്ചു എന്ന് ആരോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.തൊണ്ടി അവര്‍ കൈയ്യോടെ പിടികൂടി .അപ്പുറത്തിരുന്ന അങ്കിള്‍ അവരെ അടിക്കാന്‍ ഓങ്ങി.എനിക്ക് കണ്ണ് കാണണോ കേള്‍ക്കാനോ വയ്യാതെയായി.അടിയും കരച്ചിലും ആകെ മൊത്തം ഒരു ബഹളം.
അങ്കിള്‍ പേഴ്സ് ഉയര്‍ത്തി പിടിച്ച് ഇതാരുടെ ആണെന്ന് കന്നടയില്‍ ചോദിച്ചു.ഞാന്‍ മാത്രം അങ്ങോട്ട്‌ നോക്കിയില്ല. ഞാനാകെ പേടിച്ചുപോയിരുന്നു. എനിക്കാണെങ്കില്‍ കന്നടയും അറിയില്ല. ആ പേഴ്സിന് ഒരു ഉടമയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല,അവസാനം ചോദ്യം എന്റെ മുമ്പിലേക്ക് എറിഞ്ഞിട്ടു...
ഞാന്‍ മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി അതെന്‍റെ പേഴ്സ് ആയിരുന്നു.അതില്‍ ആകെ നൂറു രൂപയും എ ടി എം കാര്‍ഡും മാത്രമാണ് ഉണ്ടായിരുന്നത്. അത് അത്പോലെ തന്നെയുണ്ട്.എല്ലാരും കുഞ്ഞിനെ മടിയില്‍ വെച്ചതിനു എന്നോട് ദേഷ്യപ്പെട്ടു ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.ആ അങ്കിള്‍ എല്ലാരോടുമായ് പറഞ്ഞു അവര്‍ മോഷ്ട്ടിക്കുന്നത് കണ്ടെന്ന്.എന്നാല്‍ ആ സ്ത്രീ പറഞ്ഞത് നിലത്ത് വീണപ്പോള്‍ എടുത്തത് ആണെന്നാണ്.സത്യം എന്താണെന്ന് എനിക്ക് മനസിലായില്ല. അവരുടെ മേത്ത് തുരു തുരാന്ന് അടികള്‍ വീണു.അതിനിടയില്‍ എപ്പോഴോ കുഞ്ഞിനെ അവര്‍ എന്റെ അടുത്ത് നിന്നും എടുത്തിരുന്നു. ബസ് നിര്‍ത്തിയിട്ടു പോലീസ്‌ സ്റ്റേഷനിലോട്ടു വണ്ടി വിടാന്‍ പറഞ്ഞു. എനിക്കാകെ പേടിയായി ഞാന്‍ എനിക്ക് പരാതി ഇല്ല, അവരെ വെറുതെ വിടൂ  എന്ന് നൂറുവട്ടം  പറഞ്ഞിട്ടും ആരും കേട്ടില്ല.അടുത്ത് സ്റ്റേഷനില്ലാത്തത്കൊണ്ട്  പോലീസിനെ വിളിച്ചു വിവരം പറഞ്ഞ് വണ്ടി  സൈഡില്‍ ഇട്ടു.ഉടനെ തന്നെ പോലീസ് വന്ന് ബസില്‍ ഇരച്ചുകയറി അവരെ ഇറക്കി കൊണ്ട് പോയ് പോലീസ് വാനില്‍ കയറ്റി. കുഞ്ഞും അമ്മയും കണ്ണീരോടെ എന്നെ തിരിഞ്ഞു നോക്കി...
എന്റെ ബസും പുറപ്പെട്ടു. രണ്ടും എതിര്‍ ദിശയില്‍ പോയത്കൊണ്ട് വാനില്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയാതെ ഞാനും കരഞ്ഞു.സത്യം അറിയാന്‍ എന്റെ മനസ് വെമ്പി .ഒന്ന് തിരിഞ്ഞു നോക്കി സംഭവിച്ചത് എന്താണെന്ന് ആലോചിച്ചു നോക്കി. അവസാനമായി പേഴ്സ് എടുത്തത് പൈനാപ്പിള്‍ വാങ്ങാനാണ്. പേഴ്സ് തിരിച്ചു ബാഗില്‍ വെച്ചോ എന്ന് എനിക്കോര്‍മയില്ല. ഇനി ശരിക്കും താഴെ പോയിക്കാണുമോ എന്നും അറിയില്ല. ആ അങ്കിള്‍ പറഞ്ഞത് അവര്‍ ബാഗില്‍ നിന്ന് പേഴ്സ് എടുത്തു എന്നാണ്...
 പാല് കൊടുത്ത കൈയ്യില്‍ തന്നെ കൊത്തിയോ എന്ന് ഒരു വേള  മനസ്സില്‍ തോന്നി.കപ്പ ബിരിയാണി ഓര്‍ത്ത് യാത്ര ചെയ്തിരുന്ന ഞാന്‍ അപ്പോള്‍  മനസാക്ഷി കോടതിയില്‍ വിചാരണ നേരിടുകയായിരുന്നു.
സത്യാവസ്ഥ എന്താന്നു ഉറപ്പില്ലാത്ത ഞാന്‍ എന്റെ മനസാക്ഷിക്ക് മുമ്പില്‍ പീലാത്തോസിനെ പോലെ കൈ കഴുകി. " ഈ രക്തത്തില്‍ എനിക്ക് പങ്കില്ല"...

വീട്ടില്‍ എത്തുന്നത് വരെ ഞാന്‍ അസ്വസ്ഥയായിരുന്നു. ഒരു കാര്യം എനിക്ക് അറിയാം ഇനി ഒരു സാഹചര്യത്തില്‍ ഇതുപോലെ ഒരു അമ്മയും കുഞ്ഞും ബസില്‍ കയറിയാല്‍ ഒരു പക്ഷെ ഞാന്‍ തീര്‍ച്ചയായും ലെയ്സും സെവെന്‍ അപ്പും കൊടുക്കുമായിരിക്കും എങ്കിലും കുഞ്ഞിനെ മടിയില്‍ ഒന്നും കയറ്റി ഇരുത്തില്ല. ഒരു അനുഭവം ഉണ്ടായത് കൊണ്ടോ പേടി കൊണ്ടോ അല്ല. അന്നെനിക്ക് ഉണ്ടായിരുന്ന അത്ര നന്മയുള്ള മനസ് എന്റെ ജീവിത യാത്രക്കിടയില്‍ എന്നോ കൈമോശം വന്നുപോയിരുന്നു.
അല്ലെങ്കിലും "maturity is all about losing our innocence' .....

പിന്‍കുറിപ്പ്
 (ഓര്‍മ്മക്കുറിപ്പ് 3 വര്ഷം മുന്നേ ഡയറിയില്‍ എഴുതിയതാണ് 
,ഇന്ന് കേരളത്തില്‍ യാജകരെക്കുറിച്ചു പേടി പെടുത്തുന്ന സാഹചര്യമാണ് ഉള്ളത്.ഇന്ന് ഇങ്ങനെയുള്ള ഒരാളെ കണ്ടാല്‍ തീര്‍ച്ചയായും ഞാന്‍ ആ കുഞ്ഞു അവരുടേത് ആണോ എന്ന് ഉറപ്പാക്കാനായിരിക്കും ശ്രമിക്കുക)

Monday, 5 December 2016

തമിഴ് മക്കളുടെ അമ്മക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട....
വനിതാ രാഷ്ട്രീയത്തിലെ ഒരു ഉരുക്കുവനിത തന്നെയായിരുന്നു ജയലളിത....എന്റെ ഓര്‍മ വെച്ച നാള്‍ മുതല്‍ ഇത്രയേറെ ജനങ്ങള്‍ സ്നേഹിച്ച് ആരാധിച്ച ഒരു രാഷ്ട്രീയക്കാരി ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാവാനും സാധ്യത ഇല്ല.ഞാന്‍ ടീവിയില്‍ ആദ്യമായി കണ്ടത് അഴിമതിയുമായി ബന്ധപെട്ട സമയത്താണ്...അന്ന് ജയലളിതയും ചെരുപ്പുകളും, പ്രത്യേകിച്ച് സ്വര്‍ണ ചെരുപ്പും, സ്വര്‍ണ്ണ ചെമ്പും എല്ലാം വളരെ കുപ്രസിദ്ധി ആര്‍ജിച്ച സമയമായിരുന്നു. ചെറിയ കുട്ടി ആയിരുന്നത് കൊണ്ട് അവരെക്കുറിച്ച് വേറെ ഒന്നും അറിയില്ലായിരുന്നു.പിന്നീട് വലുതായപ്പോള്‍ ആണ് അവര്‍ പാവങ്ങള്‍ക്ക് വേണ്ടി ഒത്തിരി സഹായങ്ങള്‍ ചെയ്യുന്നത് കേട്ടറിഞ്ഞത്...അഴിമതി എന്ന് പലരും പേരിട്ടു വിളിച്ചപ്പോഴും മറുവശത്തെ അവരുടെ സഹായങ്ങളും അവരോടു
തമിഴ്നാട്‌ കാണിക്കുന്ന സ്നേഹവും , അവര്‍ക്ക് വേണ്ടി ജീവന്‍ പോലും കളയാന്‍ തയ്യാറാകുന്ന ആളുകളും അവരുടെ ശത്രുക്കള്‍ക്കുള്ള നല്ല മറുപടി ആണ്. ഞങ്ങടെ ജില്ല തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നത് കൊണ്ട് അവിടെ ഉള്ള ആളുകള്‍ക്ക് അവര്‍ ചെയ്ത് കൊടുത്ത സഹായങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്, അവസാനം ലാപ്ടോപ് ഫ്രീയായി കിട്ടിയപ്പോള്‍ തമിഴ്നാട്ടില്‍ ജനിച്ചിരുന്നെങ്കില്‍ എന്നു പോലും ആഗ്രഹിച്ചുപോയിട്ടുണ്ട്..വ്യക്തിപരമായി രാഷ്ട്രീയമായി ഒരു ബന്ധമില്ലെങ്കിലും അവരെ ബഹുമാനിക്കാതിരിക്കാന്‍ കഴിയില്ല. ഇന്ന് പുറത്ത് പോയപ്പോള്‍ റേഡിയോയില്‍ ഓരോ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ഇടയായി ,അതില്‍ മനസ്സില്‍ തട്ടിയ ,കുറച്ചധികം വിഷമം തോന്നിയ ഒന്ന് ഒരു സീനിയര്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ കാര്യമാണ്..." അവര്‍ ഒരു സ്വേച്ഛാധിപതി ആണെന്നും, ജനാധിപത്യരീതിക്ക് എതിരായി പ്രവര്‍ത്തിച്ചു എന്നും,അഴിമതിക്കാരി ആണെന്നും പറഞ്ഞു അദ്ദേഹം.സിനിമാപ്രേമികള്‍ ആയ തമിഴ്നാട്ടുകാര്‍ക്ക് ഒരു സിനിമാനടിയോടുള്ള ആരാധനാ മാത്രമാണ് എന്നും പറഞ്ഞു.അവര്‍ പുണ്യവതി ആണെന്ന് ഒന്നും പറയുന്നില്ല എങ്കിലും സമകാലീക രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യാതെ സ്വന്തം ഖജനാവ് മാത്രം നിറക്കുന്ന ചില രാഷ്ട്രീയക്കാരെക്കാള്‍ നല്ല കാര്യമല്ലേ അവര്‍ ചെയ്തത്.അവര്‍ വിട പറഞ്ഞ ഈ വേളയില്‍ അവരുടെ ചീത്ത വശങ്ങള്‍ എടുത്ത് കാണിക്കാതെ അവരുടെ ആത്മശാന്തിക്കായ് നമുക്ക് പ്രാര്‍ത്ഥിക്കാം.തമിഴ്മക്കളും എടുത്ത്ചാടി ബുദ്ധിമോശം ഒന്നും ചെയ്യാതിരിക്കട്ടെ... let her soul rest in peace,,,


Monday, 27 July 2015

ഇനി എന്നും എന്‍ ഓര്‍മയില്‍....

എന്റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒറ്റയിരിപ്പിനു വായിച്ച ഒരേ ഒരു പുസ്തകമാണ് അഗ്നിച്ചിറകുകള്‍....ഒരിക്കലും മരിക്കരുതേ എന്ന് ആശിച്ച രണ്ടു വലിയ മനുഷ്യര്‍....മദര്‍ തെരേസയും അബ്ദുല്‍ കലാമും,,,,വല്ലാത്ത നെഞ്ചിടിപ്പോടെ കേട്ട വാര്‍ത്തയായിരുന്നു ഇന്നത്തേത്....ഏറ്റവും വേണ്ടപ്പെട്ട ഒരു ബന്ധു പിരിഞ്ഞുപോകുന്നതിനെക്കാള്‍ ഏറെ വേദനിക്കുന്നു...ഇനി തിരിച്ചു വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത നഷ്ട്ടബോധം....ഒരു വല്ലായ്മ.....
പടിച്ചോണ്ടിരുന്നപ്പോള്‍ ഒരുപാട് കത്തുകള്‍ എഴുതുമായിരുന്നു..അവസാനം ഒരു മറുപടി അദ്ദേഹം അയച്ചപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്....ഇപ്പോഴും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ അത് തന്നെയാകും എനിക്ക് ഓര്‍ക്കാനും പറയാനും ഉള്ളത്...നേരിട്ട് കാണാന്‍ അനുവാദം തന്നിരുന്നു...പക്ഷെ കാണാന്‍ പോകാന്‍ കഴിഞ്ഞില്ല...ഇനി അതൊരു തീരാ ദുഃഖമായി തുടരും,,,, i will miss you  forever....

Tuesday, 12 May 2015

നിനക്കായ്‌ സഖീ.....


നിനക്കായ്‌ ഒരു ജന്മദിനം ചാരെ അണയുമ്പോള്‍
ഒരു തിരി വെളിച്ചമായി നീ ഉണരാന്‍
ഒരു ചിത്രശലഭമായി  പറന്നുയരുവാന്‍
എങ്ങനെ ആശംസകള്‍ നേരേണ്ടു ഞാന്‍.....

എന്നും പുതു സ്വപ്നം കണ്ടുണരാന്‍
നന്മയുടെ പ്രകാശം പരത്തുവാന്‍
അര്‍പ്പിക്കാം ഒരായിരം അര്‍ച്ചനകള്‍
തെളിയിക്കാം ഒരായിരം കല്‍വിളക്കുകള്‍.....

നിന്നിലെ നന്മകള്‍ അണഞ്ഞു പോകാതിരിക്കാന്‍
ഏത് മാലാഖയെ അയക്കേണം  ഞാന്‍
ആരോഗ്യവതിയായി എന്നും കാണാന്‍ ഏത് മന്ത്രം
ചൊല്ലേണ്ടു  ഞാന്‍
നീ ഉറങ്ങുമ്പോള്‍  കാവലിരിക്കാന്‍
ഒരു പൂര്‍ണ്ണ ചന്ദ്രനായ് ആരെ ഉണര്‍ത്തണം....

എന്നും നിന്നില്‍ പുഞ്ചിരി വിടരാന്‍
ഏത് സൌഭാഗ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കേണ്ടൂ സഖീ....
ആയിരം പൂര്‍ണ്ണ ചന്ദ്രനായി ഇനിയും കോടിജന്മങ്ങള്‍ ഉണ്ടാകുവാന്‍
നേരുന്നു ആശംസകള്‍, ......

Saturday, 6 December 2014

വെറുതെ ഇരിക്കുമ്പോള്‍ ഓരോന്ന് ചിന്തിക്കും ,അപ്പോഴാണ് മനസിലായത്

ബ്ലോഗില്‍ കുറിച്ചിട്ടിട്ട് ഒരു വര്‍ഷത്തോളം ആയല്ലോ എന്ന്....ഇനി കുറച്ച്

സമയം കണ്ടെത്തി എന്തെങ്കിലും വായിക്കണം,,,,

Saturday, 17 May 2014

തിരശീലയ്ക്ക് പിന്നില്‍

തിരശീലയ്ക്ക് പിന്നില്‍

ആരണ്യ എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു.പ്ലസ്‌ ടു ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അന്ന് മുതല്‍ എനിക്കവളെ നന്നായി അറിയാം.അവളെ അനാഥാലയത്തില്‍ നിന്നും എടുത്ത്  വളര്‍ത്തിയതാണെന്നും അറിയാമെങ്കിലും അവളുടെ പാസ്റ്റ് എനിക്കറിയില്ലായിരുന്നു.സിനിമ നടി ആയതില്‍ പിന്നെ അവളുടെ സ്വാകര്യതയിലേക്ക് ഞാന്‍ എത്തി നോക്കിയിട്ടുമില്ല.അവളൊരു കടുത്ത പുകവലിക്കാരിയായി മാറിയതാണ് മരണകാരണമെന്ന് അവളുടെ മരണ വാര്‍ത്ത കണ്ടാണ്‌ അറിഞ്ഞത്.

അവളെ ചെറുപുഷ്പ്പം കോണ്‍വെന്റില്‍ നിന്നും ആണ് കിട്ടിയതെന്ന് അവളുടെ വളര്‍ത്തച്ഛന്‍ പറഞ്ഞതിന്‍ പ്രകാരമാണ് ഞാന്‍ കോണ്‍വെന്റില്‍ എത്തിയത്. നല്ല മൂഹൂര്‍ത്തത്തില്‍ ആണ് ഞാന്‍ ചെന്നത്. അവള്‍ അയച്ച പണം കൊണ്ട് മദര്‍ ഒരു പുകവലി വിരുദ്ധ ക്യാമ്പ്‌ സംഘടിപ്പിക്കുവായിരുന്നു. കൂടാതെ 10 കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സക്കാവശ്യമുള്ള പണവും നല്‍കുന്നു.

പരിപാടിക്ക് ഞാനും പങ്കെടുത്തു. അതിനു ശേഷം മദറോട് ഒന്ന് സംസാരിക്കാന്‍ പറ്റി.അവര്‍ക്ക് ആരണ്യയെ പറ്റി കണ്ണീരില്‍ കുതിര്‍ന്ന കുറെ സംസാരിക്കാന്‍ ഉണ്ടായിരുന്നു.അവള്‍ അയച്ച കത്ത് അവളുടെ മരണത്തിനു ശേഷം ആയിരുന്നു മദറിന് കിട്ടിയത്.കത്ത് ഇങ്ങനെയായിരുന്നു.

To,
    mother superior
    cherupushppam convent
    alappuzha

പ്രിയപ്പെട്ട മദര്‍,

                              ഓണ്‍കോളജി ഡിപാര്‍ട്ട്മെന്റില്‍ എഴുതിയിരുന്ന വാചകം എന്നെ വല്ലാതെ തളര്‍ത്തുന്നു.

" A quarter of smokers dies in middle age " എന്നായിരുന്നു അത്. ആദ്യമായി സ്ക്രീന്‍ ടെസ്റ്റ്‌ നടത്തിയപ്പോഴോ,ആദ്യത്തെ സിനിമ റിലീസ് ആയപ്പോഴോ ഞാന്‍ ഇത്ര ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. ആദ്യമായി ഞാനിപ്പോള്‍ ഭയക്കുന്നു. മരണം ഏത് നിമിഷവും എന്നെ കവര്‍ന്നെടുക്കും.

കോണ്‍വെന്റില്‍ നിന്നും എന്നെ കൊണ്ടുപോയതിനു ശേഷം എന്റെ പതിനഞ്ചാമത്തെ വയസില്‍ ആണ് ഞാന്‍ മോഡലിംഗിന് പോയത്.ഒത്തിരിയേറെ സ്‌ട്രെസ് എനിക്കുണ്ടായി എല്ലാവരും ചെയ്യുന്നത് പോലെ ഞാനും പുകവലി തുടങ്ങി. ഓരോ ദിവസവും വലിച്ചുതള്ളുന്ന സിഗരറ്റിന്റെ എണ്ണം കൂടി. സിനിമ നടി ആയപ്പോഴേക്കും  ഞാനൊരു ചെയിന്‍ സ്മോക്കര്‍ ആയി.

പുകവലിക്കരുതെന്ന് പലരും ശാസിച്ചു എങ്കിലും മറ്റെല്ലാ സെലിബ്രിറ്റികളേയും പോലെ ഞാനൊരു അടിമയായി മാറി. 

ഊട്ടിയില്‍ ഒരു ഷൂട്ടിംഗ് ഉണ്ടായിരുന്നു. ബാംഗ്ലൂര്‍ നിന്നും ഫ്ലൈറ്റില്‍ കേറാന്‍ നേരം വല്ലാതെ ചുമച്ച് ചോര തുപ്പി.കുറച്ചു ദിവസം തൊട്ട് ചുമ ഉണ്ടായിരുന്നെങ്കിലും ഞാന്‍ കാര്യമാക്കിയില്ല. ഫ്ലൈറ്റ് ക്യാന്‍സല്‍ ചെയ്ത് നേരെ അപ്പോളോ ഹോസ്പിറ്റലില്‍ എത്തി. ഒരു മോശം ഡയഗ്നോസിസ് ഞാന്‍ പ്രതീക്ഷിച്ചില്ല. രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ തന്നെ എനിക്ക് ലങ്ങ്‌ കാന്‍സര്‍ ആണെന്ന് റിപ്പോര്‍ട്ട്‌ വന്നു. നാട്ടില്‍ അച്ഛനോടോ അമ്മയോടോ ഞാന്‍ ഒന്നും പറഞ്ഞില്ല അവര്‍ എന്നോ എനിക്കന്യരായി കഴിഞ്ഞിരുന്നു.

പിന്നീടൊരു വേദന നിറഞ്ഞ ഏകാന്ത വാസം ആയിരുന്നു. ഞാന്‍ ആരുടേയും ഫോണ്‍ എടുത്തില്ല. ഒരു പരിപാടിക്കും പോയില്ല. കീമോ തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ മുടിയെല്ലാം പോയി ഞാന്‍ ആരോ ആയി മാറി.ഇതിനകം എന്തോ മണത്ത് മാധ്യമ പ്രവര്‍ത്തകര്‍ വന്നെങ്കിലും ഞാന്‍ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല.അവര്‍ അവര്‍ക്കിഷ്ട്ടമുള്ളത് പോലെ അച്ചടിച്ച് എന്റെ രോഗം ആഘോഷമാക്കി.ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന് എല്ലാരും പറഞ്ഞു.ഇനി വീണ്ടും ആ അഴുക്ക് ചാലിലോട്ടു പോകാന്‍ എനിക്കും താല്‍പ്പര്യം ഇല്ലായിരുന്നു.

ഇനി എന്റെ അവസാന നാളുകളില്‍ എനിക്ക് മദറിനൊപ്പം ചിലവഴിക്കണം.സമാധാനവും സന്തോഷവും നിറഞ്ഞ കുറച്ചു നാളുകള്‍  മാത്രം മതി എനിക്ക്.ഒരു പുകവലി വിരുദ്ധ കംപൈന്‍ ഉണ്ടാക്കണം.ഉള്ള പണം കൊണ്ട് കുറച്ചു രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞാല്‍ അത് മതി. എന്റെ കയ്യിലുള്ള പണം ഇതിനോടൊപ്പം അയക്കുന്നു.ഉടനെ തന്നെ ഞാന്‍ പുറപ്പെടും...
                                                                     സ്വന്തം
                                                                     ആരണ്യ

കത്ത് വായിച്ച് എനിക്കും കരയാതിരിക്കാന്‍ ആയില്ല.അവള്‍ എനിക്ക് പ്രിയപ്പെട്ടവള്‍ ആയിരുന്നു. അവളുടെ മരണം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.ഇനി എനിക്ക് പറയാന്‍ വേറെ ഒന്നുമില്ല..... 

അകാലത്തില്‍ പൊലിഞ്ഞ നക്ഷത്രമേ നിന്റെ ആത്മാവിനു നിത്യശാന്തി....

കൂടെ പുകവലിയും മദ്യപാനവും ഇല്ലാത്ത പുതിയ തലമുറ ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയും...........
                                                                                                       dec 2013