Thursday, 19 September 2013

ഓർമയിലൊരു തടാകം

     കൃഷിക്കാരായതിനാൽ പണ്ടൊക്കെ വീട്ടിൽ എന്നും പണിയും പണിക്കാരുമായിരുന്നു.ഓണം ക്രിസ്മസ് വേളകളിലാണ്‌ ഒരു വിനോദ യാത്രക്ക് പോകുന്നത്.വയനാട്ടിൽ തന്നെയാ പോകുന്നതെങ്കിൽ ഉടനെ ഞാൻ പറയും നമുക്ക് പൂക്കോട് തടാകം കാണാൻ പോകാന്ന്.കുട്ടിക്കാലത്ത് പൂക്കോട് എന്റെ മനസിലെ മഹാസംഭവമായിരുന്നു.എന്തായാലും അന്നു മുതൽ ഇന്നുവരെ ഏകദേശം ഒരു പത്തുമുപ്പത് തവണയെങ്കിലും അവടെ പോയിട്ടുണ്ട്.വീട്ടുകാരോടൊപ്പം മാത്രമല്ല,കൂട്ടുകാരോ ബന്ധുക്കളോ എന്നു വേണ്ട ദൂരേന്നു അതിഥിയായി ആര് വന്നാലും ആദ്യം കൊണ്ടുപോകുന്ന സ്ഥലം പൂക്കോട് തന്നെയാണ് അതന്നും ഇന്നും അങ്ങനെ തന്നെ.

          എന്റെ പണി,ഓർമകളെ അയവിറക്കലായത്കൊണ്ട് ഇന്നെന്റെ മനസ്സിൽ ആദ്യം ഓടിയെത്തിയത് പൂക്കോട് തന്നെയാണ്,നാട്ടിൽ നിന്നും അബുദാബിയിൽ വരുന്നതിനു ഒരു മാസം മുമ്പും ഞാനൊരു  സന്ദർശനം നടത്തിയത് അങ്ങോട്ട് തന്നെയാണ്.
         എന്റെ വീട്ടീന്ന് പൂക്കോട് എത്താൻ ഏകദേശം ഒരു 40 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുണ്ട്.ആ യാത്രയും ഒരു രസം തന്നെയാണ്.എല്ലാരുമൊന്നിച്ച് കൈകൊട്ടി പാട്ടുപാടി വഴിയിൽ കാണുന്നവർക്കൊക്കെ റ്റാറ്റ കൊടുത്ത്,വഴിവക്കിലെ പെട്ടിക്കടയിൽ നിന്നും ഉപ്പിലിട്ട നെല്ലിക്കയും,മാങ്ങയും പൈനാപ്പിളും വാങ്ങി  കഴിച്ചും ഉള്ളൊരു യാത്ര.ഓ, ആ നെല്ലിക്കയുടെ കാര്യം ഓർത്തപ്പഴേക്കും ദേ വായിൽ വെള്ളം വന്നു .
       അങ്ങനെ അവടെ എത്തി ഇറങ്ങിയാൽ ഒരു കുളിർകാറ്റും,തണുപ്പും   അനുഭവപ്പെട്ടുതുടങ്ങും.സത്യത്തിൽ അവടെ ചെന്നാൽ തിരിച്ചുപോരാൻ തോന്നില്ല.സമുദ്രത്തിൽ നിന്നും ഏകദേശം 2100 അടി ഉയരത്തിലാണ് തടാകം സ്ഥിതി ചെയ്യുന്നത് 8 ഹെക്ടർ ചുറ്റളവും 6.5 അടിയോളം താഴ്ച്ചയും ഉണ്ട്,ഇത് തീർത്തും പ്രകൃതി ദത്തമായ ശുദ്ധജലതടാകമാണ്.വലുപ്പത്തിൽ  ഇന്ത്യയിലെ ഏറ്റവും വലിയതും,ഏഷ്യയിലെ രണ്ടാമത്തെയും ശുദ്ധജലതടാകമാണിത്.വൈത്തിരിയിൽ നിന്നും 3 കിലോമീറ്റർ മാറിയാണിത്.
                           ഇവടെ വന്നാൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു കാര്യം തടാകത്തിനു ചുറ്റുമുള്ള നടപ്പാണ്,ഏകദേശം 2 കിലോമീറ്റർ നടക്കാനുണ്ട്.ഇതിന്റെ അടുത്തൊന്നും ഫാക്ടറികളോ മറ്റു വ്യവസായ സ്ഥാപനങ്ങളോ ഒന്നും തന്നെയില്ല,ഇവടെ മലീനികരണം തടയാനാണ് അത്.ഇവിടുത്തെ ജലവും വായുവും മാലിന്യവിമുക്തമാണ്.ഇടക്കിടക്ക് വായും ജലവുംപരിശോധിച്ച് അത് ഉറപ്പുവരുത്തുന്നുമുണ്ട്.അതുകൊണ്ട് തന്നെ ശുദ്ധവായു ശ്വസിച്ച് നടക്കാം.ഒരു പക്ഷെ അതായിരിക്കാം ഇവിടുത്തെ ആകർഷ്ണീയതയും.തടാകത്തിനു ചുറ്റും തിങ്ങിനിറഞ്ഞ്  മരങ്ങളും,മലകളും ഉണ്ട്.ഇതിലൂടെയുള്ള നടപ്പിന്റെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ചാലെ മനസിലാവൂ.ഈ നടപ്പിൽ ചിലപ്പോൾ ചില കൂട്ടുകാരെ നമുക്ക് കിട്ടിയേക്കാം.അതുകൊണ്ട് കുറച്ച് ഉപ്പുവെള്ളം കയ്യിൽ കരുതുന്നത് നല്ലതായിരിക്കും.കൂട്ടുകാർ വേറെ ആരുമല്ല 'അട്ട'കൾ  ആണ്.പ്രത്യേകിച്ച് മഴക്കാലത്ത് അവരുടെ കുടുംബസംഗമം പോലെയാണ്,ഇഷ്ടംപോലെ ഉണ്ടാകും.അവടെ അനുഭവപ്പെടുന്ന കാറ്റ് ഇതെല്ലം മായിച്ച്കളയും.പലതരം കിളികളുടെ പാട്ടും,ഇല്ലി(മുള) ഉരഞ്ഞുണ്ടാകുന്ന ശബ്ദവും നമുക്ക് കേൾക്കാൻ പറ്റും.ഇവടെ നിറച്ചും മരങ്ങളും,ഇല്ലികളും ആണ്,അങ്ങനെ മൊത്തം ഒരു പച്ചപ്പ്‌,ഇയീടെ അവടെ പോയപ്പോൾ ഞങ്ങടെ ബോട്ട് ഓടിച്ചിരുന്ന ജോസ് അങ്കിൾ പറഞ്ഞത്,ഇവിടെ ഏകദേശം അറുപതിൽപരം  പച്ച നിറത്തിന്റെ  വകഭേതങ്ങൾ കാണാമെന്നാണ്,നോക്കിയപ്പോൾ ശരിയാണ് പച്ചയുടെ പല വകഭേതങ്ങൾ ഉണ്ടവിടെ.അത്രയേറെ പച്ചനിറങ്ങൾ വേറെ എവടെയും ഞാൻ കണ്ടിട്ടില്ല,ഓരോ ഇലക്കും വെവ്വേറെ പച്ചനിറമാണ്.നടത്തത്തിനിടയിൽ ആന സവാരിയും കാണാൻ കഴിഞ്ഞു,സഞ്ചാരികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതാണത്,ഇഷ്ടംപോലെ കാട്ടാനകളെ കണ്ടിട്ടുള്ള എനിക്കതൊരു പുത്തരിയല്ലായിരുന്നു.എന്തായാലും അവസാനത്തെ നടപ്പിനിടയിൽ എനിക്കും ഒരു അട്ട കടികിട്ടി അതറിഞ്ഞത് വീട്ടിൽ എത്തിയിട്ടാണെന്നു മാത്രം..
           നടത്തം കഴിഞ്ഞപ്പോൾ ഇനിയൊരു ബോട്ടിങ് ആകാമെന്ന് കരുതി.ഇപ്പോൾ ബോട്ടിൽ മഴ കൊള്ളാതിരിക്കാനുള്ള മേൽക്കൂര അവർ ഇട്ടിടുണ്ട്,ഇതിനുമുമ്പ് പലതവണ മഴ എന്നെ ചതിച്ചതാണ്.ഇനി അങ്ങനെ ഏതായാലും ഉണ്ടാകില്ല.മലിനീകരണം തടയാൻ ഇവിടെ കർശന നിയമം ഉണ്ട്,ഭക്ഷണസാധനങ്ങളോ,പ്ലാസ്റ്റിക്‌ കവറുകളോ എന്തിനു ഒരു കുപ്പിപോലും ഉള്ളിലോട്ടുകടത്തില്ല.പിന്നെ സ്പീഡ് ബോട്ടും ഇവിടെ ഇല്ല,മോട്ടർ തള്ളിവിടുന്ന പുക മലീനികരണം ഉണ്ടാക്കുമെന്ന് കണ്ടിട്ടാണത്. ബോട്ടിങ്ങിനിടയിൽ ചുറ്റുമുള്ള മരങ്ങളെല്ലാം കാണാം,ഒരു ദൂര കാഴ്ച്ചയായി ചേമ്പ്രപീക്കും കാണാം,ഇതിനുള്ളിലാണ് 'ഹൃദയ സരസ്' സ്ഥിതിചെയ്യുന്നത്.മുകളിൽ നിന്നും നോക്കുമ്പോൾ തടാകത്തിനു ഇന്ത്യയുടെ ആകൃതിയാണ്.ബോട്ടിൽ ഇരുന്നുനോക്കിയാലും അത് മനസിലാകും.
 ഇവിടെ ധാരളം ആമ്പലും,പലതരം പായലുകളും ഉണ്ട്,പണ്ടൊക്കെ പോകുമ്പോൾ ആമ്പൽ കട്ടുപറിക്കുമായിരുന്നു.ഇന്ന് വീട്ടിൽ ആമ്പലുള്ള ത്കൊണ്ട് രക്ഷപെട്ടു,പണ്ടത്തെപ്പോലെ അനാവശ്യ പിഴ കൊടുക്കെണ്ടിവരില്ല.കൂടാതെ ഇവിടെ മീനുകളും ഉണ്ട്,ചില മീനുകൾ ഇവടെ മാത്രം കാണപ്പെടുന്നതാണ്.മീൻ വളർത്താൻ പറ്റുമെങ്കിലും,മലിനീകരണം പേടിച്ച് അതും ഇവിടെ ഇല്ല,വിനോദ സഞ്ചാരികൾക്ക് പുറമെ പല ഗവേഷകരും ഇവിടെ വരാറുണ്ട്,നേരത്തെ പറഞ്ഞ പച്ച നിറങ്ങൾ അവരുടെ കണ്ടുപിടിത്തമാണ്.
                     

           കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ 3 നദികളിലൊന്നായ കബനിയിലേക്ക്  ഇവിടുന്നു വെള്ളം ഒഴുകുന്നുണ്ട്,അത് ചെന്നെത്തുന്നത് കർണാടകത്തിലാണ്.കബനിയായി വനത്തിലൂടെ ഒഴുകുന്നതും നമുക്കിവിടെ കാണാം.വയനാട്ടിൽ വെള്ളത്തിൽ പെട്ടുള്ള അപകടങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്,എന്നാൽ ഇവിടെ മാത്രം അങ്ങയൊന്നു ഉണ്ടായിട്ടില്ല എന്നതും അത്ഭുതമാണ്.
ഇവിടെ അക്വേറിയവും,കുട്ടികൾക്കായുള്ള പാർക്കും ഉണ്ട്.കൂടാതെ കരകൌശല വസ്തുക്കളും,സുഗന്ധദ്രവ്യങ്ങളും തൈകളും വിൽക്കാൻ വെച്ചി ട്ടുണ്ട്.കരകൌശല വസ്തുക്കൾ കൂടുതലും മുള കൊണ്ടുണ്ടാക്കിയതാണ് 'ഉറവ്' എന്ന സംഘടനയുടെതാണത്.
വരുന്നവരെല്ലാം ഇവിടുന്ന് എന്തെങ്കിലും വാങ്ങി,പൂക്കൊടിനെ ക്യാമറയിലോ,മൊബൈലിലോ ഒപ്പിയെടുത്ത് ഇനിയും വരും എന്ന് പറഞ്ഞകും മടങ്ങുക...

2 comments:

  1. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പിടുന്നത് മറ്റുള്ളവര്‍ക്കും മനസ്സിലാക്കാന്‍ ഉപകരിക്കും.
    നന്നായിരിക്കുന്നു വിവരണം.
    ആശംസകള്‍

    ReplyDelete
  2. kkk,,,vil do that also,,,,thnks uncle....

    ReplyDelete