Saturday 10 December 2016

അന്നത്തെ യാത്ര





ഞാന്‍ ഹോസ്റ്റലില്‍ നിന്നും പുറപ്പെടുമ്പോള്‍ നേരം വെളുത്തുതുടങ്ങിയിരുന്നു.അവധി ആയതിനാല്‍ ആരും ഉണര്‍ന്നട്ടില്ല.എന്റെ ശബ്ദം കേട്ട് ആരും ഉണരാതിരിക്കാന്‍ ശ്വാസം പിടിച്ചാണ് ഞാന്‍ ഒരുങ്ങിയത്.പതുക്കെ ഒച്ച വെക്കാതെ വാതില്‍ തുറന്ന് നാലാം നിലയില്‍ നിന്ന് പടികള്‍ ഇറങ്ങി, ഇരുന്നൂറ് മീറ്ററോളം അകലെയുള്ള ഗേറ്റ് ലക്ഷ്യം വെച്ച് ഞാന്‍ നടന്നു. ഗേള്‍സ്‌ ഹോസ്റ്റലിന്റെ പടി ഇറങ്ങിയപ്പോള്‍ തന്നെ ബോയ്സ് ഹോസ്റ്റലിന്റെ മുമ്പില്‍ നിന്നും റോബര്‍ട്ടും എന്നെ അനുഗമിച്ചു. അവന്റെ വരവ് എനിക്കത്ര പിടിച്ചില്ല എങ്കിലും ഞാന്‍ തിരിഞ്ഞു നോക്കാതെ നടന്നു. കേവലം മൂന്നു ദിവസത്തെ അവധിക്കാണ് ഞാന്‍ പോകുന്നത്. ഗേറ്റില്‍ സെക്യൂരിറ്റി ഓഫീസില്‍ കേറി രെജിസ്റ്ററില്‍ ഒപ്പിട്ടിട്ട് വേണം പോകാന്‍.വേലുചാമി സെക്യൂരിറ്റി ആണ് ഉള്ളതെങ്കില്‍ ഒരു ക്രോസ് വിസ്താരം നടത്തിയിട്ടേ വിടുകയുള്ളു.പുള്ളിക്കാരന് നല്ല പൊക്കം ഉണ്ട്, മീശ കണ്ടാല്‍ വീരപ്പനെപോലെ തോന്നും, പുള്ളി വെറും സെക്യൂരിറ്റി മാത്രമല്ല ഞങ്ങടെ ഡയറക്ടറുടെ ഗുണ്ട കൂടെയാണ് എന്നാണ് കേള്‍വി . അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ ഞങ്ങള്‍ വിറക്കുമായിരുന്നു. വേലുചാമി അവിടെ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഞാന്‍ നടക്കുന്നത്. 
   ചില സമയത്ത് ദൈവം സമീപസ്ഥനാണല്ലോ, ഞാന്‍ ഓഫീസില്‍ കയറിയപ്പോള്‍ സെക്യൂരിറ്റി നല്ല ഉറക്കമാണ്. അണ്ണാ,അണ്ണാ എന്ന് കുറെ വിളിച്ചിട്ടാണ് അദ്ദേഹം ഉണര്‍ന്നത്. എന്റെ ഭാഗ്യത്തിന് മനസലിവ് ഉള്ള മുരുകണ്ണന്‍ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.രെജിസ്റ്ററില്‍ അന്നത്തെ തിയതിയും,വരുന്ന ദിവസവും പോകുന്നതിന്റെ കാരണവും ,പോകുന്ന സ്ഥലവും എഴുതി ഒപ്പിട്ടു ഞാന്‍ ഇറങ്ങി. മുരുകണ്ണന്റെ വക ഒരു " ഹാപ്പി ജേര്‍ണിയും " കിട്ടി. ജേര്‍ണിയിലെ ആ R മാത്രമാണ് എന്റെ കാതില്‍ പതിഞ്ഞത്,കന്നടക്കാര്‍ എല്ലാം "R" ഇങ്ങനെ സ്‌ട്രെസ് ചെയ്ത് പറയുന്നത് എന്തിനാണെന്ന് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. എന്തായാലും അത് പോട്ടെ...
 ഇത്രയും സമയം റോബര്‍ട്ട്‌ ഒന്നും അറിയാത്തത് പോലെ കുറച്ചു മാറി അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവനോടു തിരിച്ചു പോകാന്‍ മുരുകണ്ണന്‍ പറഞ്ഞതൊന്നും അവന്‍ ഗൌനിച്ചില്ല. അല്ലേലും ഈ ആണുങ്ങള്‍ക്ക് അനുസരണ ശീലം പണ്ടേ ഇല്ലല്ലോ.ഞാന്‍ ഗേറ്റ് കിടന്നപ്പോള്‍ ആ ചെക്കനും  പുറകെ വന്നു.ബസ്‌ സ്റ്റാന്‍ഡ് വരെ കുറച്ചു നടക്കണം.വെളുപ്പിന് ആയത്കൊണ്ട് ചൂട് കുറവുണ്ട്. റോഡില്‍ ഉള്ളത് മുഴുവന്‍ ടൈ കെട്ടിയ ഐറ്റി കമ്പനിക്കാര്‍ ആണ്.എത്രയും വേഗം വീട്ടില്‍ എത്തേണ്ടത് ഉള്ളത്കൊണ്ട് ഞാന്‍ സ്പീഡില്‍ നടന്നു. റോബര്‍ട്ടും അതേ സ്പീഡില്‍ പുറകെ വന്നു. അവന്റെ നടത്തം മറ്റുള്ളവരുടെ ശ്രദ്ധ എന്നിലേക് ആകര്‍ഷിച്ചു.എത്ര പറഞ്ഞിട്ടും അവന്‍ തിരിച്ചു പോകുന്ന മട്ടില്ല. കുളിക്കുകയും നനക്കുകയും ചെയ്യാത്ത (ഞങ്ങടെ നാട്ടിലെ  ഭാഷയില്‍ പറഞ്ഞാല്‍ ഒരു "പുന്നാടക്കാരന്‍" ആണ് അവന്‍. കര്‍ണാടകയിലെ ആളുകളെ വയനാട്ടുകാര്‍ "പുന്നാടന്‍" എന്നാണ് വിളിക്കാറ്. തമിഴ്നാട്‌ ആളുകളെ തമിഴന്മാര്‍ എന്ന് വിളിക്കുന്നത് പോലെ....അതിന്റെ കാരണം എന്താന്ന് അന്നും ഇന്നും എനിക്കറിയില്ല,)  അവന്‍ എനിക്കൊരു നാണക്കേട് ആയി മാറിയിരുന്നു.
പോകുന്ന വഴിക്ക് ഒരു അമ്പലം ഉണ്ട് ,അവിടെ പൂജ നടത്തുന്നത് ഹിജഡകള്‍ ആണ് .ബൊമ്മനഹള്ളി ഹിജഡകളുടെ ഒരു താവളം ആണ്. അതുകൊണ്ട് തന്നെ അവര്‍ക്കിവിടെ അമ്പലവും ഉണ്ട്.
റോഡിനിരുവശവും പൊടിയോടു പൊടിയാണ്. പൊടിയടിച്ചാല്‍ അപ്പോള്‍ എനിക്ക് തുമ്മല്‍ വരും,ഞങ്ങള്‍ കോളേജില്‍ പോകുന്നതും ഈ വഴിക്കാണ്. എന്റെ പോക്കും വരവും അപ്പോള്‍ എത്ര പരിതാപകരമാണെന്ന് ഊഹിക്കാമല്ലോ. ചെറിയ ഒരു കാറ്റ് വന്നപ്പോഴേക്കും പൊടി വട്ടം ചുറ്റി വാനോളം ഉയര്‍ന്നു.മരുഭൂമിയിലെ കാറ്റിന്റെ അനിയനാണെന്ന് വേണം കരുതാന്‍.അത്രക്ക് ഊക്കുണ്ട് അവയ്ക്ക്. ഈ അനിയന്‍ പൊടിക്കാറ്റിന്റെ ശല്യം പുതിയ വസ്ത്രങ്ങള്‍ കോളെജിലേക്ക് ഇടുന്നതില്‍ നിന്നും ഞങ്ങളെ എന്നന്നേക്കുമായി വിലക്കിയിരുന്നു.
 നടന്നു ഞങ്ങള്‍ സ്റ്റാന്‍ഡില്‍ എത്തി. അവ്ടെയും ചെവിയില്‍ ഹെഡ്‌ ഫോണും ചുണ്ടില്‍ സിഗരറ്റും ആയി ഐടി ഏമാന്മാര്‍ നില്‍പ്പുണ്ട്. ഒരാള്‍ അടുത്ത കടയില്‍ നിന്നും  ബീഫ് പഫ്സ് ഓര്‍ഡര്‍ ചെയ്ത് കഴിക്കാന്‍ തുടങ്ങി. റോബര്‍ട്ടിന്റെ കണ്ണ് എന്നില്‍ നിന്നും മാറി പഫ്സില്‍ ആയി. അവനു കിട്ടുന്നില്ലാ എന്ന് മനസിലായപ്പോള്‍ അയാളെ നോക്കി ഉച്ചത്തില്‍ കുരച്ചു. അവന്റെ കുര കേട്ടു പേടിച്ചു പഫ്സ് താഴെ വീണു. അതും കടിച്ചെടുത്തു അവന്‍ ഹോസ്റ്റലിലെക്ക് പാഞ്ഞു...
എനിക്ക് മജിസ്ടിക്കിലേക്ക് ആണ് പോകേണ്ടത്.കേരളത്തിലെ പോലെ ബംഗ്ലൂരില്‍ ബസിനു ബോര്‍ഡ്  ഇല്ല, പകരം നമ്പറുകള്‍ ആണ്.എനിക്ക് പോകേണ്ട നമ്പറുകള്‍ മുന്നൂറ്റി അന്‍പത്, മുന്നൂറി അന്‍പത്തിയാറു എന്നിവയാണ്.പല ബസുകള്‍ വന്നുപോയെങ്കിലും ആ നമ്പറുകള്‍ വന്നില്ല. അല്ലേലും ഒരു ആവശ്യം വരുമ്പോള്‍ ആ ബസ്‌ മാത്രം വരില്ല, വാച്ച് നോക്കി നോക്കി സൂചി പതിവിലേറെ സ്പീഡില്‍ ഓടുന്നതായി തോന്നി. മജെസ്ടിക്കില്‍ നിന്നും കൃത്യം അഞ്ചര മണിക്കൂര്‍ ആണ് വീട്ടിലേക്ക്. വീടിലെത്തി പ്രിയപ്പെട്ട ഭക്ഷണം ഉച്ചക്ക് കഴിക്കുക എന്ന പ്രധാന ലക്ഷ്യമാണ്‌ എന്റെ ധൃതിക്ക് പിന്നില്‍.ഈ കണക്കിന് പോയാല്‍ വൈകിട്ട് എത്തി കാപ്പി കുടിക്കേണ്ടി വരും.
 വാച്ചില്‍ നോക്കി നോക്കി സമയത്തെ ഒട്ടും നിയന്ത്രിക്കാന്‍ പറ്റിയില്ല എന്ന് മാത്രമല്ല അരമണിക്കൂര്‍ കഴിഞ്ഞേ വണ്ടി കിട്ടിയതും ഉള്ളൂ,,
രാവിലെ ആയത്കൊണ്ട് സ്വന്തമായി ഇരിക്കാന്‍ ഒരു മുഴുവന്‍ സീറ്റും കിട്ടി.ബാഗ്‌ സീറ്റില്‍ വെച്ച് രാജകീയമായി തന്നെ ഇരുന്നു.
കണ്ടക്ടര്‍ വന്നു ടിക്കറ്റ്‌ എടുത്തു.പന്ത്രണ്ട് രൂപയാണ് ടിക്കറ്റ്‌, ഞാന്‍ പതിനഞ്ച് രൂപയാണ് കൊടുത്തത്. മൂന്നു രൂപ പിന്നെ തരാമെന്നു പറഞ്ഞു. ഞാന്‍ പഠിച്ച നാല് വര്‍ഷവും ബാക്കി പൈസ എനിക്ക് കിട്ടിയിട്ടില്ല. ചോദിച്ചാല്‍ ദേഷ്യപ്പെട്ട് "പിന്നെ, പിന്നെ"  എന്ന് പറയും.ചോദിക്കുന്ന ആള്‍ക്ക് ഉളുപ്പ് ഉള്ളത്കൊണ്ട് എപ്പോഴും ചില്ലറ മേടിക്കാതെ ഇറങ്ങി പോകുകയാണ് പതിവ്.സ്ഥിരം അനുഭവസ്ഥ ആയതിനാല്‍ ഈ വട്ടവും അഭിമാനം പണയം വെച്ചില്ല.
ഏഴര ആയപ്പോഴേക്കും മജെസ്ടിക്കില്‍ എത്തി. ഇറങ്ങിയപ്പോള്‍ തന്നെ ,കൈ അടിക്കുമ്പോള്‍ ബലികാക്കകള്‍ വന്നു കൂടുന്നത്പോലെ ചുമട്ടു തൊഴിലാളികള്‍ വന്നു.ഞാന്‍ ഒറ്റ തോള്‍ ബാഗ്‌ മാത്രമേ എടുത്തിട്ടോല്ളൂ.അത് വീര്‍ത്തിരിന്നു എങ്കിലും ഒട്ടും കനം ഇല്ലായിരുന്നു. ചിലപ്പോള്‍ നഴ്സിംഗ് പഠിച്ചു ശോഷിച്ചു പോയ എന്നെ കണ്ടിട്ടായിരിക്കാം എന്റടുത്ത് അവര്‍ വന്നത്.ഞാന്‍ അവരെ ആവശ്യം ഇല്ലാ എന്ന് പറഞ്ഞു തിരിച്ചയച്ചു. ഒരാള്‍ മാത്രം യാജനാ രൂപത്തില്‍ പുറകേ കൂടി.പത്ത് രൂപ പറഞ്ഞ അയാള്‍ കെഞ്ചി അഞ്ചു രൂപ വരെ എത്തിച്ചു. അവസാനം അഞ്ച് രൂപ കൊടുത്ത് അയാളെ പറഞ്ഞു വിട്ട് ഞാന്‍ നടന്നു. 
കേരള റിസര്‍വേഷന്‍ കൌണ്ടറിലും, പ്ലാറ്റ്ഫോം ഏഴിലും നല്ല തിരക്കാണ്. കോഴിക്കോട് ബസും ഫുള്‍ ആണ്. അവടെ നിന്നട്ട് പ്രയോജനം ഉണ്ടാവില്ലാ എന്ന് മനസിലാക്കിയ ഞാന്‍, ബസുകള്‍ കേറി ഇറങ്ങി പോകാം എന്ന് വിചാരിച്ചു. സമയം വൈകും എന്നാലും വേറെ വഴിയില്ല. സീറ്റ് റിസര്‍വ് ചെയ്യാത്തതില്‍ എന്നോട് തന്നെ ദേഷ്യം തോന്നി. നേരെ അമൂല്യയുടെ കടയില്‍ പോയി രണ്ട പായ്ക്കറ്റ് സോന്‍പാപ്‌ടിയും ഒരു പായ്ക്കറ്റ് ബദാം മില്‍ക്ക് പൌഡറും വീട്ടിലോട്ടു വാങ്ങി. ബസില്‍ എനിക്ക് കഴിക്കാന്‍ ലയ്സും ഒരു ബോട്ടില്‍ സെവെന്‍ അപ്പും വാങ്ങി.
സ്റ്റാന്‍ഡില്‍ കുറെ ബസ്‌ ഉണ്ട്. മൈസൂര്‍ ബസ്‌ കിട്ടി. മജെസ്റിക് -മൈസൂര്‍- ഗുണ്ടല്‍പെട്ട-ബത്തേരി അങ്ങനെയാണ് ഈ യാത്ര. ഓര്‍ഡിനറി ബസ്‌ ആയതിനാല്‍ എല്ലാ സ്റ്റോപ്പിലും നിര്‍ത്തി നിരങ്ങിയാവും ബസ്‌ പോകുക. മൊബൈല്‍ ഫോണ്‍ ഇല്ലാത്തത് കൊണ്ട് ബൂത്തില്‍ കേറി വീട്ടിലോട്ടു വിളിച്ചു കേറുന്ന ടൈം പറഞ്ഞു. അപ്പുറത്ത് നിന്ന് എന്നത്തേയും പോലെ മമ്മി എന്നോട് ഉച്ചക്ക് കഴിക്കാന്‍ എന്താ വേണ്ടത് എന്ന് ചോദിച്ചു, എന്റെ മറുപടിനാല് വര്‍ഷവും ഒന്നായിരുന്നു. എന്റെ പ്രിയപ്പെട്ട കപ്പ ബിരിയാണി.
പൊതുവേ മൈസൂര്‍ ബസില്‍ പോകാന്‍ എനിക്ക് ഇഷ്ട്ടമല്ല കാരണം ബസില്‍ ഞാന്‍ മാത്രേ മലയാളി ആയിട്ട് ഉണ്ടാവുകയുള്ളൂ.രണ്ട്,ബസില്‍ നിറച്ചും ഒരു പുന്നാട മണം ആയിരിക്കും എന്നുള്ളതാണ്.ആദ്യത്തെ പത്ത് മിനുട്ട് മാത്രെ പാടുള്ളൂ..അത് സഹിക്കാന്‍ പറ്റിയാല്‍ പിന്നെ നമ്മള്‍ അതിനോട് ചേര്‍ന്നോളും.
എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ പൊടി അടിക്കാതിരിക്കാനെന്നുള്ള വ്യാജേന നാറ്റം അടിക്കാതിരിക്കാന്‍ മൂക്കും വായും തൂവ്വാല കൊണ്ട് മൂടി..ബസില്‍ നിറച്ചും ആള്‍ക്കാര്‍ ഉണ്ട്.എന്‍റെ അടുത്ത് ഒരു കുട്ടി വന്നിരുന്നു.ബംഗ്ലൂരില്‍ പിയുസി (PUC) പഠിക്കുകയാണെന്നും വീട് മാണ്ട്യയില്‍ ആണെന്നും പറഞ്ഞു. ജനാല സൈഡില്‍ ഇരുന്ന എന്നോട് മാറി ഇരിക്കാമോ എന്ന് ചോദിച്ചു.ഞാന്‍ സമ്മതിച്ചു, മൈസൂര്‍ എത്തുന്ന വരെ കാണാന്‍ പ്രത്യേകിച്ച് ഒരു കാഴ്ചയും ഇല്ല. പിന്നെ എന്തിനു വാശി പിടിക്കണം...
അവള്‍ ഹെഡ്‌ ഫോണ്‍വെച്ച് പാട്ട് കേട്ടുകൊണ്ട് ഇരിക്കുവായിരുന്നു. കുറച്ചു കഴിഞ്ഞു ഒരു ചെവിയില്‍ നിന്നും ഹെഡ്‌ ഫോണ്‍ എടുത്ത് ബസിനു താഴോട്ടു നോക്കി സംസാരിച്ചു, അപ്പുറത്ത് നിന്നും ഒരു ആണ്‍ ശബ്ദം കേട്ടു.സംസാരത്തില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്കു അവധിക്കു പോകുവാന്നു മനസിലായി. അവളുടെ മുഖത്ത് വിരഹം നിഴലിച്ചിരുന്നു. പോകുന്നതിനു മുമ്പ് ഒരു പായ്ക്കറ്റ് ചോക്ലേറ്റ് അവന്‍ കൊടുത്തിട്ട് പോയി. ബസ് പുറപ്പെട്ടിട്ടും അവളുടെ ഈറനണിഞ്ഞ കണ്ണുകള്‍ പുറകോട്ടു നോക്കിക്കൊണ്ടിരുന്നു.അവന്‍ കാണാമറയത്ത്  ആയപ്പോഴാണ് അവള്‍ നേരെ ഇരുന്നത്.വീണ്ടും പാട്ട് കെട്ടും ചോക്ലേറ്റ് തിന്നും അവള്‍ ചാരി കിടന്നു. ഞാന്‍ അവളെയൊന്നു നോക്കി പുഞ്ചിരിച്ചെങ്കിലും തിരിച്ചു പ്രതികരണം ഉണ്ടായില്ല.
ബസ് പതുക്കെയാണ് പോകുന്നത് ഏകദേശം വണ്ടര്‍ല വരെ നല്ല ട്രാഫിക് ആയിരിക്കും. അത് കഴിഞ്ഞേ വണ്ടി ശരിക്കും ഒന്ന് ഓടി തുടങ്ങുക.പുറത്ത് പൊടി ഉള്ളതിനാലും നല്ല കാഴ്ചകള്‍ ഇല്ലാത്തതിനാലും ഞാന്‍ ഒന്ന് മയങ്ങി.
കുട്ടിയുടെ സംസാരം കേട്ട് ഉണര്‍ന്നപ്പോഴേക്കും മാണ്ട്യഎത്താറായി.അവിടെ ഒരു സെന്റ്‌ ജോസഫ്‌ചര്‍ച്ച് ഉണ്ട്,ആ പള്ളിയോട് എനിക്ക് പ്രത്യേക അടുപ്പമുണ്ട് അതുകൊണ്ട് തന്നെ യാത്രകളില്‍ എങ്ങനെ മയക്കം പിടിച്ചാലും ഏതോ ഒരു ശക്തി എന്നെ ഉണര്‍ത്തും..ആ അടുപ്പം എന്താണെന്ന് വെച്ചാല്‍...നഴ്സിംഗ് തുടങ്ങി ഹോസ്റ്റല്‍ ജീവിതം തുടങ്ങിയപ്പോള്‍ ആരോ കാതില്‍ മന്ത്രിച്ചതാണ് ഇത് " ആദ്യമായി കാണുന്ന പള്ളിയില്‍ പോയി മൂന്നു കാര്യം പ്രാര്‍ത്ഥിച്ചാല്‍ തമ്പുരാന്‍ നടത്തിത്തരും "..അത് ഞാനന്ന് വിശ്വസിച്ചു ഏറ്റെടുത്തു. അങ്ങനെയിരിക്കെ ഞാന്‍ ഒന്നാം വര്‍ഷ പരീക്ഷകള്‍ എല്ലാം കഴിഞ്ഞു പോകുവായിരുന്നു, ഏറ്റവും ജയിക്കാന്‍ പ്രയാസം ഒന്നാം വര്‍ഷം ആയിരുന്നു.തോറ്റാലുണ്ടാകാവുന്ന  നാണക്കേടും മനപ്രയാസവും ഓര്‍ത്തോര്‍ത്ത് പേടിച്ചാണ് വണ്ടിയില്‍ ഇരുന്നത്. അപ്പോഴാണ്‌ ഈ പള്ളി എന്റെ കണ്ണില്‍ പെട്ടത് അപ്പോള്‍ തന്നെ പള്ളിയില്‍ നോക്കി,  ജയിപ്പിക്കണേ എന്ന ഒരു ആവശ്യം പറഞ്ഞു. ബാക്കി രണ്ട് ആവശ്യങ്ങള്‍ പറഞ്ഞു ദൈവത്തെ കൂടുതല്‍ ഓവര്‍ ലോഡ് ആക്കിയില്ല. "നിന്റെ വിശ്വാസം നിന്നെ കാക്കട്ടെ" എന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്...അത്പോലെ  ഞാന്‍ പാസ്‌ ആയി, അന്ന് മുതല്‍ ആണ് ആ പള്ളി എന്റെ പ്രിയപ്പെട്ട പള്ളിയായ് മാറിയത്.
വീണ്ടും പള്ളിയെ നോക്കി ഒന്നൂടെ പുഞ്ചിരിച്ച് പഴയ കാര്യങ്ങള്‍ അയവിറക്കി  ഇരുന്നപ്പോള്‍ ബസ്‌ സ്റ്റോപ്പില്‍ എത്തുകയും അടുത്തിരുന്ന കുട്ടി ഇറങ്ങി പകരം ഒരാള്‍ വന്നിരിക്കുകയും ചെയ്തു.അപ്പോഴാണ്‌ കഥാനായിക രംഗപ്രവേശം ചെയ്യുന്നത്.അവരെ കണ്ടാല്‍ കുളിച്ചിട്ടു വര്‍ഷങ്ങളായി എന്ന് തോന്നി,ചീവി കെട്ടാത്ത ജട പിടിച്ച മുടി, ചെറുതും വലുതുമായ് ഓട്ടകള്‍ വീണ മുഷിഞ്ഞ ഒരു സാരിയും തോളിലെ ഭാണ്ട്ട കെട്ടും കൈകുഞ്ഞും അവര്‍ ഒരു ഭിക്ഷാടന സ്ത്രീയാണെന്ന് എനിക്ക് മനസിലാക്കി തന്നു.കുഞ്ഞെന്ന് പറഞ്ഞാല്‍ ഒരു മൂന്നു മൂന്നര വയസുണ്ടാകും.അവര്‍ ബസ്‌ മുഴുവന്‍ കണ്ണോടിച്ചു, കൂടെ ഞാനും.അവര്‍ക്കിരിക്കാന്‍ ഒരു കാലി സീറ്റും ഇല്ല.എന്നോട് ചേര്‍ന്ന് അവര്‍ കമ്പിയില്‍ തൂങ്ങി നിന്നു.ബസ്‌ ഓരോ ബ്രേക്ക് ഇടുമ്പോഴും അവര്‍ തീരെ ബാലന്‍സ് കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കൊണ്ടിരുന്നു, കുഞ്ഞിന്റെ തല അവ്ടെയിവിടെയൊക്കെ മുട്ടുന്നുണ്ട്.എനിക്കവരോട് വളരെ സഹതാപം തോന്നി..എണീറ്റു കൊടുത്താല്‍ ഞാന്‍ രണ്ട് മണിക്കൂര്‍ നില്‍ക്കേണ്ടിവരും, പ്രാതല്‍ കഴിക്കാതെ ആണ് ഞാനിരിക്കുന്നത് കൂടാതെ രണ്ട് മണിക്കൂര്‍ ബാഗ്‌ തോളിലിട്ടു നില്കാനുള്ള ആരോഗ്യം അന്നെനിക്കില്ല. സാധാരണ ആണുങ്ങള്‍ കുഞ്ഞുള്ള പെണ്ണുങ്ങള്‍ക്ക് എണീറ്റ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്‌ പക്ഷെ ബസിലുള്ള ആണുങ്ങള്‍ ആരും എഴുന്നേറ്റ് കൊടുത്തില്ല.അന്ന് എന്നിലുണ്ടായിരുന്നു ഒരു കുഞ്ഞു മദര്‍ തെരേസ അവര്‍ക്ക് നേരെ കൈ നീട്ടി. ഒരു സങ്കോചവും കൂടാതെ അവര്‍ കുഞ്ഞിനെ എന്റെ മടിയിലോട്ടു തന്നു.അവര്‍ സാദാ സമയവും മുറുക്കാന്‍ ചവച്ചും എന്റെ ജനലിലൂടെ തുപ്പിയും ആണ് നിന്നത്. നീട്ടി തുപ്പുമ്പോള്‍ എന്റെ ഉടുപ്പിനു പുതിയ ഓറഞ്ച് ഡിസൈന്‍ വന്നുകൊണ്ടിരുന്നു. കുഞ്ഞും വളരെ മുഷിഞ്ഞ കീറിപ്പറിഞ്ഞ ഒരു ഷര്‍ട്ട്‌ മാത്രെ ഇട്ടിട്ടുള്ളൂ.കുഞ്ഞു കരഞ്ഞപ്പോള്‍ ഞാന്‍ ബാഗ്‌ തുറന്നു ലെയ്സ് എടുത്തു കൊടുത്തു.അവന്‍ അത് കയ്യിട്ട് വാരി തിന്നു.എപ്പോഴോ കുഞ്ഞു തിന്നുന്നത് കണ്ട അമ്മയും വന്നു കയ്യിട്ടുവാരി.അവരുടെ ചെയ്തികള്‍ ആരും കാണുന്നില്ല എന്നോര്‍ത്താണ് ഞാനിരുന്നത്.എന്നാല്‍ അപ്പുറത്ത് ഇരുന്ന ഒരു ഉദ്യോഗസ്ഥന്‍ എന്ന് തോന്നിച്ച ഒരു അങ്കിള്‍  ദേഷ്യത്തോടെഎന്നോട് ചോദിച്ചു " ഡോണ്ട് യു ഹാവ് എനി അദര്‍ വര്‍ക്സ്???
"ദിസ്‌ ഈസ്‌ നണ്‍ ഓഫ് യുവര്‍ ബിസിനസ്" എന്നാണ് പറയാന്‍ തോന്നിയതെങ്കിലും 'ഇറ്റ്‌ ഈസ്‌ ഓക്കെ' എന്നെ പറഞ്ഞോളു..കുഞ്ഞു എന്റെ സെവെന്‍ അപ്പ്‌ എടുത്തു പിടിച്ചപ്പോള്‍ ദാഹിച്ചിട്ടായിരിക്കും എന്ന് കരുതി അത് കുഞ്ഞു വായിലോട്ടു ഒഴിച്ച് കൊടുത്തു.കുഞ്ഞിന്റെ തീറ്റയുംകുടിയും കഴിഞ്ഞപ്പോള്‍ തന്നെ എന്റെ വസ്ത്രം ഒരു പരുവത്തില്‍ ആയി.
മൂന്നര വയസുള്ള കുഞ്ഞിന്റെ ഭാരം അത്ര നിസാരമായിരുന്നില്ല എന്റെ കാലുകള്‍ കഴക്കാന്‍ തുടങ്ങി .അമ്മയാണേല്‍ കുഞ്ഞിനെ ശ്രദ്ധിക്കുകയേ ചെയ്യുന്നില്ല.ഞാന്‍ വേദന സഹിച്ചിരുന്നു. കണ്ണീര്‍ ആരും അറിയാതെ തുടച്ചു.

ബസ് നിര്‍ത്തിയപ്പോള്‍ കച്ചവടക്കാര്‍ പൈനാപ്പിള്‍ കഷണങ്ങളുമായി വന്നു.ഞങ്ങളുടെ നേരെ ഒരു പായ്കെറ്റ് നീട്ടിയത് കുഞ്ഞ് കൈക്കലാക്കി. ഞാന്‍ ബാഗില്‍ നിന്നും പേഴ്സ് എടുത്ത് പൈസ കൊടുത്തു. കുഞ്ഞു മടിയിലിരുന്നു അത് മുഴുവന്‍ തിന്നു. അടുത്തിരുന്ന ആള്‍ക്ക് ദേഷ്യം സഹിക്കാതെ എന്നോട് കന്നടയില്‍ ചീത്ത വിളിച്ചു.ഞാന്‍ നിസഹായവസ്ഥയില്‍ കുനിഞ്ഞിരുന്നു. ശരിക്കും പറഞ്ഞാല്‍ വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് എന്റെ തോളില്‍
വെച്ചപോലായി കാര്യങ്ങള്‍.
പെട്ടന്ന് ഒന്ന് മൈസൂര്‍ എത്താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.എന്തോ ഒച്ചപ്പാട് കേട്ടപ്പോഴാണ് ഉറങ്ങിപ്പോയ  ഞാന്‍ ചാടി എഴുന്നേറ്റത്.എല്ലാരും ആ സ്ത്രീയോട് ദേഷ്യപ്പെടുന്നു. പേഴ്സ് മോഷ്ട്ടിച്ചു എന്ന് ആരോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.തൊണ്ടി അവര്‍ കൈയ്യോടെ പിടികൂടി .അപ്പുറത്തിരുന്ന അങ്കിള്‍ അവരെ അടിക്കാന്‍ ഓങ്ങി.എനിക്ക് കണ്ണ് കാണണോ കേള്‍ക്കാനോ വയ്യാതെയായി.അടിയും കരച്ചിലും ആകെ മൊത്തം ഒരു ബഹളം.
അങ്കിള്‍ പേഴ്സ് ഉയര്‍ത്തി പിടിച്ച് ഇതാരുടെ ആണെന്ന് കന്നടയില്‍ ചോദിച്ചു.ഞാന്‍ മാത്രം അങ്ങോട്ട്‌ നോക്കിയില്ല. ഞാനാകെ പേടിച്ചുപോയിരുന്നു. എനിക്കാണെങ്കില്‍ കന്നടയും അറിയില്ല. ആ പേഴ്സിന് ഒരു ഉടമയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല,അവസാനം ചോദ്യം എന്റെ മുമ്പിലേക്ക് എറിഞ്ഞിട്ടു...
ഞാന്‍ മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി അതെന്‍റെ പേഴ്സ് ആയിരുന്നു.അതില്‍ ആകെ നൂറു രൂപയും എ ടി എം കാര്‍ഡും മാത്രമാണ് ഉണ്ടായിരുന്നത്. അത് അത്പോലെ തന്നെയുണ്ട്.എല്ലാരും കുഞ്ഞിനെ മടിയില്‍ വെച്ചതിനു എന്നോട് ദേഷ്യപ്പെട്ടു ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു.ആ അങ്കിള്‍ എല്ലാരോടുമായ് പറഞ്ഞു അവര്‍ മോഷ്ട്ടിക്കുന്നത് കണ്ടെന്ന്.എന്നാല്‍ ആ സ്ത്രീ പറഞ്ഞത് നിലത്ത് വീണപ്പോള്‍ എടുത്തത് ആണെന്നാണ്.സത്യം എന്താണെന്ന് എനിക്ക് മനസിലായില്ല. അവരുടെ മേത്ത് തുരു തുരാന്ന് അടികള്‍ വീണു.അതിനിടയില്‍ എപ്പോഴോ കുഞ്ഞിനെ അവര്‍ എന്റെ അടുത്ത് നിന്നും എടുത്തിരുന്നു. ബസ് നിര്‍ത്തിയിട്ടു പോലീസ്‌ സ്റ്റേഷനിലോട്ടു വണ്ടി വിടാന്‍ പറഞ്ഞു. എനിക്കാകെ പേടിയായി ഞാന്‍ എനിക്ക് പരാതി ഇല്ല, അവരെ വെറുതെ വിടൂ  എന്ന് നൂറുവട്ടം  പറഞ്ഞിട്ടും ആരും കേട്ടില്ല.അടുത്ത് സ്റ്റേഷനില്ലാത്തത്കൊണ്ട്  പോലീസിനെ വിളിച്ചു വിവരം പറഞ്ഞ് വണ്ടി  സൈഡില്‍ ഇട്ടു.ഉടനെ തന്നെ പോലീസ് വന്ന് ബസില്‍ ഇരച്ചുകയറി അവരെ ഇറക്കി കൊണ്ട് പോയ് പോലീസ് വാനില്‍ കയറ്റി. കുഞ്ഞും അമ്മയും കണ്ണീരോടെ എന്നെ തിരിഞ്ഞു നോക്കി...
എന്റെ ബസും പുറപ്പെട്ടു. രണ്ടും എതിര്‍ ദിശയില്‍ പോയത്കൊണ്ട് വാനില്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയാതെ ഞാനും കരഞ്ഞു.സത്യം അറിയാന്‍ എന്റെ മനസ് വെമ്പി .ഒന്ന് തിരിഞ്ഞു നോക്കി സംഭവിച്ചത് എന്താണെന്ന് ആലോചിച്ചു നോക്കി. അവസാനമായി പേഴ്സ് എടുത്തത് പൈനാപ്പിള്‍ വാങ്ങാനാണ്. പേഴ്സ് തിരിച്ചു ബാഗില്‍ വെച്ചോ എന്ന് എനിക്കോര്‍മയില്ല. ഇനി ശരിക്കും താഴെ പോയിക്കാണുമോ എന്നും അറിയില്ല. ആ അങ്കിള്‍ പറഞ്ഞത് അവര്‍ ബാഗില്‍ നിന്ന് പേഴ്സ് എടുത്തു എന്നാണ്...
 പാല് കൊടുത്ത കൈയ്യില്‍ തന്നെ കൊത്തിയോ എന്ന് ഒരു വേള  മനസ്സില്‍ തോന്നി.കപ്പ ബിരിയാണി ഓര്‍ത്ത് യാത്ര ചെയ്തിരുന്ന ഞാന്‍ അപ്പോള്‍  മനസാക്ഷി കോടതിയില്‍ വിചാരണ നേരിടുകയായിരുന്നു.
സത്യാവസ്ഥ എന്താന്നു ഉറപ്പില്ലാത്ത ഞാന്‍ എന്റെ മനസാക്ഷിക്ക് മുമ്പില്‍ പീലാത്തോസിനെ പോലെ കൈ കഴുകി. " ഈ രക്തത്തില്‍ എനിക്ക് പങ്കില്ല"...

വീട്ടില്‍ എത്തുന്നത് വരെ ഞാന്‍ അസ്വസ്ഥയായിരുന്നു. ഒരു കാര്യം എനിക്ക് അറിയാം ഇനി ഒരു സാഹചര്യത്തില്‍ ഇതുപോലെ ഒരു അമ്മയും കുഞ്ഞും ബസില്‍ കയറിയാല്‍ ഒരു പക്ഷെ ഞാന്‍ തീര്‍ച്ചയായും ലെയ്സും സെവെന്‍ അപ്പും കൊടുക്കുമായിരിക്കും എങ്കിലും കുഞ്ഞിനെ മടിയില്‍ ഒന്നും കയറ്റി ഇരുത്തില്ല. ഒരു അനുഭവം ഉണ്ടായത് കൊണ്ടോ പേടി കൊണ്ടോ അല്ല. അന്നെനിക്ക് ഉണ്ടായിരുന്ന അത്ര നന്മയുള്ള മനസ് എന്റെ ജീവിത യാത്രക്കിടയില്‍ എന്നോ കൈമോശം വന്നുപോയിരുന്നു.
അല്ലെങ്കിലും "maturity is all about losing our innocence' .....

പിന്‍കുറിപ്പ്
 (ഓര്‍മ്മക്കുറിപ്പ് 3 വര്ഷം മുന്നേ ഡയറിയില്‍ എഴുതിയതാണ് 
,ഇന്ന് കേരളത്തില്‍ യാജകരെക്കുറിച്ചു പേടി പെടുത്തുന്ന സാഹചര്യമാണ് ഉള്ളത്.ഇന്ന് ഇങ്ങനെയുള്ള ഒരാളെ കണ്ടാല്‍ തീര്‍ച്ചയായും ഞാന്‍ ആ കുഞ്ഞു അവരുടേത് ആണോ എന്ന് ഉറപ്പാക്കാനായിരിക്കും ശ്രമിക്കുക)

20 comments:

  1. ഓര്‍മ്മക്കുറിപ്പ്‌(ഓര്‍മകുറുപ്പ് അല്ല) നീണ്ടു പരന്നു വിശാലം ആയി പോയി ,പിന്‍കുറിപ്പ്(പിന്‍കുറുപ്പ് അല്ല )തന്നെ ആണ് ഇപ്പൊ ഓരോ മാതാപിതാക്കളുടെയും അവസ്ഥയും

    ReplyDelete
    Replies
    1. തിരുത്തീട്ടോ,,,നന്ദി,,,

      Delete
  2. വളരെ ശ്രദ്ധിച്ചു വായിച്ചു..താങ്കൾക്ക് എഴുത്തിന്റെ തലവര ഉണ്ട്..നല്ല എഴുത്തും അവതരണവും..നീണ്ടുപോയതൊന്നും കുഴപ്പമില്ല.. വളരെ ഇഷ്ടപ്പെട്ടു.. ഇനിയും എഴുതണേ ഇത്തരം ഓർമക്കുറിപ്പുകൾ ആശംസകൾ.










    ReplyDelete
  3. ഇന്നാണ് ഈ ബ്ലോഗ്‌ കണ്ടത്‌.എഴുത്തിന്റെ വരം ലഭിച്ചതുപോലെയുള്ള എഴുത്ത്‌.പുനലൂരാൻ ചേട്ടൻ പറഞ്ഞത്‌ അപ്പടി ശരി.

    ബാംഗ്ലൂരു നേഴ്സിംഗ്‌ പഠിക്കാൻ പോയ പെൺകുട്ടികൾ അവധിയ്ക്ക്‌ വീട്ടിൽ വരുമ്പോൾ ഈ സോൻപാപ്പഡിയും,ബദാം പൗഡറുമാണോ സാധാരണ കൊണ്ടുവരിക?എന്റെ അനിയത്തി അങ്ങനെയായിരുന്നു.അവധിയ്ക്ക്‌ വരുന്ന അവളെക്കാത്ത്‌ ഏറ്റുമാനൂരും കോട്ടയത്തും കെ.എസ്‌.ആർ.ടി.സിയിൽ പോയി കാത്തുനിൽക്കുന്നതും,ബസ്സിറങ്ങിവരുന്ന അവളെ ഓടിച്ചെന്നു കെട്ടിപ്പിടിക്കുന്നതുമെല്ലാം ഓർത്ത്‌ പോയി.(20004-2008/9)

    കോട്ടയം ശൈലിയിലുള്ള എഴുത്ത്‌.ഇനിയും ധാരാളം എഴുതൂ.നല്ലൊരു നേഴ്സാകാനും ,എഴുത്തുകാരിയാകാനും ഭാഗ്യവും അനുഗ്രഹവും ഉണ്ടാകട്ടെ.ആദ്യ നേഴ്സ്‌ ബ്ലോഗർ ആണെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. കേട്ടതില്‍ സന്തോഷം....ഞങ്ങടെ ജോലി ഇതായത് കൊണ്ട് എഴുതാന്‍ സമയം കിട്ടാറില്ല..ഞാന്‍ രണ്ട് മൂന്നു വര്‍ഷത്തിനു ശേഷമാണ് ബ്ലോഗിലേക്ക്‌ തിരിച്ചു വന്നത്..fb-യില്‍ വളരെ സജീവമായി എഴുതുന്ന നേഴ്സ്മാരെ കണ്ടിട്ടുണ്ട്‌,,,വ്യെക്തിപരമായി ആരെയും പരിചയമില്ല...

      Delete
  4. നല്ല രസമായി ഈ അനുഭവക്കുറിപ്പു പകർത്തിയിരിക്കുന്നു. നീളം കൂടിപ്പോയാലും ഒട്ടും മുഷിപ്പ് തോന്നാതെ അവസാനം
    വരെ വായിച്ചു. എഴുത്തിൽ നല്ല ഭാവിയുള്ള കുട്ടിയാണ് നീതു. തുടർന്നും എഴുതൂ... എഴുതാൻ നല്ല കഴിവുണ്ട്.... ആശംസകൾ.

    ReplyDelete
  5. നന്ദി ചേച്ചി....

    ReplyDelete
  6. തുടക്കവുമായി ഒരു ബന്ധവുമില്ലാത്ത അവസാനം. ആദ്യ പകുതി എന്തൊക്കെയോ വിശാലമായി നിർത്തിയിരിക്കുന്നു. കഥയുമായി ബന്ധമില്ലാത്ത പകുതിയോളമുള്ള വിവരണം അധികപ്പറ്റു ആയി തോന്നി. ഒരു ഒളിച്ചോട്ടം ആണ് ആദ്യം തോന്നിയത്. റോബർട്ടിന്റെ സസ്പെൻസ് അവൻ പഫ്സ് തിന്നുന്നത് വരെ തുടർന്നു. അമ്മയും കുഞ്ഞിനും കുറേക്കൂടി പ്രാധാന്യം കൊടുക്കേണ്ടിയിരുന്നു, അങ്ങിനെയെങ്കിൽ അവസാനം മനസ്സിൽ തട്ടുന്നത് ആയിരുന്നേനെ. കഥ -അനുഭവം-കൊള്ളാം.

    ReplyDelete
    Replies
    1. Adutha thavana kurachoode nannaakkaan sramikkaatto..thanks chetaa...

      Delete
    2. This comment has been removed by the author.

      Delete
  7. നന്നായിട്ട് എഴുതി... വായിച്ചു തുടങ്ങിയപ്പോൾ ഇങ്ങനെ ഒരു അന്ത്യമായിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല...

    റോബർട്ടിന്റെ സസ്പെൻസ് കലക്കി...

    എല്ലാവിധ ആശംസകളും...

    ReplyDelete
  8. നന്നായിട്ട് എഴുതി... വായിച്ചു തുടങ്ങിയപ്പോൾ ഇങ്ങനെ ഒരു അന്ത്യമായിരിക്കും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല...

    റോബർട്ടിന്റെ സസ്പെൻസ് കലക്കി...

    എല്ലാവിധ ആശംസകളും...

    ReplyDelete
  9. വായനാസുഖമുള്ള നല്ല ശൈലി.
    നീണ്ടയാത്രയുടെ മുഷിപ്പ് തോന്നിയതേയില്ല..തുടരൂ..............
    ആശംസകള്‍

    ReplyDelete
  10. കാലത്തിന് മുമ്പേ
    ഒരു മുന്നറിയിപ്പുമായ് വന്ന ഡയറി കുറിപ്പുകൾ

    ReplyDelete