Thursday 19 December 2013

ജിമ്മി ജോര്‍ജ്‌- പോയ്‌ മറഞ്ഞ വോളീബോള്‍ ഇതിഹാസം,,,




മരണമണി മുഴങ്ങി തുടങ്ങിയ ഇന്ത്യന്‍ വോളീബോളിന് എന്നെന്നും ഓര്‍ക്കാന്‍ ഒരേ ഒരു ലോകതാരമേ ഉണ്ടായിട്ടുളൂ അതായിരുന്നു അകാലത്തില്‍ പൊലിഞ്ഞുപോയ ജിമ്മി എന്ന പൊന്‍ നക്ഷ്ത്രം അഥവാ ഇറ്റലിക്കാരുടെ ഹെര്‍മിസ് ദേവന്‍.

1955 മാര്‍ച്ച് അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ പ്രശസ്തമായ കുടക്കച്ചിറ വീട്ടില്‍ അഡ്വക്കറ്റ് ശ്രീ ജോര്‍ജ് ജോസെഫിന്റെയും, ശ്രീമതി മേരി ജോര്‍ജിന്റെയും പുത്രനായി ജനിച്ചു.

യൂണിവേഴ്സിറ്റി കളിക്കാരാനായിരുന്ന പിതാവില്‍ നിന്നും വോളീബോള്‍ ബാലപാഠങ്ങള്‍ ജിമ്മി സ്വായത്തമാക്കി. ജിമ്മിയും സഹോദരന്മാരും വോളീബോളിനെ എക്കാലവും നെഞ്ചിലേറ്റിയ പേരാവൂരിന്റെ മണ്ണില്‍ കളിച്ചു വളര്‍ന്നു. ജിമ്മിയും സഹോദരങ്ങളും ചേര്‍ന്ന് ജോര്‍ജ് ബ്രദേറ്സ് എന്ന ടീം രൂപ പെട്ടു.

ചെറുപ്പത്തില്‍ തന്നെ കളിയില്‍ മികവു കാട്ടിയ ജിമ്മി വലിയ ഒരു കളിക്കാരനാവുമെന്നു പിതാവ് മനസിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വതസിദ്ധമായ കഴിവിനാലും, കഠിനാധ്വാനത്താലും അദ്ദേഹം കോര്‍ട്ടില്‍ മിന്നല്‍ പിണരുകള്‍ ഉതിര്‍ത്ത് ലോകം  കണ്ട മികച്ച കളിക്കാരില്‍ ഒരാളായി മാറി.മരണത്തിലും തോല്‍ക്കാതെ ലോക വോളീബോള്‍ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടാന്‍ ജിമ്മി എന്ന അത്ഭുത പ്രതിഭക്കായി. ഇന്ത്യ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച വോളീബോള്‍ താരമായിരുന്നു നമ്മളെ വിട്ടു പിരിഞ്ഞ ജിമ്മി.

സ്കൂള്‍വിദ്യാഭ്യസത്തിന് ശേഷം 1970 ഇല്‍ കാലികറ്റ് യൂണിവേഴ്സിറ്റി ടീമില്‍ എത്തിയതോടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 1973 ഇല്‍ സെന്റ്‌ തോമസ്‌ കോളേജില്‍ എത്തിയതോടെ കേരളാ യൂണിവഴ്സിറ്റി കളിക്കാരനായി. അതിനു ശേഷം ജിമ്മിയുടെ ക്യാപ്റ്റന്‍സിയിലും മികവിലും  ആയിരുന്നു നാല് കൊല്ലം കേരളാ യൂണിവേഴ്സിറ്റി അന്തര്‍ സര്‍വകലാശാല ടൂര്‍ണമെന്റുകളില്‍ ട്രോഫി കരസ്ഥമാക്കിയത്.

പതിനാറാമത്തെ വയസില്‍ തന്നെ അദ്ദേഹം ഇന്ത്യന്‍ വോളീ ടീമിന്റെ കരുത്തായി മാറി.1976 ഇല്‍ മെഡിക്കല്‍കോളേജില്‍ ചേര്‍ന്നെങ്കിലും വോളീബോള്‍ ആണ് തന്‍റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ്‌ കേരള പോലീസില്‍  ചേര്‍ന്നു.

ജിമ്മിയുടെ അത്യുജ്ലമായ സ്മാഷുകള്‍ കോര്‍ട്ടില്‍ ഇടിമിന്നല്‍ പായിച്ചു.അദ്ദേഹത്തിന്റെ ജമ്പ് ആന്‍ഡ്‌ സര്‍വീസും, വായുവില്‍ ഉയര്ന്നുപോങ്ങിയുള്ള സ്മാഷും കാണികളെ ആവേശം കൊള്ളിച്ചിരുന്നു. അദ്ദേഹത്തിന്റെ മികവു ലോകം അറിഞ്ഞപ്പോള്‍ പ്രൊഫെഷണല്‍ ക്ലബുകളില്‍ നിന്നും അദ്ദേഹത്തിന് ക്ഷണം ലഭിച്ചു.



അങ്ങനെ 1979 ഇല്‍ അബുദാബി ക്ലബ്ബില്‍ അദ്ദേഹംഎത്തിചേര്‍ന്നു. ആദ്യമായി ഇന്ത്യയില്‍ നിന്ന് പ്രൊഫെഷണല്‍ ക്ലബ്ബില്‍ കളിച്ച കളിക്കാരന്‍ എന്ന ബഹുമതി  അങ്ങനെ അദ്ദേഹത്തിന് കിട്ടി.

1982 ഇല്‍ ജിമ്മിയെ ഇറ്റലിക്കാര്‍ കൊത്തിക്കൊണ്ടുപോയി.അവടെ അദ്ദേഹം ഇറ്റലിക്ക് വേണ്ടി ജേഴ്സി അണിഞ്ഞു .ഒരു വര്ഷം കഴിഞ്ഞു വീണ്ടും കേരളാ പോലീസില്‍ വന്നെങ്കിലും വീണ്ടും ഇറ്റലിയിലേക്ക് പോവുകയാണ് ചെയ്തത്.

ഇറ്റലിയില്‍ അദ്ദേഹത്തിന് ആരാധകര്‍ ഏറെയായിരുന്നു.ജിമ്മിയുടെ ഓട്ടോഗ്രാഫിനു വേണ്ടി ഇറ്റലി കുതിച്ചു. ഇന്നും ഇന്ത്യയിലെക്കാള്‍ ആരാധകര്‍ ജിമ്മിക്കു ഇറ്റലിയിലും,വടക്കേ അമേരിക്കയിലും ഉണ്ട്,

1962 ഏഷ്യന്‍ ഗെയിംസിന് ശേഷം ഇന്ത്യ ഒരു മെഡല്‍ നേടിയത് 1986 ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ആയിരുന്നു. ജിമ്മിയുടെ സ്മാഷുകള്‍ വെടിയുതിര്തപ്പോള്‍ കരുത്തരായ ജപ്പാന്‍ പരാജയം ഏറ്റുവാങ്ങി. പിന്നീടിതുവരെ ഇന്ത്യ മെഡല്‍ വാങ്ങിയിട്ടില്ല എന്നത് ജിമ്മിഎന്ന പ്രതിഭയുടെ കഴിവ് തെളിയിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി മാറി ഏറ്റവും നല്ല ഫോമില്‍ നിന്നപ്പോഴായിരുന്നു ആ ദുരന്തം. 1987 ഇല്‍ ഇറ്റാലിയിലെ ഒരു കാറപകടത്തില്‍ ആയിരുന്നു ആ മാഹ പ്രതിഭയുടെ അന്ത്യം.വാര്‍ത്ത കേട്ട് കേരളത്തിനും,ഇന്ത്യക്കും ഒപ്പം ഇറ്റലിയും കണ്ണീര്‍ വാര്‍ത്തു.

ജിമ്മി 21ആം വയസില്‍ അര്‍ജുന അവാര്‍ഡ്‌ നേടി, അര്‍ജുന നേടിയ ഏറ്റവും പ്രായം കുറഞ്ഞ വോളീബാള്‍ തരമാണ് ജിമ്മി. 1975 ഇല്‍ ജീ വി രാജാ അവാര്‍ഡ്, മനോരമ നല്‍കുന്ന കേരളത്തിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള മനോരമ അവാര്‍ഡും ആ വര്ഷം അദ്ദേഹത്തെ തേടിയെത്തി.അദ്ദേഹത്തിന്റെ മരണശേഷം രണ്ടായിരാമാണ്ടില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഏറ്റവും നല്ല കായികതാരം എന്ന ബഹുമതി നല്‍കി മനോരമ ജിമ്മിയെ ആദരിച്ചു. 

ഇന്ത്യയില്‍ സച്ചിനൊപ്പവും,ലിയാണ്ടര്‍ പെയ്സിനൊപ്പവും നില്‍ക്കാവുന്ന ലോക താരമാണ് ജിമ്മി.

ജിമ്മിയുടെ മരണശേഷം വോളീബോളിന്റെ ഉന്നമനം ലക്‌ഷ്യം വെച്ച് 1988 ഇല്‍ ജിമ്മി ജോര്‍ജു ഫൌണ്ടേഷന്‍ രൂപപെട്ടു. 1989 മുതല്‍ ഓരോ വര്‍ഷവും ജിമ്മി ജോര്‍ജ് അവാര്‍ഡ്‌ കേരളത്തിലെ ഏറ്റവും മികച്ച കായിക താരത്തിനു നല്‍കി ആദരിച്ചു വരുന്നു.

അദ്ദേഹത്തോടുള്ള ആദരവില്‍ കേരള സര്‍ക്കാര്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം തലസ്ഥാനനഗരിയില്‍ നിര്‍മ്മിച്ചു. ജിമ്മിയുടെ ജന്മനാട്ടിലും അദ്ദേഹത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിച്ചു. ജിമ്മി ജോര്‍ജിന്റെ പേരില്‍ ഒരു റോഡും പേരാവൂരില്‍ ഉണ്ട്.

ഇന്ത്യാക്കാരോടൊപ്പം അദ്ദേഹത്തെ ആദരിക്കാന്‍ ഇറ്റലിക്കാരും മറന്നില്ല. ആ കാലത്ത് തന്നെ 40 കോടി മുടക്കി ഇറ്റലിയിലെ ജിമ്മി അവസാനമായി കളിച്ച മോണ്ടിക്കേറിയുടെ മണ്ണില്‍ അദ്ദേഹത്തിന്റെ നാമത്തില്‍  അത്യാധുനിക നിലവാരമുള്ള ഒരു സ്റ്റേഡിയം അവര്‍ നിര്‍മിച്ചു. ഇറ്റലിയില്‍ വര്ഷം തോറും ജിമ്മി ജോര്‍ജ് സ്മാരക വോളീബാള്‍ ടൂര്‍ണമെന്റ്റും നടത്തിവരുന്നു. അമേരിക്കയില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ജിമ്മി കളിച്ചിട്ടുള്ളൂ എങ്കിലും അവടേം 1989 മുതല്‍ ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി വോളീബാള്‍ എന്ന പേരില്‍ ടൂര്‍ണമെന്റ് നടത്തുന്നുണ്ട്.

പ്രശസ്ത കായിക താരം റോബര്‍ട്ട്‌ ബോബി ജോര്‍ജ് ജിമ്മിയുടെ സഹോദരന്‍ ആണ്. ബോബിയുടെ  സഹധര്‍മ്മണി അഞ്ചു ബോബി ജോര്‍ജും  ജിമ്മി ജോര്‍ജ് അവാര്‍ഡ്‌ ജേതാവാണ്‌.

ഇന്നത്തെ തലമുറക്കാര്‍ ആരും അദ്ദേഹത്തിന്റെ മിന്നല്‍ പ്രകടങ്ങള്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ സെബാസ്റ്യന്‍ ജോര്‍ജ് ജപ്പാനില്‍ നിന്നും ജിമ്മി  സോള്‍ ഏഷ്യാഡില്‍ കളിച്ചതിന്റെ വീഡിയോ സംഘടിപ്പിച്ച്‌ യു ടൂബില്‍ ഇട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ ലക്ഷം ഹിറ്റുകള്‍ കഴിഞ്ഞു മുന്നേറുന്നത് അദ്ദേഹത്തെ നെഞ്ചിലേറ്റാന്‍ ഇന്നും വോളീബാള്‍ പ്രേമികള്‍ ഉണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സ്മാഷുകള്‍ ഇന്നും ഓരോ വോളീബാള്‍ പ്രേമിക്കും പുത്തന്‍ കളിക്കാര്‍ക്കും ആവേശം ആണെന്നതില്‍ സംശയമില്ല. 

അദ്ദേഹത്തിന്റെ മരണം ഒരു പത്രത്തില്‍ വന്നത് ഇപ്രകാരം ആയിരുന്നു.

" Here was a caesar...When comes such another ...."









Friday 13 December 2013

ഞാന്‍ കേയ് അഡ്രോയ അമിന്‍

ജീവിതത്തില്‍ ഒരിക്കല്‍ പോലും ഡയറി എഴുതിയിട്ടില്ലെങ്കിലും നിങ്ങളോട് എന്തൊക്കെയോ പറയണം എന്ന് തോന്നി.ഞാന്‍ കേയ് ,മുഴുവന്‍ പേര് കേയ്  അഡ്രോയ അമിന്‍.ഭര്‍ത്താവിനൊപ്പം കുപ്രസിദ്ധയായ ഒരുവള്‍ അങ്ങനെ വേണമെങ്കില്‍ പറയാം.ഞാന്‍ ജനിച്ചത് ഉഗാണ്ടയിലെ പരാന്‍ഗായില്‍ ആണ്.ഉഗാണ്ടയിലെ പട്ടണത്തില്‍ എല്ലാ സൌഭാഗ്യങ്ങളോടും കൂടെ ഒരു ധനിക കുടുംബത്തില്‍ ഒരു  സുന്ദരിക്കുട്ടിയായി ഞാന്‍ ജനിച്ചു. സ്നേഹ സമ്പന്നരായ വീട്ടുകാര്‍,കൂട്ടുകൂടാനും,അടികൂടാനും എന്‍റെ പ്രിയ സഹോദരങ്ങള്‍.അങ്ങനെ ഒരു നല്ല ബാല്യം.

പപ്പയുടെ പണം ഞാന്‍ ആഗ്രഹിച്ച എന്തും വാങ്ങി തന്നു. പലരും മുഴുപട്ടിണിയില്‍ ഉഗാണ്ടയില്‍ അലഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരിക്കലും പോലും  ദാരിദ്യത്താല്‍ വീണു പോയില്ല. എങ്കിലും ഇപ്പോള്‍ എനിക്ക് പറയാനാകും, ഞാന്‍ സന്തോഷത്തോടെ ജീവിച്ച ഒരേ ഒരു കാലം എന്‍റെ ബാല്യം മാത്രമാണെന്ന്. ചെറുപ്പത്തിലെ ബ്രില്ല്യന്റ്റ് ആയിരുന്ന ഞാന്‍ പഠിച്ചത് മുഴുവന്‍ സ്കോളര്‍ഷിപ്പ്‌ വാങ്ങിയായിരുന്നു. എന്‍റെ സ്കൂള്‍ വിദ്യാഭ്യസത്തില്‍ എനിക്കല്ലാതെ മറ്റൊരാള്‍ക്കും ഗോള്‍ഡ്‌ മെഡല്‍ കിട്ടിയിട്ടില്ലായിരുന്നു. അത്രക്ക് തലയായിരുന്നു എനിക്കെന്നു എല്ലാരും പറയുമായിരുന്നു.

ഞാന്‍ കൌമാരത്തിലേക്ക് കിടന്നപ്പോള്‍ കാലം എന്നെ കൂടുതല്‍ സുന്ദരിയാക്കി. എന്‍റെ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണെന്ന് എന്‍റെ ആരാധകര്‍ പറഞ്ഞിട്ടുണ്ട്. കോളേജില്‍ എത്തിയ അന്ന് മുതല്‍ എന്‍റെ പുറകെ  ആ കോളേജ് മുഴുവനും ഉണ്ടായിരുന്നു. ആരുടേയും പ്രേമാഭ്യാര്‍ത്ഥനയില്‍ എന്‍റെ മനസ് വീണു പോയില്ല.

ആ ക്യാമ്പസില്‍ വെച്ച് തന്നെയാണ് ഞാന്‍ ഇദീ അമിനെ കണ്ടുമുട്ടുന്നത്. ഇന്നാലോചിക്കുമ്പോള്‍ ആ കണ്ടുമുട്ടലാണ് എന്‍റെ ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിച്ചതെന്നു നിഷ്പ്രയാസം പറയാമെനിക്ക്. എണ്ണകറുപ്പും ആറടിയില്‍ കൂടുതല്‍ പൊക്കവും, അതിനൊത്ത വണ്ണവും ഉള്ള അദ്ദേഹത്തെ ആര് കണ്ടാലും ഒന്ന് വിറയ്ക്കും. കോളേജില്‍ ആരും തന്നെ അദ്ദേഹത്തോട് മിണ്ടാറുപോലും ഇല്ലായിരുന്നു.അദ്ദേഹത്തിന്‍റെ കണ്ണിലെ നിശ്ചയദാര്‍ഢ്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പേടിച്ചാണെങ്കിലും ഞാന്‍ കര്‍ക്കശക്കാരനായ  അദ്ദേഹത്തോട് മിണ്ടി. അദ്ദേഹത്തിന്‍റെ പെരുമാറ്റം കണ്ടപ്പോള്‍ എന്‍റെ സൗഹൃദം അദ്ദേഹവും ആഗ്രഹിച്ചിരുന്നു എന്ന് മനസിലായി.ഞങ്ങള്‍ പെട്ടെന്ന്‌ തന്നെ നല്ല സുഹൃത്തുക്കള്‍ ആയി മാറി.പിന്നീടത് പ്രണയം ആകാന്‍ അധികം നാള്‍ വേണ്ടി വന്നില്ല.

അദ്ദേഹം അന്നെന്നെ ആത്മാര്‍ത്ഥമായിട്ടായിരുന്നോ സ്നേഹിച്ചതെന്നു ഇന്നും എനിക്കുറപ്പില്ല. അദ്ദേഹത്തിന്‍റെ ഏത് ഇഷ്ട്ടവും അദ്ദേഹം നേടിയിടുക്കുമായിരുന്നു.അതില്‍ ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടുമില്ല. അദ്ദേഹം ഉഗാണ്ടയുടെ പ്രസിഡന്റ്‌ ആകുമെന്നോ,ഹിറ്റ്ലര്‍ രണ്ടാമനെന്നും, ആഫ്രിക്കയുടെ കൊലയാളിയെന്നും അറിയപ്പെടുമെന്നും അന്നെനിക്കറിയില്ലായിരുന്നല്ലോ.

 ഒഴിവ് നേരങ്ങളില്‍ എല്ലാം ക്യാമ്പസിലെ ഓരോ മുക്കും മൂലയും ഞങ്ങള്‍ സ്വന്തമാക്കി. മണിക്കൂറുകളോളം ഞങ്ങള്‍ ലൈബ്രറിയില്‍ ചിലവഴിച്ചു. പ്രണയ ദിനങ്ങളില്‍ ഞങ്ങള്‍ കാണാത്ത സിനിമകളും,കേറാത്ത കഫീറ്റീരിയകളും കുറവായിരുന്നു. ഞങ്ങളുടെ പ്രണയം   അതിര്‍ത്തികള്‍ ഇല്ലാതെ ഒഴുകി അവസാനം വിവാഹത്തില്‍ എത്തി നിന്നു. അദ്ദേഹം ആദ്യ ഭാര്യ, മാല്യാമുവിനെ കല്യാണം കഴിച്ചിട്ട് വെറും നാല് മാസമേ പൂര്‍ത്തിയായിരുന്നോള്ളൂ.  അദ്ദേഹം എന്‍റെ പപ്പയുടെ സുഹൃത്തും,എന്‍റെ അകന്ന ബന്ധുവും ആയിരുന്നതിനാല്‍ എന്‍റെ വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയോടെ ആയിരുന്നു വിവാഹം. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമേ വന്നിരുന്നോള്ളൂ. ചടങ്ങില്‍ മാല്യാമു വന്നില്ല. പാവം വീട്ടില്‍ ഇരുന്നു കരയുകയായിരുന്നിരിക്കണം. പിന്നീടും ആ വേദന  അറിഞ്ഞപ്പോഴും, കണ്ണീര് കണ്ടപ്പോഴും കണ്ടില്ലെന്നു നടിക്കാന്‍ എനിക്കായി.

എന്‍റെ കല്യാണത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ഏകദേശം ആറു മാസങ്ങള്‍ക്ക് ശേഷം നോറയെ അദ്ദേഹം കല്യാണം കഴിച്ചു. മാല്യാമു അനുഭവിച്ച അതേ യാതനകള്‍ എനിക്കായി വന്നു. ഞങ്ങള്‍ 2 പേരും പരസ്പരം താങ്ങായി മാറി. ഇതിനോടകം തന്നെ അദ്ദേഹം ദാദ ആയി മാറിയിരുന്നു. പ്രസിഡന്റ്‌ പദവി അദ്ദേഹത്തിന് കൂട്ടക്കുരുതിക്ക് ലൈസന്‍സ് കൊടുത്തു.ബോക്സിംഗ് ചാമ്പ്യന്‍ ആയ അദ്ദേഹത്തിന്‍റെ ഞങ്ങളുടെ മേലുള്ള പീഡനങ്ങള്‍ എത്രത്തോളം ആയിരിക്കുമെന്ന് നിങ്ങള്‍ക്കും ഊഹിക്കാമല്ലോ?. മനുഷ്യതീനി ആയ അദ്ദേഹം നിരപരാധികളായ മൂന്നു ലക്ഷം ആളുകളെയാണ്  കൊന്നൊടുക്കിയത്. അദ്ദേഹത്തിന്‍റെ ആജ്ഞ അക്ഷരം പ്രതി അനുസരിക്കുക അല്ലാതെ വേറെ നിവര്‍ത്തി ഇല്ലായിരുന്നു.അദ്ദേഹത്തെ എതിര്‍ത്തവരെല്ലാം ദൂരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു എന്ന് വാര്‍ത്തയിലൂടെ ലോകം അറിഞ്ഞൂണ്ടിരുന്നു. സ്വേച്ഛാധിപതിയായ അദ്ദേഹത്തിനെതിരെ ഒരു പോലീസോ,കോടതിയോ ഉണ്ടായിരുന്നില്ല.

എന്‍റെ നല്ല കാലം എന്നേ അവസാനിച്ചിരുന്നു. എന്‍റെ കണ്ണുകളിലെ തിളക്കവും മണ്ണടിഞ്ഞുപോയിരുന്നു. അദ്ദേഹം ലോകത്തിലെ ക്രൂരനായ ഭരണാധികാരിയായി മാറി. നിങ്ങള്‍ക്കറിയാമോ,അദ്ദേഹത്തിന്‍റെ പ്രിയ ഭക്ഷണം മനുഷ്യന്‍ തന്നെയായിരുന്നു.പലരേയും ചുട്ടും,വേവിച്ചും അദ്ദേഹം വിശപ്പടക്കിയിട്ടുണ്ട്.ഞങ്ങളുടെ വിലാപങ്ങള്‍ നാല് ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങി.ചവിട്ടി അരക്കപെട്ട ഒരു പാഴ് ജന്മമായിരുന്നു എന്‍റെത്. 

വിവാഹങ്ങള്‍ അദ്ദേഹത്തിനൊരു ഹോബി മാത്രമായിരുന്നു. നോറക്ക്‌ ശേഷം അദ്ദേഹം മദീനയെ വിവാഹം കഴിച്ചു. 5 ഭാര്യമാരിലുമായി 25 കുട്ടികളും ഉണ്ടായി. മദീനയെ വിവാഹം കഴിച്ച നാള്‍ ഞങ്ങള്‍ സര്‍വരുടെയും നിയന്ത്രണം വിട്ടുപോയി. പ്രസിഡന്‍സി ലോഡ്ജില്‍ 2 വര്‍ഷമാണ്‌ തടങ്കലില്‍ അടച്ചപോലെ ഞങ്ങള്‍ ജീവിച്ചത്. ആ ജീവിതവും, മദീനയുമായുള്ള വിവാഹവും  ഞങ്ങള്‍ക്ക് എന്തോ ഒരു ധൈര്യം തന്നു. 

പുറത്ത് കടന്ന ഞങ്ങള്‍ അദ്ദേഹം അറിയാതെ ഹോട്ടലില്‍ ഒരു പാര്‍ട്ടി വെച്ചു. ഇതറിഞ്ഞു അദ്ദേഹം പാര്‍ട്ടി നിര്‍ത്താന്‍ ആവശ്യപെട്ടു ഒരാളെ പറഞ്ഞുവിട്ടു. പാര്‍ട്ടി നിര്‍ത്താന്‍ ഞങ്ങള്‍ ഒരുക്കം അല്ലെന്നും,ഡിവോര്‍സ് ചെയ്ത് അവളോടൊപ്പം ജീവിച്ചോളാനും   പറഞ്ഞു  അയാളെ തിരിച്ചുവിട്ടു.

കുപിതനായ അദ്ദേഹം പിറ്റേന്ന് തന്നെ ഞങ്ങളെ നാലുപേരെയും ഡിവോര്‍സ് ചെയ്തതായി റേഡിയോയിലൂടെ പറഞ്ഞു.ഞങ്ങള്‍ ആരും ഒരു തുള്ളി കണ്ണീര്‍ വീഴ്ത്തിയില്ല. അദ്ദേഹത്തില്‍ നിന്നും ഒരു മോചനം ഞങ്ങള്‍ക്ക് അനുവാര്യം ആയിരുന്നു.

സ്നേഹിക്കപെടാനും സ്നേഹിക്കാനും എന്‍റെ മനസ് വെമ്പല്‍ കൊള്ളുകയായിരുന്നു.അങ്ങനെയിരുന്നപ്പോള്‍ ആണ് പാത്തോളജിസ്റ്റ് ആയ ഡോക്ടര്‍ പീറ്ററിനെ ഞാന്‍ കാണുന്നത്. വിവാഹിതനായിരുന്നെങ്കിലും ശൂന്യമായ എന്‍റെ മനസിനെ താങ്ങാന്‍ ഡോക്ടറിനായി. ഡോക്ടറോടുള്ള അടുപ്പം എന്‍റെ എല്ലാ വേദനകളും തുടച്ചു മാറ്റി. ഡോക്ടര്‍ക്ക് എന്നോട് ആദ്യം ഒരു സഹതാപം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും വൈകാതെ പ്രണയത്തിന്റെ ഒരു നാളം ഞങ്ങളില്‍ നിവേശിച്ചു.ഞങ്ങളുടെ പ്രണയം ആരും അറിയാതിരിക്കാന്‍ ഞങ്ങള്‍ അതീവ ശ്രദ്ധാലുക്കള്‍ ആയി.

ഡിവോര്‍സ് ആയ എനിക്കെതിരെ ആയുധം കൈയ്യില്‍ വെച്ചു എന്ന് പറഞ്ഞു അദ്ദേഹം കേസ് കൊടുത്തു.ആയുധം അദ്ദേഹത്തിന്‍റെ തന്നെയാണന്ന് തെളിഞ്ഞത് കൊണ്ട് എന്നെ കുറ്റവിമുക്തയാക്കി.

എന്‍റെ ഡിവോര്‍സ് എന്‍റെ കുടുംബത്തിനു നാണക്കേടായി മാറി.പപ്പ അമീനെ കണ്ട് എന്നെ തിരിച്ചു കൊണ്ടുപോകാന്‍ പറഞ്ഞു. ആ തീരുമാനം എനിക്ക്‌ ഗത്യന്തരമില്ലാതെ  അനുസരിക്കേണ്ടി വന്നു.

അവടെ എത്തിയ അമിനെ എനിക്ക് സ്നേഹിക്കാന്‍ ആയില്ല.ഡോക്ടറെ കാണാതിരിക്കാന്‍ എനിക്ക്‌ വയ്യാതായി. ഡോക്ടരോടൊപ്പം നിശാക്ലബുകളില്‍ പോകുന്നത് പതിവായി. അദ്ദേഹത്തിന്‍റെ ചാരന്മാര്‍ എന്‍റെ സ്വപ്‌നങ്ങളുടെ നിറം കെടുത്തി. അങ്ങനെ വൈകാതെ എന്‍റെ രഹസ്യ ബന്ധം അമിന്‍റെ ചെവിയിലും  എത്തി. എന്‍റെ വയറ്റില്‍ ഡോക്ടറുടെ കുഞ്ഞു വളരുന്നത് അദ്ദേഹത്തിന് ഒട്ടും സഹിക്കാന്‍ പറ്റിയില്ല.

പിന്നീടുള്ള സംഭവങ്ങള്‍ ലോകം അറിഞ്ഞില്ല.ഡോക്ടറെ ജീവനോടെ കത്തിച്ചു. അതിന്റെ പിറ്റേന്ന് തന്നെ എന്‍റെ മരണവും ലോകം അറിഞ്ഞു. അബോര്‍ഷന്‍ മൂലമുണ്ടായ ബ്ലീഡിംഗ് ആണ് മരണകാരണമെന്നാണ്പത്രത്തില്‍ വന്നത്.

ശരിക്കും നടന്നത് ഇതായിരുന്നു. എല്ലാം അറിഞ്ഞ അമിന്‍ എന്‍റെ അടുത്ത് വന്നു.അദ്ദേഹം എന്നോടൊന്നും ചോദിച്ചില്ല. ഞാനും ഒന്നും മിണ്ടിയില്ല. എന്‍റെ മരണം ഞാന്‍ ഉറപ്പാക്കിയിരുന്നു.അത് എപ്രകാരം ആണെന്ന് മാത്രമേ സംശയം ഉണ്ടായിരുന്നൊള്ളൂ.

എന്നെ അദ്ദേഹം അതി ക്രൂരമായി മര്‍ദ്ദിച്ചു. വേദനകൊണ്ട് ഞാന്‍ അലറിവിളിച്ചു. പൂട്ടിയിട്ട വാതിലിനപ്പുറം എന്‍റെ ശബ്ദം സഞ്ചരിച്ചില്ല. അദ്ദേഹം എന്‍റെ കൈകള്‍ മുറിച്ചെടുത്തു. വേദനകൊണ്ട് പുളഞ്ഞ ഞാന്‍ എന്നെ കൊന്നേക്കൂ എന്ന് പറഞ്ഞു കാലില്‍ വീണു കരഞ്ഞു.ഒന്നും പറയാതെ അദ്ദേഹം എന്‍റെ കാലുകളും മുറിച്ചു മാറ്റി. പിന്നീട് അദ്ദേഹം ചെയ്ത കാര്യം ലോകത്തില്‍ ആരും ചെയ്യാത്തതും  ഇനി ചെയ്യാനും സാധ്യത ഇല്ലാത്ത ഒരു മൃഗീയ കൊലയായിരുന്നു.

വിദഗ്ദ്ധനായ ഒരു സര്‍ജെനെ പോലെ എന്‍റെ തോളില്‍ അറ്റുപോയ കൈകളുടെ സ്ഥാനത്ത് കാലുകളും, കാലിന്റെ സ്ഥാനത്ത് കൈകളും തുന്നിച്ചേര്‍ത്തു. അവിടം രക്തക്കളമായി മാറി.അപ്പോഴേക്കും എന്‍റെ  ബോധം പൂര്‍ണമായും നശിച്ചിരുന്നു.ചോരയില്‍ കുളിച്ച ഞാന്‍ എപ്പോഴോ മരണപ്പെട്ടു
അദ്ദേഹം എന്‍റെ കൈകാലുകള്‍ ഒരു ബോക്സിലും, ബാക്കി ശരീരം വേറൊരു ബോക്സിലുമായി ഭദ്രമായി പൊതിഞ്ഞ് ഫ്രീസറില്‍ വെച്ചു.

അദ്ദേഹം പോയി ബാക്കി ഭാര്യമാരെയും എന്‍റെ കുട്ടികളെയും വിളിച്ചുകൊണ്ട് വന്നു.എന്‍റെ ശവം കണ്ട മാത്രയില്‍ എല്ലാരും അലമുറയിട്ടു കരഞ്ഞു.അവരും മരണം മുന്നില്‍ കണ്ടു. എന്നാല്‍ അവരെ അദ്ദേഹം ഉപദ്രവിച്ചില്ല.അവരോടായി അദ്ദേഹം പറഞ്ഞു .
" വഞ്ചിച്ചാല്‍ ഇതായിരിക്കും നിങ്ങളുടെം അനുഭവം"

എന്‍റെ കുട്ടികള്‍ ഒന്നും കാണാന്‍ വയ്യാതെ കരഞ്ഞു തളര്‍ന്നു കിടന്നു. അവരോട് ഇത്രമാത്രം അദ്ദേഹം പറഞ്ഞു.
"നിങ്ങളുടെ അമ്മ ഒരു ചീത്ത സ്ത്രീ ആയിരുന്നു"

ആ വാക്കുകള്‍ എന്‍റെ ആത്മാവിനെ കീറിമുറിച്ചു.
അവര്‍ക്ക് എന്‍റെ ശവത്തിനു ഒരു അന്ത്യാചുംബനം എങ്കിലും തരണം എന്നുണ്ടായിരുന്നു എങ്കിലും അദ്ദേഹം അവരെയെല്ലാം വലിച്ചിഴച്ചു കൊണ്ട് പോയി. പോകുമ്പോഴും അവരുടെ കണ്ണുകള്‍ വികൃതമായ എന്‍റെ ശരീരത്തില്‍ ആയിരുന്നു.

വേദനയോടെ എല്ലാം കണ്ട എന്‍റെ ആത്മാവ് എങ്ങോട്ടോ പറന്നുയര്‍ന്നു....
                                                                                                           
                                                                                                              





Saturday 30 November 2013

ക്രിസ്റ്റിയുടെ ക്രിസ്തു

ഡിസംബറിലെ തണുത്തുറഞ്ഞ മഞ്ഞിലും ഞായറാഴ്ച രാവിലെ നാലു മണിക്ക് തന്നെ ക്രിസ്റ്റി ഉണര്‍ന്നു കഴിഞ്ഞു.കണ്ണ് ചിമ്മി തുറന്ന് ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് അവള്‍ കുളിച്ചു ഫ്രഷ്‌ ആയി. നിശബ്ദതയെ മുറിച്ചുകൊണ്ട് നിലത്ത് പായയില്‍ മുട്ടി കുത്തി നിന്ന് പ്രാര്‍ഥിക്കാന്‍ തുടങ്ങി.ജപമാല മുത്തുകള്‍ വിരലുകളിലൂടെ  ഉരുളുന്നതിനോപ്പം ഈശോയോടുള്ള സ്നേഹം കണ്ണ് നീരായി ചുരിദാര്‍ നനച്ചുകൊണ്ടിരുന്നു.ഒരു മണിക്കൂര്‍ നീണ്ട ഒരു പ്രാര്‍ത്ഥന.

 കുഞ്ഞുനാളില്‍ തന്നെ കുരിശു വരക്കുവാനും, കൊന്ത ചൊല്ലുവാനും ,ഉപവാസമിടുക്കുവാനും അവള്‍ക്ക് വല്ലാത്തൊരു ഉത്സാഹം ഉണ്ടായിരുന്നതിനാലാവാം അവള്‍ ഒരു കന്യാസ്ത്രീ ആകുമെന്ന് ഗ്രാമം പ്രവചിച്ചു. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ അടുത്ത് തന്നെയുള്ള ജീവന്‍ ജ്യോതിയിലെ സിസ്റ്റര്‍മാര്‍ അവരുടെ കൂട്ടത്തിലേക്ക് ഈശോയുടെ മണവാട്ടിയാകാന്‍ അവളെ ക്ഷണിച്ചപ്പോള്‍ സ്നേഹാദരങ്ങളോടെ അവള്‍ അത് നിരസിക്കുകയാണ് ചെയ്തത്. അന്ന് അവളുടെ മറുപടി എല്ലാരേം അന്താളിപ്പിച്ചു. എന്നാല്‍ പഠിച്ച്,നല്ലൊരു ജോലി വാങ്ങി ആ പൈസ കൊണ്ട് അശരണരേയും,വയോജനങ്ങളേയും സംരക്ഷിക്കാനും, ഹൃദയം നുറുങ്ങിയവര്‍ക്ക് ഒരു കൈതാങ്ങാകുവാനും ആയിരുന്നു അവള്‍ ആഗ്രഹിച്ചത് .

പ്രാര്‍ത്ഥനാ മുറിയിലെ ഈശോയുടെ രൂപമാണ് അവളുടെ ലോകം. പാഠപുസ്തകമല്ലാതെ അവളുടെ കണ്ണുകള്‍ പായുന്ന ഒരേ ഒരു ബുക്ക്‌ വിശുദ്ധ ബൈബിള്‍ മാത്രമാണ് .

കൊന്ത ചൊല്ലി കഴിഞ്ഞശേഷം ക്രിസ്റ്റി  അവളുടെ ചെറുതെങ്കിലും സുന്ദരമായ പൂന്തോട്ടത്തിലെത്തി. അള്‍ത്താര അലങ്കരിക്കുക എന്നത് അവള്‍ക്ക് ഏറ്റവും സന്തോഷം കൊടുത്തിരുന്ന ഒന്നാണ്. പൂവ് ഇറുക്കുന്നതിനു മുമ്പേ ഓരോ ചെടിയോടും അവള്‍ അനുവാദം ചോദിച്ചു. സമ്മതം ആയത് കൊണ്ടാകാം ഓരോ കൊമ്പും അനുസരണയോടെ അവള്‍ടെ കയ്യിലോട്ട് താഴ്ന്ന് ചെന്നു. വേദനിപ്പിക്കാതെ ഓരോ പൂവും ഇലയോട് ചേര്‍ത്ത് പറിച്ചെടുത്തു.പൂക്കള്‍ അലങ്കരിക്കാന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളെക്കാള്‍ അവള്‍ മിടുക്കിയായത് കൊണ്ട് ആ ദൌത്യം അവള്‍ക്ക് മാത്രമായി നല്കപെട്ടു.

പള്ളിയില്‍ പോകാന്‍ വെള്ള ചുരിദാര്‍ ഇട്ട് വന്നപ്പോള്‍ അവളുടെ മുഖം മാതാവിനെപോലെ ശോഭിച്ചു.ബൈബിള്‍ നെഞ്ചോട് ചേര്‍ത്ത് അവള്‍ പള്ളിയെ ലക്ഷ്യമാക്കി നടന്നു.പാതകള്‍ വഴികാണാത്ത വിധം മഞ്ഞിനാല്‍ മൂടിയിരുന്നു.വഴിക്കിരുവശത്തുമുള്ള പച്ചവിരിച്ച വയലുകളില്‍ കതിരുകളില്‍ നിന്നു മഞ്ഞു തുള്ളികള്‍ വെള്ളമായി ഊര്‍ന്നു വീഴുന്നത് നോക്കി അവള്‍ അവിടെ തന്നെ നിന്നു.

"ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"_

മനോരാജ്യത്തില്‍ നിന്നും അവള്‍ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ എത്തിയിരുന്നു.

കുറെ നാളായി ക്രിസ്റ്റിക്ക്  ഒരാഗ്രഹം ഉണ്ട്. ഈശോയെ കാണാനും സംസാരിക്കാനും...ഈശോ അല്ലാതെ, അവളുടെ സംശയങ്ങള്‍ക്ക് മറുപടി തരാന്‍ വേറെ ആരാണുള്ളത് .ഒരിക്കല്‍ സുവിശേഷ യോഗത്തിനിടയില്‍ ഫാദര്‍ ഗബ്രിയേല്‍ പറഞ്ഞിരുന്നു, അദ്ദേഹം  ഈശോയോട് ദിവസവും മണിക്കൂറുകള്‍ സംസാരിക്കാറുണ്ടെന്ന്. അന്ന് മുതല്‍ ആണ് ക്രിസ്റ്റിയും    ഈ ആഗ്രഹം ഒരു വിത്തായി മനസ്സില്‍ പാകിയത്. ഇന്നാ വിത്ത് വളര്‍ന്നു ഒരു വലിയ മരമായി തീര്‍ന്നിരിക്കുന്നു.

സിസ്റ്റര്‍മാരുടെ കൂടെ നടക്കുമ്പോള്‍ അവര്‍ ഈശോയെക്കുറിച്ച് കൂടുതലായി പറഞ്ഞു കൊടുക്കും.

"ക്രിസ്റ്റി,നമ്മുടെ വലത് ഭാഗത്ത് നമുക്ക് താങ്ങായി ഒരു മാലാഖ ഉണ്ട്, ഈശോ നമ്മെ അത്രമാത്രം സ്നേഹിക്കുന്നതിനാല്‍ ആണ് കാവലായി ഒരു മാലാഖയെ അയച്ചിരിക്കുന്നത് "--

സിസ്റ്റര്‍ വെറോണിക്ക ആണത് പറഞ്ഞത് .

ക്രിസ്റ്റിയുടെ നക്ഷത്രം പോലെ തിളങ്ങിയ  കണ്ണുകള്‍  ചോദിച്ചു...

"എല്ലാരുടേം കൂടെ ഈ മാലാഖ ഉണ്ടാകുമോ സിസ്റ്റര്‍ "??

"ഉവ്വ്,എല്ലാരുടെം കൂടെ ഉണ്ട്"

ഉവ്വോ, എന്ന് പറഞ്ഞ് അവള്‍ വലത് ഭാഗത്തേക്ക് ഒന്ന് പാളി നോക്കി. ക്രിസ്റ്റി തന്നെ നോക്കിയ നിമിഷം കുഞ്ഞു മാലാഖ നാണിച്ചു തലതാഴ്ത്തി!

"ഈ മാലാഖയെ നമുക്ക് കാണാന്‍ പറ്റുമോ??

ക്രിസ്റ്റിക്ക് ഒരു സംശയം

"ഇല്ല,പക്ഷെ അവര്‍ക്ക് നമ്മളെ കാണാം. നമ്മള്‍ ഓരോ തെറ്റ് ചെയ്യുമ്പോഴും മാലാഖ,അരുത് മോളെ എന്ന് പറയുന്നുണ്ടാകും,ഈശോയെ പോലെ തന്നെ നമ്മുടെ ഓരോ തെറ്റും മാലാഖയേയും വേദനിപ്പിക്കും.നമ്മുടെ ഓരോ തെറ്റും ഓരോ  ആണികളായി ഈശോയുടെ ദേഹത്തു കയറും,മുള്‍ക്കിരീടത്തില്‍  മുള്ളുകളുടെ എണ്ണവും കൂടും. പകരം, നന്മ ചെയ്യുമ്പോള്‍  ഓരോ നന്മയും,സഹനവും ഒരു പൂവ് ആയി  കിരീടത്തില്‍ വരും. ഓരോ തെറ്റും ഈശോയെ എന്ത് മാത്രം വേദനിപ്പിക്കുന്നുണ്ട്  എന്നറിയുക...

പള്ളിയില്‍ എത്തിയപ്പോള്‍ ആരും എത്തിയിട്ടില്ലായിരുന്നു. ക്രിസ്റ്റി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിനു ശേഷം നേരെ  അള്‍ത്താരയിലേക്ക്   പോയി. ഓരോ ദിവസത്തെയും സഹനങ്ങള്‍ അവള്‍ ഓരോ ബോക്കയാക്കി മാറ്റി. അങ്ങനെ 7 ബൊക്കയും അവള്‍ അള്‍ത്താരയില്‍ ഭംഗിയായി അലങ്കരിച്ചു.

കുര്‍ബാനയില്‍ അവളുടെ അത്രേം ലയിച്ചു നില്‍കുന്നവര്‍ വേറെ ആരും ഉണ്ടാകില്ല. ഈശോയെ അവള്‍ അത്രമേല്‍ സ്നേഹിച്ചിരുന്നു. ഓസ്തി നാവിന്‍ തുമ്പില്‍ വെച്ചപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ നിറവില്‍ അവള്‍ പുഞ്ചിരിച്ചു.

കുര്‍ബാന കഴിഞ്ഞ്, ക്രിസ്റ്റിയുടെ മൌന പ്രാര്‍ത്ഥന ചെന്നെത്തിയത് ഈശോയെ കാണണം എന്ന ആഗ്രഹത്തിലാണ്.അവളുടെ ആഗ്രഹങ്ങള്‍ അണപൊട്ടി ഒരു പാട്ടായി പള്ളിയില്‍ മുഴങ്ങി .

"നിന്നെ ഒന്ന് കാണാന്‍
 നിന്‍റെ സ്നേഹത്തിലലിയാന്‍
 നിന്‍റെ മടിയില്‍ 
 തല ചായ്ക്കാന്‍
 നാഥാ,വരുകില്ലേ നീ"......

ഓരോ ദിവസവും ഈശോയോടുള്ള സ്നേഹം  ഡയറി താളുകളില്‍  പാട്ടുകളായി  വിരിഞ്ഞു പുഞ്ചിരിച്ചു. ഈശോ അവളുടെ അടുത്ത് വരുമെന്ന  വിശ്വാസവും   ഒരു പര്‍വതം പോലെ ഉയര്‍ന്നു.

സന്ധ്യക്ക്‌ കുരിശു വരച്ചപ്പോള്‍ അവളൊന്ന് കണ്ണ് തുറന്നു ഈശോയുടെ മുഖത്തേക്ക് നോക്കി. ഇല്ല, ഈശോയുടെ രൂപത്തിന് ഒരു അനക്കവും ഇല്ല. ചുണ്ടില്‍ അതെ ചിരി, തലയിലെ മുള്‍ക്കിരീടവും ഹൃദയത്തിലെ ചുമന്ന രക്തക്കറയും അതെപോലുണ്ട്.

കിടക്കുന്നതിനു മുമ്പ് ഡയറി താളുകളില്‍ അവള്‍ കോറിയിട്ടു...

"ഇന്നും നീ വന്നില്ല, കാത്തിരിക്കാന്‍ എനിക്ക് മനസ് ഉണ്ടാകുന്നത് വരെ കാത്തിരിപ്പ്‌ തുടരും"

എഴുതികൊണ്ട് തന്നെ അവള്‍ പതുക്കെ  മുഖം ഉയര്‍ത്തി മേശപ്പുറത്തെ ക്രൂശിത രൂപം നോക്കി.അതും നിശ്ചലമാണ് എന്നുറപ്പുവരുത്തി മാലയിലെ കുരിശില്‍ മുത്തമിട്ടു അവള്‍ കിടന്നു.

കണ്‍പോളകള്‍ ഇറുക്കി അടച്ചു.തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവള്‍  എഴുന്നേറ്റു കുറെ നേരം ബൈബിള്‍ വായിച്ചു.പിന്നെ എപോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് കോളേജില്‍ പോകുമ്പോള്‍ മനസ് തീര്‍ത്തും നിറം മങ്ങിയിരുന്നു. കോളേജില്‍ എത്തിയിട്ടും മുഖത്തെ കാര്‍മേഘങ്ങള്‍ അവിടെത്തന്നെ ഇരുന്നു. ക്ലാസ്സ്‌ തുടങ്ങീട്ടും പഠിപ്പിക്കുന്നതോന്നും മനസ്സില്‍ പതിഞ്ഞില്ല.വൈകാതെ തന്നെ ടീച്ചറോട് അനുവാദം വാങ്ങി വെറുതെ ലൈബ്രറിയില്‍ പോയിരുന്നു. മണിക്കൂര്‍ കഴിയുന്നതും,ബെല്ലടിക്കുന്നതും അവള്‍ കേട്ടില്ല. ഉച്ചക്ക് കഴിക്കാനും പോയില്ല. വൈകിട്ട് ലൈബ്രറി അടക്കുന്നത് വരെ അവിടെയിരുന്നു.

അവസാന ബസില്‍ കയറി വീട്ടില്‍ എത്തി. തലവേദനയാന്നു പറഞ്ഞു  കിടന്നു. അവള്‍ ഈശോയോട് പിണങ്ങി, പ്രാര്‍ത്ഥിക്കാനും എഴുന്നേറ്റില്ല. അത്താഴ പട്ടിണി കിടക്കരുതെന്നു പറഞ്ഞു അമ്മച്ചി വഴക്ക് പറഞ്ഞപ്പോള്‍ കഴിച്ചു എന്ന് വരുത്തി തിരിച്ചു മുറിയിലോട്ടു വന്നു. അവള്‍ക്ക് സങ്കടം  സഹിക്കാന്‍ കഴിഞ്ഞില്ല. പതിവുപോലെ ഡയറിയില്‍ കുറിച്ചിട്ടു.

"ഇന്നും നീ വരില്ല "

അവള്‍ കാണാതിരിക്കാന്‍ ഈശോയുടെ രൂപം   അലമാരയില്‍ എടുത്തു വെച്ചു പൂട്ടി.

 പിറ്റേ ദിവസം മുതല്‍ ക്രിസ്മസ് അവധി തുടങ്ങിയതിനാല്‍ ക്ലാസ്സില്‍ പോകേണ്ടി വന്നില്ല. രാവിലെ എഴുന്നേല്‍ക്കുന്ന ക്രിസ്റ്റി ഉച്ചവെയില്‍ അടിച്ചപ്പോള്‍ ആണ് എഴുന്നേറ്റത്. അപ്പച്ചനും,അമ്മച്ചിയും ദൂരെ ഒരു കല്യാണത്തിന് പോകുവാണ് അതുകൊണ്ട് ഉച്ചക്ക്  തന്നെ  പുറപ്പെടണം. ക്രിസ്റ്റിയെ വേലക്കാരിയെ ഏല്‍പ്പിച്ചിട്ട്  അവര്‍ പോയി.

വൈകിട്ട് ആയപ്പോള്‍ ഒരു ദിവസം ആയുസുണ്ടായിരുന്ന ക്രിസ്റ്റിയുടെ പിണക്കം  മാറിയിരുന്നു. വീണ്ടും ഈശോയെ അവള്‍ മേശപ്പുറത്ത് കൊണ്ടുവെച്ചു. കുറെ മണിക്കൂറുകള്‍ മൌന പ്രാര്‍ത്ഥനയിലാണ്ടു. ഭക്ഷണം കഴിച്ചു വന്നു. ഡയറി തുറന്ന് കണ്ണീരില്‍ കുതിര്‍ന്ന മഷികൊണ്ട് അവള്‍ വീണ്ടും എഴുതി.

"ഇന്ന് നീ വരും "

ജനല്‍ പാളി തുറന്നിട്ടു. പുറത്ത് നല്ല മഞ്ഞാണ്.ഇളം കാറ്റ് വന്നു മുടിയിഴകള്‍ തലോടികൊണ്ടിരുന്നു.നല്ല നിലാവുള്ള ഒരു രാത്രി ആയിരുന്നു അത്. ഡയറിയില്‍ ഓരോ ദിവസവും എഴുതിയിരുന്നത് ഒരാവര്‍ത്തി വായിച്ച് ഡയറിയില്‍ തന്നെ മുഖം അമര്‍ത്തി അവള്‍ പതുക്കെ കിടന്നു.

പുലരാന്‍ 2 നാഴികയോളം   ബാക്കിയുണ്ട്. നക്ഷത്രങ്ങളുടെ പ്രഭ കൂടി,ക്കൂടി വന്നു. മഞ്ഞു വീഴുന്നുണ്ടെങ്കിലും നിലാവ് രാത്രിയെ പകലാക്കി മാറ്റി. കുറച്ച് മേഘശകലങ്ങള്‍ താഴോട്ടു പതിക്കുന്നത് പോലെ തോന്നി, അതിന്റെ വലുപ്പം കൂടിയും അകലം കുറഞ്ഞും വന്നു. ജനലിന്റെ അടുത്തേക്ക് ആണ് അത് വരുന്നത്. ക്രിസ്റ്റി കണ്ണ് വിടര്‍ത്തി നോക്കി. മേഘാരൂഡനായി അവന്‍ വരുന്നു, വിശ്വസിക്കാന്‍ സ്വയം നുള്ളിയും,കണ്ണടച്ച് തുറന്നും നോക്കി.അതെ അവന്‍ തന്നെ!

കാലില്‍ നിന്നു വിറയല്‍ മുകളിലോട്ടു കേറി, കണ്ണുകളില്‍ ഇരുട്ടു മാത്രം. അവന്‍ അടുത്തെത്തിയപ്പോള്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ച തേജസ്‌...തലയ്ക്കു ചുറ്റും പ്രകാശ വലയം,കയ്യിലും,ഹൃദയത്തിലും രക്തം വാര്‍ന്നൊഴുകുന്ന തിരു മുറിവുകള്‍,,,,

അവന്‍ ഇതാ തന്‍റെ മുമ്പില്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു.സന്തോഷം കൊണ്ട് അവളുടെ തൊണ്ട വരണ്ടുപോയി,ഒച്ച പുറത്ത് വരുന്നില്ല.അവള്‍ സ്വീകരിച്ചില്ലെങ്കിലും അവന്‍ വന്നു കട്ടിലില്‍ ഇരുന്നു. അവളുടെ കണ്ണുനീര്‍ തുടച്ചുനീക്കി. ഒരു കുരിശ് അവള്‍ക്കായി സമ്മാനിച്ചുകൊണ്ട് അവന്‍ ചോദിച്ചു,

"എന്തിനാ കുഞ്ഞേ നീ എന്നെ കാണാന്‍ വാശി പിടിച്ചത്??

ക്രിസ്റ്റി: "എന്‍റെ അപ്പച്ചനേം,അമ്മച്ചിയും കാണാതെ ഒരു ദിവസം പോലും എനിക്കിരിക്കാന്‍ വയ്യ, അപ്പോള്‍ എന്നെ ഉരുവാക്കിയ, എന്‍റെ സൃഷ്ട്ടാവിനെ ഒരു വട്ടം എങ്കിലും കാണാന്‍ എനിക്ക്‌ ആഗ്രഹിക്കാമല്ലോ..."

ഈശോ: "എന്നെ സ്നേഹിക്കുന്നവരുടെ കൂടെ,അവരുടെ ഹൃദയത്തില്‍ തന്നെ ഞാനുണ്ട്.എല്ലാവരുടെ ഹൃദയ വാതില്‍ക്കലും ഞാന്‍ മുട്ടുന്നുണ്ട്,ചിലര്‍ മാത്രം തുറന്നു തരും, അവിടെ ഞാന്‍ കുടികൊള്ളും. കുഞ്ഞേ എന്നെ അന്വേഷിക്കേണ്ടത്‌ നിങ്ങളുടെ ഹൃദയത്തില്‍ ആണ്,എന്നെ കാണേണ്ടത് വേദനിക്കുന്നവരുടെയും,അശരണരുടേയും മുഖങ്ങളില്‍ ആണ്"_

ക്രി : അപ്പോള്‍ പാപികളുടെ ഹൃദയത്തിലും നീ ഉണ്ടോ???

ഈ : അവര്‍ ഞാന്‍ മുട്ടുമ്പോള്‍ എന്‍റെ വിളി കേള്‍ക്കാതെ,എന്നില്‍ നിന്നകന്നു സാത്താനെ സേവിക്കുന്നു,അവന്‍റെ പ്രേരണയാല്‍ പാപത്തില്‍ വീഴുന്നു.....ഇനിയെന്താ കുഞ്ഞേ  സംശയം ??

ക്രി: അങ്ങയെ കാണേണ്ടത് പോലെ കണ്ടിട്ടും, അങ്ങെന്താണ് അപ്പുറത്തെ വീട്ടിലെ കുട്ടിയെ പത്തില്‍ തോല്‍പ്പിച്ചത്, അവള്‍ എന്ത് മാത്രം വിഷമിച്ചു??

ഈ: കാണേണ്ടത് പോലെ കണ്ടിട്ടോ???

ക്രി: അതെ അവള്‍ പരീക്ഷക്ക്‌ മുമ്പ് ദിവസവും കുരിശുപള്ളിയില്‍ പോയി മെഴുകുതിരി കത്തിക്കുമായിരുന്നല്ലോ???

ഈ: (ചിരിച്ചുകൊണ്ട്) നിങ്ങള്‍ എല്ലാരും എന്‍റെ മക്കളും,ഞാന്‍ നിങ്ങള്‍ക്ക് പിതാവും ആയിരിക്കെ, നിങ്ങള്‍ ചോദിക്കുന്ന എന്തും ഞാന്‍ തരും. നിങ്ങള്‍ കാര്യം സാധിക്കാന്‍ മാതാപിതാക്കള്‍ക്ക് കൈക്കൂലി കൊടുക്കുന്നില്ലല്ലോ? പിന്നെ എനിക്ക്‌ എന്തിനാ..അവള്‍ക്ക് പഠിക്കാന്‍ എല്ലാ സൌകര്യങ്ങളും ഞാന്‍ കൊടുത്തു, എന്നിട്ടും പഠിക്കാതെ പരീക്ഷക്ക് പോയത് കൊണ്ടാണ് അവള്‍ തോറ്റു പോയത് ,,,

ക്രി : അപ്പോള്‍ ഭൂമിയില്‍ മെഴുകുതിരി കത്തിക്കുന്നതും,നേര്‍ച്ചകള്‍ കഴിക്കുന്നതും വെറുതെ ആണെന്നാണോ???

ഈ ; എന്നോടുള്ള സ്നേഹത്തില്‍ ഭൂമിയില്‍ കത്തിക്കപ്പെടുന്ന ഓരോ മെഴുകുതിരിയും എന്നില്‍ അണയുന്നുണ്ട്,കൈക്കൂലി ആകുമ്പോള്‍ ആണ് ഒരു നൊമ്പരം

ക്രി:  അപ്പോള്‍ അങ്ങയെ ആരാധിക്കാന്‍,അല്ലെങ്കില്‍ മറ്റ് ദൈവങ്ങളെ ആരാധിക്കാന്‍ കോടികള്‍ മുടക്കി ദേവാലയങ്ങലും, അമ്പലങ്ങളും പണിയുന്നതോ??

ഈ : എല്ലാര്‍ക്കും ഒന്നിച്ചു വന്നു പ്രാര്‍ഥിക്കാന്‍ ഒരു ആരാധനാലയം ആവശ്യം തന്നെയാണ് കുഞ്ഞേ, എങ്കിലും കോടികള്‍ മുടക്കിയുള്ള  മണിമാളികള്‍ എനിക്കാവശ്യമില്ല . എത്രയേറെ ആളുകള്‍ ദാരിദ്ര്യം കൊണ്ടും, രോഗങ്ങളാലും വലയുന്നു. ആ പണം അവര്‍ക്ക് വേണ്ടി  ഉപയോഗിച്ചാല്‍, അതായിരിക്കും എന്‍റെ സന്തോഷം...

ക്രി: ഭൂമിയില്‍ എന്തൊക്കെ ലഹളകളാണ് ക്രിസ്ത്യാനികളും, ഹിന്ദുക്കളും, മുസ്ലീങ്ങളും തമ്മില്‍...അതൊന്നും ഒരു ദൈവവും കാണുന്നില്ലേ ??

ഈ : കുഞ്ഞേ ഏത് മതമാണ്‌ അന്യോന്യം തല്ലാന്‍ പഠിപ്പിക്കുന്നത്,എല്ലാ മതങ്ങളും,മത ഗ്രന്ഥങ്ങളും നല്ലതേ പഠിപ്പിക്കുന്നുള്ളൂ, മനുഷ്യര്‍ അത് എങ്ങനെയൊക്കെയോ വളച്ചൊടിക്കുന്നു..

ക്രി : അപ്പോള്‍ അങ്ങ് കൃഷ്ണനും,അള്ളാഹുവും ഒക്കെയായി സൌഹൃദത്തിലാണോ??

ഈ:  ആണല്ലോ, ഞങ്ങള്‍ ഭൌതിക ആസക്തികളില്‍ ജീവിക്കുന്നവരല്ല. ഞങ്ങള്‍ തമ്മില്‍ മത്സരവും ഇല്ല. ഞങ്ങള്‍ നിങ്ങളുടെ നന്മയെ മാത്രം ആഗ്രഹിക്കുന്നു, നിങ്ങള്‍ മനുഷ്യര്‍ ആണ് ഞങ്ങളുടെ പേരില്‍ കലഹിക്കുന്നത്, നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം നിങ്ങള്‍ക്ക് സമീപസ്ഥന്‍, അവന്‍ നിങ്ങളെ കൈവിടില്ല ...

ക്രി : അങ്ങയുടെ അറിവില്‍ ഇപ്പോള്‍ ഏതെങ്കിലും ദൈവം ഭൂമിയില്‍ ഉണ്ടോ,ഈ ആള്‍ദൈവങ്ങള്‍???

ഈ : നിങ്ങള്‍ തന്നെയാണല്ലോ ദൈവങ്ങളെ സൃഷ്ട്ടിക്കുന്നത്,അതില്‍ ഞാനെന്ത് പറയാനാണ്....

ക്രി : ഭൂമിയില്‍ എന്തെല്ലാം പാപങ്ങളാണ് മനുഷ്യര്‍ ചെയ്യുന്നത്. പെറ്റമ്മ പോലും സ്വന്തം കുഞ്ഞിനെ നിഷ്കരുണം കൊല്ലുന്നു, അങ്ങ് ഇതൊന്നും കാണുന്നില്ലേ??

ഈ : ഇങ്ങനെ എങ്ങനെ ആകാം എന്ന് എനിക്ക് പോലും മനസിലാവുന്നില്ല കുഞ്ഞേ..എന്നെ ഹൃദയത്തില്‍ നിന്നും പുറത്താക്കി സാത്താന് അത്താഴം വിളമ്പുന്നവരാണ് അത്തരക്കാര്‍,അവനവന്‍ വിതക്കുന്നതെ കൊയ്യൂ,നിങ്ങള്‍ പാപികള്‍ക്ക് വേണ്ടി,അവരുടെ മനം മാറ്റത്തിനായി പ്രാര്‍ത്ഥിക്കുവിന്‍....

 എന്ന് പറഞ്ഞു ഈശോ അപ്രത്യക്ഷമായി....

അലാറം അടിച്ചപ്പോള്‍ ആണ് ക്രിസ്റ്റി  ഉണര്‍ന്നത്.  നോക്കിയപ്പോള്‍ അവിടെ ഈശോയെ കണ്ടില്ല. താനിത്രയും നേരം കണ്ടത് സ്വപ്നം മാത്രമായിരുന്നോ എന്ന് വിശ്വസിക്കാന്‍ അവള്‍ക്കായില്ല. എങ്കിലും സ്വപ്നത്തിലെങ്കിലും അവന്‍ വന്നല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഡയറിയില്‍ അവന്‍ സമ്മാനിച്ച കുരിശ് വെട്ടിതിളങ്ങുന്നുണ്ടായിരുന്നു!












Sunday 17 November 2013

കിഡ്നി വില്‍ക്കാനുണ്ടോ



സൂര്യന്‍ കിഴക്കോട്ടു വരുന്നതിനു മുമ്പേ കേണല്‍ യാത്ര തിരിച്ചു.എല്ലാ ചൊവ്വാഴ്ചയും,ശനിയാഴ്ചയും പതിവുള്ള ഒരു യാത്ര.തനിച്ചു പോകുന്നത് കൊണ്ട് അയാള്‍ വളരെ വേഗത്തില്‍ സി എസ് ടി റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നുകൊണ്ടിരുന്നു. രാവിലെ തന്നെ സി എസ് ടി ഉണര്‍ന്നു കഴിഞ്ഞിരുന്നു. ബോംബയിലുള്ള മറ്റെല്ലാ സ്റ്റേഷനും പോലെ ഇവടേം തിക്കും തിരക്കുമാണ്,ഒരു പള്ളി പെരുന്നാളിനുള്ള ആള്‍ക്കാര്‍ ഉണ്ടെന്നു പറയാം. ആരും നടക്കുന്നില്ല, ജീവിതം കൂടുതല്‍ പച്ചപിടിപ്പിക്കാനോ,അല്ലെങ്കില്‍   രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനോ വേണ്ടി എല്ലാരും ഓടുന്നു. ദിവസവും ട്രെയിന്‍ പിടിക്കാന്‍ ഓടുന്നവരില്‍ ചുരിങ്ങിയത് രണ്ട് പേരെങ്കിലും മരിക്കുന്നു എന്നാണു കണക്ക്. എടുത്താല്‍ പൊങ്ങുന്ന കുറച്ച് സ്വപ്‌നങ്ങള്‍ കേണല്‍ കൂടെ കൊണ്ടു നടക്കുന്നതിനാല്‍ കൂടുതല്‍ റിസ്ക്‌ എടുക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ട് മൂന്നു ട്രെയിന്‍ വന്നുപോയെങ്കിലും അതില്‍ ഇടിച്ചു കേറാതെ നാലാമത്തെ ട്രെയിന്‍ കുറച്ച് നേരം നിര്‍ത്തിയിട്ടപ്പോള്‍ മാത്രം അതില്‍ കേറിയിരുന്നു.
    അയാള്‍ വഴിയിലോട്ട് നോക്കി ഇരുന്നു. വഴിയില്‍ ചെറിയ പച്ചപ്പും,കേടായി കിടക്കുന്ന ഒരു ബോഗിയും മാത്രം. ട്രെയിന്‍ പോകുന്ന സ്പീഡില്‍ അയാളുടെ ചിന്ത മുഴുവനും 5 വര്‍ഷം മുമ്പുള്ള ആദ്യ ചൊവ്വാഴ്ചയില്‍ എത്തി നിന്നു. അന്നാണ് ആദ്യത്തെ ഡയാലിസിസ് ചെയ്യാന്‍ കേണല്‍ പോകുന്നത്. കേണലിന് പതിവില്ലാത്ത ക്ഷീണവും,മൂത്രത്തിന്റെ അളവ് കുറഞ്ഞു തീരെ ഇല്ലാതാവുകയും, കൈകളില്‍ ചൊറിച്ചിലും ഉണ്ടായപ്പോഴാണ് ഡോക്ടറെ കാണാന്‍ പോയത്. അദ്ദേഹം ഉടനെ തന്നെ ഒരു നെഫ്രോളജിസ്റ്റിന് റെഫര്‍ ചെയ്തു. യൂറിന്‍ പരിശോദിച്ചപ്പോള്‍ ക്രിയാറ്റിന്‍ വളരെ കൂടുതലാന്നും,കിഡ്നി തകരാറിലാണെന്നും കണ്ടുപിടിച്ചു. തുടരെ തുടരെ ഉണ്ടായ കിഡ്നിയിലെ കല്ലുകള്‍ ആയിരുന്നു വില്ലന്‍!

മിലിറ്ററിയില്‍ നിന്നു വിരമിച്ചെങ്കിലും ആഹാരക്രമീകരണവും,വ്യായാമവും അദ്ദേഹം മുടക്കിയിരുന്നില്ല. അതൊന്നും ഫലം ചെയ്തില്ല എന്നുണ്ടോ?? അല്ലേലും കുറുന്തോട്ടിക്കും  വാതം വരുന്ന കാലമല്ലേ   ഇത്,അല്ലാതെന്ത് പറയാന്‍. ഒരു മുന്നറിയിപ്പും ഇല്ലാതെ കേണലിന്‍റെ  സ്വഭാവത്തിലും  ചില പരുക്കന്‍  മാറ്റങ്ങള്‍  വന്നു. പെട്ടെന്നൊന്നും അദ്ദേഹത്തിനും കാര്യങ്ങള്‍  ദഹിച്ചില്ല. സങ്കടവും,നിരാശയും ദേഷ്യമായി മാറി. വീട്ടില്‍ എല്ലാരോടും അഗ്നി പര്‍വതം പോലെ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.

ഡോക്ടര്‍ ദിവസത്തില്‍ ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് അനുവദിച്ചിരുന്നത്. ചായയും,മറ്റ് പാനിയങ്ങളും അതില്‍ പെടും.  ഉപ്പ് ഒഴിവാക്കാനും, പൊട്ടാസ്യം ഉള്ള ആഹാരപദാര്‍ത്ഥങ്ങള്‍  കുറയ്ക്കാനും മദ്യപാനം നിര്‍ത്താനും ആയി പല പല നിരോധനങ്ങള്‍  പറഞ്ഞു. ഇതൊക്കെ കേട്ട കേണലിന് തന്‍റെ ചുറ്റിലും ഭൂമി കറങ്ങുന്നതായി  തോന്നി. ദിവസവും ലിറ്റര്‍ കണക്കിന് വെള്ളം കുടിക്കുന്നു, ഓരോ മണിക്കൂര്‍ ഇടവിട്ട്‌ ചായ, കിടക്കുമ്പോള്‍ ഒരു പെഗ് ബിയര്‍. ഇതായിരുന്നു കേണലിന്‍റെ ഒരു ദിനം. ഇനി ഒന്നും പറ്റില്ല. ലൈഫ് സ്റ്റൈല്‍ തന്നെ മാറ്റപ്പെടുമ്പോള്‍  സാധാരണ ഒരു മനുഷ്യന്‍ എങ്ങനെ പ്രതികരിക്കാതിരിക്കും? കേണല്‍ ഒരു കുഞ്ഞിനെപ്പോലെ വാവിട്ട് കരഞ്ഞു.

ആദ്യത്തെ ഡയാലിസിസിന് ഹോസ്പ്പിറ്റലില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ കുറച്ചൊന്നുമല്ല കഷ്ട്പ്പെട്ടത്.അവിടെ ചെന്നിട്ടും സ്ഥിതി മാറിയില്ല. അദ്ദേഹം ഡോക്ടറോടും,നെഴ്സുമാരോടും ദേഷ്യപെട്ടു. ഡയാലിസിസ് ടെക്നീഷ്യനെ തള്ളിയിട്ടു,എന്ത് പറയാന്‍ ഒരു പുകില്‍ തന്നെ ആയിരുന്നു അവിടെ. പുതിയതായി അസുഖം കണ്ടുപിടിക്കപ്പെടുന്ന എല്ലാ രോഗികളുടെം പ്രതികരണം ഇങ്ങനെയൊക്കെ ആയത് കൊണ്ട്, അവരാരും കാര്യമാക്കിയില്ല എന്നത് ഭാഗ്യം. സാധാരണ ചെയ്യാറുള്ളത് പോലെ  കൌണ്സെലര്‍ക്ക് അദ്ദേഹത്തെ റെഫര്‍ ചെയ്യ്തു. രണ്ട് മൂന്നു ദിവസത്തെ നല്ല ആ കൌണ്സിലിങ്ങ് അദ്ദഹത്തിന്‍റെ ജീവിതത്തില്‍ പ്രകാശത്തിന്റെ കണികകള്‍ പരത്തി. യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അഹോരാത്രം ശ്രമിച്ചു. ഡയാലിസിസ് ചെയ്യുന്ന സമയത്ത് മാത്രം  തന്‍റെ ഇഷ്ട്ട ഭക്ഷണം കഴിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചത് അദ്ദേഹത്തിന് മരുഭൂമിയില്‍ മരുപ്പച്ച കണ്ട പ്രതീതി ഉളവാക്കി.റീഹാബിലിറ്റെഷന്‍ ആളുകളുടെ സഹായത്താല്‍ പെഴ്സണാലിറ്റി ഡവലപ്മെന്റ്റ്  ഇന്സ്ട്രക്ടര്‍ ആയി ജോലി ചെയ്യാന്‍ ഒരു അവസരം വീണുകിട്ടി.  ഡയാലിസിസ് ചെയ്യാന്‍  സ്വന്തായി പണം ഉണ്ടാക്കി.അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു മനുഷ്യന്‍ ആണ് കേണല്‍!

 ട്രെയിന്‍ ചിന്നം വിളിച്ച് സ്ഥലത്തെത്തിയപ്പോള്‍ ആണ് അദ്ദേഹം ഒന്ന്  ഓര്‍മകളില്‍ നിന്നുണര്‍ന്നത്. ഇറങ്ങി ഹോസ്പിറ്റലിലോട്ടു ഓട്ടോയില്‍ പോകുമ്പോള്‍ കേണലിനു ചുറ്റും  ഭക്ഷണ സ്വാതന്ത്ര്യത്തിന്‍റെ പല വര്‍ണങ്ങളിലുല്ല വെന്നിക്കൊടികള്‍ പാറിക്കൊണ്ടിരുന്നു. അതിനു കാരണവും ഉണ്ട് . ഇന്ന് അദ്ദേഹത്തിന് ഇഷ്ട്ടമുള്ള ആഹാരം കഴിക്കാം,അത് ചെറിയൊരു കാര്യം അല്ലല്ലോ.

ഹോസ്പിട്റ്റലില്‍ എത്തീട്ടും കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു ബെഡ് കിട്ടാന്‍. സമയത്തെ തോല്‍പ്പിക്കാന്‍  കയ്യില്‍ കിട്ടിയ മാസികകള്‍ ആര്‍ത്തിയോടെ തിന്നു കൊണ്ടിരുന്നു. ബെഡ് കിട്ടിയ ഉടനെ റൂമില്‍ എത്തി .കാര്‍ഡ്‌ കൊടുത്ത് ഹോസ്പിറ്റല്‍ ഡ്രസ്സ്‌ മാറി നേരെ കിടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ആരോ വിളിച്ചു ഓര്‍മിപ്പിച്ചത്

"കേണല്‍ അങ്കിള്‍ വെയിറ്റ് നോക്കീട്ടു കിടക്കൂ"
  നേഴ്സ് ആണ് അത് പറഞ്ഞത്,

"ഇപ്പോള്‍ 53 കഴിയുന്മ്പോള്‍ 51 .5, ഇതിനിപ്പോള്‍ എന്നും നോക്കണോ സിസ്റ്റര്‍?" കേണല്‍ പറഞ്ഞു.

"വേണം,വേണം ഇതൊക്കെ ഞങ്ങടെ കടമ അല്ലേ അങ്കിള്‍,,

ചിരിച്ചുകൊണ്ട് അദ്ദേഹം വെയിറ്റ് നോക്കി. പറഞ്ഞത്പോലെ തന്നെ 53. ശരീരത്തില്‍ ഒന്നര കിലോ വെയ്സ്റ്റ് ഉള്ളോ? കേണലിനെപ്പോഴും അതൊരു സംശയം ആണ്.
 "വെയ്സ്റ്റ് കളയാന്‍ കിഡ്നി തോറ്റടുത്ത് മെഷീന്‍ വിജയിച്ചു" കേണല്‍ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.

 കട്ടിലില്‍ കിടന്നപ്പോള്‍ തന്നെ വെല്ല ഉടുപ്പിട്ട ഒരു മാലാഖ വന്ന് ബീപ്പിയും മറ്റും നോക്കി,.പുറകെ  ഡയാലിസിസ് ടെക്നീഷ്യന്‍ വന്ന് ഇടത് കൈ പിടിച്ചു നോക്കി. ഡയാലിസിസിനു വേണ്ടിയുള്ള "ഏ.വി ഫിസ്റ്റുല"  ആ കയ്യിലാണ്. അതിലിടുന്ന ക്യാനുലയിലെ 2 ടുബിലൂടെയാണ്  ചീത്ത രക്തം മെഷീനിലോട്ടും ,ശുദ്ധീകരിച്ച രക്തം ശരീരത്തിലോട്ടും വരുന്നത്.

 കേണലിന് ഇഷ്ട്ടം ഇടത് കയ്യോടാണ് എന്ന് പറയേണ്ടതില്ല. ഒരുപക്ഷെ ഇടത് കൈ സൂക്ഷിച്ചു പെരുമാറേണ്ടത് കൊണ്ടാകാം ഒരു വാത്സല്യം. ആ കൈയ്യില്‍ ബീപി നോക്കാനോ, ബ്ലഡ്‌ എടുക്കാനോ,വെയിറ്റ് പൊക്കാനോ പാടില്ല.

ഒരിക്കല്‍, ഡയാലിസിസ് തുടങ്ങി സമയത്താണ് എന്ന് തോന്നുന്നു, ഒരു സ്റ്റുഡന്റ്റ് നേഴ്സു വന്ന് ഇടത് കൈയ്യില്‍ ബീപി നോക്കിയത്. അന്ന് അദ്ദേഹം ദുര്‍വാസാവിനെ പോലെ കലി തുള്ളി. അന്ന് ആ കുട്ടിക്ക് പല ശ്ലോകങ്ങളും കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ കഥ മാറി. കൈയ്യില്‍  ഒരു ഐടെന്റ്റിഫിക്കേഷന്‍ ബാന്‍ഡ് ഇട്ടിട്ടുണ്ട്. അത്കൊണ്ട് കുഴപ്പമില്ല, ആരും അതില്‍ ഒന്നും ചെയ്യില്ല. കൈ ആരും കാണാതിരിക്കാന്‍ ഫുള്‍ കൈ ഷര്‍ട്ട്‌ ഇട്ടാണ് അദ്ദേഹം  നടക്കുക. തനിക്ക് ഒരു അസുഖം ഉണ്ടെന്നു നാട്ടുകാരെ അറിയിക്കണ്ടല്ലോ. അതാണ്‌ അദ്ദേഹത്തിന്‍റെ പോളിസി. കേണലിന് ആരുടേം സഹതാപവും ഇഷ്ട്ടമല്ല.അദ്ദേഹത്തിന്‍റെ ജീവിതം അദ്ദേഹം സന്തോഷത്തോടെ തന്നെ ജീവിക്കുന്നു..
ടെക്നീഷ്യന്‍ വന്നു ഏ.വി ഫിസ്റ്റുല പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഒന്നൂടെ പരിശോദിച്ച് ഡയാലിസിസ് തുടങ്ങി. ഡയാലിസിസ് 3 മണിക്കൂര്‍ ഉണ്ട്. അത്രേം സമയം കിടക്കണം. ബോറടിക്കാതിരിക്കാന്‍ മറ്റ് ബെഡിലെ  സ്ഥിരം കൂടുകാരോടൊപ്പം പാട്ട് കേള്‍ക്കും സിനിമയും  കാണും. അദ്ദേഹത്തിന്‍റെ ചുറുചുറുക്കും,ആത്മവിശ്വാസവും കണ്ടാല്‍ രണ്ട് കിഡ്നിയും തകരാറിലായ ഒരാള്‍ ആണെന്ന് പറയില്ല. കേണല്‍ ആളൊരു രസികന്‍ തന്നെയാണ്. കൂടെയുള്ള രോഗികള്‍ക്ക് പോലും അദ്ദേഹത്തിന്‍റെ കൂടെ കൂടി നല്ല ആത്മവിശ്വാസമാണ്. അദ്ദേഹത്തിന്‍റെ അടുത്ത് ബെഡ് കിട്ടാന്‍ എല്ലാരും ശ്രമിക്കും. കേണലിന്റെ ഓരോ വരികളിലും പോസിറ്റീവ് എനെര്‍ജി മാത്രമാണ്. അവരുടെ ഇടയിലേക്ക് കണ്ണീര്‍ തുടക്കാനും,അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഒരു മാലാഖ ആയാണ് കേണല്‍ ഇറങ്ങിചെന്നത്. നമുക്ക് വില്‍പവര്‍ ഉണ്ടെങ്കില്‍ ഏത് അസുഖവും നാണിച്ചു തലയില്‍ മുണ്ടിട്ടു പോകും എന്നാണ് കേണല്‍ എല്ലാരോടും പറയുന്നത്. കിഡ്നി  തകരാറിലായിട്ടു 5 വര്‍ഷം ആയിട്ടും കേണലിന് ഒരു അങ്കലാപ്പും ഇല്ല.അദ്ദേഹം അദ്ദേഹത്തിന്‍റെ ജോലിയില്‍ മുഴുകി ജീവിക്കുന്നു.മെഡിറ്റേഷന്‍ ചെയ്ത് മനസിനെ വരെ പൂട്ടിയിട്ടുണ്ട്.

        അന്നും പതിവുപോലെ സിനിമ വെച്ചിട്ടുണ്ട്.താരെ സമീന്‍ പര്‍ ആണ് സിനിമ. എല്ലാരും സംസാരം നിര്‍ത്തി സിനിമയില്‍ മുഴുകി.കുറച്ച് കഴിഞ്ഞപ്പോള്‍ അവരവര്‍ക്ക് ഇഷ്ട്ടമുള്ള  ഭക്ഷണം മേടിച്ചു കഴിച്ചു.വീണ്ടും സിനിമയിലേക്ക് തന്നെ കടന്നു.ഇടക്കൊരു പരസ്യം വന്നപ്പോള്‍ തൊട്ട് അമീര്‍ഖാന്‍ ആണ് സംസാര വിഷയം. അദ്ദേഹം സിനിമയില്‍ ആ  കുട്ടിയെ മിടുക്കനായി മാറ്റിയെടുക്കുന്ന കാര്യത്തില്‍ തുടങ്ങി അവസാനം തന്‍റെ പേഴ്സണാലിറ്റി ഡവലപ്മെന്റ്റ്‌ കംപൈനില്‍ അമീറിന് ഒരിക്കല്‍ കൊണ്ടുവരണം എന്ന് പറഞ്ഞാണ് കേണല്‍ ചര്‍ച്ച അവസാനിപ്പിച്ചത്.

      മൊബൈല്‍ വൈബ്രേറ്റു ചെയ്യുന്നത് കണ്ട്  നോക്കിയപ്പോള്‍ ഭാര്യയാണ്. ഒരു 20 മിസ്‌കോള്‍ ഉണ്ട്.വന്നതില്‍ പിന്നെ ഭാര്യയെ വിളിച്ചില്ലായിരുന്നു. അതിന്റെ പരിഭവം കാണാതിരിക്കില്ല, അപ്പോള്‍ തന്നെ തിരിച്ചു വിളിച്ചു. എടുത്ത വഴി ഭാര്യ ചോദിച്ചത് ക്രിയാറ്റിന്‍ എത്രയാണെന്നാണ്. അളവ് കൂടുതല്‍ ആണെങ്കിലും ഭാര്യയോട് കള്ളം പറഞ്ഞു വെച്ചു. ലിസിക്ക്  കേണലിന്റെ അസുഖത്തേക്കുറിച്ച് വേവലാതി ഉണ്ട്. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ എല്ലാം കേണലിന് ഒരേ ഒരു മറുപടിയെ ഉള്ളൂ. "നീ മരിചിട്ടെ ഞാന്‍ മരിക്കൂ ,നിന്‍റെ കണ്ണടയും വരെ കാവലായി ഞാനുണ്ട്" എന്നാണത്. എങ്കിലും ലിസിയ്ക്കു വിഷമം ഉണ്ടാകുമല്ലോ,ഭര്‍ത്താവിന് ഇങ്ങനെ ഒരു അസുഖം വന്നാല്‍ ഏത് ഭാര്യയും ഒന്ന് നടുങ്ങില്ലേ..ലീലക്ക്  ഒന്നുറക്കെ കരായാന്‍ പോലും കേണല്‍ അവസരം കൊടുക്കില്ല. കളിയും ചിരിയുമായി അദ്ദേഹം ദുഖത്തിന്റെ ഒരു കണിക പോലും വീട്ടില്‍ വീഴാന്‍ അനുവദിച്ചിട്ടില്ല...

  രണ്ടര മണിക്കൂര്‍ ആരും അറിയാതെ പോയിരുന്നു. ഡയാലിസിസ് കഴിഞ്ഞ ശേഷം നെഫ്രോളജിസ്റിനെ കാണാന്‍ പറഞായിരുന്നു.അതനുസരിച്ച് കേണല്‍ അങ്ങോട്ട്‌ പോയി.ഡോക്ടര്‍ കുശലാന്വേഷണം നടത്തിയ ശേഷം കാര്യത്തിലേക്ക് കടന്നു.  റിപ്പോര്‍ട്ട്‌ വായിച്ചുകൊണ്ട്  പറഞ്ഞു.

 "കേണല്‍ സാറെ, ഒരു റീനല്‍ ട്രാന്‍സ്പ്ലാന്‍റെഷന്‍ ആയിക്കൂടെ?

 "അതിനും ഗുണം ഉണ്ട്. കിഡ്നി മാറ്റിവെച്ചാല്‍ ഇവടെ 2 ദിവസം ഇങ്ങനെ ഡയാലിസിസിന് വരണ്ട ആവശ്യമില്ല, ചെലവും  കുറയ്ക്കാം. ഭക്ഷണ നിയന്ത്രണവും  ഇല്ല. എല്ലാരുടെം പോലെ ഒരു ലൈഫ് മുന്നോട്ടു കൊണ്ടുപോകം.

ഇപ്പോള്‍ ആണെങ്കില്‍ കിഡ്നി കിട്ടാനും പാടില്ല. എനിക്കറിയാവുന്ന ഒരു എജെന്റ്റ് ഉണ്ട്. അദ്ദേഹം നമ്മെ സഹായിക്കും .അതും അല്ലെങ്കില്‍ കുടുംബത്തില്‍ തന്നെയുള്ള ആരുടെയെങ്കിലും കിഡ്നി ആണെകില്‍ കൂടുതല്‍ നല്ലത്. അതായാല്‍ ശരീരം പുതിയ കിഡ്നി റിജെക്റ്റ് ചെയ്യാനുള്ള ചാന്‍സ്  കുറവായിരിക്കും. ഇതുമല്ലെങ്കില്‍ പത്രത്തില്‍ പരസ്യം കൊടുത്താലും കിട്ടാതിരിക്കില്ല. ഇതിനോട് കേണലിന്റെ അഭിപ്രായം എന്താ??
കേണല്‍ പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല. ചിരിക്കുക മാത്രെ ചെയ്തുള്ളൂ. മനസ് ശൂന്യമായിരുന്നു. പിന്നീട് ഫോളോ അപ്പ്‌ ചെയ്യുന്നതിനെപ്പറ്റി സംസാരിച്ച ശേഷം കേണല്‍  ഹോസ്പിറ്റലില്‍ നിന്നും ഡോക്ടര്‍ എടുത്തു വെച്ച ഭാരവുമായി ഇറങ്ങി നടന്നു. കുറച്ച് ദൂരം നടന്നപ്പോള്‍  2 മറാട്ടികള്‍ കേണലിനെ പിന്തുടരുന്നതായി തോന്നി. തിരിഞ്ഞു നിന്നപ്പോള്‍ ഒരാള്‍ മുന്നോട്ടു വന്ന് മുഖവുര ഇല്ലാതെ സംസാരം തുടങ്ങി.

"സാറിന് കിഡ്നി ആവശ്യമുണ്ടോ?
ബ്ലഡ്‌ ഗ്രൂപ്പ് ഏതാണെങ്കിലും ഡോണറെ ഞങ്ങള്‍ ശരിയാക്കിത്തരും,
 ഞങ്ങളുടെ ഫീസും  കുറവാണ് 5.40 ലെക്ഷം.
 മറ്റുള്ളവര്‍ 6 ആണ് ചോദിക്കുന്നത്.

കേണലിനു  മറുപടി പറയാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു.

"ഇപ്പോള്‍ ആണെങ്കില്‍ ഓണ ഓഫറില്‍ സാറിനു ഒരു പതിനായിരം രൂപ കുറച്ച് തരാം,എന്ത് പറയുന്നു??
ആലോചിച്ചിട്ട് പറയമെന്നേ കേണല്‍ പറഞ്ഞുള്ളൂ, അയാള്‍ വിസിറ്റിംഗ് കാര്‍ഡ്‌ കേണലിന് കൊടുത്തിട്ട് പോയി.

    അയാള്‍ പോയ ഉടനെ തന്നെ മറ്റെയാളും വന്നു. ഇതേ സംഭാഷണം തന്നെ തുടര്‍ന്നു.അയാള്‍ ഒരു 20000 രൂപ വരെ കുറയ്ക്കാം എന്നും പറഞ്ഞു കെഞ്ചിക്കൊണ്ടിരുന്നു. അവസാനം അയാളും വിസിറ്റിംഗ് കാര്‍ഡ്‌ കൊടുത്തിട്ട് പോയി.

കേണല്‍ ആകട്ടെ തിരിച്ചുള്ള വഴിയില്‍ മൊത്തം കിഡ്നി  മാറ്റി വെക്കുന്നതിനേക്കുറിച്ച് മാത്രം ആലോചിച്ചു. ഡോക്ടര്‍ പറഞ്ഞത് ബന്ധുകളുടെയാണ് കൂടുതല്‍ ഉചിതം എന്നാണ്. തന്‍റെ സഹോദരിയുടെ ഗ്രൂപ്പ് തന്‍റെ ഗ്രൂപ്പ് തന്നെയാണ് എന്ന് ഓര്‍മ വന്നപ്പോള്‍ തന്നെ സഹോദരിയെ വിളിച്ചു. കാര്യം പറഞ്ഞപ്പോള്‍ പെങ്ങള്ടെ മറുപടി ഇങ്ങനെയായിരുന്നു.

"എനിക്ക്‌ അച്ചാച്ചന് കിഡ്നി  തരാന്‍ ഒരു വിഷമവും ഇല്ല. പക്ഷെ മക്കള്‍ സമ്മതിക്കില്ല. അമേരിക്കയില്‍ കിടക്കണ അവര്‍ക്ക് ഇതിന്‍റെ പുറകെ നടക്കാന്‍ വയ്യല്ലോ എന്ന് പറഞ്ഞു. മറ്റൊന്നും തിരിച്ചു പറയാതെ , വിശേഷങ്ങള്‍ ചോദിച്ചു ശേഷം  കേണല്‍ ഫോണ്‍ വെച്ചു.

വീണ്ടും ട്രെയിന്‍ കേറി വീട്ടില്‍ എത്തി. രാവിലെ പോയതിനാല്‍  ഫ്രഷ്‌ ആയി ഉടനെ  തന്നെ പത്രം വായിച്ചുകൊണ്ടിരുന്നു.വായന മുഴിമിപ്പിക്കാതെ  ഭാര്യ വന്ന് അന്നത്തെ കാര്യങ്ങള്‍ എല്ലാം ചോദിച്ചുകൊണ്ടിരുന്നു. കാരണം ലിസി ഇല്ലാതെ ഈ 5 വര്‍ഷത്തിനിടയില്‍ ആദ്യായിട്ടായിരുന്നു  കേണല്‍ ഡയാലിസിസിനു പോയത്. അതുകൊണ്ട് സംഭവിച്ച എല്ലാ കാര്യങ്ങളും  കേണല്‍ തെല്ലും നിരാശ ഇല്ലാതെ തന്നെ പറഞ്ഞു കൊടുത്തു. വിവരങ്ങള്‍ എല്ലാം കേട്ട് ലിസിക്ക്  വിഷമം വന്നെങ്കിലും അവള്‍ അത് പുറത്ത് കാട്ടിയില്ല.

"നമ്മുടെ മോന്‍ അവന്‍റെ പപ്പയ്ക്ക് വേണ്ടി എത്ര ലക്ഷവും മുടക്കും. ഒരു 6 ലക്ഷം അവനു നിസാരായിട്ടു ഉണ്ടാക്കാവുന്നതല്ലേ ഉള്ളൂ...

കേണല്‍ ഡയാലിസിസ്സ്നു വേണ്ടി സ്വന്തം അധ്വാനിച്ച പൈസ മാത്രെ എടുത്തിട്ടുള്ളൂ. ഒരാളുടെ മുന്നിലും പൈസക്ക് കൈ നീട്ടാന്‍ കേണലിന് മടിയാണ്.അത് സ്വന്തം മകന്‍ ആയാലും!

രാത്രി മകനും,മരുമോളും ജോലി കഴിഞ്ഞു ഒന്നിച്ചാണ് വന്നത് പതിവുപോലെ പപ്പക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് മാത്രം ചോദിച്ചു. ഇതുവരെ പൈസ എന്തെങ്കിലും വേണം എന്ന് ചോദിച്ചിട്ടില്ല. അതുപോലെ തന്നെ കൂടുതല്‍ ഒന്നും പറയാതെ അകത്തേക്ക് പോയി. അവര്‍ ഫ്രഷ്‌ ആയി വന്നപ്പോള്‍ എല്ലാരും പ്രാര്‍ത്ഥിച്ചു ഭക്ഷണം കഴിച്ചു. മകന്‍ അപ്പോഴാണ്‌ പുതിയ ഒരു ബിസിനെസ് തുടങ്ങാന്‍ ആലോചിക്കുന്ന കാര്യം പറഞ്ഞത്. ആരുടെ കൂടെയാണെന്നോ, എന്ത് ബിസിനെസ് ആണെന്നോ പറഞ്ഞില്ല. ഒരു 50 ലെക്ഷം മുടക്കേണ്ടി വരുമെന്നും, അതിനായി നാട്ടിലെ തോട്ടം വില്‍ക്കേണ്ടി വരുമെന്നും  മാത്രം പറഞ്ഞു. ഒന്നും തിരിച്ചു ചോദിക്കാതെ തന്നെ കേണല്‍ സമ്മതം മൂളി. കാരണം മകന്‍ ഉണ്ടാക്കുന്ന പൈസ കൊണ്ട് അവനു എന്ത് ബിസിനസ് വേണമെങ്കിലും ചെയ്യാലോ,തന്‍റെ രക്തം വെള്ളമാക്കി ഉണ്ടാക്കിയ സ്ഥലവും അവനെഴുതി കൊടുത്തതാണ്. അതില്‍ ഇനി ഒരു എതിരഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ...

  കേണലിന് റീനല്‍ ട്രാന്‍സ്പ്ലാന്റെഷന്‍ അത്യാവശ്യമാണ് . 2 ദിവസങ്ങള്‍ അങ്ങനെ പോയി. ലിസി  ആണെങ്കില്‍ ഒരു 6 ലെക്ഷം എങ്ങനെയെങ്കിലും മകന്റെ അടുത്തുനിന്നും കേണല്‍ അറിയാതെ ഒപ്പിക്കണം എന്ന ചിന്തയിലാണ്. അതിനാദ്യം മരുമകളെ പിടിക്കണം.  2 ദിവസായിട്ട് അവളോട്‌ ചോദിക്കാന്‍ ഒരു അവസരം കിട്ടിയില്ല. ഇന്ന് പതിവുപോലെ അടുക്കളയില്‍ മോനും,മരുമോളും ഉണ്ട്. കേണല്‍ കേള്‍ക്കാതെ  അവരോട് കാര്യങ്ങള്‍ പറഞ്ഞു.
 "പപ്പക്ക് ഇത്രയും വയാസായില്ലേ, ഇനി ഇതിന്‍റെ ഒന്നും ആവശ്യമില്ല. ഞങ്ങള്‍ ആണെങ്കില്‍ ബിസിനസിനു പോലും ഇറക്കാന്‍ പൈസ ഇല്ലാതിരിക്കുവ. മമ്മി വേറെ എന്തെങ്കിലും പറ"
മറുപടി പറഞ്ഞത് മരുമോള്‍ ആയിരുന്നു.മകന്‍ മുഖം കുനിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

മകനെ ഒന്ന് നോക്കിയ ശേഷം ലിസി   മാറിപ്പോയി കുറെ കരഞ്ഞു. മുഖം കഴുകിയ  ശേഷം റൂമിലോട്ടു കിടക്കാന്‍ പോയി. അവടെ ചെന്നപ്പോള്‍ ഡസ്റ്റ് ബിന്നില്‍  2 വിസിംഗ് കാര്‍ഡുകള്‍ കിടക്കുന്നത് കണ്ടു. എടുത്ത് നോക്കിയപ്പോള്‍ അത്  ഏജെന്റ്മാരുടെയാണ്. ലിസി  അതെടുത്ത് തന്‍റെ പേഴ്സില്‍ വെച്ചു. കിടക്കയില്‍ നോക്കിയപ്പോള്‍ കേണല്‍ കിടക്കുന്നുണ്ട്. ഉറങ്ങീട്ടില്ലായിരുന്നു.  2 പേരും പരസ്പരം ഒന്നും മിണ്ടാതെ കിടന്നു. രണ്ടാള്‍ക്കും ഉറങ്ങാന്‍ പറ്റിയില്ല. രണ്ട് പേരുടെ മനസിലും "കിഡ്നി  വില്‍ക്കാനുണ്ടോ" എന്ന ചോദ്യം  മനസ്സില്‍ അലകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു...





Wednesday 13 November 2013

അവിചാരിത സന്തോഷങ്ങള്‍

അന്നെന്റെ തോന്നലുകള്‍
മുല്ലപ്പൂക്കള്‍ ചൂടി
ഇന്ന്
എന്‍റെ ഹൃദയ താളങ്ങള്‍
ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധിയായി....

എങ്കിലും
മറക്കാതിരിക്കാനായി
ഭ്രാന്തന്‍ ചിന്തകളെ
ഞാന്‍ അന്‍വരികളാക്കി

എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കവേ
ഞാന്‍ പതിയെ
സൈബര്‍ സ്പേസില്‍ എത്തി
 കാഴ്ചകള്‍ കണ്ട്
അമ്പട പുളുസു എന്ന്മന്ത്രിച്ചു

അവിടെ എനിക്കെന്‍റെ  വെള്ളനാടന്‍ ഡയറി
നഷ്ട്ടമായി
ഒരു തൂലിക പോലും എനിക്കന്യമായി
ഇനി എന്‍റെ നെഞ്ചകത്തില്‍
വരയും,വരിയും ഇല്ല

വീണ്ടും ഒരു ഫിനിക്സ് പക്ഷിയായി
ഉയരാന്‍ ശ്രമിച്ചു
എന്‍റെ ചിറകുകളെ
പടന്നക്കാരന്റെ പടവാള്‍
വെട്ടിമാട്ടിയിരുന്നു,,,

എന്‍റെ മൗനം അബസ്വരങ്ങള്‍ ആയി
എനിക്കായി
തണല്‍ മരങ്ങള്‍ ഒന്നുമില്ല

ഇതോ,വെള്ളരിക്കാ പട്ടണം
അതോ ചിന്നുവിന്റെ നാടോ??
ഞാനൊരു പാവം പ്രവാസി മാത്രം....

എനിക്കൊന്നാശ്വസിക്കാന്‍
തരൂ ഒരു സൌമ്യ ദര്‍ശനം
ഇനി എല്ലാം
ഇന്നലയുടെ സ്മാരകങ്ങള്‍.....

( എന്നെ വായിക്കാന്‍ ക്ഷമ കാണിക്കുന്ന എന്‍റെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും സമര്‍പ്പിക്കുന്നു)






സ്വപ്‌നങ്ങള്‍

എന്‍റെ ജനാലക്കരുകിലെ
കുളിര്‍കാറ്റിന് ചിറക് മുളച്ചപ്പോള്‍
കൊണ്ടുവന്നത്
ഒരു ചൂരല്‍ കുട്ട നിറയെ
സ്വപ്നങ്ങള്‍
ഒരു ജന്മം മുഴുവന്‍ കണ്ടാലും തീരാത്ത
സ്വപ്‌നങ്ങള്‍...
കാവലിരിക്കാനായി
ചിറക് വിരിച്ചൊരു
മാലാഖയും...
ഇനി എന്‍റെ ദിനങ്ങള്‍
സ്വപ്നങ്ങള്‍ക്ക്
പുറകെ...

Monday 11 November 2013

കടലിനു കരയോട് പറയാന്‍

എനിക്ക് നിന്നോടെന്നും
ഇഷ്ട്ടമാണ്
എന്നിലെ ഓരോ തിരകളും
നിന്നെ നനക്കാന്‍
എന്നില്‍ അടിക്കുന്ന ഓരോ തിരമാലയും
നിന്നോട് ചേരാന്‍
ഈ വേലിയിറക്കങ്ങള്‍
നിന്നില്‍ നിന്നുള്ള
വേര്‍പാട്
ഞാനൊരിക്കലും വറ്റുന്നില്ല
എന്നിലെ ഓളവും
നിലയ്ക്കുന്നില്ല
ഇനിയും നിന്നിലലിയാന്‍
എന്നിലെ
എനിക്കാകും

Saturday 26 October 2013

ഇരുട്ടിലേക്ക്




കടബംസിന്റെ മുറ്റത്ത് വീണുകിടക്കുന്ന  വാകപ്പൂക്കളെ നോക്കി ഒരു ബെഞ്ചില്‍ രാഹുല്‍ ഇരിക്കുന്നുണ്ട്. ഭക്ഷണത്തിന്‍റെ ബെല്ലൊന്നും അയാള്‍ കേട്ടില്ല. പിച്ചും,പേയും പറയുന്നുണ്ട്.അതങ്ങനെയാണ് 'സ്കീസോഫ്രീനിയ'യുടെ ദയനീയമായ ഒരു ലക്ഷണം.സോഷ്യല്‍ വര്‍ക്കര്‍ വന്നു ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും രാഹുല്‍ കൂടെ പോകാനോ,കഴിക്കാനോ സമ്മതിച്ചില്ല. അയാള്‍ ഏതോ പഴയ കാലഘട്ടത്തിലേക്ക്,അല്ലെങ്കില്‍ നീറുന്ന അവളുടെ ഓര്‍മകളിലേക്ക് ഊളിയിട്ടു ഇറങ്ങുവാണോ എന്ന് തോന്നും ആ കണ്ണുകളിലെ ഇരുട്ട് കണ്ടാല്‍.....
        അവള്‍,നിവേദ്യ. അവളൊരു പാവം.സൂചി കറങ്ങുന്നുണ്ടെങ്കിലും സമയം നീങ്ങുന്നതൊന്നും അവള്‍ അറിയുന്നില്ല.ഒന്ന് ചോദിച്ചാല്‍ ഏത് ദിവസമാണ് എന്ന് പോലും അവള്‍ക്കറിയുമായിരുന്നില്ല.ഹൂസ്റ്റണിലെ മഞ്ഞുവീഴുന്ന തണുപ്പില്‍ ദിവസത്തിന്‍റെ മുക്കാപങ്കും അവള്‍ ഉറങ്ങി തീര്‍ത്തു.ഉറങ്ങുന്ന ആ സമയമെങ്കിലും സമാധാനവും,സന്തോഷവും ഉണ്ടാകുമല്ലോ എന്നോര്‍ത്താവാം അവള്‍ ഉറങ്ങുന്നത്.പുറത്തുള്ള മഞ്ഞോ,വെയിലോ ഒന്നും അവള്‍ അറിയുന്നില്ല.എങ്ങനെ അറിയാനാണ് അവളെ പുറത്തിറക്കില്ലല്ലോ കാണാന്‍.ദേഹത്തൊരു ജാക്കറ്റും,കാലില്‍ സോക്സും ഇട്ട് കൂഞ്ഞിക്കൂടി ഒരേ ഒരു ഇരുപ്പ്.ഇരുന്നിവള്‍ ജീവിതം തീര്‍ക്കോ എന്ന് തോന്നിപ്പോകും.അവള്‍ക്ക് ജീവിതം ഇത്ര മുഷിപ്പിക്കലാണോ,ആണെന്ന് തന്നെ പറയാം.വലിയ തറവാട്ടില്‍ ജനിച്ചു.ചെറുപ്പത്തിലെ അച്ചനും,അമ്മയും പോയി.ഏട്ടനാണ് ഒരു അല്ലലും കൂടാതെ വളര്‍ത്തി, വെല്ലൂരില്‍ വിട്ടു പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കിയത്.എന്നിട്ടെന്തായി കല്യാണത്തോടെ എല്ലാം താറുമാറായി.

             "ടി നിവേദ്യെ??
ആക്രോശം കേട്ടവള്‍ ചോദിച്ചു
എന്താ രാഹുല്‍?
"എന്‍റെ ഷൂസ് എവിടെ?
അവള്‍ സൌമ്യമായി പറഞ്ഞു,ആ ഷൂ റാക്കില്‍ ഉണ്ടല്ലോ,,
'നിനക്കത് എടുത്ത് തന്നാല്‍ എന്താ, കയ്യിലെ വള ഊരിപ്പോകോ.,എല്ലാത്തിനും
എന്നെ ഓടിക്കണം.
പതിവുപോലെ രാവിലെ തന്നെ കലാപരിപാടികള്‍ ആരംഭിച്ചു.
അവള്‍ ചോദിച്ചു,എന്തിനാ രാഹുല്‍ ഇത്ര ദേഷ്യപ്പെടുന്നത്?
"എങ്കില്‍ തമ്പുരാട്ടിയെ പുന്നാരിക്കാം ,നീ എന്ന് കേറിവന്നോ,അന്ന് തീര്‍ന്നു എന്‍റെ ലൈഫും,കരിയറും,,,എനിക്ക് വേണ്ടി മാത്രം സൃഷ്ട്ടിച്ച കരിഞ്ഞപൂവ്.....
അവള്‍ ഒന്നും തിരിച്ചു പറയാറില്ല,പറഞ്ഞിട്ടും കാര്യമില്ല.
പതുവുപോലെ തന്നെ തനിക്കു വേണ്ടി ഉണ്ടാക്കിയ  ടിഫിന്‍ കണ്ടില്ലെന്നു വെച്ച്,രാഹുല്‍ നടന്നകന്നു.
രാഹുല്‍ ഓഫീസില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് 'ടയ്' കെട്ടീട്ടില്ലെന്നു.
ഉടനെ നിവെദ്യക്ക് ഫോണ്‍ വന്നു
"ടയ്'കെട്ടാതെ വരുന്നത് നീ കണ്ടില്ലേ?
അവള്‍ ഒന്നും മിണ്ടിയില്ല.
"എങ്ങനെ കാണും,നീ പൊട്ടക്കണ്ണി ആണല്ലോ"
ഫോണ്‍ ഇട്ട് പൊട്ടിക്കുന്ന ശബ്ദം അവള്‍ കേട്ടു.
അവള്‍ ഇപ്പോള്‍ കരയാറേയില്ല.കല്യാണം കഴിഞ്ഞ്, രണ്ട് വര്‍ഷവും കരഞ്ഞത് കൊണ്ടാവാം.കണീര്‍ വറ്റിപോയിരുന്നു.മുഖത്തു ഒരു ഭാവവും ഇല്ല.ഒരു നിര്‍വികാരത.അവള്‍ ജനാലയില്‍ പിടിച്ച്,പുറത്തോട്ടു അലക്ഷ്യമായി എന്തോ നോക്കി,ഒരേ നില്‍പ്പ്.
ഫോണ്‍ ബെല്ലടിക്കുന്നത് വരെ,അങ്ങനെ നിന്നു.
ഫോണ്‍ എടുത്തു.ഏട്ടനാണ്."കുഞ്ഞീ, മോളെ...നിനക്ക് സുഖമാണോന്നു ചോദിക്കുന്നില്ല,നീ വല്ലതും കഴിക്കുന്നുണ്ടോ,നിന്നെ ഓര്‍ക്കണ്ട,ആ കുഞ്ഞിനെയെങ്കിലും ഓര്‍ത്ത്"...
 അവള്‍ ഒന്നും മിണ്ടിയില്ലെങ്കിലും,ഏട്ടന്‍ പറഞ്ഞുകൊണ്ടിരുന്നു.അവസാനം ഫോണ്‍ കട്ടായി.
"തനിക്ക് കുറച്ച് തൊലിവെളുപ്പും,സൗന്ദര്യവും കൂടിപ്പോയത് കൊണ്ട്,അല്ലെങ്കില്‍ പുറത്ത്പോകുമ്പോള്‍ ആണുങ്ങളുടെ കഴുകന്‍ കണ്ണുകള്‍ തന്നെ സ്കാന്‍ ചെയ്യുന്നു എന്നത് കൊണ്ട്,താന്‍ കുറ്റക്കാരിയാവോ,ഈ സംശയ രോഗം എന്താകും എന്‍റെ ഈശ്വര,തന്‍റെ വയറ്റില്‍ വളരുന്ന കുഞ്ഞുപോലും രാഹുലിന്റെ അല്ലന്നു പറഞ്ഞുകഴിഞ്ഞു"....
 പിന്നെ എന്തിനു കുഞ്ഞിനെ ഓര്‍ത്ത് വല്ലതും കഴിക്കണം.അച്ഛന്റേം,അമ്മയുടെം അടുത്തേക്ക് പോകണം എന്ന് പലതവണ ചിന്തിച്ചതാണ്,സ്വന്തം ജീവിതവും,കല്യാണം പോലും വേണ്ടാന്നു വെച്ച്‌,തനിക്കു വേണ്ടി മാത്രം ജീവിച്ച ഏട്ടനെ ഓര്‍ത്ത് എല്ലാം വേണ്ടാന്നു വെക്കും.മുക്കോടി ഈശ്വരന്മാരില്‍ ആര്‍ക്കും കനിവില്ലെന്നുണ്ടോ....
തണുത്ത് വിറങ്ങലിച്ച്,ആ ഇരിപ്പ് നാലുമണി വരെ തുടര്‍ന്നു.
കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്നു.രാഹുല്‍ ആണ്.
"നാലുമണിക്ക് ഞാന്‍ വരുമെന്നറിയില്ലേ,വാതില്‍ തുറന്നിട്ടാല്‍ എന്താ നിനക്ക്??
ഇതിനും അവള്‍ ഒന്നും മറുപടി പറഞ്ഞില്ല.
രാഹുല്‍ മുറിയില്‍ കേറി,വാതില്‍ കൊട്ടിയടച്ചു.കുപ്പികള്‍ പൊട്ടിച്ചു,മദ്യപാനം തുടങ്ങി.
കല്യാണത്തിന്റെ അന്നുവരെ രാഹുല്‍ നല്ലവനായിരുന്നു.ഏട്ടന്റെ ഉറ്റചങ്ങാതി.കല്യാണ പിറ്റേന്നു വന്ന,നിവേദ്യയെ പറ്റി മോശായി ചിത്രീകരിച്ച ഒരു മെയില്‍ ആയിരുന്നു അവളുടെ ജീവിതം തകര്‍ത്തെറിഞ്ഞത്.വെല്ലൂരില്‍ വെച്ച്.ഉത്തരേന്ത്യക്കാര്‍ അടക്കം പലരും പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും,അവള്‍ വീണില്ല.നിരാശ കാമുകരില്‍ ആരോ ആയിരിക്കണം മെയില്‍ അയച്ചത്.അത് കണ്ടുപിടിക്കാന്‍ ആരും ശ്രമിച്ചുമില്ല.വിവരം ഏട്ടന്‍ അറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു.രാഹുലിന്റെ മുന്നില്‍ ഏട്ടന്‍ ചതിയനും,ശത്രുവും ആയി.
  അന്ന് തുടങ്ങിയതാണീ കുടിയും,അടിയും എല്ലാം.തികഞ്ഞ ഒരു സാഡിസ്റ്റ്.എങ്ങനെ വാക്കുകള്‍ കുറിക്കുകൊള്ളിക്കാമെന്നു അറിയുന്ന കോമാളി.
മെയിലില്‍ ഒരു വസ്തവവും ഇല്ലെന്നു എല്ലാരും പറഞ്ഞു.രാഹുലിന്റെ അച്ചനും,അമ്മയും അടക്കം.എന്നിട്ടും ഒരു മാറ്റവും ഇല്ല.സംശയത്തിന്റെ വിത്ത് ദിനവും വളര്‍ന്നു പന്തലിച്ചു.
 രാഹുലിന് ജോലിയിലും ഒരു ശ്രദ്ധയില്ല.പോസ്റ്റുകള്‍ താഴോട്ട്,താഴോട്ട് വന്നു.കമ്പനിയുടെ ഉയര്‍ച്ചക്ക് ഒരുനാള്‍ ചുക്കാന്‍ പിടിച്ച മസ്തിഷ്കം എന്ന ഒരേ ഒരു പരിഗണയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടില്ല .
 രാഹുലിന്റെ അച്ഛനമ്മമാര്‍ കഴിക്കാവുന്ന നേര്‍ച്ചകളും,കാഴ്ചകളും മുടങ്ങാതെ കഴിച്ചു.അതൊന്നും ആരേം രക്ഷിച്ചില്ല.

നിവെദ്യയുടെ ഏട്ടന്‍ എന്നും അച്ഛനമാമാരുടെ കുഴിമാടത്തിലെത്തും.കുറെ കരയും,കുഞ്ഞനുജത്തിയെ രക്ഷിക്കാന്‍ പറ്റാതെപോയ പാഴ്ജന്മം എന്നും പറഞ്ഞ് മാപ്പിരക്കും.ആ കരച്ചില്‍ എന്നും ഒരു ചാറ്റല്‍ മഴയില്‍ ഒഴുകിയൊലിക്കും.

നിവെദ്യക്കിത് നാലാം മാസം ,കുഞ്ഞു നൃത്തം ചവിട്ടി സാന്നിദ്യം അറിയിച്ചു. അവളില്‍ മാറ്റങ്ങള്‍ ഉണ്ടായി.പതുക്കെ അവള്‍ ഒറ്റപ്പെടലില്‍ നിന്നും മോചിതയായി.താനേറെ സ്നേഹിച്ച സംഗീതത്തിന്‍റെ വഴിയിലേക്ക് മാറിത്തുടങ്ങി.ദിവസവും കുറെ മണിക്കൂര്‍ പാട്ട് കേട്ടു.കുഞ്ഞിനെ താരാട്ട് പാടിയുറക്കി.വായ്ക്കു രുചിയുള്ള ഭക്ഷണം ഉണ്ടാക്കി.അങ്ങനെ അവള്‍ പഴയ നിവെദ്യയായി.

എങ്കിലും ആ സന്തോഷത്തിനു ഒരാഴ്ച്ചയില്‍ കൂടുതല്‍ ആയുസ് ഈശ്വരന്‍ കൊടുത്തില്ല.പതിവിനു വിപരീതമായി സന്തോഷവതിയായി അവളെ കണ്ട രാഹുലില്‍ സംശയം അഗ്നി പര്‍വതം പോലെ പൊട്ടി. അവളെ അയാള്‍ കൊല്ലാക്കൊല ചെയ്തു.കുത്തുവാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ചയേറി.അവളാ ധൂമകേതുവില്‍ മാഞ്ഞില്ലാതായി.കലാപങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.അവള്‍ ഓരോദിവസം ചെല്ലുന്തോറും എല്ലും,തോലും മാത്രമായി മാറി.

 അങ്ങനെ ഒരു ദിവസം രാഹുലിന്റെ ഓഫീസില്‍,അയാളെ കാത്ത് ഒരു വിസിറ്റര്‍ ഉണ്ടായിരുന്നു. അയാള്‍ രഹുലിനോട്  കുറേ നേരം സംസാരിച്ചു.രാഹുല്‍ ഒന്നും തന്നെ തിരിച്ചു പറയാതെ  ഫ്ലാറ്റിലേക്ക്,തന്‍റെ പ്രിയതമയുടെ അടുത്തേക്ക് ഓടി. പതിവിനു വിപരീതമായി വാതില്‍ തുറന്നു കിടപ്പുണ്ടായിരുന്നു. റൂമില്‍ ഓടിക്കിതച്ചെത്തിയപ്പോള്‍ അയാള്‍ വിറങ്ങലിച്ചു നിന്നുപോയി. തന്‍റെ മുന്നില്‍ കിടന്നു നിവേദ്യ ഉറങ്ങുവായിരുന്നു,അവളുടെ പ്രിയപ്പെട്ട അമ്മയുടെ മടിയില്‍.....
                        




Tuesday 22 October 2013

വയനാട്ടിലെ കുറിച്ച്യരും,കുറുമരും

കുറിച്ച്യര്‍  (മലബ്രാഹ്മണര്‍)
വയനാടിന്‍റെ  ചരിത്രത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ആദിവാസി സമൂഹമാണ് കുറിച്യര്‍.ആദിവാസികളിലെ ഏറ്റവും ഉയർന്ന ജാതിയായി ഇവർ കണക്കാക്കപ്പെടുന്നു. മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഇവരെ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി കാണാം."മിറ്റം" എന്നാണ് കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.വയനാടിന്റെ ഉടമാവകാശം സ്ഥാപിച്ചെടുത്ത നായന്മാരോടൊപ്പം വേടന്‍ കോട്ട ആക്രമണത്തില്‍ ഇവര്‍ പങ്കെടുത്തു.അമ്പും,വില്ലും ഉപയോഗിച്ചും,ഗറില്ലാ യുദ്ധ മുറകള്‍ കൊണ്ടും ഇവര്‍ ശത്രുക്കളെ കീഴ്പ്പെടുത്തി."പഴശിയുടെ കരിമ്പട" എന്നാണ് ഇവരെ വിളിച്ചിരുന്നത്.1780-ഇല്‍ ടിപ്പു സുല്‍ത്താനോട്‌ ഏറ്റു മുട്ടുമ്പോള്‍ തൊട്ട് ഇവര്‍ പഴശിയുടെ കൂടെയുണ്ടായിരുന്നു.കുറിച്യരുടെ 38 കുലങ്ങള്‍ വയനാട്ടില്‍ ഉണ്ട്.


ഐതിഹ്യം
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളിൽ പ്രധാനപ്പെട്ടവവയിൽ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം  രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ തിരുവിതാംകൂര്‍കാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധം ജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു എന്നാണു പറയുന്നത്.
കുറിച്യരുടെ കോളനി


അയിത്താചാരം
കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാൽ അയിത്തമായി എന്നവർ ധരിക്കുന്നു. ബ്രാഹ്മണര്‍ക്കും വയനാട്ടിലെ പഴയ നായന്മാര്‍ക്കും ഒഴിച്ച് മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവർ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.

ആരാധന
മലോന്‍,മലകാരി,കരിമ്പിലിപൊവുതി,കരമ്പില്‍ ഭഗവതി, അതിരാളന്‍, തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പന്‍,ഭദ്രകാളി,ഭഗവതി
തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി  മലക്കാരിയെ വിശ്വസിക്കുന്നു.പരമശിവനാണ് വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍  ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങൾ. കരിമ്പിലി ഭഗവതി സ്ത്രീകൾക്ക സുഖപ്രസവം പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു എന്നാണ് ഇവരുടെ വിശ്വാസം.

വേട്ടയാടൽ
അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു. മാംസം ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകൾക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.

കലകൾ
മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താൽ കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കിൽത്തന്നെ മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകൾ ഇവർക്കുമുണ്ട്.

 കുറുമര്‍
വയനാട്ടിലെ മറ്റൊരുവിഭാഗം ആദിവാസികളാണിവര്‍.നീണ്ട കഴുത്തും, അധികം കുറിയതോ,നീണ്ടതോ അല്ലാത്ത ആകാരവും,ആകര്‍ഷകമായ നിറവും ഉള്ള ഇവര്‍ ഒരു രാജവംശത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നു.ഏതാനും കുറുമ വീടുകള്‍ ചേര്‍ന്നു "കുടികളും"."കുടികാരണവന്മാരും", ഇവര്‍ക്ക് മുകളില്‍ "കുന്നില്‍കാരണവന്മാരും".അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായി "കുന്നില്‍ വാല്യക്കാരനും" ഉണ്ടായിരുന്നു.

ഗോത്ര ദൈവങ്ങള്‍ക്ക് നേര്‍ച്ചയര്‍പ്പിക്കാന്‍ ഇവര്‍ തറയാണ് ഉപയോഗിച്ചിരുന്നത്.വയനാട്ടിലെ കല്‍പ്പറ്റയില്‍ പൂജാകൂട്ടത്തിനായി മൈതാനവും,തറയും ഉണ്ട്.ഇവടെ കൊയ്ത്തുകഴിഞ്ഞ് കോളിയാടി മൂപ്പന്റെ നേതൃത്തത്തിലാണ് ഉത്സവം  നടത്തുന്നത്.ഗോത്ര ദൈവമായ,ശിവന്റെ പ്രതിരൂപം  "കാളിമല" ആണ് ആരാധനാ മൂര്‍ത്തി. ആ വര്‍ഷത്തില്‍ നേരിടേണ്ടി വന്ന കഷ്ട്ടപ്പാടുകളെയും,വിഷമങ്ങളെയും കുലദൈവങ്ങള്‍ക്ക് മുന്നില്‍ പറയും.കൊയ്ത്തും,മെതിയും കഴിഞ്ഞതിന്റെ സന്തോഷം അറിയിക്കുകയും, മണ്‍മറിഞ്ഞ പിതാക്കന്മാരെ ഉത്സവത്തില്‍ ഓര്‍ക്കുകയും ചെയ്യും.കൊയ്ത്കിട്ടിയ അരികൊണ്ട് ദോശയുണ്ടാക്കി ദൈവങ്ങള്‍ക്കും,പിതമാഹന്മാര്‍ക്കും കൊടുത്തശേഷം എല്ലാര്‍ക്കും കൊടുക്കും. ഈ ഉത്സവത്തില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കും.

കുറുമ കോളനിയില്‍ ബ്രിട്ടീഷ്കാരുടെ വരവിനു മുമ്പ് തലമുറയായി കൈമാറിയ 2 പീoങ്ങള്‍ ഉണ്ട്. 2 ദേവന്മാര്‍,കാളിമലയായും,കണ്ടന്‍ വല്ലിയായും മനുഷ്യാവതാരമെടുത്ത് പീoങ്ങള്‍ പണിതു എന്നാണു വിശ്വാസം.കുറുമരുടെ ചടങ്ങുകള്‍ക്ക് ശേഷം പീoങ്ങള്‍ എണ്ണയും,ചന്ദനവും തേച്ച് കഴുകിവെക്കും.പീoത്തിന്‍റെ ഒരു കാല്‍ ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു കളഞ്ഞു.

(കുറിച്യര്‍,കുറുമര്‍ വിവരങ്ങള്‍ക്ക് കടപ്പാട്- മലയാള മോനോരമ,അറിയപ്പെടാത്ത വയനാട്,വിക്കിപീഡിയ)