Sunday 29 September 2013

വാര്‍ദ്ധക്യo

"ആരോ വാതില്‍ മുട്ടുന്നുണ്ടല്ലോ, സമയം 12 ആയി.സണ്ണി ആയിരിക്കും, അവനെന്നും പാതിരാത്രിവരെയാ പണി,,,എന്‍റെ പുണ്യാളച്ചാ, ഇതിനൊരു അറുതി ഉണ്ടാകില്ലന്നാണോ???"
       
ഒച്ച കേട്ട് ഔസേപ്പച്ചന്‍ ഞെട്ടി ഉണര്‍ന്നു ലൈറ്റ് ഇട്ടു..."എന്താ അന്നമ്മേ ഉറക്കമില്ലേ,എന്താ എന്തെങ്കിലും സ്വപ്നം കണ്ടോ...സണ്ണിക്ക് അവന്‍റെ ഭാര്യ വാതില്‍ തുറന്നു കൊടുക്കില്ലേ,അവനെന്താ പ്രാന്തുണ്ടോ ഈ വൃദ്ധസദനത്തിന്റെ വാതില്‍ മുട്ടാന്‍....

                          അന്നമ്മ ചേടത്തി കണ്ണീര്‍ തുടച്ചു ആരോടന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.."എന്‍റെ സണ്ണി മോന്‍ അവന്‍റെ കല്യാണ തലേന്ന് വരെ എന്‍റെ ഈ മടിയിലാ കിടന്നുറങ്ങിയത്,ഒരു ജല ദോഷം വന്നാല്‍ പോലും,അവന്‍ പുറത്തൊന്നും പോകില്ല,എപ്പോഴും എന്നോട് പറ്റി കിടക്കും,എപ്പോഴും ഞാന്‍ വേണം,എന്നെ അന്ന് ഒരുപണിയും എടുക്കാന്‍ സമ്മതിക്കില്ലായിരുന്നു...അന്ന് സാറാമ്മ മരിച്ച ദിവസം അവന്‍ പറയാ,'അമ്മേ, അമ്മ ഞാന്‍ മരിച്ചിട്ട് മരിച്ചാല്‍ മതിയെന്ന്,എനിക്കെന്‍റെ അമ്മ എപ്പോഴും കൂടെ വേണം,,,പറഞ്ഞത് മുഴുമിക്കാന്‍ വയ്യാതെ പാവം വിതുമ്പി കരഞ്ഞു,,, ഇതൊക്കെ കേട്ട് ഔസേപ്പച്ചന്‍ പറഞ്ഞു "നീ നോക്കിക്കോ സണ്ണി എന്‍റെ മോനാ,അവന്‍ നാളെ വരും,,ഉറപ്പായിട്ടും നാളെ വരും.....
പ്രതീക്ഷ, അതാണല്ലോ എല്ലാരേം മുന്നോട്ട്  ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.....

Wednesday 25 September 2013

പട്ടം

ബാല്യ കാല ശില്‍പ്പങ്ങള്‍ക്കുള്ളില്‍
ഞാനൊളിപ്പിച്ചു വെച്ചൊരു
വര്‍ണ്ണക്കടലാസില്‍ പൊതിഞോരെന്‍ പട്ടം..
നിന്നെ പറത്തി ഞാന്‍ നടൊന്നൊരാ
വയലും തൊടിയും
ഓര്‍മയിലിന്നൊരു പൊന്‍ തിരിയാകവെ

ശാപമേറ്റൊരാമുള്ളില്‍ കുടുങ്ങിയൊരുന്നാള്‍
നിന്‍ ശിരസറ്റുപോകവെ
തേങ്ങിയൊലിച്ച് പോയെന്‍ കണ്ണീര്‍
ആരുമറിയാതെ..

നിന്‍ ദേഹത്തിനു  ചിതയൊരുക്കുവാന്‍
വേണ്ടി വന്നൊരു ചെറു വിറകിന്‍ കൂട്ടം
നിന്നെ പറത്തിയ കാറ്റിനാല്‍
കത്തിക്ക വയ്യാതെ നിന്നതും
ഇന്നുമെന്‍റെ നെഞ്ചിലെ പൊള്ളലായി തീരവെ....

ഉടഞോരെന്‍ മനസിലെ നീറ്റല്‍
അടക്കുവാന്‍ വയ്യാതെ
നിന്‍ ചിതക്കരുകില്‍ ഞാന്‍ നില്‍ക്കവേ
അന്നെരിഞ്ഞടങ്ങിയെന്‍ കിനാക്കളേതുമെ....
 

Tuesday 24 September 2013

വയനാട്ടില്‍ ഉറങ്ങുന്ന രാമായണം

രാമായണത്തിലെ എനിക്ക് ഏറ്റവും വിഷമം തോന്നിയ കാര്യം ശ്രീരാമന്‍ സീതാദേവിയെ ഉപേക്ഷിച്ചതാണ്.രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോയശേഷം വളരെ കഷ്ട്ടപ്പെട്ടാണ് രാമന്‍ സീതാ ദേവിയെ മോചിപ്പിച്ചത്.ഹനുമാന്‍റെയും സുഗ്രീവരാജാവിന്‍റെയും      വാനരപ്പടയുടെയും
സഹായത്താല്‍ ആയിരുന്നു അത്. 
     എന്തായാലും ലോകാപവാദത്തെത്തുടര്‍ന്ന്‌ ശ്രീരാമന്‍ ഗര്‍ഭിണിയായ പത്നി സീതാദേവിയെ കാട്ടിലുപേക്ഷിച്ചപ്പോള്‍ ദേവി വയനാട്ടിലെ പുല്‍പ്പള്ളിയില്‍ എത്തിയെന്നും അവിടുത്തെ വാത്മീകി ആശ്രമത്തില്‍ ദേവി അഭയം പ്രാപിച്ചുവെന്നും ആണ് ഐതിഹ്യം. ദേവി ലവകുശന്മാര്‍ക്ക്‌ ജന്മം നല്‍കിയതും ഇവിടെ വെച്ചാണ്‌.പിന്നീട് വല്‍മികിയുടെസംരക്ഷണത്തില്‍ ആയിരുന്നു പുത്രന്മാര്‍ വളര്‍ന്നത്‌.
     
    ദേവിയും ലവ കുശന്മാരും അവിടെ താമസിച്ചുകൊണ്ടിരിക്കെ,ശ്രീരാമന്‍  ദ്വിഗ്‌വിജയത്തിനയച്ച   അശ്വത്തെ കാണാനിടയായി.സീതാദേവിയുടെ ആശീര്‍
വാദത്തോടെ ലവകുശന്മാര്‍ അശ്വത്തെ ബന്ധിച്ചു. അശ്വമോചനത്തിനെത്തിയ ശ്രീരാമ ചക്രവര്‍ത്തിയെ ദേവി കാണാനിടയായി. തത്ക്ഷണം തന്‍റെ മാതാവ്‌ ഭൂമി ദേവിയില്‍ വിലയം പ്രാപിക്കാന്‍  ഭൂമി ദേവിയോട് പ്രാര്‍ത്ഥിച്ചു.ഭൂമിയിലേക്ക്‌ താഴ്ന്നു പൊയ്ക്കോണ്ടിരിക്കുന്ന ദേവിയുടെ മുടിയില്‍ ശ്രീരാമന്‍ പിടിച്ച് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല.തിരുമുടി രാമന്‍റെ കയ്യിലിരിക്കുവാണ് ചെയ്തത്.ദേവി ഭൂമിയില്‍ അലിഞ്ഞു ചേരുകയും ചെയ്തു.മുടിയറ്റുപോയ ദേവിയുടെ സങ്കല്‍പ്പമായി ചേടാറ്റിലമ്മ പുല്‍പ്പള്ളിയില്‍ വിരാജിക്കുന്നുവെന്നാണ്‌ പഴമക്കാരുടെ വിശ്വാസം.പുല്‍പ്പള്ളി സീതാ-ലവകുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ്‌ ചേടാറ്റിന്‍കാവ്‌.സീതാദേവിയോടൊപ്പം മക്കളായ ലവകുശന്മാരുടെ മുനികുമാരന്മാരുടെ (മുരിക്കന്മാര്‍) സങ്കല്‍പ്പവും ക്ഷേത്രത്തില്‍ ഉണ്ട്.
സീതാദേവി ക്ഷേത്രം പുല്‍പ്പള്ളി
 പുല്‍പ്പള്ളിയില്‍ ആയിരുന്നു ആദികവി വാല്‍മികി രാമായണ രചന നടത്തിയതും സീതാമാതാവിനെ സംരക്ഷിച്ചുപോന്നതും എന്നാണ് ഐതിഹ്യം. വര്‍ഷംതോറും ദര്‍ഭപ്പുല്ല്‌ പുതച്ച്‌ ആശ്രമം സംരക്ഷിച്ചുവരുന്നു. 
വല്‍മികിയുടെ ആശ്രമം,പുല്‍പ്പള്ളി

 ഇവിടെയുള്ള മന്ദാരവൃക്ഷത്തില്‍ നിത്യവും വിരിയുന്ന രണ്ട്‌ പൂക്കള്‍ ദേവിയുടെ ഇരുമക്കളെ അനുസ്മരിപ്പിക്കുന്നു. തൊട്ടുതാഴെയുള്ള ആശ്രമക്കൊല്ലിയുടെ പാറപ്പുറത്തിരുന്നാണ്‌ ആദികവി തപസനുഷ്ഠിച്ചത്‌. 
വാല്‍മികി തപസനുഷ്ട്ടിച്ച മുനിപ്പാറ

 കുട്ടികളുടെ ഭൂമി എന്ന സങ്കല്‍പ്പത്തില്‍ പുല്‍പ്പള്ളി ക്ഷേത്രഭൂമി ഇന്നും മൈനര്‍സ്വത്തായി സൂക്ഷിച്ചിരിക്കുന്നു.14,000 ഏക്കറിലധികം വനഭൂമിയുണ്ടായിരുന്ന പുല്‍പ്പള്ളി ദേവസ്വത്തിന്‌ ആനപിടുത്തകേന്ദ്രങ്ങളും ആനപ്പന്തികളും നിരവധി ആനകളും ഉണ്ടായിരുന്നു. ക്ഷേത്രസ്വത്ത്‌ കണ്ട്‌ ആക്രമണത്തിനെത്തിയ ടിപ്പുവിനെ ദിഗ്ഭ്രമം വരുത്തി സീതാദേവി ക്ഷേത്രകുളത്തിനടുത്തുനിന്നും തിരിച്ചയച്ച കഥയും ഇവിടെ പ്രചാരത്തിലുണ്ട്‌. വയനാടിന്‍റെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്ന വത്മീകങ്ങള്‍ (ചിതല്‍പുറ്റുകള്‍) പുല്‍പ്പള്ളിയുടെ മാത്രം പ്രത്യേകതയാണ്‌. ദേവി മക്കളുടെ സുരക്ഷക്കായി തപോഭൂമിയില്‍ നിന്നും അട്ടകളെയും ക്ഷുദ്രജീവികളെയും അകറ്റിയിരുന്നു. ഒരുകാലത്തും ഇവിടെ അട്ടകള്‍ ഉണ്ടായിരുന്നില്ല എന്നതും കൗതുകകരം തന്നെ. ദര്‍ഭ വിരിച്ച മെത്ത എന്ന അര്‍ത്ഥത്തിലാണ്‌ പുല്‍പ്പള്ളിയുടെ നാമധേയം എന്നാണ്‌ വിശ്വാസികളുടെ മതം.
  സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയുള്ള പൊന്‍കുഴിയില്‍ സീതാദേവി ക്ഷേത്രത്തിനടുത്ത് ഒരു കുളം ഉണ്ട്.എന്‍റെ വീട്ടീന്ന് 3 കിലോമീറ്റര്‍ പോയാല്‍ അവടെ എത്താം.ആ കുളം സീതാദേവിയുടെ കണ്ണീര്‍ വീണുണ്ടായതാണ്,തെളിനീര്‍ ആണ് അതിലുള്ളത്.അവടെയുള്ളവര്‍ ഇ കുളത്തിന് "കണ്ണീര്‍കുളം"എന്നും 'സീതാക്കുളം' എന്നും പറയുന്നുണ്ട്.റോഡരുകിലായി കാട്ടിനുള്ളില്‍ ഇല്ലിക്കൂട്ടങ്ങളുടെ മധ്യത്തിലാണ് കുളം ഉള്ളത്.മറ്റ് പരിസരത്തുള്ള പുഴയിലും,തോടുകളിലും വെള്ളം വറ്റുമ്പോള്‍,ഇവടെ കൊടും വേനലില്‍ പോലും വെള്ളം വറ്റാറില്ല എന്നുള്ളതും ഒരു അത്ഭുതമാണ്.

സീതാദേവിയുടെ കണ്ണീര്‍കുളം,പുറകില്‍ സീതാദേവി ക്ഷേത്രം പൊന്‍കുഴി
പൊന്കുഴിയില്‍ ശ്രീരാമ ക്ഷേത്രവും,സീതാദേവി ക്ഷേത്രവും ഉണ്ട്.വനമദ്ധ്യത്തില്‍ മുത്തങ്ങക്ക്‌ സമീപമുള്ള ദേവസ്ഥാനമായ   ആലിങ്കളവും ശ്രീരാമ സ്മരണയുണര്‍ത്തുന്നു. ലവകുശന്മാര്‍ രാമായണകഥ പാടിനടന്ന ഭാഗമാണിതെന്നാണ് വിശ്വാസം.. യതീശ്വരനായ വാത്മീകിക്ക്‌ കേരളത്തില്‍ പ്രതിഷ്ഠ നടത്തപ്പെട്ട ഒരു ആശ്രമസങ്കേതമെന്ന നിലയില്‍ പൊന്‍കുഴിക്ക്‌ ഏറെ ചരിത്രപ്രാധാന്യമുണ്ട്‌.
 പുല്‍പ്പള്ളിയുടെ അതിര്‍ത്തിയില്‍ ഉള്ള കണ്ണാരംപുഴയും സീതാദേവിയുടെ കണ്ണീര്‍ വീണുണ്ടയതെന്നാണ് പറയപ്പെടുന്നത്.വയനാട്ടിലെ പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്ര കുളമായ 'പഞ്ചതീര്‍ത്ത'യുടെ നടുവിലായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു ശില കാണാം.അതില്‍ ശ്രീരാമന്‍റെ കാല്‍പാദം ദര്‍ശിക്കാന്‍ പറ്റും,കൂടാതെ ചക്രായുധത്തിന്‍റെ അടയാളവും പതിഞ്ഞിട്ടുണ്ട്.
പഞ്ചതീര്‍ത്തകുളം


വയനാട്ടിലെ അമ്പലവയലിനടുത്തുള്ള 'അമ്പൂത്തിമല'-ക്കും ശ്രീരാമനുമായി ബന്ദം ഉണ്ട്.ശ്രീരാമന്‍ 'താഡക' എന്ന രാക്ഷസിയെ അമ്പെയ്ത് കൊന്നത് ഇവടെവെച്ചാണ്.അങ്ങനെ ശ്രീരാമന്‍റെ അമ്പ് കൊണ്ടത് കൊണ്ട് അമ്പൂത്തിമല എന്നറിയപ്പെടുന്നു.മലയ്ക്കു വീണു കിടക്കുന്ന സ്ത്രീ രൂപമാണ്‌ ഉള്ളത്.
അമ്പൂത്തി മല
വയനാട്ടിലെ ചെതലയം,ശശിമല,ആശ്രമകൊല്ലി എന്നീസ്ഥലങ്ങളും രാമായണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഇങ്ങനെ പല രീതിയിലും രാമായണം ഇവിടെ ഉറങ്ങുന്നു എന്നാണ് പറയപ്പെടുന്നതും,വിശ്വാസികള്‍ വിശ്വസിച്ചു പ്രാര്‍ത്ഥിച്ചു പോരുന്നതും.


(ആധാരം:പുല്‍പ്പള്ളി ദേവസ്വം ബോഡ്,ഫോട്ടോകള്‍ ഗൂഗില്‍)