Tuesday, 22 October 2013

വയനാട്ടിലെ കുറിച്ച്യരും,കുറുമരും

കുറിച്ച്യര്‍  (മലബ്രാഹ്മണര്‍)
വയനാടിന്‍റെ  ചരിത്രത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ആദിവാസി സമൂഹമാണ് കുറിച്യര്‍.ആദിവാസികളിലെ ഏറ്റവും ഉയർന്ന ജാതിയായി ഇവർ കണക്കാക്കപ്പെടുന്നു. മറ്റെല്ലാ സമുദായങ്ങളേയും താഴ്ന്ന ജാതിക്കാരായിക്കാണുന്ന ഇവർ മറ്റുള്ളവരോട് അയിത്തം കല്പിച്ചിരിന്നു. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഇവരെ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായി കാണാം."മിറ്റം" എന്നാണ് കുറിച്യ കൂട്ടുകുടുംബങ്ങൾ അറിയപ്പെടുന്നത്.മികച്ച വില്ലാളികളും നായാട്ടുകാരുമാണ് ഇവർ.വയനാടിന്റെ ഉടമാവകാശം സ്ഥാപിച്ചെടുത്ത നായന്മാരോടൊപ്പം വേടന്‍ കോട്ട ആക്രമണത്തില്‍ ഇവര്‍ പങ്കെടുത്തു.അമ്പും,വില്ലും ഉപയോഗിച്ചും,ഗറില്ലാ യുദ്ധ മുറകള്‍ കൊണ്ടും ഇവര്‍ ശത്രുക്കളെ കീഴ്പ്പെടുത്തി."പഴശിയുടെ കരിമ്പട" എന്നാണ് ഇവരെ വിളിച്ചിരുന്നത്.1780-ഇല്‍ ടിപ്പു സുല്‍ത്താനോട്‌ ഏറ്റു മുട്ടുമ്പോള്‍ തൊട്ട് ഇവര്‍ പഴശിയുടെ കൂടെയുണ്ടായിരുന്നു.കുറിച്യരുടെ 38 കുലങ്ങള്‍ വയനാട്ടില്‍ ഉണ്ട്.


ഐതിഹ്യം
ഇവരുടെ ഉദ്ഭവത്തേക്കുറിച്ചുള്ള കഥകളിൽ പ്രധാനപ്പെട്ടവവയിൽ ഒന്ന് ഇങ്ങനെയാണ്: കുറുമ്പനാട് രാജാവും കോട്ടയം  രാജാവും വയനാട്ടിലെ വേട രാജാക്കന്മാർക്കെതിരെ യുദ്ധം ചെയ്തു. അവരുടെ സൈന്യത്തില്‍ തിരുവിതാംകൂര്‍കാരായ അനേകം പടയാണികളും ഉണ്ടായിരുന്നു. യുദ്ധം ജയിച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇവരെ കാട്ടിൽ കഴിഞ്ഞതിനാൽ അശുദ്ധരായി എന്ന് പറഞ്ഞ് നാട്ടുകാർ പുറത്താക്കി. ശരണാർത്ഥം കോട്ടയം രാജാവിന്റെ അടുത്തെത്തിയ അവരെ കാട്ടിൽ കൃഷി ചെയ്യാൻ രാജാവ് അനുവദിക്കുകയും അവർ പിന്നീട് കുറിച്യരായി മാറുകയും ചെയ്തു എന്നാണു പറയുന്നത്.
കുറിച്യരുടെ കോളനി


അയിത്താചാരം
കാട്ടിലെ ഏറ്റവും ഉയർന്ന വർഗം തങ്ങളാണെന്നാണ് കുറിച്യരുടെ വിശ്വാസം. ആദിവാസി വിഭാഗങ്ങളിൽ ഇത്രയേറെ അയിത്തം കല്പിക്കുന്ന മറ്റൊരു വിഭാഗമില്ല. ഏതെങ്കിലും വിധത്തിൽ അശുദ്ധമായാൽ മുങ്ങിക്കുളിക്കാതെ വീട്ടിൽ പ്രവേശിക്കാൻ പാടില്ല. സ്വന്തം മുറ്റത്തു നിന്ന് പുറത്തിറങ്ങിയാൽ അയിത്തമായി എന്നവർ ധരിക്കുന്നു. ബ്രാഹ്മണര്‍ക്കും വയനാട്ടിലെ പഴയ നായന്മാര്‍ക്കും ഒഴിച്ച് മറ്റെല്ലാവർക്കും അവർ അയിത്തം കല്പിച്ചിരിക്കുന്നു. ഏതെങ്കിലും വഴിയിലൂടെ സഞ്ചരിക്കുന്ന സമയം ഓയ്.. ഓയ്.. എന്ന ശബ്ദമുണ്ടാക്കിയാണ് ഇവർ അയിത്തക്കാരെ അകറ്റുന്നത്. ഈ സമ്പ്രദായം കർക്കശമായി പാലിച്ചിരുന്നതിനാൽ മറ്റുള്ള ആദിവാസികളിൽ നിന്ന് ഒറ്റപ്പെടാനും വിദ്യാഭ്യാസം ലഭിക്കാതിരിക്കാനും ഇടയായി. പുറത്തുനിന്നുള്ള ഭക്ഷണം വരെ അവർക്ക് നിഷിദ്ധമായിരുന്നു.

ആരാധന
മലോന്‍,മലകാരി,കരിമ്പിലിപൊവുതി,കരമ്പില്‍ ഭഗവതി, അതിരാളന്‍, തെയ്യം എന്നിവയെ ആരാധിക്കുന്നു. കൂടാതെ മുത്തപ്പന്‍,ഭദ്രകാളി,ഭഗവതി
തുടങ്ങിയവരുമുണ്ട്. ഇതിൽ തങ്ങളുടെ കാണപ്പെട്ട ദൈവമായി  മലക്കാരിയെ വിശ്വസിക്കുന്നു.പരമശിവനാണ് വേടന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട മലക്കാരി ദൈവമെന്നാണ് ഇവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രതിനിധികളെന്ന് വിശ്വസിക്കുന്ന വെളിച്ചപ്പാടുകള്‍  ഇവർക്കിടയിലുണ്ട്. ആഭിചാരപ്രയോഗങ്ങളിൽ നിന്നുള്ള മോചനം, ബാധയിൽ നിന്നുള്ള രക്ഷ, നായാട്ടിനു ഫലം ലഭിക്കൽ എന്നിവയാണ്‌ മലക്കാരിയുടെ പ്രധാനം അനുഗ്രഹങ്ങൾ. കരിമ്പിലി ഭഗവതി സ്ത്രീകൾക്ക സുഖപ്രസവം പാതിവ്രത്യസം‌രക്ഷണം എന്നിവ നിർവഹിക്കുന്നു എന്നാണ് ഇവരുടെ വിശ്വാസം.

വേട്ടയാടൽ
അമ്പും വില്ലും കുറിച്യരുടെ ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമാണ്. ഒരു വില്ലും പത്തോ ഇരുപതോ അമ്പുകളും എപ്പോഴും ഒരു കുറിച്യന്റെ കൈവശമുണ്ടാകും. ഇവ ഉപയോഗിച്ചാണ് കുറിച്യരുടെ നായാട്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങളിലും അമ്പിനും വില്ലിനും വലിയ പ്രാധാന്യമുണ്ട്. ഒരു കുട്ടി ജനിക്കുന്ന സമയത്ത് അതിന്റെ വില്ല് കുലച്ച് ഞാണൊലി കേൾപ്പിക്കുക എന്ന ചടങ്ങ് ഇവർക്കിടയിലുണ്ട്. കുറിച്യൻ മരിച്ചാൽ കുഴിമാടത്തിൽ അമ്പും വില്ലും കുത്തി നിർത്തുന്നു. മാംസം ഇവരുടെ പ്രധാനാഹാരമാണ്‌. പൂജകൾക്കും മറ്റും നിവേദ്യമായി മംസത്തെ ഉപയോഗിക്കുന്നു.

കലകൾ
മറ്റ് ആദിവാസികളുമായി താരതമ്യം ചെയ്താൽ കുറിച്യർക്ക് കലാവാസന അല്പം കുറവാണ്. എങ്കിൽത്തന്നെ മാൻപാട്ട്, നരിപ്പാട്ട് തുടങ്ങിയ ചില ചടങ്ങുകൾ ഇവർക്കുമുണ്ട്.

 കുറുമര്‍
വയനാട്ടിലെ മറ്റൊരുവിഭാഗം ആദിവാസികളാണിവര്‍.നീണ്ട കഴുത്തും, അധികം കുറിയതോ,നീണ്ടതോ അല്ലാത്ത ആകാരവും,ആകര്‍ഷകമായ നിറവും ഉള്ള ഇവര്‍ ഒരു രാജവംശത്തിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നു.ഏതാനും കുറുമ വീടുകള്‍ ചേര്‍ന്നു "കുടികളും"."കുടികാരണവന്മാരും", ഇവര്‍ക്ക് മുകളില്‍ "കുന്നില്‍കാരണവന്മാരും".അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികളായി "കുന്നില്‍ വാല്യക്കാരനും" ഉണ്ടായിരുന്നു.

ഗോത്ര ദൈവങ്ങള്‍ക്ക് നേര്‍ച്ചയര്‍പ്പിക്കാന്‍ ഇവര്‍ തറയാണ് ഉപയോഗിച്ചിരുന്നത്.വയനാട്ടിലെ കല്‍പ്പറ്റയില്‍ പൂജാകൂട്ടത്തിനായി മൈതാനവും,തറയും ഉണ്ട്.ഇവടെ കൊയ്ത്തുകഴിഞ്ഞ് കോളിയാടി മൂപ്പന്റെ നേതൃത്തത്തിലാണ് ഉത്സവം  നടത്തുന്നത്.ഗോത്ര ദൈവമായ,ശിവന്റെ പ്രതിരൂപം  "കാളിമല" ആണ് ആരാധനാ മൂര്‍ത്തി. ആ വര്‍ഷത്തില്‍ നേരിടേണ്ടി വന്ന കഷ്ട്ടപ്പാടുകളെയും,വിഷമങ്ങളെയും കുലദൈവങ്ങള്‍ക്ക് മുന്നില്‍ പറയും.കൊയ്ത്തും,മെതിയും കഴിഞ്ഞതിന്റെ സന്തോഷം അറിയിക്കുകയും, മണ്‍മറിഞ്ഞ പിതാക്കന്മാരെ ഉത്സവത്തില്‍ ഓര്‍ക്കുകയും ചെയ്യും.കൊയ്ത്കിട്ടിയ അരികൊണ്ട് ദോശയുണ്ടാക്കി ദൈവങ്ങള്‍ക്കും,പിതമാഹന്മാര്‍ക്കും കൊടുത്തശേഷം എല്ലാര്‍ക്കും കൊടുക്കും. ഈ ഉത്സവത്തില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കും.

കുറുമ കോളനിയില്‍ ബ്രിട്ടീഷ്കാരുടെ വരവിനു മുമ്പ് തലമുറയായി കൈമാറിയ 2 പീoങ്ങള്‍ ഉണ്ട്. 2 ദേവന്മാര്‍,കാളിമലയായും,കണ്ടന്‍ വല്ലിയായും മനുഷ്യാവതാരമെടുത്ത് പീoങ്ങള്‍ പണിതു എന്നാണു വിശ്വാസം.കുറുമരുടെ ചടങ്ങുകള്‍ക്ക് ശേഷം പീoങ്ങള്‍ എണ്ണയും,ചന്ദനവും തേച്ച് കഴുകിവെക്കും.പീoത്തിന്‍റെ ഒരു കാല്‍ ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു കളഞ്ഞു.

(കുറിച്യര്‍,കുറുമര്‍ വിവരങ്ങള്‍ക്ക് കടപ്പാട്- മലയാള മോനോരമ,അറിയപ്പെടാത്ത വയനാട്,വിക്കിപീഡിയ)

No comments:

Post a Comment