Saturday 30 November 2013

ക്രിസ്റ്റിയുടെ ക്രിസ്തു

ഡിസംബറിലെ തണുത്തുറഞ്ഞ മഞ്ഞിലും ഞായറാഴ്ച രാവിലെ നാലു മണിക്ക് തന്നെ ക്രിസ്റ്റി ഉണര്‍ന്നു കഴിഞ്ഞു.കണ്ണ് ചിമ്മി തുറന്ന് ഉറക്കത്തിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് അവള്‍ കുളിച്ചു ഫ്രഷ്‌ ആയി. നിശബ്ദതയെ മുറിച്ചുകൊണ്ട് നിലത്ത് പായയില്‍ മുട്ടി കുത്തി നിന്ന് പ്രാര്‍ഥിക്കാന്‍ തുടങ്ങി.ജപമാല മുത്തുകള്‍ വിരലുകളിലൂടെ  ഉരുളുന്നതിനോപ്പം ഈശോയോടുള്ള സ്നേഹം കണ്ണ് നീരായി ചുരിദാര്‍ നനച്ചുകൊണ്ടിരുന്നു.ഒരു മണിക്കൂര്‍ നീണ്ട ഒരു പ്രാര്‍ത്ഥന.

 കുഞ്ഞുനാളില്‍ തന്നെ കുരിശു വരക്കുവാനും, കൊന്ത ചൊല്ലുവാനും ,ഉപവാസമിടുക്കുവാനും അവള്‍ക്ക് വല്ലാത്തൊരു ഉത്സാഹം ഉണ്ടായിരുന്നതിനാലാവാം അവള്‍ ഒരു കന്യാസ്ത്രീ ആകുമെന്ന് ഗ്രാമം പ്രവചിച്ചു. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ അടുത്ത് തന്നെയുള്ള ജീവന്‍ ജ്യോതിയിലെ സിസ്റ്റര്‍മാര്‍ അവരുടെ കൂട്ടത്തിലേക്ക് ഈശോയുടെ മണവാട്ടിയാകാന്‍ അവളെ ക്ഷണിച്ചപ്പോള്‍ സ്നേഹാദരങ്ങളോടെ അവള്‍ അത് നിരസിക്കുകയാണ് ചെയ്തത്. അന്ന് അവളുടെ മറുപടി എല്ലാരേം അന്താളിപ്പിച്ചു. എന്നാല്‍ പഠിച്ച്,നല്ലൊരു ജോലി വാങ്ങി ആ പൈസ കൊണ്ട് അശരണരേയും,വയോജനങ്ങളേയും സംരക്ഷിക്കാനും, ഹൃദയം നുറുങ്ങിയവര്‍ക്ക് ഒരു കൈതാങ്ങാകുവാനും ആയിരുന്നു അവള്‍ ആഗ്രഹിച്ചത് .

പ്രാര്‍ത്ഥനാ മുറിയിലെ ഈശോയുടെ രൂപമാണ് അവളുടെ ലോകം. പാഠപുസ്തകമല്ലാതെ അവളുടെ കണ്ണുകള്‍ പായുന്ന ഒരേ ഒരു ബുക്ക്‌ വിശുദ്ധ ബൈബിള്‍ മാത്രമാണ് .

കൊന്ത ചൊല്ലി കഴിഞ്ഞശേഷം ക്രിസ്റ്റി  അവളുടെ ചെറുതെങ്കിലും സുന്ദരമായ പൂന്തോട്ടത്തിലെത്തി. അള്‍ത്താര അലങ്കരിക്കുക എന്നത് അവള്‍ക്ക് ഏറ്റവും സന്തോഷം കൊടുത്തിരുന്ന ഒന്നാണ്. പൂവ് ഇറുക്കുന്നതിനു മുമ്പേ ഓരോ ചെടിയോടും അവള്‍ അനുവാദം ചോദിച്ചു. സമ്മതം ആയത് കൊണ്ടാകാം ഓരോ കൊമ്പും അനുസരണയോടെ അവള്‍ടെ കയ്യിലോട്ട് താഴ്ന്ന് ചെന്നു. വേദനിപ്പിക്കാതെ ഓരോ പൂവും ഇലയോട് ചേര്‍ത്ത് പറിച്ചെടുത്തു.പൂക്കള്‍ അലങ്കരിക്കാന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളെക്കാള്‍ അവള്‍ മിടുക്കിയായത് കൊണ്ട് ആ ദൌത്യം അവള്‍ക്ക് മാത്രമായി നല്കപെട്ടു.

പള്ളിയില്‍ പോകാന്‍ വെള്ള ചുരിദാര്‍ ഇട്ട് വന്നപ്പോള്‍ അവളുടെ മുഖം മാതാവിനെപോലെ ശോഭിച്ചു.ബൈബിള്‍ നെഞ്ചോട് ചേര്‍ത്ത് അവള്‍ പള്ളിയെ ലക്ഷ്യമാക്കി നടന്നു.പാതകള്‍ വഴികാണാത്ത വിധം മഞ്ഞിനാല്‍ മൂടിയിരുന്നു.വഴിക്കിരുവശത്തുമുള്ള പച്ചവിരിച്ച വയലുകളില്‍ കതിരുകളില്‍ നിന്നു മഞ്ഞു തുള്ളികള്‍ വെള്ളമായി ഊര്‍ന്നു വീഴുന്നത് നോക്കി അവള്‍ അവിടെ തന്നെ നിന്നു.

"ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"_

മനോരാജ്യത്തില്‍ നിന്നും അവള്‍ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ എത്തിയിരുന്നു.

കുറെ നാളായി ക്രിസ്റ്റിക്ക്  ഒരാഗ്രഹം ഉണ്ട്. ഈശോയെ കാണാനും സംസാരിക്കാനും...ഈശോ അല്ലാതെ, അവളുടെ സംശയങ്ങള്‍ക്ക് മറുപടി തരാന്‍ വേറെ ആരാണുള്ളത് .ഒരിക്കല്‍ സുവിശേഷ യോഗത്തിനിടയില്‍ ഫാദര്‍ ഗബ്രിയേല്‍ പറഞ്ഞിരുന്നു, അദ്ദേഹം  ഈശോയോട് ദിവസവും മണിക്കൂറുകള്‍ സംസാരിക്കാറുണ്ടെന്ന്. അന്ന് മുതല്‍ ആണ് ക്രിസ്റ്റിയും    ഈ ആഗ്രഹം ഒരു വിത്തായി മനസ്സില്‍ പാകിയത്. ഇന്നാ വിത്ത് വളര്‍ന്നു ഒരു വലിയ മരമായി തീര്‍ന്നിരിക്കുന്നു.

സിസ്റ്റര്‍മാരുടെ കൂടെ നടക്കുമ്പോള്‍ അവര്‍ ഈശോയെക്കുറിച്ച് കൂടുതലായി പറഞ്ഞു കൊടുക്കും.

"ക്രിസ്റ്റി,നമ്മുടെ വലത് ഭാഗത്ത് നമുക്ക് താങ്ങായി ഒരു മാലാഖ ഉണ്ട്, ഈശോ നമ്മെ അത്രമാത്രം സ്നേഹിക്കുന്നതിനാല്‍ ആണ് കാവലായി ഒരു മാലാഖയെ അയച്ചിരിക്കുന്നത് "--

സിസ്റ്റര്‍ വെറോണിക്ക ആണത് പറഞ്ഞത് .

ക്രിസ്റ്റിയുടെ നക്ഷത്രം പോലെ തിളങ്ങിയ  കണ്ണുകള്‍  ചോദിച്ചു...

"എല്ലാരുടേം കൂടെ ഈ മാലാഖ ഉണ്ടാകുമോ സിസ്റ്റര്‍ "??

"ഉവ്വ്,എല്ലാരുടെം കൂടെ ഉണ്ട്"

ഉവ്വോ, എന്ന് പറഞ്ഞ് അവള്‍ വലത് ഭാഗത്തേക്ക് ഒന്ന് പാളി നോക്കി. ക്രിസ്റ്റി തന്നെ നോക്കിയ നിമിഷം കുഞ്ഞു മാലാഖ നാണിച്ചു തലതാഴ്ത്തി!

"ഈ മാലാഖയെ നമുക്ക് കാണാന്‍ പറ്റുമോ??

ക്രിസ്റ്റിക്ക് ഒരു സംശയം

"ഇല്ല,പക്ഷെ അവര്‍ക്ക് നമ്മളെ കാണാം. നമ്മള്‍ ഓരോ തെറ്റ് ചെയ്യുമ്പോഴും മാലാഖ,അരുത് മോളെ എന്ന് പറയുന്നുണ്ടാകും,ഈശോയെ പോലെ തന്നെ നമ്മുടെ ഓരോ തെറ്റും മാലാഖയേയും വേദനിപ്പിക്കും.നമ്മുടെ ഓരോ തെറ്റും ഓരോ  ആണികളായി ഈശോയുടെ ദേഹത്തു കയറും,മുള്‍ക്കിരീടത്തില്‍  മുള്ളുകളുടെ എണ്ണവും കൂടും. പകരം, നന്മ ചെയ്യുമ്പോള്‍  ഓരോ നന്മയും,സഹനവും ഒരു പൂവ് ആയി  കിരീടത്തില്‍ വരും. ഓരോ തെറ്റും ഈശോയെ എന്ത് മാത്രം വേദനിപ്പിക്കുന്നുണ്ട്  എന്നറിയുക...

പള്ളിയില്‍ എത്തിയപ്പോള്‍ ആരും എത്തിയിട്ടില്ലായിരുന്നു. ക്രിസ്റ്റി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചതിനു ശേഷം നേരെ  അള്‍ത്താരയിലേക്ക്   പോയി. ഓരോ ദിവസത്തെയും സഹനങ്ങള്‍ അവള്‍ ഓരോ ബോക്കയാക്കി മാറ്റി. അങ്ങനെ 7 ബൊക്കയും അവള്‍ അള്‍ത്താരയില്‍ ഭംഗിയായി അലങ്കരിച്ചു.

കുര്‍ബാനയില്‍ അവളുടെ അത്രേം ലയിച്ചു നില്‍കുന്നവര്‍ വേറെ ആരും ഉണ്ടാകില്ല. ഈശോയെ അവള്‍ അത്രമേല്‍ സ്നേഹിച്ചിരുന്നു. ഓസ്തി നാവിന്‍ തുമ്പില്‍ വെച്ചപ്പോള്‍ പരിശുദ്ധാത്മാവിന്‍റെ നിറവില്‍ അവള്‍ പുഞ്ചിരിച്ചു.

കുര്‍ബാന കഴിഞ്ഞ്, ക്രിസ്റ്റിയുടെ മൌന പ്രാര്‍ത്ഥന ചെന്നെത്തിയത് ഈശോയെ കാണണം എന്ന ആഗ്രഹത്തിലാണ്.അവളുടെ ആഗ്രഹങ്ങള്‍ അണപൊട്ടി ഒരു പാട്ടായി പള്ളിയില്‍ മുഴങ്ങി .

"നിന്നെ ഒന്ന് കാണാന്‍
 നിന്‍റെ സ്നേഹത്തിലലിയാന്‍
 നിന്‍റെ മടിയില്‍ 
 തല ചായ്ക്കാന്‍
 നാഥാ,വരുകില്ലേ നീ"......

ഓരോ ദിവസവും ഈശോയോടുള്ള സ്നേഹം  ഡയറി താളുകളില്‍  പാട്ടുകളായി  വിരിഞ്ഞു പുഞ്ചിരിച്ചു. ഈശോ അവളുടെ അടുത്ത് വരുമെന്ന  വിശ്വാസവും   ഒരു പര്‍വതം പോലെ ഉയര്‍ന്നു.

സന്ധ്യക്ക്‌ കുരിശു വരച്ചപ്പോള്‍ അവളൊന്ന് കണ്ണ് തുറന്നു ഈശോയുടെ മുഖത്തേക്ക് നോക്കി. ഇല്ല, ഈശോയുടെ രൂപത്തിന് ഒരു അനക്കവും ഇല്ല. ചുണ്ടില്‍ അതെ ചിരി, തലയിലെ മുള്‍ക്കിരീടവും ഹൃദയത്തിലെ ചുമന്ന രക്തക്കറയും അതെപോലുണ്ട്.

കിടക്കുന്നതിനു മുമ്പ് ഡയറി താളുകളില്‍ അവള്‍ കോറിയിട്ടു...

"ഇന്നും നീ വന്നില്ല, കാത്തിരിക്കാന്‍ എനിക്ക് മനസ് ഉണ്ടാകുന്നത് വരെ കാത്തിരിപ്പ്‌ തുടരും"

എഴുതികൊണ്ട് തന്നെ അവള്‍ പതുക്കെ  മുഖം ഉയര്‍ത്തി മേശപ്പുറത്തെ ക്രൂശിത രൂപം നോക്കി.അതും നിശ്ചലമാണ് എന്നുറപ്പുവരുത്തി മാലയിലെ കുരിശില്‍ മുത്തമിട്ടു അവള്‍ കിടന്നു.

കണ്‍പോളകള്‍ ഇറുക്കി അടച്ചു.തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. അവള്‍  എഴുന്നേറ്റു കുറെ നേരം ബൈബിള്‍ വായിച്ചു.പിന്നെ എപോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് കോളേജില്‍ പോകുമ്പോള്‍ മനസ് തീര്‍ത്തും നിറം മങ്ങിയിരുന്നു. കോളേജില്‍ എത്തിയിട്ടും മുഖത്തെ കാര്‍മേഘങ്ങള്‍ അവിടെത്തന്നെ ഇരുന്നു. ക്ലാസ്സ്‌ തുടങ്ങീട്ടും പഠിപ്പിക്കുന്നതോന്നും മനസ്സില്‍ പതിഞ്ഞില്ല.വൈകാതെ തന്നെ ടീച്ചറോട് അനുവാദം വാങ്ങി വെറുതെ ലൈബ്രറിയില്‍ പോയിരുന്നു. മണിക്കൂര്‍ കഴിയുന്നതും,ബെല്ലടിക്കുന്നതും അവള്‍ കേട്ടില്ല. ഉച്ചക്ക് കഴിക്കാനും പോയില്ല. വൈകിട്ട് ലൈബ്രറി അടക്കുന്നത് വരെ അവിടെയിരുന്നു.

അവസാന ബസില്‍ കയറി വീട്ടില്‍ എത്തി. തലവേദനയാന്നു പറഞ്ഞു  കിടന്നു. അവള്‍ ഈശോയോട് പിണങ്ങി, പ്രാര്‍ത്ഥിക്കാനും എഴുന്നേറ്റില്ല. അത്താഴ പട്ടിണി കിടക്കരുതെന്നു പറഞ്ഞു അമ്മച്ചി വഴക്ക് പറഞ്ഞപ്പോള്‍ കഴിച്ചു എന്ന് വരുത്തി തിരിച്ചു മുറിയിലോട്ടു വന്നു. അവള്‍ക്ക് സങ്കടം  സഹിക്കാന്‍ കഴിഞ്ഞില്ല. പതിവുപോലെ ഡയറിയില്‍ കുറിച്ചിട്ടു.

"ഇന്നും നീ വരില്ല "

അവള്‍ കാണാതിരിക്കാന്‍ ഈശോയുടെ രൂപം   അലമാരയില്‍ എടുത്തു വെച്ചു പൂട്ടി.

 പിറ്റേ ദിവസം മുതല്‍ ക്രിസ്മസ് അവധി തുടങ്ങിയതിനാല്‍ ക്ലാസ്സില്‍ പോകേണ്ടി വന്നില്ല. രാവിലെ എഴുന്നേല്‍ക്കുന്ന ക്രിസ്റ്റി ഉച്ചവെയില്‍ അടിച്ചപ്പോള്‍ ആണ് എഴുന്നേറ്റത്. അപ്പച്ചനും,അമ്മച്ചിയും ദൂരെ ഒരു കല്യാണത്തിന് പോകുവാണ് അതുകൊണ്ട് ഉച്ചക്ക്  തന്നെ  പുറപ്പെടണം. ക്രിസ്റ്റിയെ വേലക്കാരിയെ ഏല്‍പ്പിച്ചിട്ട്  അവര്‍ പോയി.

വൈകിട്ട് ആയപ്പോള്‍ ഒരു ദിവസം ആയുസുണ്ടായിരുന്ന ക്രിസ്റ്റിയുടെ പിണക്കം  മാറിയിരുന്നു. വീണ്ടും ഈശോയെ അവള്‍ മേശപ്പുറത്ത് കൊണ്ടുവെച്ചു. കുറെ മണിക്കൂറുകള്‍ മൌന പ്രാര്‍ത്ഥനയിലാണ്ടു. ഭക്ഷണം കഴിച്ചു വന്നു. ഡയറി തുറന്ന് കണ്ണീരില്‍ കുതിര്‍ന്ന മഷികൊണ്ട് അവള്‍ വീണ്ടും എഴുതി.

"ഇന്ന് നീ വരും "

ജനല്‍ പാളി തുറന്നിട്ടു. പുറത്ത് നല്ല മഞ്ഞാണ്.ഇളം കാറ്റ് വന്നു മുടിയിഴകള്‍ തലോടികൊണ്ടിരുന്നു.നല്ല നിലാവുള്ള ഒരു രാത്രി ആയിരുന്നു അത്. ഡയറിയില്‍ ഓരോ ദിവസവും എഴുതിയിരുന്നത് ഒരാവര്‍ത്തി വായിച്ച് ഡയറിയില്‍ തന്നെ മുഖം അമര്‍ത്തി അവള്‍ പതുക്കെ കിടന്നു.

പുലരാന്‍ 2 നാഴികയോളം   ബാക്കിയുണ്ട്. നക്ഷത്രങ്ങളുടെ പ്രഭ കൂടി,ക്കൂടി വന്നു. മഞ്ഞു വീഴുന്നുണ്ടെങ്കിലും നിലാവ് രാത്രിയെ പകലാക്കി മാറ്റി. കുറച്ച് മേഘശകലങ്ങള്‍ താഴോട്ടു പതിക്കുന്നത് പോലെ തോന്നി, അതിന്റെ വലുപ്പം കൂടിയും അകലം കുറഞ്ഞും വന്നു. ജനലിന്റെ അടുത്തേക്ക് ആണ് അത് വരുന്നത്. ക്രിസ്റ്റി കണ്ണ് വിടര്‍ത്തി നോക്കി. മേഘാരൂഡനായി അവന്‍ വരുന്നു, വിശ്വസിക്കാന്‍ സ്വയം നുള്ളിയും,കണ്ണടച്ച് തുറന്നും നോക്കി.അതെ അവന്‍ തന്നെ!

കാലില്‍ നിന്നു വിറയല്‍ മുകളിലോട്ടു കേറി, കണ്ണുകളില്‍ ഇരുട്ടു മാത്രം. അവന്‍ അടുത്തെത്തിയപ്പോള്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ച തേജസ്‌...തലയ്ക്കു ചുറ്റും പ്രകാശ വലയം,കയ്യിലും,ഹൃദയത്തിലും രക്തം വാര്‍ന്നൊഴുകുന്ന തിരു മുറിവുകള്‍,,,,

അവന്‍ ഇതാ തന്‍റെ മുമ്പില്‍ പുഞ്ചിരി തൂകി നില്‍ക്കുന്നു.സന്തോഷം കൊണ്ട് അവളുടെ തൊണ്ട വരണ്ടുപോയി,ഒച്ച പുറത്ത് വരുന്നില്ല.അവള്‍ സ്വീകരിച്ചില്ലെങ്കിലും അവന്‍ വന്നു കട്ടിലില്‍ ഇരുന്നു. അവളുടെ കണ്ണുനീര്‍ തുടച്ചുനീക്കി. ഒരു കുരിശ് അവള്‍ക്കായി സമ്മാനിച്ചുകൊണ്ട് അവന്‍ ചോദിച്ചു,

"എന്തിനാ കുഞ്ഞേ നീ എന്നെ കാണാന്‍ വാശി പിടിച്ചത്??

ക്രിസ്റ്റി: "എന്‍റെ അപ്പച്ചനേം,അമ്മച്ചിയും കാണാതെ ഒരു ദിവസം പോലും എനിക്കിരിക്കാന്‍ വയ്യ, അപ്പോള്‍ എന്നെ ഉരുവാക്കിയ, എന്‍റെ സൃഷ്ട്ടാവിനെ ഒരു വട്ടം എങ്കിലും കാണാന്‍ എനിക്ക്‌ ആഗ്രഹിക്കാമല്ലോ..."

ഈശോ: "എന്നെ സ്നേഹിക്കുന്നവരുടെ കൂടെ,അവരുടെ ഹൃദയത്തില്‍ തന്നെ ഞാനുണ്ട്.എല്ലാവരുടെ ഹൃദയ വാതില്‍ക്കലും ഞാന്‍ മുട്ടുന്നുണ്ട്,ചിലര്‍ മാത്രം തുറന്നു തരും, അവിടെ ഞാന്‍ കുടികൊള്ളും. കുഞ്ഞേ എന്നെ അന്വേഷിക്കേണ്ടത്‌ നിങ്ങളുടെ ഹൃദയത്തില്‍ ആണ്,എന്നെ കാണേണ്ടത് വേദനിക്കുന്നവരുടെയും,അശരണരുടേയും മുഖങ്ങളില്‍ ആണ്"_

ക്രി : അപ്പോള്‍ പാപികളുടെ ഹൃദയത്തിലും നീ ഉണ്ടോ???

ഈ : അവര്‍ ഞാന്‍ മുട്ടുമ്പോള്‍ എന്‍റെ വിളി കേള്‍ക്കാതെ,എന്നില്‍ നിന്നകന്നു സാത്താനെ സേവിക്കുന്നു,അവന്‍റെ പ്രേരണയാല്‍ പാപത്തില്‍ വീഴുന്നു.....ഇനിയെന്താ കുഞ്ഞേ  സംശയം ??

ക്രി: അങ്ങയെ കാണേണ്ടത് പോലെ കണ്ടിട്ടും, അങ്ങെന്താണ് അപ്പുറത്തെ വീട്ടിലെ കുട്ടിയെ പത്തില്‍ തോല്‍പ്പിച്ചത്, അവള്‍ എന്ത് മാത്രം വിഷമിച്ചു??

ഈ: കാണേണ്ടത് പോലെ കണ്ടിട്ടോ???

ക്രി: അതെ അവള്‍ പരീക്ഷക്ക്‌ മുമ്പ് ദിവസവും കുരിശുപള്ളിയില്‍ പോയി മെഴുകുതിരി കത്തിക്കുമായിരുന്നല്ലോ???

ഈ: (ചിരിച്ചുകൊണ്ട്) നിങ്ങള്‍ എല്ലാരും എന്‍റെ മക്കളും,ഞാന്‍ നിങ്ങള്‍ക്ക് പിതാവും ആയിരിക്കെ, നിങ്ങള്‍ ചോദിക്കുന്ന എന്തും ഞാന്‍ തരും. നിങ്ങള്‍ കാര്യം സാധിക്കാന്‍ മാതാപിതാക്കള്‍ക്ക് കൈക്കൂലി കൊടുക്കുന്നില്ലല്ലോ? പിന്നെ എനിക്ക്‌ എന്തിനാ..അവള്‍ക്ക് പഠിക്കാന്‍ എല്ലാ സൌകര്യങ്ങളും ഞാന്‍ കൊടുത്തു, എന്നിട്ടും പഠിക്കാതെ പരീക്ഷക്ക് പോയത് കൊണ്ടാണ് അവള്‍ തോറ്റു പോയത് ,,,

ക്രി : അപ്പോള്‍ ഭൂമിയില്‍ മെഴുകുതിരി കത്തിക്കുന്നതും,നേര്‍ച്ചകള്‍ കഴിക്കുന്നതും വെറുതെ ആണെന്നാണോ???

ഈ ; എന്നോടുള്ള സ്നേഹത്തില്‍ ഭൂമിയില്‍ കത്തിക്കപ്പെടുന്ന ഓരോ മെഴുകുതിരിയും എന്നില്‍ അണയുന്നുണ്ട്,കൈക്കൂലി ആകുമ്പോള്‍ ആണ് ഒരു നൊമ്പരം

ക്രി:  അപ്പോള്‍ അങ്ങയെ ആരാധിക്കാന്‍,അല്ലെങ്കില്‍ മറ്റ് ദൈവങ്ങളെ ആരാധിക്കാന്‍ കോടികള്‍ മുടക്കി ദേവാലയങ്ങലും, അമ്പലങ്ങളും പണിയുന്നതോ??

ഈ : എല്ലാര്‍ക്കും ഒന്നിച്ചു വന്നു പ്രാര്‍ഥിക്കാന്‍ ഒരു ആരാധനാലയം ആവശ്യം തന്നെയാണ് കുഞ്ഞേ, എങ്കിലും കോടികള്‍ മുടക്കിയുള്ള  മണിമാളികള്‍ എനിക്കാവശ്യമില്ല . എത്രയേറെ ആളുകള്‍ ദാരിദ്ര്യം കൊണ്ടും, രോഗങ്ങളാലും വലയുന്നു. ആ പണം അവര്‍ക്ക് വേണ്ടി  ഉപയോഗിച്ചാല്‍, അതായിരിക്കും എന്‍റെ സന്തോഷം...

ക്രി: ഭൂമിയില്‍ എന്തൊക്കെ ലഹളകളാണ് ക്രിസ്ത്യാനികളും, ഹിന്ദുക്കളും, മുസ്ലീങ്ങളും തമ്മില്‍...അതൊന്നും ഒരു ദൈവവും കാണുന്നില്ലേ ??

ഈ : കുഞ്ഞേ ഏത് മതമാണ്‌ അന്യോന്യം തല്ലാന്‍ പഠിപ്പിക്കുന്നത്,എല്ലാ മതങ്ങളും,മത ഗ്രന്ഥങ്ങളും നല്ലതേ പഠിപ്പിക്കുന്നുള്ളൂ, മനുഷ്യര്‍ അത് എങ്ങനെയൊക്കെയോ വളച്ചൊടിക്കുന്നു..

ക്രി : അപ്പോള്‍ അങ്ങ് കൃഷ്ണനും,അള്ളാഹുവും ഒക്കെയായി സൌഹൃദത്തിലാണോ??

ഈ:  ആണല്ലോ, ഞങ്ങള്‍ ഭൌതിക ആസക്തികളില്‍ ജീവിക്കുന്നവരല്ല. ഞങ്ങള്‍ തമ്മില്‍ മത്സരവും ഇല്ല. ഞങ്ങള്‍ നിങ്ങളുടെ നന്മയെ മാത്രം ആഗ്രഹിക്കുന്നു, നിങ്ങള്‍ മനുഷ്യര്‍ ആണ് ഞങ്ങളുടെ പേരില്‍ കലഹിക്കുന്നത്, നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം നിങ്ങള്‍ക്ക് സമീപസ്ഥന്‍, അവന്‍ നിങ്ങളെ കൈവിടില്ല ...

ക്രി : അങ്ങയുടെ അറിവില്‍ ഇപ്പോള്‍ ഏതെങ്കിലും ദൈവം ഭൂമിയില്‍ ഉണ്ടോ,ഈ ആള്‍ദൈവങ്ങള്‍???

ഈ : നിങ്ങള്‍ തന്നെയാണല്ലോ ദൈവങ്ങളെ സൃഷ്ട്ടിക്കുന്നത്,അതില്‍ ഞാനെന്ത് പറയാനാണ്....

ക്രി : ഭൂമിയില്‍ എന്തെല്ലാം പാപങ്ങളാണ് മനുഷ്യര്‍ ചെയ്യുന്നത്. പെറ്റമ്മ പോലും സ്വന്തം കുഞ്ഞിനെ നിഷ്കരുണം കൊല്ലുന്നു, അങ്ങ് ഇതൊന്നും കാണുന്നില്ലേ??

ഈ : ഇങ്ങനെ എങ്ങനെ ആകാം എന്ന് എനിക്ക് പോലും മനസിലാവുന്നില്ല കുഞ്ഞേ..എന്നെ ഹൃദയത്തില്‍ നിന്നും പുറത്താക്കി സാത്താന് അത്താഴം വിളമ്പുന്നവരാണ് അത്തരക്കാര്‍,അവനവന്‍ വിതക്കുന്നതെ കൊയ്യൂ,നിങ്ങള്‍ പാപികള്‍ക്ക് വേണ്ടി,അവരുടെ മനം മാറ്റത്തിനായി പ്രാര്‍ത്ഥിക്കുവിന്‍....

 എന്ന് പറഞ്ഞു ഈശോ അപ്രത്യക്ഷമായി....

അലാറം അടിച്ചപ്പോള്‍ ആണ് ക്രിസ്റ്റി  ഉണര്‍ന്നത്.  നോക്കിയപ്പോള്‍ അവിടെ ഈശോയെ കണ്ടില്ല. താനിത്രയും നേരം കണ്ടത് സ്വപ്നം മാത്രമായിരുന്നോ എന്ന് വിശ്വസിക്കാന്‍ അവള്‍ക്കായില്ല. എങ്കിലും സ്വപ്നത്തിലെങ്കിലും അവന്‍ വന്നല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഡയറിയില്‍ അവന്‍ സമ്മാനിച്ച കുരിശ് വെട്ടിതിളങ്ങുന്നുണ്ടായിരുന്നു!












26 comments:

  1. സ്നേഹിക്കാനും പിണങ്ങാനും ചോദിക്കാനും ക്രിസ്റ്റിയ്ക്ക് ഒരു ഈശോ. കൊള്ളാം കേട്ടോ. മേശപ്പുറത്ത് ഈശോയെ കൊണ്ടെ വച്ചു എന്ന് വായിച്ചപ്പോള്‍ സത്യമായിട്ടും ചിരി വന്നു. അത് ബൈബിള്‍ വായിച്ച് പഠിച്ചിട്ടുള്ളതുകൊണ്ടാണ്. എന്നാലും എഴുത്തിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഹൃദയവനിയില്‍ നന്മയുടെ സുഗന്ധം നിറഞ്ഞ പൂക്കള്‍ നിറയട്ടേ!
    ആശംസകള്‍

    ReplyDelete
  4. കുഞ്ഞേ എന്നെ അന്വേഷിക്കേണ്ടത്‌ നിങ്ങളുടെ ഹൃദയത്തില്‍ ആണ്,എന്നെ കാണേണ്ടത് വേദനിക്കുന്നവരുടെയും,അശരണരുടേയും മുഖങ്ങളില്‍ ആണ്"_

    ആശംസകള്‍.

    ReplyDelete
  5. നന്നായിരിക്കുന്നു....നന്മയുള്ള കഥ .എഴുതി എഴുതി നന്നായി തീരും.തീര്‍ച്ച.

    ReplyDelete
    Replies
    1. വിശ്വാസം, അതല്ലേ എല്ലാം,,,

      Delete
    2. This comment has been removed by the author.

      Delete
  6. മനസ്സിൽ കുടി കൊള്ളുന്ന ഈശ്വരനാണ് യഥാർത്ഥത്തിലുള്ളത്. മനസ്സ് ആ വിശ്വാസവുമായി സംവദിക്കുന്തോറും ജീവിതത്തെ കൂടുതൽ മിഴിവോട്കൂടി കാണുവാനും കഴിയും. കഥ അതിനുള്ള ശ്രമം നടത്തി വിജയിച്ചിട്ടുണ്ട്..

    Paulo Coelho- ടെ "By the River Piedra I sat Down and Wept" എന്ന പുസ്തകം വിശ്വാസവും ജീവിതവും പ്രത്യേകിച്ചും വിശ്വാസവും പ്രണയവുമായുള്ള സംവേദനങ്ങളെ സൂക്ഷ്മമായി, മനോഹരമായി വിശകലനം ചെയ്യുന്നുണ്ട്. കഥയുടെ മർമം Pagen മത വിശ്വാസം ആണെന്ന് മാത്രം..

    ReplyDelete
  7. നന്മകള്‍ മാത്രം നിറഞ്ഞ എഴുത്ത്.. എഴുതുന്നത് പലപ്പോഴും കഥാകൃത്തിന്റെ മനസ് തന്നെയാണല്ലോ..
    കൂടുതല്‍ നന്നായി എഴുതാന്‍ ഈശോ അനുഗ്രഹിക്കട്ടെ..

    ReplyDelete
  8. കൊള്ളാം അനുഭവ കുറിപ്പ് വായിക്കുന്നത് പോലെ മനോഹരം

    ReplyDelete
  9. നന്മയുടെ വെളിച്ചംവീശുന്ന നല്ലൊരു കഥ നീതു... :)

    ആശംസകള്‍

    ReplyDelete
  10. നന്ദി ചേച്ചി,,,,

    ReplyDelete
  11. എല്ലാ ദുര്‍ മേദസ്സ്കളും ഹൃദയത്തില്‍ നിന്നും എടുത്തു കളഞ്ഞു ദൈവത്തെ അവിടെ പ്രതിഷ്ട്ടിക്കുക അല്ലെ നീതു....
    നന്നായീട്ടോ

    ReplyDelete
  12. അങ്ങനെയൊന്നുമില്ല,,,,

    ReplyDelete
  13. നിങ്ങള്‍ എല്ലാരും എന്‍റെ മക്കളും,ഞാന്‍ നിങ്ങള്‍ക്ക് പിതാവും ആയിരിക്കെ, നിങ്ങള്‍ ചോദിക്കുന്ന എന്തും ഞാന്‍ തരും..


    I recently heard a short story.. one man prayed to God to see him. One day God appeared in front of him. he asked to god, how long in 10million years for you? just a minute. how much is a billion dollar for you. its a penny. he then requested God, could you give me a penny please? God, replied.. just wait a second!

    cheers

    ReplyDelete
    Replies
    1. കൊള്ളാം,മിടുക്കന്‍,,,

      Delete
  14. അലാറം അടിച്ചപ്പോള്‍ ആണ് ക്രിസ്റ്റി ഉണര്‍ന്നത്. നോക്കിയപ്പോള്‍ അവിടെ ഈശോയെ കണ്ടില്ല. താനിത്രയും നേരം കണ്ടത് സ്വപ്നം മാത്രമായിരുന്നോ എന്ന് വിശ്വസിക്കാന്‍ അവള്‍ക്കായില്ല. എങ്കിലും സ്വപ്നത്തിലെങ്കിലും അവന്‍ വന്നല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു. അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഡയറിയില്‍ അവന്‍ സമ്മാനിച്ച കുരിശ് വെട്ടിതിളങ്ങുന്നുണ്ടായിരുന്നു!


    ReplyDelete
  15. ചിലയിടങ്ങളില്‍ ചിലകാലത്തെ എന്നെ ഞാന്‍ കണ്ടു. ഞാനും ഇങ്ങനെ സ്വപ്നങ്ങളെ കാത്തിരിന്നിട്ടുണ്ട്. പിന്നെ ഇതിലെ സന്ദേശമാണ് ഒരുപാട് ഇഷ്ടമായത്. (എങ്കിലും കോടികള്‍ മുടക്കിയുള്ള മണിമാളികള്‍ എനിക്കാവശ്യമില്ല . എത്രയേറെ ആളുകള്‍ ദാരിദ്ര്യം കൊണ്ടും, രോഗങ്ങളാലും വലയുന്നു. ആ പണം അവര്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍, അതായിരിക്കും എന്‍റെ സന്തോഷം...എല്ലാ മതങ്ങളും,മത ഗ്രന്ഥങ്ങളും നല്ലതേ പഠിപ്പിക്കുന്നുള്ളൂ, മനുഷ്യര്‍ അത് എങ്ങനെയൊക്കെയോ വളച്ചൊടിക്കുന്നു..)

    ReplyDelete