Tuesday 8 October 2013

ജടയുള്ള സ്വാമി

ഞാന്‍ രണ്ടിലോ, മൂന്നിലോ പഠിക്കുമ്പോഴാണ് സംഭവം.ഞാന്‍ അന്ന് പപ്പയുടെ തറവാട്ടിലാണ് താമസിക്കുന്നത്.എന്‍റെ കൂടെ സ്കൂളില്‍ പോകാന്‍ കൂട്ടാരുമില്ല.ഞാന്‍ ഒറ്റക്കാണ് പോകുന്നതും, വരുന്നതും. ഏകദേശം 4 കിലോമീറ്റര്‍ ദൂരമുണ്ട് സ്കൂളിലോട്ട്.ആകെ ഉള്ളത് ഒരു കെ എസ്‌ ആര്‍ ടി സി ബസ് മാത്രാണ്.അതും വന്നാല്‍ വന്നു എന്ന് പറയാം.അല്ലെങ്കില്‍ അത്രയും ദൂരം ഒറ്റയ്ക്ക് നടക്കണം.പണ്ട് തൊട്ട് ഇന്നുവരെ പലതിനേം, പലരേം എനിക്ക് പേടിയാണ്,പ്രത്യേകിച്ച് സ്വാമിമാരെ....

അന്നൊക്കെ ക്ലാസ്സ്‌ കഴിഞ്ഞ് 5 മണിയുടെ ബസിനാണ് ഞാന്‍  തിരിച്ചുവരുന്നത്.ബസിറങ്ങീട്ട് 10 മിനിട്ടോളം ഒരു തൊണ്ടിലൂടെ (ഇടവഴി) നടക്കണം. ഒറ്റക്കുള്ള ആ നടപ്പ് എനിക്ക് വല്ലാത്ത പേടിയുണ്ടാക്കും.അവടെ ആദ്യത്തെ ഇറക്കത്തില്‍ കാപ്പിതോട്ടമാണ്. അവടെ കേറി ഒരു കാപ്പികൊമ്പ് പറച്ച് അതിനോട് കൂട്ടുകൂടിയാണ് ആ തൊണ്ടിലൂടെ ഞാന്‍ നടക്കുന്നത്. ഏതായാലും ഞങ്ങളുടെ സംഭാഷണം കേള്‍ക്കാന്‍ പൊതുവേ ആ വഴിയില്‍ ആരും ഇല്ലാത്തതുകൊണ്ട് എനിക്ക് വട്ടാണെന്ന് ആരും സംശയിച്ചുമില്ല.

ഒരു ദിവസം പതിവുപോലെ ബസില്‍ കേറി വീട്ടിലോട്ടു വരുകയായിരുന്നു.അന്ന് ബസില്‍ പുറകിലത്തെ സീറ്റില്‍ ഒരു സ്വാമിയെ കണ്ടു, പെട്ടെന്ന് ഞാന്‍ തിരിഞ്ഞിരുന്നു.കുറച്ച് നേരം കഴിഞ്ഞു അത് സ്വാമി തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ തിരിഞ്ഞു നോക്കി..അതെ സ്വാമി തന്നെയാണ്, ഞാന്‍ തീര്‍ച്ചപ്പെടുത്തി.കാരണം ജടപിടിച്ച നീണ്ട  മുടിയും, കാവി മുണ്ടും ആയിരുന്നു സ്വാമിയുടെ  വേഷം. എനിക്ക്‌ പേടിയായി തുടങ്ങി.എന്‍റെ വിചാരം സ്വാമി പിള്ളേരെ പിടിക്കുന്ന ആള്‍ ആണെന്നായിരുന്നു. 

എനിക്ക് ഇറങ്ങേണ്ടത് അവസാനത്തെ സ്റ്റോപ്പിന് തൊട്ടുമുമ്പുള്ള സ്റ്റോപ്പിലാണ്‌.സ്വാമി എന്‍റെ സ്റ്റോപ്പില്‍ എങ്ങാനും ഇറങ്ങുമോ എന്ന പേടി കൂടിക്കൂടി വന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് പുറകോട്ടുനോക്കി സ്വാമി ഇറങ്ങുന്നുണ്ടോന്നു നോക്കി കൊണ്ടിരുന്നു.ഞാന്‍ നോക്കുമ്പോഴൊക്കെ സ്വാമി  എന്നെ രൂക്ഷമായി നോക്കുന്നത് പോലെ തോന്നി. അവസാനം എന്‍റെ സ്റ്റോപ്പ്‌ എത്താറായി.ഞാന്‍ പതുക്കെ സീറ്റില്‍ നിന്നും എഴുന്നേറ്റു.വീണ്ടും പുറകോട്ടു നോക്കി ,സ്വാമി ഇറങ്ങുന്ന ലക്ഷണം ഒന്നും കണ്ടില്ല.സന്തോഷത്തോടെ ചാടി ഇറങ്ങി തൊണ്ടിലൂടെ നടക്കാന്‍ തുടങ്ങി.പതിവുപോലെ കാപ്പികൊമ്പ് പറക്കാന്‍ നോക്കി എങ്കിലും മുള്‍വേലിയില്‍ തട്ടി പുറകോട്ടു വീണു. അപ്പോള്‍ അതാ പുറകെ സ്വാമി നടന്നുവരുന്നു.കാലൊക്കെ പൊട്ടിയൊലിക്കുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതെ ഞാന്‍ ജീവനും കൊണ്ടോടി.കുറച്ച് ഓടീട്ട് ഇടയ്ക്കു തിരിഞ്ഞ് നോക്കും,എപ്പോള്‍ നോക്കുമ്പോഴും ഒരു പത്തടി ദൂരം മാത്രേ വെത്യാസം ഉള്ളു.എന്‍റെ കുഞ്ഞി കാലിന്റെ പരിമിതിയെ ഓര്‍ത്ത് കരഞ്ഞാണ് ഓടുന്നത്.ഞാന്‍ നോക്കിയപ്പോള്‍ എന്നെ രക്ഷിക്കാന്‍ പരിസരത്ത് ഒന്നും ആരെയും കാണുന്നുമില്ല.പിന്നെ കണ്ണും അടച്ച് ഒറ്റരോട്ടം.വീടിന്‍റെ കളത്തില്‍ എത്തിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്.അപ്പോള്‍ സ്വാമി നടന്നു വരുന്നുണ്ട്.അവടെ മാറി നിന്നുകൊണ്ട് സ്വാമി എങ്ങോട്ടാ വരുന്നതെന്ന് നോക്കി.അദ്ദേഹം ആ വഴിയിലൂടെ കാട്ടിലോട്ടു നടന്നു നീങ്ങി.സമധാനത്തോടെ വീട്ടില്‍ കേറി.നോക്കിയപ്പോള്‍ കയ്യിലുണ്ടായിരുന്ന കളര്‍ പെന്‍സിലുകള്‍ 2 എണ്ണം ഒഴികെ നഷ്ട്പ്പെട്ടിരിക്കുന്നു.പുതിയത് ആയത്കൊണ്ട് ബസിലുള്ള കുട്ടികള്‍ കാണാന്‍ വേണ്ടി ബാഗില്‍ ഇടാതെ കൈയ്യില്‍ പിടിച്ചതായിരുന്നു..എല്ലാം കൂടിയായപ്പോള്‍ ആകെ സങ്കടായി.

 പിറ്റേ ദിവസവും ബസില്‍ സ്വാമിയുണ്ട്,ഇന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് ചിന്തിച്ചുകൊണ്ടാണ് ബസില്‍ ഇരിക്കുന്നത്.ഓട്ടം മാത്രേ ഒരു പോംവഴിയായി കിട്ടിയൊള്ളൂ. അങ്ങനെ ദിവസങ്ങളോളം കണ്ണടച്ചോടി രക്ഷപെട്ടു.മനസിന്‌ ഒരു സന്തോഷവും ഇല്ലാതായി.കൂട്ടുകാരോടൊപ്പം കഞ്ഞീം കറീം വെച്ചു കളിക്കാനും പറ്റുന്നില്ല.കാര്യം വീട്ടില്‍ പറഞ്ഞുമില്ല.സ്കൂളില്‍ പോകാതിരിക്കാന്‍  ഓരോരോ കാരണങ്ങള്‍ കണ്ടുപിടിച്ചെങ്കിലും അതും ചീറ്റിപ്പോയി.
   രണ്ട് മൂന്ന് ദിവസം കഴിഞ്ഞു, അന്നും ഞാന്‍ ഓടി വീടിലെത്തി.പുറകെ നോക്കിയപ്പോള്‍ സ്വാമി എന്‍റെ വീട്ടിലോട്ടു വരുന്നു.ഞാനുറപ്പിച്ചു, എന്നെ പിടിക്കാന്‍ തന്നെയാണ് വരുന്നത്.ഞാന്‍ അമ്മേന്നു ഉറക്കെ വിളിച്ചു,അമ്മ ഒച്ച കേട്ട് ഓടിവന്നു, കൂടെ മമ്മിയും. ഞാന്‍ അമ്മയുടെ ചട്ടയില്‍ പിടിച്ച്കൊണ്ട് പറ്റിനിന്നു.അദ്ദേഹം അമ്മയുടെ അടുത്തേക്ക് തന്നെയാണ് വരുന്നത്.ഞാന്‍ കണ്ണടച്ച് നിന്നു. "2 മൂപ്പന്മാരെ മതിയാവോ"?? ചോദ്യം കേട്ട് ഞാന്‍ പെട്ടെന്ന്‌ കണ്ണുതുറന്നു.അമ്മയാണ് മറുപടി പറഞ്ഞത്.2 പേരെങ്കില്‍ 2 പേര്‍,കിട്ടിയതായി. പിന്നീട് സ്വാമി അമ്മയോട് കുശലം പറഞ്ഞു തുടങ്ങീ.കൂട്ടത്തില്‍ എന്നേം കണ്ടു.അമ്മയോട ചോദിച്ചു,'ഇതാരാ ചേട്ടത്തി'? അമ്മ പറഞ്ഞു,പൌലോസിന്റെ മൂത്തകുട്ടിയാ..അദ്ദേഹം എന്‍റെ തലയില്‍ കൈവെച്ച് എന്തൊക്കെയോ പറഞ്ഞു.എനിക്ക് റ്റാറ്റ തന്നു തിരിച്ചുപോയി.

ഇത്രയും നാള്‍ പേടിച്ചല്ലോ എന്നോര്‍ത്ത് ചിരി വന്നു. എന്‍റെ മനസ്സില്‍ ജെംസ് മിട്ടായി കിട്ടിയ സന്തോഷം ഉണ്ടായി.(അന്നത്തെ പ്രിയപ്പെട്ട മിടായി).

പിന്നീട് അമ്മ പറഞ്ഞു അദ്ദേഹം ഒരു മൂപ്പനാണ്.സ്വാമിയല്ല, താമസിക്കുന്നത് കാട്ടിനുള്ളില്‍ ഉള്ള മാറോട് എന്ന ഗ്രാമത്തിലാണ് എന്ന്. പിന്നീട് വലുതായപ്പോള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ചിരിവരും. സ്വാമിമാരുടെ വസ്ത്രമാണ് ധരിക്കുന്നത് എങ്കിലും സ്വാമിയൊന്നുമല്ല. എങ്കിലും ചില ക്രിയകള്‍ ഒക്കെ നടത്തുന്നുണ്ട്. വെറ്റിലയില്‍ മഷി ഇട്ട് നോക്കി കാണാതെപോയവയൊക്കെ കണ്ടുപിടിച്ചു കൊടുക്കും എന്നാണു പറഞ്ഞു കേട്ടത്.കുറെ ആളുകള്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നതും കാണാം, വേറെ  ചെറിയ പച്ചമരുന്നു ചികിത്സയും ഉണ്ട്.

എന്തായാലും കുട്ടിക്കാലത്തെ ഈ സംഭവം വളരെ വ്യക്തമായി ഇന്നും മനസ്സില്‍ കിടപ്പുണ്ട്.അന്നാപ്പേടി അതുപോലെ  എന്‍റെ മനസിനെ സ്വാധീനിച്ചു എന്നു ചുരുക്കം.....
                                                                                  ശുഭം

23 comments:

  1. തെറ്റിദ്ധാരണ :( പാവം സ്വാമിമൂപ്പന്‍

    ReplyDelete
  2. പേടിക്കഥ എനിക്ക് മനസ്സിലായി... കാരണം ഞാനുമൊരു പേടിക്കാരിയായിരുന്നു...

    ReplyDelete
    Replies
    1. എല്ലാര്‍ക്കും പേടിയുണ്ടപ്പോള്‍,,,,,

      Delete
  3. കുട്ടിക്കാലത്ത് എനിക്കുമുണ്ടായിരുന്നു ഇതുപോലൊരു പേടി,ഷെയ്ക്ക് പാപ്പ എന്നൊരാളായിരുന്നു അയാള്‍ പ്രാകിയാല്‍ മരിച്ചുപോകും എന്നായിരുന്നു കൂട്ടുകാര്‍ പറഞ്ഞിരുന്നത്

    ReplyDelete
    Replies
    1. ശരിയാ,,,,എന്നെ പേടിപ്പിച്ച കുറെ പേര്‍ ഉണ്ട്,,,,

      Delete
  4. ഹഹഹ
    പേടിച്ചുള്ള ആ ഓട്ടം ഓടാത്ത ആരാണുള്ളത്!

    പലതരം പേടികളല്ലേ.

    (തൊണ്ട് എന്നത് ചില പ്രദേശങ്ങളില്‍ മാത്രം പറയുന്നതാണ്. മറ്റുള്ളവരൊക്കെ തൊണ്ട് എന്നാലെന്തെന്ന് അറിയുകയില്ല)

    ReplyDelete
    Replies
    1. ഉം,,പലതരം പേടികളാണ്....
      ഭാഷ പ്രയോഗം ശ്രദ്ധിക്കാം,,,,

      Delete
  5. എനിക്ക് പേടി വെളിച്ചപ്പാടിനെ ആയിരുന്നു...

    ReplyDelete
  6. :)കുഞ്ഞിലെ മുതല്‍ ചേട്ടന്മാരോടൊപ്പം നടന്നിട്ടാണോ എന്നറിയില്ല -ഒന്നിനെയും അങ്ങനെ പേടിച്ചിട്ടില്ല. നീതുസിന്റെ കുഞ്ഞു മനസിലെ പേടി അങ്ങനെ തന്നെ വാക്കുകളില്‍ ഉണ്ട്. :)

    ReplyDelete
    Replies
    1. പെടിച്ചിട്ടെയില്ലേ,,,,

      Delete
  7. പേടി അടിസ്ഥാനപരമായി മനുഷ്യനൊപ്പമുള്ള വികാരമാണ്. എന്തിനെയെങ്കിലും പേടിക്കാത്ത ഒരാളും ഭൂമിയിലില്ല. സ്വാമിമാര്‍ പിള്ളാരെപ്പിടുത്തക്കാരാണ് എന്ന്‍ വീട്ടിലുള്ളവര്‍ കൊച്ചുകുട്ടികളെ പറഞ്ഞുപേടിപ്പിക്കും. അതു ചിലപ്പോള്‍ ചോറു തിന്നാന്‍ വേണ്ടിയോ പാലു കുടിക്കാന്‍ വേണ്ടിയോ ഒക്കെ പറയുന്ന നിര്‍ദ്ദോഷകള്ളങ്ങളായിരിക്കും. പക്ഷേ പിള്ളാരുടെ മനസ്സില്‍ അത് ഫെവിക്കോള്‍ കൊണ്ടൊട്ടിച്ചതുപോലെ കിടക്കും..

    നന്നായി എഴുതി..

    ReplyDelete
  8. Ivide ithaadyam,
    Anubhavam nannaayi
    oru katha pole avatharippichu
    aashamsakal

    ReplyDelete
  9. പേടി-കഥ കൊള്ളാം; അക്ഷരപ്പിശാചുകളെ അകറ്റുക.
    പിന്നെ ആ സ്വാമിയെ എനിക്കൊന്നു കാണണം; എന്‍റെ ഒരു സാധനം കാണാതെപോയിട്ടുണ്ട്; മഷിയിട്ടു നോക്കി, കിട്ടിയാലോ....
    ബ്ലോഗിന്‍റെ പേര് മാറ്റിയോ ? പഴയ പേരായിരുന്നു നല്ലത്. ഈ പേരില്‍ വേറെ കുറെ ബ്ലോഗ്ഗുകള്‍ already ഉണ്ട് !!

    ReplyDelete
  10. എങ്കില്‍ വീണ്ടും പഴയ പേരിടാം,,,,

    ReplyDelete
  11. പഴയ ഓര്മകള രസകരം ആയി അവതരിപ്പിച്ചു..
    ജടയുള്ള സ്വാമി..ഹ ഹ ജാടയുള്ള സ്വാമി അല്ലാത്തത്
    നന്നായി..പക്ഷെ ഇങ്ങനെയുള്ള ചില പേടികൾ
    ചിലരെ ജീവിത കാലം മുഴുവൻ പിന്തുടരും..

    വീണ്ടും പേടിച്ചോ??:)

    ReplyDelete
    Replies
    1. കുട്ടികളില്‍ അതിന്റെ ഒരു pchychologic impact ഉണ്ടാകും,,,,അത് ശരിയാണ്,,,

      Delete
  12. ഇത്തരം പേടികൾ മിക്കവർക്കും കാണും ചെറുപ്പത്തിൽ. എന്നാൽ അന്നും ഇന്നും വിടാതെ പിന്തുടരുന്ന പേടിക്കാരുണ്ട് എനിക്ക്. സാമാന്യത്തിലധികം താടി നീട്ടി വളർത്തിയവരെ കാണുമ്പോൾ ഇന്നും പേടിയാണ്...!

    ReplyDelete