Thursday 19 December 2013

ജിമ്മി ജോര്‍ജ്‌- പോയ്‌ മറഞ്ഞ വോളീബോള്‍ ഇതിഹാസം,,,




മരണമണി മുഴങ്ങി തുടങ്ങിയ ഇന്ത്യന്‍ വോളീബോളിന് എന്നെന്നും ഓര്‍ക്കാന്‍ ഒരേ ഒരു ലോകതാരമേ ഉണ്ടായിട്ടുളൂ അതായിരുന്നു അകാലത്തില്‍ പൊലിഞ്ഞുപോയ ജിമ്മി എന്ന പൊന്‍ നക്ഷ്ത്രം അഥവാ ഇറ്റലിക്കാരുടെ ഹെര്‍മിസ് ദേവന്‍.

1955 മാര്‍ച്ച് അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ പ്രശസ്തമായ കുടക്കച്ചിറ വീട്ടില്‍ അഡ്വക്കറ്റ് ശ്രീ ജോര്‍ജ് ജോസെഫിന്റെയും, ശ്രീമതി മേരി ജോര്‍ജിന്റെയും പുത്രനായി ജനിച്ചു.

യൂണിവേഴ്സിറ്റി കളിക്കാരാനായിരുന്ന പിതാവില്‍ നിന്നും വോളീബോള്‍ ബാലപാഠങ്ങള്‍ ജിമ്മി സ്വായത്തമാക്കി. ജിമ്മിയും സഹോദരന്മാരും വോളീബോളിനെ എക്കാലവും നെഞ്ചിലേറ്റിയ പേരാവൂരിന്റെ മണ്ണില്‍ കളിച്ചു വളര്‍ന്നു. ജിമ്മിയും സഹോദരങ്ങളും ചേര്‍ന്ന് ജോര്‍ജ് ബ്രദേറ്സ് എന്ന ടീം രൂപ പെട്ടു.

ചെറുപ്പത്തില്‍ തന്നെ കളിയില്‍ മികവു കാട്ടിയ ജിമ്മി വലിയ ഒരു കളിക്കാരനാവുമെന്നു പിതാവ് മനസിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സ്വതസിദ്ധമായ കഴിവിനാലും, കഠിനാധ്വാനത്താലും അദ്ദേഹം കോര്‍ട്ടില്‍ മിന്നല്‍ പിണരുകള്‍ ഉതിര്‍ത്ത് ലോകം  കണ്ട മികച്ച കളിക്കാരില്‍ ഒരാളായി മാറി.മരണത്തിലും തോല്‍ക്കാതെ ലോക വോളീബോള്‍ പ്രേമികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടാന്‍ ജിമ്മി എന്ന അത്ഭുത പ്രതിഭക്കായി. ഇന്ത്യ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച വോളീബോള്‍ താരമായിരുന്നു നമ്മളെ വിട്ടു പിരിഞ്ഞ ജിമ്മി.

സ്കൂള്‍വിദ്യാഭ്യസത്തിന് ശേഷം 1970 ഇല്‍ കാലികറ്റ് യൂണിവേഴ്സിറ്റി ടീമില്‍ എത്തിയതോടെ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 1973 ഇല്‍ സെന്റ്‌ തോമസ്‌ കോളേജില്‍ എത്തിയതോടെ കേരളാ യൂണിവഴ്സിറ്റി കളിക്കാരനായി. അതിനു ശേഷം ജിമ്മിയുടെ ക്യാപ്റ്റന്‍സിയിലും മികവിലും  ആയിരുന്നു നാല് കൊല്ലം കേരളാ യൂണിവേഴ്സിറ്റി അന്തര്‍ സര്‍വകലാശാല ടൂര്‍ണമെന്റുകളില്‍ ട്രോഫി കരസ്ഥമാക്കിയത്.

പതിനാറാമത്തെ വയസില്‍ തന്നെ അദ്ദേഹം ഇന്ത്യന്‍ വോളീ ടീമിന്റെ കരുത്തായി മാറി.1976 ഇല്‍ മെഡിക്കല്‍കോളേജില്‍ ചേര്‍ന്നെങ്കിലും വോളീബോള്‍ ആണ് തന്‍റെ ജീവിതം എന്ന് തിരിച്ചറിഞ്ഞ്‌ കേരള പോലീസില്‍  ചേര്‍ന്നു.

ജിമ്മിയുടെ അത്യുജ്ലമായ സ്മാഷുകള്‍ കോര്‍ട്ടില്‍ ഇടിമിന്നല്‍ പായിച്ചു.അദ്ദേഹത്തിന്റെ ജമ്പ് ആന്‍ഡ്‌ സര്‍വീസും, വായുവില്‍ ഉയര്ന്നുപോങ്ങിയുള്ള സ്മാഷും കാണികളെ ആവേശം കൊള്ളിച്ചിരുന്നു. അദ്ദേഹത്തിന്റെ മികവു ലോകം അറിഞ്ഞപ്പോള്‍ പ്രൊഫെഷണല്‍ ക്ലബുകളില്‍ നിന്നും അദ്ദേഹത്തിന് ക്ഷണം ലഭിച്ചു.



അങ്ങനെ 1979 ഇല്‍ അബുദാബി ക്ലബ്ബില്‍ അദ്ദേഹംഎത്തിചേര്‍ന്നു. ആദ്യമായി ഇന്ത്യയില്‍ നിന്ന് പ്രൊഫെഷണല്‍ ക്ലബ്ബില്‍ കളിച്ച കളിക്കാരന്‍ എന്ന ബഹുമതി  അങ്ങനെ അദ്ദേഹത്തിന് കിട്ടി.

1982 ഇല്‍ ജിമ്മിയെ ഇറ്റലിക്കാര്‍ കൊത്തിക്കൊണ്ടുപോയി.അവടെ അദ്ദേഹം ഇറ്റലിക്ക് വേണ്ടി ജേഴ്സി അണിഞ്ഞു .ഒരു വര്ഷം കഴിഞ്ഞു വീണ്ടും കേരളാ പോലീസില്‍ വന്നെങ്കിലും വീണ്ടും ഇറ്റലിയിലേക്ക് പോവുകയാണ് ചെയ്തത്.

ഇറ്റലിയില്‍ അദ്ദേഹത്തിന് ആരാധകര്‍ ഏറെയായിരുന്നു.ജിമ്മിയുടെ ഓട്ടോഗ്രാഫിനു വേണ്ടി ഇറ്റലി കുതിച്ചു. ഇന്നും ഇന്ത്യയിലെക്കാള്‍ ആരാധകര്‍ ജിമ്മിക്കു ഇറ്റലിയിലും,വടക്കേ അമേരിക്കയിലും ഉണ്ട്,

1962 ഏഷ്യന്‍ ഗെയിംസിന് ശേഷം ഇന്ത്യ ഒരു മെഡല്‍ നേടിയത് 1986 ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ആയിരുന്നു. ജിമ്മിയുടെ സ്മാഷുകള്‍ വെടിയുതിര്തപ്പോള്‍ കരുത്തരായ ജപ്പാന്‍ പരാജയം ഏറ്റുവാങ്ങി. പിന്നീടിതുവരെ ഇന്ത്യ മെഡല്‍ വാങ്ങിയിട്ടില്ല എന്നത് ജിമ്മിഎന്ന പ്രതിഭയുടെ കഴിവ് തെളിയിക്കുന്നു.

ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായി മാറി ഏറ്റവും നല്ല ഫോമില്‍ നിന്നപ്പോഴായിരുന്നു ആ ദുരന്തം. 1987 ഇല്‍ ഇറ്റാലിയിലെ ഒരു കാറപകടത്തില്‍ ആയിരുന്നു ആ മാഹ പ്രതിഭയുടെ അന്ത്യം.വാര്‍ത്ത കേട്ട് കേരളത്തിനും,ഇന്ത്യക്കും ഒപ്പം ഇറ്റലിയും കണ്ണീര്‍ വാര്‍ത്തു.

ജിമ്മി 21ആം വയസില്‍ അര്‍ജുന അവാര്‍ഡ്‌ നേടി, അര്‍ജുന നേടിയ ഏറ്റവും പ്രായം കുറഞ്ഞ വോളീബാള്‍ തരമാണ് ജിമ്മി. 1975 ഇല്‍ ജീ വി രാജാ അവാര്‍ഡ്, മനോരമ നല്‍കുന്ന കേരളത്തിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള മനോരമ അവാര്‍ഡും ആ വര്ഷം അദ്ദേഹത്തെ തേടിയെത്തി.അദ്ദേഹത്തിന്റെ മരണശേഷം രണ്ടായിരാമാണ്ടില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഏറ്റവും നല്ല കായികതാരം എന്ന ബഹുമതി നല്‍കി മനോരമ ജിമ്മിയെ ആദരിച്ചു. 

ഇന്ത്യയില്‍ സച്ചിനൊപ്പവും,ലിയാണ്ടര്‍ പെയ്സിനൊപ്പവും നില്‍ക്കാവുന്ന ലോക താരമാണ് ജിമ്മി.

ജിമ്മിയുടെ മരണശേഷം വോളീബോളിന്റെ ഉന്നമനം ലക്‌ഷ്യം വെച്ച് 1988 ഇല്‍ ജിമ്മി ജോര്‍ജു ഫൌണ്ടേഷന്‍ രൂപപെട്ടു. 1989 മുതല്‍ ഓരോ വര്‍ഷവും ജിമ്മി ജോര്‍ജ് അവാര്‍ഡ്‌ കേരളത്തിലെ ഏറ്റവും മികച്ച കായിക താരത്തിനു നല്‍കി ആദരിച്ചു വരുന്നു.

അദ്ദേഹത്തോടുള്ള ആദരവില്‍ കേരള സര്‍ക്കാര്‍ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം തലസ്ഥാനനഗരിയില്‍ നിര്‍മ്മിച്ചു. ജിമ്മിയുടെ ജന്മനാട്ടിലും അദ്ദേഹത്തിന്റെ പേരില്‍ സ്റ്റേഡിയം നിര്‍മിച്ചു. ജിമ്മി ജോര്‍ജിന്റെ പേരില്‍ ഒരു റോഡും പേരാവൂരില്‍ ഉണ്ട്.

ഇന്ത്യാക്കാരോടൊപ്പം അദ്ദേഹത്തെ ആദരിക്കാന്‍ ഇറ്റലിക്കാരും മറന്നില്ല. ആ കാലത്ത് തന്നെ 40 കോടി മുടക്കി ഇറ്റലിയിലെ ജിമ്മി അവസാനമായി കളിച്ച മോണ്ടിക്കേറിയുടെ മണ്ണില്‍ അദ്ദേഹത്തിന്റെ നാമത്തില്‍  അത്യാധുനിക നിലവാരമുള്ള ഒരു സ്റ്റേഡിയം അവര്‍ നിര്‍മിച്ചു. ഇറ്റലിയില്‍ വര്ഷം തോറും ജിമ്മി ജോര്‍ജ് സ്മാരക വോളീബാള്‍ ടൂര്‍ണമെന്റ്റും നടത്തിവരുന്നു. അമേരിക്കയില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ജിമ്മി കളിച്ചിട്ടുള്ളൂ എങ്കിലും അവടേം 1989 മുതല്‍ ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി വോളീബാള്‍ എന്ന പേരില്‍ ടൂര്‍ണമെന്റ് നടത്തുന്നുണ്ട്.

പ്രശസ്ത കായിക താരം റോബര്‍ട്ട്‌ ബോബി ജോര്‍ജ് ജിമ്മിയുടെ സഹോദരന്‍ ആണ്. ബോബിയുടെ  സഹധര്‍മ്മണി അഞ്ചു ബോബി ജോര്‍ജും  ജിമ്മി ജോര്‍ജ് അവാര്‍ഡ്‌ ജേതാവാണ്‌.

ഇന്നത്തെ തലമുറക്കാര്‍ ആരും അദ്ദേഹത്തിന്റെ മിന്നല്‍ പ്രകടങ്ങള്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സഹോദരന്‍ സെബാസ്റ്യന്‍ ജോര്‍ജ് ജപ്പാനില്‍ നിന്നും ജിമ്മി  സോള്‍ ഏഷ്യാഡില്‍ കളിച്ചതിന്റെ വീഡിയോ സംഘടിപ്പിച്ച്‌ യു ടൂബില്‍ ഇട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ ലക്ഷം ഹിറ്റുകള്‍ കഴിഞ്ഞു മുന്നേറുന്നത് അദ്ദേഹത്തെ നെഞ്ചിലേറ്റാന്‍ ഇന്നും വോളീബാള്‍ പ്രേമികള്‍ ഉണ്ട് എന്ന് ഓര്‍മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സ്മാഷുകള്‍ ഇന്നും ഓരോ വോളീബാള്‍ പ്രേമിക്കും പുത്തന്‍ കളിക്കാര്‍ക്കും ആവേശം ആണെന്നതില്‍ സംശയമില്ല. 

അദ്ദേഹത്തിന്റെ മരണം ഒരു പത്രത്തില്‍ വന്നത് ഇപ്രകാരം ആയിരുന്നു.

" Here was a caesar...When comes such another ...."









7 comments:

  1. ഞങ്ങളുടെ കാലത്തെ ഹീറോ!!!!

    ReplyDelete
  2. പത്രത്തില്‍ ഒക്കെ വന്ന കുറിപ്പുകള്‍ വായിച്ച ഓര്‍മയെ ഉള്ളൂ, ഈ പ്രതിഭയെക്കുറിച്ച്...

    ReplyDelete
  3. അന്നുകാലത്ത്‌ അറിയപ്പെടുന്ന പേരുകളില്‍ ഒന്നിതായിരുന്നു.

    ReplyDelete
  4. ഒരുപാട് വായിച്ചും കേട്ടറിവുമുള്ള പ്രതിഭ ..
    ഈ പേര് ഇന്നും ജ്വലിച്ച് നില്പ്പുണ്ട് ..
    നല്ലോരു എത്തിനോട്ടം നീതു ..

    ReplyDelete
  5. ഇന്‍ഡ്യന്‍ കായിക രംഗത്തെ അതുല്യ പ്രതിഭ ജിമ്മി ജോര്‍ജു

    നന്നായിരിക്കുന്നു അനുസ്മരണ കുറിപ്പ്

    ReplyDelete
  6. ഇ മഷിയില്‍ വായിച്ചിരുന്നു. ജിമ്മിജോര്‍ജിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇടയാക്കി ഈ ലേഖനം. നന്നായിരിക്കുന്നു.

    ReplyDelete
  7. "'วาไรตี้ ข่าว สด ใหม่>> FLASH NOW GROUP"

    ReplyDelete